January 22, 2025
Jesus Youth Stories

“ഇടിച്ച് സത്യം പറയിപ്പിക്കുന്ന ജോലിയല്ലേ പോലീസുകാരുടേത്…!?”

  • June 24, 2024
  • 1 min read
“ഇടിച്ച് സത്യം പറയിപ്പിക്കുന്ന ജോലിയല്ലേ പോലീസുകാരുടേത്…!?”

സാജൻ സി എ

ഏതൊരു സാധാരണ മനുഷ്യനും ഉണ്ടാകാവുന്ന സ്വാഭാവിക ചോദ്യമാണ്. ഒരു പോലീസുകാരനെ ഒരു കൂട്ടം ചെറുപ്പക്കാരുടെ മുന്നിൽ വച്ചു കിട്ടിയപ്പോൾ ഒരാൾ ചോദിച്ചതാണിത്.

തെല്ലും സങ്കോചമില്ലാതെ, ചോദ്യകർത്താവിന്റെ ആത്മാർത്ഥതയെ കണ്ടുകൊണ്ട് പോലീസുകാരനിൽ നിന്നും ഉടൻ മറുപടി വന്നു. തങ്ങളുടെ കൂട്ടത്തിലെ ഒരു ഉദ്യോഗസ്ഥന്റെ അനുഭവം ഉദാഹരണമാക്കി അദ്ദേഹം പറഞ്ഞു തുടങ്ങി. ഒരു പ്രതിയെ കിട്ടിയാൽ അദ്ദേഹവുമായി വിശദമായി സംസാരിക്കുകയും ചെയ്തുപോയ തെറ്റുകളെ കുറിച്ചും തന്റെ ജീവിതത്തിന്റെ വിലയെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമൊക്കെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്യാറുണ്ടത്രെ. അല്പം സമയം എടുത്തിട്ടാണെങ്കിലും വിവേകത്തോടെയും ക്ഷമയോടെയും പറഞ്ഞു മനസ്സിലാക്കി കഴിയുമ്പോൾ തെറ്റ് മനസ്സിലാക്കാനും തിരുത്തുവാനും തയ്യാറാവുന്ന ‘പ്രതികൾ’ എന്നു പറയപ്പെടുന്ന വ്യക്തികളെ തങ്ങൾക്ക് കാണാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ ചെയ്യുന്നത് വഴി മനസ്സ് തിരിഞ്ഞ് സമാധാനത്തിലേക്കും അനുതാപത്തിലേക്കുമൊക്കെ തിരിച്ചു വരുന്നവരുടെ കഥകളാണ് തങ്ങൾക്ക് പറയാനുള്ളതെന്നും അദ്ദേഹം വിവരിച്ചു.

മറ്റൊന്നും പകരം വയ്ക്കാൻ കഴിയാത്ത മനുഷ്യജീവിതത്തിന്റെ മഹത്വത്തെ ഉയർത്തിക്കാണിക്കാനും അതിലേക്ക് മനുഷ്യമനസ്സുകളെ ദിശ തിരിച്ചുവിടാനുമൊക്കെ കഴിയുന്ന വിദഗ്ദരായ പോലീസ് ഉദ്യോഗസ്ഥർ ഡിപ്പാർട്ട്മെൻ്റിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയുള്ള ഉദ്യോഗസ്ഥരുടെ ജീവിതാനുഭവങ്ങളും സമീപന രീതികളുമൊക്കെ ഇത്തരത്തിൽ അനേകർക്ക് മാർഗ്ഗദീപങ്ങളായിട്ടുണ്ടെന്നും യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള ശിക്ഷണരീതികളാണ് അവലംബിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേട്ടിരുന്ന ചെറുപ്പക്കാർ എല്ലാവരും സിനിമാക്കഥയിലെന്ന പോലെ അത്ഭുതത്തോടെയാണ് കേട്ടിരുന്നത്. പോലീസുകാർക്കിടയിൽ ഒരുപാട് ആളുകൾക്ക് ഇത്തരത്തിൽ മനുഷ്യമനസ്സുകളുടെയും കുടുംബങ്ങളുടെയും മാനസാന്തരത്തിന്റെയും നനവുള്ള കഥകൾ പറയാനുണ്ടെന്നും അദ്ദേഹം പങ്കുവച്ചു. അദ്ദേഹത്തിന്റെ ലളിതവും രസകരവുമായ സംസാരം കേട്ടിട്ടാവണം പോലീസുകാരോട് ചോദിക്കാൻ കാത്തു വച്ചിരുന്ന മറ്റു പല ചോദ്യങ്ങളും ആ ചെറുപ്പക്കാർ ചോദിക്കുകയുണ്ടായി. തിരക്കുള്ള ഔദ്യോഗിക ജീവിതത്തിനിടയിൽ ക്ഷമയോടും സമാധാനത്തോടും കൂടെ ഇത്തരത്തിൽ കൃത്യനിർവഹണം നടത്തുവാൻ എങ്ങനെ കഴിയുന്നുവെന്നും ദയാവധത്തെ കുറിച്ചുള്ള അഭിപ്രായം എന്തെന്നും ആ ചെറുപ്പക്കാർ ചോദിച്ചു. വിശദമായി സംസാരിക്കുവാൻ സമയം അനുവദിച്ചില്ല എങ്കിലും ചുരുങ്ങിയ വാക്കുകളിൽ കൃത്യതയോടുകൂടെ അവർക്കുള്ള മറുപടിയും അദ്ദേഹം നൽകി.

ആലുവ ആത്മദർശനിൽ ജീസസ് യൂത്ത് സംഘടിപ്പിച്ച അവസാന വർഷ ഡിഗ്രി വിദ്യാർഥികൾക്ക് വേണ്ടിയുള്ള പരിശീലന പരിപാടികളുടെ ഇടയിൽ റിസോഴ്സ് പേഴ്സണായി സംസാരിക്കുവാൻ ക്ഷണിക്കപ്പെട്ട, എസ്. ഐ റാങ്കിലുള്ള ശ്രീ. ബാബു ജോൺ എന്ന ഉദ്യോഗസ്ഥനോടായിരുന്നു ചെറുപ്പക്കാരുടെ ചോദ്യങ്ങൾ. പോലീസുകാരെ ഇത്തരത്തിൽ തങ്ങളുടെ സൗഹൃദ വലയങ്ങളിലും ചർച്ചകൾക്കും ആശയ സംവാദത്തിനായി ലഭിക്കുമ്പോൾ ചെറുപ്പക്കാർക്ക് ഒരായിരം ചോദ്യങ്ങൾ ഇപ്രകാരം ചോദിക്കാൻ ഉണ്ടാവും. അതിനുള്ള വേദികളും സാഹചര്യങ്ങളും നമ്മുടെ സമൂഹത്തിൽ സുലഭമായിരുന്നെങ്കിൽ എന്നാശിച്ചുപോകുന്നു.

About Author

കെയ്‌റോസ് ലേഖകൻ