January 22, 2025
Jesus Youth

“നിങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങൾ ധൈര്യപൂർവ്വം തുടരുക”ജീസസ് യൂത്തിനു പ്രത്യേക സന്ദർശനം നൽകി ഫ്രാൻസിസ് പാപ്പ

  • June 15, 2024
  • 1 min read
“നിങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങൾ ധൈര്യപൂർവ്വം തുടരുക”ജീസസ് യൂത്തിനു പ്രത്യേക സന്ദർശനം നൽകി ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: വത്തിക്കാൻ സിറ്റിയിൽ ന്യൂ സിനഡ് ഹാളിൽ ഇന്നലെ നടന്ന വിശ്വാസ മുന്നേറ്റങ്ങളുടെയും സഭാ പ്രസ്ഥാനങ്ങളുടെയും പുതിയ കമ്മ്യൂണിറ്റികളുടെയും അസോസിയേഷനുകളുടെയും മോഡറേറ്റർമാരുമായുള്ള വാർഷിക യോഗത്തിന്റെ ഭാഗമായി ജീസസ് യൂത്തിനു പാപ്പയുമായി പ്രത്യേക കൂടിക്കാഴ്ചക്ക് അവസരം ലഭിച്ചു. ജീസസ് യൂത്ത് ഇന്റർനാഷണൽ കോഡിനേറ്റർ മിധുൻ പോൾ, ജീസസ് യൂത്ത് ഇറ്റലി മുൻ നാഷണൽ കോർഡിനേറ്റർ അനൂപ് പി. വർഗീസ്, ജീസസ് യൂത്ത് ഇറ്റലി നാഷണൽ കൗൺസിൽ അംഗവും സീറോമലബാർ രാജ്കോട്ട് രൂപത വൈദിക വിദ്യാർത്ഥിയുമായ ബ്ര. ബെഞ്ചമിൻ സജി എന്നിവരാണ് മാർപ്പാപ്പയെ സന്ദർശിച്ചത്.

ജീസസ് യൂത്ത്‌ ആഗോളതലത്തിൽ നടത്തുന്ന പ്രവർത്തനങ്ങളും പ്രത്യേകിച്ചു അയർലണ്ടിലും കാനഡയിലും നടക്കാൻ പോകുന്ന ജീസസ് യൂത്ത് നാഷണൽ കോണ്ഫറന്സുകളെ കുറിച്ചും മിധുൻ പോൾ പരിശുദ്ധ പിതാവിന് വിവരിച്ചുകൊടുത്തു. അയർലണ്ട്, കാനഡ, ഓസ്‌ട്രേലിയ തുടങ്ങി പലരാജ്യങ്ങളിലും യുവജനങ്ങളുടെ വലിയ സാന്നിധ്യം ജീസസ് യൂത്ത് പ്രവർത്തനങ്ങൾക്കുണ്ട് എന്ന് കേട്ടപ്പോൾ മാർപ്പാപ്പ സന്തോഷംകൊണ്ട് അഭിനന്ദിച്ചു. ‘നിങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങൾ ധൈര്യപൂർവ്വം തുടരുക” പിതാവ് ഓർമപ്പെടുത്തി. ജീസസ് യൂത്തിന്റെ ലോഗോയും സ്വർഗീയ മധ്യസ്ഥനായ വി.ഫ്രാൻസിസ് അസ്സീസിയുടെയും ചിത്രങ്ങൾ ആലേഖനം ചെയ്ത ഫലകം പരിശുദ്ധ പിതാവിന് സമ്മാനമായി നൽകി.

അജ്നയുടെ ഓർമ്മകളുമായി കെയ്‌റോസ് മീഡിയ പ്രസിദ്ധീകരിച്ച ദിവ്യകാരുണ്യത്തിന്റെ വാനമ്പാടിയുടെ ഇംഗ്ലീഷ് പതിപ്പായ Nightingale of the Holy Eucharist മുൻ നാഷണൽ കോർഡിനേറ്റർ അനൂപ് പി. വർഗീസ് പരിശുദ്ധ പിതാവിന് സമ്മാനിച്ചു. അജ്നയെ കുറിച്ച് സാകൂതം കേട്ടു. പിതാവ് പലപ്പോഴും ചോദ്യങ്ങൾ ചോദിച്ചു കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി. ദീർഘനാളായി ഇറ്റലിയിൽ സ്ഥിരതാമസമാക്കി അനൂപ് ഇറ്റാലിയൻ ഭാഷയിൽ പിതാവുമായി സംവദിച്ചത് ഏറെ ഹൃദ്യമായി.

ബ്ര. ബെഞ്ചമിൻ സജി കെയ്‌റോസ് ഗ്ലോബൽ മാഗസിൻ പാപ്പയ്‌ക്ക്‌ സമ്മാനിച്ചു. യുവജങ്ങൾക്കിടയിൽ ജീസസ് യൂത്ത്‌ നടത്തുന്ന പ്രവർത്തങ്ങൾക്ക് പാപ്പ പ്രാർത്ഥനാശംസകളും അഭിനന്ദനങ്ങളും നേർന്നു. ജീസസ് യൂത്ത്‌ പ്രതിനിധികൾക്കൊപ്പം ഏറെ സമയം മാർപാപ്പ ചെലവഴിച്ചു.

About Author

കെയ്‌റോസ് ലേഖകൻ