കാഴ്ചയിൽ റേഡിയോ, എന്നാൽ ഇതാണ് രക്ഷാവചനം!
ഭർത്താവും ഭാര്യയും അഞ്ചു മക്കളും അടങ്ങുന്ന ഒരു ജീസസ് യൂത്ത് കുടുംബം മക്കളെ വചനം കേൾപ്പിക്കാൻ ഒരു മാർഗ്ഗമന്വേഷിച്ച് ഓഡിയോ ബൈബിൾ ഡിവൈസിന്റെ നിർമതിയിൽ എത്തിച്ചേർന്നതിൻ്റെ കഥ.
സുനോജിന് തൻറെ മൂന്നാം വയസ്സിൽ അമ്മയെ നഷ്ടപ്പെട്ടു. ഇരുൾ വീണ വഴികളിലൂടെയുള്ള യാത്രയിൽ ദൈവം കൂടെ നടന്നു. എങ്കിലും വളരെ സ്നേഹമായി ഉള്ള ഒരു അമ്മയെ നൽകി ദൈവം അനുഗ്രഹിച്ചു. അഞ്ചാം ക്ലാസ് മുതൽ അൾത്താര ബാലനായി ഈശോയോട് ഒപ്പം ഉള്ള യാത്ര ആരംഭിച്ചു. പിന്നീട് പല ജീവിത സാഹചര്യങ്ങളിൽ കൂടി കടന്നുപോയി എങ്കിലും എപ്പോഴും ദൈവത്തിൻറെ ഒരു അദൃശ്യകരം തൻറെ കൂടെ ഉണ്ടായിരുന്നതായി സുനോജിന്റെ വാക്കുകളിൽ നിഴലിച്ചു കാണുവാൻ സാധിക്കും.
കുഞ്ഞുങ്ങളെ ഈശോയിൽ വളർത്താൻ ഏറ്റവും നല്ല മാർഗ്ഗം തിരുവചനം ആണെന്നുള്ള ഈ മാതാപിതാക്കളുടെ തിരിച്ചറിവാണ് ലോകത്തിനു മുഴുവൻ അനുഗ്രഹമാകുന്ന “രക്ഷാ വചനം” എന്ന ഓഡിയോ ബൈബിൾ ഡിവൈസിൽ എത്തിനിൽക്കുന്നത്. സുനോജിൻ്റെ തന്നെ വാക്കുകളിലൂടെ വായിക്കാം “തീർത്തും ബലഹീനരായിരുന്നിട്ടും, യോഗ്യതകൾ ഇല്ലാതിരുന്നിട്ടും, ഒന്നും കണക്കാക്കാതെ ദൈവം തന്റെ നിസീമമായ കരുണയാൽ വാർത്തെടുത്ത് സ്വന്തമാക്കിയ ഞങ്ങളുടെ കുടുംബം” ഒരുപാട് അസ്വസ്ഥതകളുടെ കടന്നുപോയ ഒരു സമയത്ത് റോബി എന്ന സുഹൃത്തിൻറെ നിർദ്ദേശപ്രകാരം ലാപ്ടോപ്പിൽ വചനം വെച്ച് കുഞ്ഞുങ്ങളെ കേൾപ്പിച്ചു തുടങ്ങി. അത്ഭുതകരമായ മാറ്റങ്ങളാണ് പിന്നീട് കുടുംബത്തിൽ ഉണ്ടായതെന്ന് ഡിനു പറഞ്ഞുവക്കുന്നു. മൊബൈലിലോ ലാപ്ടോപ്പിലോ ഒക്കെ വചനം കേട്ടുകൊണ്ടിരിക്കുമ്പോൾ ഉണ്ടാകുന്ന റേഡിയേഷൻ ഒഴിവാക്കാനും കോളുകൾ മെസ്സേജുകൾ ഇവ മൂലമുണ്ടാകുന്ന തടസ്സങ്ങൾ പരിഹരിക്കാനും, വചനം കേൾക്കുന്നതിന് തടസ്സം ഉണ്ടാകത്തിരിക്കുന്നതിനും മറ്റൊരു മാർഗ്ഗത്തെക്കുറിച്ച് ഇവർ ആലോചിച്ചു കൊണ്ടിരിക്കെയാണ് എറണാകുളം കാക്കനാട് ഉള്ള ഒരു ഡോക്ടർ തന്റെ ഫാമിൽ വചനം ഉറക്കെ വെച്ചപ്പോൾ വലിയ വിളവ് ലഭിച്ചു എന്ന സാക്ഷ്യം സുനോജ് കേൾക്കുന്നത്. ഒരു ഐടി പ്രൊഫഷണൽ ആയ സുനോജിനെ ദൈവവചനം കേൾക്കാൻ മാത്രമായി ഒരു ഡിവൈസ് എന്ന ആശയത്തിലേക്ക് ഇത് എത്തിച്ചു. “നിങ്ങൾ ലോകം എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ” വി: മർക്കോസ് 16 :15. ഈശോയുടെ ഈ ആഹ്വാനത്തെ തന്റെ പ്രൊഫഷനിലൂടെ ഏറ്റെടുക്കുവാൻ അതിയായി സുനോജ് ആഗ്രഹിച്ചു.
