അമേരിക്കയില്‍ കൂറ്റന്‍ തിരുഹൃദയ പതാക ഉയര്‍ത്തപ്പെട്ടു
അമേരിക്കയില്‍ കൂറ്റന്‍ തിരുഹൃദയ പതാക ഉയര്‍ത്തപ്പെട്ടതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. കെന്റക്കിയിലെ വാള്‍ട്ടണിലുള്ള ബവേറിയന്‍ ട്രക്കിങ് കമ്പനിയാണ് ലോകത്തിലെതന്നെ ഏറ്റവും വലിയ തിരുഹൃദയ പതാക ഉയര്‍ത്തി മാധ്യമ ശ്രദ്ധ നേടിയിരിക്കുന്നത്.
അമേരിക്കന്‍ പതാകയോട് ചേര്‍ന്ന് കൂറ്റന്‍ തിരുഹൃദയ പതാക ഉയര്‍ത്തപ്പെട്ടതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. കെന്റക്കിയിലെ വാള്‍ട്ടണിലുള്ള ബവേറിയന്‍ ട്രക്കിങ് കമ്പനിയാണ് തിരുഹൃദയ വണക്കമാസത്തോടനുബന്ധിച്ച് തിരുഹൃദയ പതാക ഉയര്‍ത്തി വിശ്വാസ പാരമ്പര്യങ്ങളിലേക്ക് അമേരിക്കയെ നയിക്കാനുള്ള ഉദ്യമത്തിന് ചുക്കാന്‍ പിടിച്ചിരിക്കുന്നത്. 30 അടി ഉയരവും 50 അടി വീതിയുമുള്ള പതാകയാണ് വറ്റാത്ത സ്‌നേഹത്തിന്റെയും അതിരില്ലാത്ത കരുണയുടെയും ശ്രോതസ്സായ ഈശോയുടെ തിരുഹൃദയത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതിന്റെ പ്രതീകമായി പ്രൗഢഗംഭീരമായി അന്തരീക്ഷത്തില്‍ വിഹരിക്കുന്നത്.
വാള്‍ട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഞ്ച് തലമുറകളയുള്ള ഒരു കുടുംബത്തിന്റെ ബിസിനസാണ് ബവേറിയന്‍ ട്രക്കിംഗ്. ബിസിനസ്സിനൊപ്പം കത്തോലിക്കാ വിശ്വാസത്തിന് സാക്ഷ്യം നല്‍കുകയും കര്‍ത്താവായ യേശുക്രിസ്തുവിനായി പോരാടുകയും ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബവേറിയന്‍ ട്രക്കിങ് കമ്പനി തങ്ങളുടെ വെബ്‌സൈറ്റില്‍ വിവരിക്കുന്നുണ്ട്. തങ്ങളുടെ പ്രധാന ദൗത്യം, സമൂഹത്തിലുടനീളം ക്രിസ്തു രാജാവിന്റെ ഭരണം കൊണ്ടുവരിക എന്നതാണെന്നും അവര്‍ വ്യക്തമാക്കുന്നു. 64 കാരനായ ജെയിംസ് ബ്രൂഗെമാന്‍ ആണ് ബവേറിയന്‍ ട്രക്കിങ് കമ്പനിയുടെ ഇപ്പോഴത്തെ ഉടമസ്ഥന്‍. കമ്പനിയുടെ സമീപത്തുള്ള ഔവര്‍ ലേഡി ഓഫ് അസംപ്ഷന്‍ പള്ളിയില്‍ പ്രയര്‍ ആയി സേവനം അനുഷ്ഠിക്കുന്ന ഫാ. സ്റ്റീഫന്‍ സ്റ്റാനിച് ആയിരുന്നു 600 ഓളം പേര് പങ്കെടുത്ത പതാക ഉയര്‍ത്തല്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിച്ചത്. ഫാ സ്റ്റാനിച് പതാക ആശീര്‍വദിക്കുകയും കമ്പനിയെ യേശുവിന്റെ തിരുഹൃദയത്തിലേക്ക് പുനഃപ്രതിഷ്ഠിക്കുകയും ചെയ്തു. ഓരോ മാസത്തിനും യോജിച്ച രീതിയിലുള്ള കത്തോലിക്കാ പാരമ്പര്യങ്ങള്‍ സൂചിപ്പിക്കുന്ന പതാകകള്‍ അതാതു മാസത്തില്‍ ഉയര്‍ത്താനും കമ്പനി പദ്ധതിയിടുന്നുണ്ട്.