January 22, 2025
Stories

സഹനങ്ങളുടെ അർത്ഥം

  • September 24, 2024
  • 1 min read
സഹനങ്ങളുടെ അർത്ഥം

“അത്തരമൊരു മനുഷ്യന് ദൈവം നൽകാൻ കഴിയുന്ന ഏറ്റവും വലിയ കൃപ അവനു സ്വന്തം ശക്തികൊണ്ട് സഹിക്കാൻ കഴിയാത്ത ഒരു പരീക്ഷണം അയച്ചുകൊടുക്കുക എന്നതാണ് – എന്നിട്ട് അവൻ്റെ കൃപയാൽ അവനെ നിലനിർത്തുക, അങ്ങനെ അവൻ അവസാനം വരെ സഹിച്ചും രക്ഷിക്കപ്പെടും. (ഫാദർ വാൾട്ടർ ജെ സിസെക്ക്, “അവൻ എന്നെ നയിക്കുന്നു”)

ചിലപ്പോൾ മനസ്സിൽ തോന്നാറുണ്ട്, എന്തിന് ഈ സഹന അവസ്ഥയിലൂടെ ഞാൻ കടന്നു പോകേണ്ടി വരുന്നു എന്ന്. അസുഖങ്ങളാകാം, മനസ്സിന്റെ വിഷമങ്ങൾ ആകാം, മക്കളുടെ പ്രശ്നങ്ങളാകാം, ജീവിത പങ്കാളിയുമായുള്ള ചെറിയ ചെറിയ പിണക്കങ്ങൾ ആകാം, ചില പാപങ്ങൾ ചെയ്യാനുള്ള പ്രലോഭങ്ങൾ ആകാം,പാപം ചെയ്തതിന്റെ കുറ്റബോധം ആകാം, സാമ്പത്തിക പ്രശ്നങ്ങൾ ആകാം. ജീവിതത്തിന്റെ ഓരോ പ്രായത്തിലും, കാല ഘട്ടത്തിലും പല രീതിയിലുള്ള സഹനങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്. ആദ്യമൊന്നും ഒരു പിടിയും കിട്ടുകയില്ല. ഒരു വലിയ ചുഴിയിൽ അകപ്പെട്ട അവസ്ഥയാണ് ചിലപ്പോൾ. ഈ ചുഴിയിലൂടെ കടന്നു പോകുമ്പോൾ നാം പലപ്പോഴും മറന്നു പോകുന്ന ഒരു കാര്യം, ഈശോയോട് ഒന്ന് ചോദിക്കുക, അവന്റെ ജീവിതത്തിലേക്ക് ഒന്ന് നോക്കുക എന്നതാണ്.

അവൻ നമ്മൾ കടന്നു പോയ ഈ എല്ലാ അവസ്ഥയിലൂടെയും കടന്നു പോയതാണ്. തന്നെ വളർത്തി വലുതാക്കിയ ഈ ഭൂമിയിലെ പിതാവ് മരിച്ചപ്പോൾ, അവൻ എത്ര കരഞ്ഞിട്ടുണ്ടാകും! സ്വന്തം കൂട്ടുകാരൻ ലാസർ മരിച്ചപ്പോൾ, “യേശു കരഞ്ഞു”( യോഹന്നാൻ 11:35)

രോഗികളായ കുഞ്ഞുങ്ങളെ കണ്ടപ്പോൾ അവരോടൊപ്പം അവരുടെ വേദനയിൽ പങ്കു ചേർന്നു കൊണ്ട്, സൗഖ്യം കൊടുത്തു. പാപിനിയായ സ്ത്രീ അവന്റെ കാൽ കഴുകിയപ്പോൾ, വിധിക്കാതെ അവളെ അത് ചെയ്യാൻ അനുവദിച്ചു( ലൂക്കോസ് 7:36-50). സ്വന്തം അമ്മയെ പ്രിയ ശിഷ്യന് ഏൽപ്പിച്ച് കൊടുത്ത് കൊണ്ട്, കുരിശു മരണത്തിന് വിട്ടു കൊടുത്തു. അമ്മയുടെ ഹൃദയം മുറിയുന്നത് പല തവണ കണ്ടിട്ടുണ്ടാകാം! ( യോഹന്നാൻ 19:26-27).

വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയെ മുമ്പിൽ കൊണ്ട് വന്നപ്പോൾ, ഒരു കണക്കിന് ഒരു ആങ്ങളയുടെയോ, അപ്പന്റെയോ കടമ ഏറ്റെടുത്ത് കൊണ്ട് അവളെ വലിയ അനുതാപത്തിലേക്ക് നയിച്ചു( യോഹന്നാൻ 8: 3-11). അവൾ ഈശോയുടെ കുരിശു മരണം വരെ അവനോടൊത്ത് ഉണ്ടായിരുന്നു( യോഹന്നാൻ 19:25), അവൾക്ക് തന്നെയാണ് തന്റെ ഉയർപ്പിന് ശേഷം പ്രത്യക്ഷപെട്ടതും എന്നും പറയപ്പെടുന്നു( യോഹന്നാൻ 20:11-18)!

