January 22, 2025
News Stories

ഒറ്റ ദിവസം കൊണ്ട് കേൾവിശക്തി നഷ്ടമായി; ബോളിവുഡ് ഗായിക അൽക്കാ യാഗ്നിക്കിനെ ബാധിച്ചിരിക്കുന്നത് അപൂര്‍വ്വ വൈറസ് ബാധ

  • June 21, 2024
  • 1 min read
ഒറ്റ ദിവസം കൊണ്ട് കേൾവിശക്തി നഷ്ടമായി; ബോളിവുഡ് ഗായിക അൽക്കാ യാഗ്നിക്കിനെ ബാധിച്ചിരിക്കുന്നത് അപൂര്‍വ്വ വൈറസ് ബാധ

തന്റെ കേൾവിശക്തി പൂർണ്ണമായി നഷ്ടപ്പെട്ടിരിക്കുന്നു എന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് ഗായിക അൽക്കാ യാഗ്നിക്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഗായിക ഇക്കാര്യം വ്യക്തമാക്കിയത്. കുറച്ചുനാളുകളായി സമൂഹമാധ്യമങ്ങളിൽ സജീവമാകാതിരുന്നതിന് കാരണവും ഇതായിരുന്നുവെന്ന് പോസ്റ്റിൽ പറയുന്നു. ഒരു വൈറസ് കാരണമാണ് തന്റെ കേൾവി ശക്തി നഷ്ടപ്പെട്ടത് എന്നാണ് ഇവർ പറഞ്ഞത്.

അൽക്കാ യാഗ്നിക് പറയുന്നത് ഇങ്ങനെ – “എന്നെ സ്നേഹിക്കുന്ന എല്ലാവരോടും, ഏതാനും ആഴ്ചകൾക്ക് മുൻപ് ഒരു ഫ്ലൈറ്റ് യാത്രയ്ക്ക് ശേഷം എനിക്ക് എന്റെ കേൾവി ശക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. എനിക്ക് ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല. ഇക്കാര്യം ഉൾക്കൊള്ളാൻ പോലും എനിക്ക് കുറച്ച് നാളുകൾ എടുത്തു. അതിനാലാണ് കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിൽ സജീവമാകാതിരുന്നത്. എന്തുകൊണ്ട് ഞാൻ സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നില്ല എന്ന് അന്വേഷിച്ച, എന്നെ സ്നേഹിക്കുന്ന എല്ലാവരോടുമായിട്ടാണ് ഞാൻ ഇത് വെളിപ്പെടുത്തുന്നത്.” തുടർന്ന് തന്റെ കേൾവിശക്തി നഷ്ടമാവാൻ ഉണ്ടായ കാരണത്തെ കുറിച്ചും താരം വിവരിക്കുന്നുണ്ട്.

“അപൂർവമായ ഒരു കേൾവി തകരാർ ആണ് ഇത്. ഒരു വൈറസ് ബാധ കാരണമാണ് ഇത് എന്നാണ് ഡോക്ടർമാർ പറയുന്നത്. ഒരു സൂചന പോലും എനിക്ക് ലഭിച്ചിരുന്നില്ല. ഈ അവസ്ഥയുമായി ഞാൻ പൊരുത്തപ്പെട്ട് വരുന്നതേയുള്ളൂ. നിങ്ങളെല്ലാവരും എനിക്കുവേണ്ടി കൂടി പ്രാർത്ഥിക്കുക”

സെൻസറിന്യൂറൽ ഡെഫ്നസ് (sensorineural hearing loss) എന്നാണ് ഈ രോഗാവസ്ഥയുടെ പേര്. ചെവിക്കുള്ളിലെ കോക്ലിയയെയാണ് രോഗം ബാധിക്കുന്നതെന്നും ഗൗരവമായി കാണേണ്ട അവസ്ഥയാണ് ഇതെന്നും ഡോക്ടര്‍മാർ പറയുന്നു. കോക്ലിയയിൽ എത്തിയ ശബ്ദ തരംഗങ്ങൾ തലച്ചോറിലേക്ക് എത്താതിരിക്കുന്ന സാഹചര്യമാണ് സഡൻ സെൻസറി ന്യൂറൽ ഡെഫ്നസ്. ഹെഡ്ഫോൺ അധികസമയം ഉപയോഗിക്കുന്നതും ഉച്ചത്തിൽ പാട്ട് വെക്കുന്നതും ഉൾപ്പെടെ കേൾവി ശക്തിക്ക് ദോഷം ചെയ്യുമെന്നും താരം പറയുന്നു. ഇതൊരു പെർമനന്റ് രോഗാവസ്ഥയാണ്. രോഗത്തിന്റെ തീവ്രത അനുസരിച്ച് കോക്ലിയർ ഇമ്പ്ലാന്റുകൾ, കേൾവി ശക്തിക്കുള്ള ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കാവുന്നതാണ്. 5-15 ശതമാനം പേർക്ക് മാത്രം സംഭവിക്കുന്ന ഒന്നാണ് ഈ രോഗാവസ്ഥ. ആന്തരിക ചെവിക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ സെൻസറിന്യൂറൽ ഹിയറിംഗ് ലോസ് സംഭവിക്കുന്നു. കേൾവിക്കുറവാണ് ഏറ്റവും സാധാരണമായ ലക്ഷണം. തലകറക്കം, ഛർദ്ദി, തലവേദന, ബലഹീനത, ചില ശബ്ദങ്ങൾ ഒരു ചെവിയിൽ അമിതമായി ഉച്ചത്തിൽ കേൾക്കുന്നതായി തോന്നുക എന്നിവയാണ് മറ്റു ലക്ഷണങ്ങൾ.

About Author

കെയ്‌റോസ് ലേഖകൻ