ഒമാനിലെ Friday Full-Timers (FFT)ന്റെ പന്ത്രണ്ടാമത് ബാച്ച് നാളെ ആരംഭം കുറിക്കുന്നു
ഒമാൻ: ഒമാനിലെ Friday Full-Timers (FFT) ന്റെ പന്ത്രണ്ടാമത് ബാച്ച് നാളെ (13/09/2024) റൂവിയിലെ വി. പത്രോസിന്റെയും വി.പൗലോസിന്റെയും നാമത്തിലുള്ള കത്തോലിക്ക പള്ളിയിൽ വച്ച് ആരംഭം കുറിക്കുന്നു.
തൊഴിൽ അന്വേഷിച്ച് മണലാരണ്യത്തിനു നടുവിലെ മരുപ്പച്ചകളിലേയ്ക്കു വന്നുചേരുന്ന യുവജനങ്ങൾ കൂടെകരുതിയ വിശ്വാസത്തിന്റെ കനൽ ചാരംമൂടി പോകാതിരിക്കാൻ അവരുടെ ചാരെ ജീസസ് യൂത്ത് മുന്നേറ്റം ഒരു വിശറിയായി നിൽക്കാൻ തുടങ്ങിയിട്ട് 25 വർഷമാകുന്നു. കഴിഞ്ഞ കാലങ്ങളിൽ FFT ആയി ഒരു വർഷം സേവനം ചെയ്തവരാണ് പിന്നീട് മുന്നേറ്റത്തെ നയിക്കാൻ മുന്നോട്ട് വന്നിട്ടുള്ളതെന്ന കാരണംകൊണ്ട് നേതൃത്വം വളരെ ശ്രദ്ധയോടും, ചിട്ടയോടും, പ്രാർത്ഥനയോടും കൂടെയാണ് FFT യുവജനങ്ങളെ ഒരുക്കികൊണ്ട് വരുന്നതെന്ന് JY ഒമാൻ നാഷണൽ കോർഡിനേറ്റർ ജൂഡ് ജോസഫ് കെയ്റോസ് ന്യൂസിനോട് പറഞ്ഞു.
ഈദ് അവധിക്കു നടത്തപ്പെടുന്ന പ്രാരംഭ ധ്യാനത്തിന്റെ അവസാനത്തിലുള്ള ‘Altar Call’ ന് പ്രത്യുത്തരം നൽകിയവരിൽ 6 ആഴ്ചകൾ നീണ്ടുനിൽക്കുന്ന ട്രൈനിങ്ങ് പൂർത്തിയാക്കിയവർക്കാണ് ആ വർഷം FFTകളാകാനുള്ള അവസരം ലഭിക്കുക. FFT കളാകുന്നവരുടെ ആത്മീയ-സാമൂഹിക വളർച്ചയിൽ മാത്രം ഒതുങ്ങാതെ സേവനം ചെയ്യുന്ന റീജിയണുകളിലെ സുവിശേഷ പ്രവർത്തനങ്ങൾക്ക് വലിയ തോതിൽ ഇവർ കരുത്ത് പകരുന്നത് വർഷങ്ങളായി കണ്ടുവരുന്ന ഒരു കാര്യമാണ്.
JY ഒമാൻ നാഷണൽ ടീമും FFT സെൻട്രൽ ടീമും സംയുക്തമായി പ്രോഗ്രാമിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കി നാളത്തെ പുലരിക്കായി കാത്തിരിക്കുകയാണെന്ന് ഒമാൻ നാഷണൽ ടീം മെമ്പറും FFT ട്രെയിനിങ്ങ് ടീം കോഡിനേറ്ററുമായ ജിനോ ജോയ് അറിയിച്ചു.