തന്നെ തള്ളിപറഞ്ഞ പത്രോസിനോട് പൂർണമായി ക്ഷമിച്ചു കൊണ്ട്, അവനെ തന്നെ സഭയുടെ ആദ്യത്തെ മാർ പാപ്പയാക്കി! പഴയ തെറ്റുകളുടെ പേരിൽ അവൻ ആരെയും വിധിച്ചില്ല, ശിക്ഷിച്ചില്ല ( യോഹന്നാൻ 21:15-19)!

ഞാൻ ചിലപ്പോൾ ചിന്തിച്ചിട്ടുണ്ട്, ആത്മഹത്യ ചെയ്യുന്നതിന് മുൻപ്, യൂദാസ് ഒരു നിമിഷം ഒന്ന് തിരിച്ചു വന്നിരുന്നെങ്കിൽ എന്ന്, “എന്റെ ഈശോയെ, എനിക്ക് തെറ്റ് പറ്റിപോയല്ലോ” എന്നൊന്ന് പറഞ്ഞ് ഈശോയ്ക്ക് സ്നേഹത്തിൽ നിറഞ്ഞ ഒരു ചുംബനം കൊടുത്തിരുന്നെങ്കിൽ എന്ന്! യൂദാസിന്റെ അന്ത്യം വ്യത്യസ്തമായേനെ! Chosen എന്ന show കണ്ടപ്പോൾ ആണ് മനസ്സിലായത്, ഈശോയുടെ രാജ്യം കൂടുതൽ വ്യാപിപ്പിക്കണം എന്ന ആഗ്രഹത്തോടെയാണ് യൂദാസ് എല്ലാംഉപേക്ഷിച്ചു, സാമ്പത്തിക കാര്യങ്ങളിൽ ഉള്ള അറിവ് ഉപയോഗിച്ച് കൊണ്ട് പണസഞ്ചി പിടിച്ച് തുടങ്ങിയത്. ആദ്യത്തെ ഉദ്ദേശം ഒത്തിരി നല്ലതായിരുന്നു. പക്ഷേ, എപ്പോഴോ വഴി തെറ്റിപ്പോയി!

മരുഭൂമിയിലെ പരീക്ഷണ വേളയിൽ, ഭക്ഷണം കൊണ്ടും, അധികാരം കൊണ്ടും, ധനം കൊണ്ടും അവൻ പരീക്ഷിക്കപ്പെട്ടു! അതിനും അപ്പുറമായി നമുക്ക് പ്രലോഭനങ്ങൾ ഒന്നും അവൻ അനുവദിക്കില്ല. ഈശോ നമുക്ക് കാണിച്ചു തന്നു എങ്ങനെ അവൻ എല്ലാ പ്രലോഭനങ്ങൾ നേരിട്ടു എന്ന്. വചനം കൊണ്ടും, പ്രാർത്ഥന കൊണ്ടും, ഉപവാസം കൊണ്ടും തന്നെ( ലൂക്കാ 4:1-13).

ഈ ചെറിയ സഹനങ്ങൾക്ക് എല്ലാം കൂടുതൽ വിലയും മൂല്യവും ഉണ്ടാകുന്നത്, അവയെ ഈശോയുടെ സഹനങ്ങളോട് ചേർത്തു വയ്ക്കുമ്പോഴാണ്. ഈശോയുടെ സഹനങ്ങളോട് ചേരുമ്പോൾ, നമ്മുടെ ചെറിയ ചെറിയ സഹനങ്ങൾ പോലും ആത്മാക്കളുടെ രക്ഷയായി മാറുന്നു.

ഇന്ന് തിരുന്നാൾ ആഘോഷിക്കുന്ന വി: പാദ്രെ പിയോ പറയുന്നു: “ദൈവസ്‌നേഹത്തിനും പാവപ്പെട്ട പാപികളുടെ മാനസാന്തരത്തിനും വേണ്ടി കഷ്ടതകളും രോഗങ്ങളും വേദനകളും സഹിക്കുക.”

രോഗങ്ങളിലൂടെ കടന്നു പോകുമ്പോൾ രോഗികൾക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും, രോഗികളെ ശുശ്രൂഷ ചെയ്യേണ്ടതിന്റെ ആവശ്യകതയേയും പറ്റി നമുക്കു ബോധ്യങ്ങൾ ഉണ്ടാകുന്നു.

നമ്മൾ പ്രലോഭനങ്ങളിലൂടെ കടന്നു പോകുമ്പോൾ, പാപകുഴിയിൽ അകപ്പെട്ട് കഴിയുന്നവരോട്, ക്ഷമിക്കാനും, അവർക്ക് വേണ്ടി സഹനങ്ങൾ ഏറ്റെടുത്ത് പ്രാർത്ഥിക്കാനും നമ്മൾ പഠിക്കുന്നു. അതിജീവിക്കപ്പെടുന്ന ഓരോ പ്രലോഭനവും, ഒരു സൽക്രിയയായി മാറുന്നു എന്ന് ഒരു വിശുദ്ധൻ പറഞ്ഞത് ഓർമ്മ വരുന്നു.

സാമ്പത്തിക പ്രശ്നങ്ങളിലൂടെ കടന്നു പോകുമ്പോൾ, ദരിദ്രരോട് അനുഭൂതി കാണിക്കാനും, അവരെ അകമഴിഞ്ഞ് സഹായിക്കുവാനും ആകതക്ക വിധത്തിൽ നമ്മെ രൂപപ്പെടുത്തിയെടുക്കുന്നു.

മാനസിക രോഗങ്ങൾ നമ്മെ വലക്കുമ്പോൾ, പിന്നീട് അതേ അവസ്ഥയിലൂടെ കടന്നു പോകുന്നവരെ മനസ്സിലാക്കാൻ നാം പഠിക്കുന്നു.

അങ്ങനെ നാം കടന്നു പോകുന്ന ഓരോ സഹനവും, നമ്മെ സ്വർഗ്ഗത്തിലേക്ക് അടുപ്പിക്കും! അങ്ങനെ കിട്ടുന്ന സ്വർഗ്ഗം നഷ്ടപ്പെടുത്താതിരിക്കാൻ എന്ത് ചെയ്യും?

നമ്മൾ അവന്റെ അടുത്തിരുന്നാൽ തീരാവുന്ന പ്രശ്നങ്ങളേ നമുക്കുള്ളൂ എന്നേ! നമ്മുടെ കർത്താവ് പൂർണ്ണ മനുഷ്യൻ ആയിരുന്നു ഈ ഭൂമിയിൽ ജീവിച്ചപ്പോൾ! അവനോട് കൂടിയിരിക്കാനുള്ള ഏറ്റവും വലിയ മാർഗ്ഗം വിശുദ്ധ കുർബാനയാണ്. അവന്റെ വചനത്തിലൂടെ അവൻ നമ്മോട് ദിവസവും സംസാരിക്കുന്നു! ഇഷ്ടപ്പെട്ട ചില ചെറിയ കാര്യങ്ങൾ ഉപേക്ഷിച്ചു കൊണ്ട് നമുക്ക് ഉപവാസം നടത്താം.

പൗലോസ് ശ്ലീഹ പറയുന്നതു പോലെ: എന്നാല്‍, അവിടുന്ന് എന്നോട് അരുളിച്ചെയ്തു: നിനക്ക് എന്‍റെ കൃപ മതി; എന്തെന്നാല്‍, ബലഹീനതയിലാണ് എന്‍റെ ശക്തി പൂര്‍ണമായി പ്രകടമാകുന്നത്. ക്രിസ്തുവിന്‍റെ ശക്തി എന്‍റെ മേല്‍ ആവസിക്കേണ്ടതിനു ഞാന്‍ പൂര്‍വാധികം സന്തോഷത്തോടെ എന്‍റെ ബലഹീനതയെക്കുറിച്ചു പ്രശംസിക്കും.(2 കോറിന്തോസ്‌ 12 : 9)

വി: പദ്രേ പിയോയുടെ തിരുന്നാൾ ആശംസകൾ!

സിൽവി സന്തോഷ്
ടെക്സസിലെ കോപ്പല്‍ സെയിന്റ്‌ അല്‍ഫോന്‍സാ സീറോമലബാര്‍ ഇടവകയിലെ അംഗമാണ്‌. പീഡിയാഴിക്‌ നഴ്സ്‌ പ്രാഷ്ടീഷനര്‍ ആയി ജോലി ചെയ്യുകയും ലേഖിക ഇടവക ദേവാലയത്തിലെ കുഞ്ഞുങ്ങളെയും മുതിർന്നവരേയും പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനായി ഒരുക്കുകയും ചെയ്യുന്നു. ഭര്‍ത്താവിനോടും മൂന്നു കുട്ടികളോടൊപ്പം ഡാലസില്‍ താമസിക്കുന്നു.

About Author

കെയ്‌റോസ് ലേഖകൻ