ഈ പ്രേക്ഷിത ദൗത്യത്തിന് തങ്ങൾക്ക് വിളിയുണ്ടോ എന്ന് ഉള്ളിൽ സംശയമായിരുന്നു. അങ്ങനെയിരിക്കെ സേവ്യർഖാൻ വട്ടായിൽ അച്ചനെ കാണാൻ ഒരു സാഹചര്യം ഉണ്ടായി. അച്ചൻറെ നിർദ്ദേശപ്രകാരം ഈ കുടുംബം തങ്ങളുടെ പ്രേക്ഷിത യാത്രയ്ക്ക് തുടക്കം കുറിച്ചു. പിന്നീട് ഈ ഡിവൈസിന്റെ മെറ്റീരിയൽ, രൂപം എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം തേടിയുള്ള യാത്രയായിരുന്നു. അപ്പോഴാണ് ഒരു ആർട്ടിക്കിളിൽ റോൾസ് റോയ്സ് കാറിന് നമ്മുടെ നിലമ്പൂർ തേക്ക് ഉപയോഗിക്കുന്നതായി വായിച്ചത്. അങ്ങനെ
വിലമതിക്കാനാവാത്ത ദൈവവചനത്തിന് ഉപയോഗിക്കുന്ന മെറ്റീരിയൽ നിലമ്പൂർ തേക്ക് തന്നെയാകട്ടെ എന്ന തീരുമാനത്തിൽ എത്തിയത്. മരത്തിലുള്ള നിർമ്മിതി ആയതുകൊണ്ട് തന്നെ നല്ലൊരു രൂപം ഉണ്ടാക്കാൻ സഹായിക്കണേ എന്ന് വി.യൗസേപ്പിതാവിനോട് മാധ്യസ്ഥം തേടി. അങ്ങനെ ഇന്ന് നാം കാണുന്ന “റേഡിയോ” രൂപത്തിലുള്ള ഓഡിയോ ബൈബിൾ രൂപപ്പെട്ടു. വെറും മൂന്നുമാസം കൊണ്ട് പൂർത്തീകരിക്കാമെന്ന ധാരണയിൽ തുടങ്ങിയ നിർമ്മാണം മൂന്നര വർഷത്തോളം നീണ്ടു. ഈ സമയത്തെല്ലാം സഹനങ്ങളുടെ തീച്ചൂളുകളിൽ കൂടെയുള്ള യാത്രയായിരുന്നു. പല വ്യക്തികളുടെയും പ്രസ്ഥാനങ്ങളിലൂടെയും ഈശോ കൈപിടിച്ച് നടത്തുന്ന അനുഭവങ്ങൾ സുനോജും ഡിനുവും ഓർത്തെടുക്കുന്നു. ജീസസ് യൂത്തായ അനിൽ ഇല്ലിമൂട്ടിൽ ആന്റോ വർക്കി, അമേരിക്കയിലുള്ള ഫ്രണ്ട് റോബി, ജോസ് മരമറ്റത്തിൽ പിന്നെ പേര് പുറത്തു പറയാൻ ആഗ്രഹിക്കാത്ത അനേകം വ്യക്തികളിലൂടെ ഈശോ ഒപ്പം നടന്നു.
എടുത്തു പറയേണ്ടതായ ഒരു കാര്യം പല പിതാക്കന്മാരും, വൈദികരും, സഭാ സ്ഥാപനങ്ങളും ഈ ബൈബിൾ മിനിസ്ട്രിക്ക് താങ്ങായി ആരംഭം മുതൽ ഉണ്ടായിരുന്നു, ഡിവൈസ് ഉദ്ഘാടനം ചെയ്ത് അനുഗ്രഹിച്ച ജോർജ് ആലഞ്ചേരി പിതാവ്, ബൈബിൾ കമ്മീഷൻ ചെയർമാൻ ജെയിംസ് ആനേക്കാട്ടിൽ പിതാവ് , POC മുൻ സെക്രട്ടറി ഫാദർ ജോൺസൺ പുതുശ്ശേരി ഇവരൊക്കെ അവരിൽ ചിലർ മാത്രമാണെന്ന് സുനോജ് ഓർമിക്കുന്നു.
“കുടുംബങ്ങളിൽ ദൈവവചനം മുഴങ്ങട്ടെ. കുടുംബങ്ങൾ വിശുദ്ധീകരിക്കപ്പെടട്ടെ” ഇതാണ് ഈ ബൈബിൾ മിനിസ്ട്രിയുടെ , രക്ഷാ വചനത്തിന്റെ ആപ്തവാക്യം. ഏതൊരു വ്യക്തിക്കും ഈസിയായി ഉപയോഗിക്കാൻ പറ്റുന്ന പുതിയ ഒരു ഡിവൈസിന്റെ പണിപ്പുരയിലാണ് സുനോജും രക്ഷാവചനം ടീമും.ഈ പ്രേക്ഷിത യാത്രയിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർ രക്ഷാ വചനം ടീമുമായി ബന്ധപ്പെടണമെന്ന് സുനോജ് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു. നമ്മുടെ പ്രാർത്ഥനയിൽ എന്നും ഈ ബൈബിൾ മിനിസ്ട്രി ഉണ്ടായിരിക്കട്ടെ. ദൈവവചനം നൂറുമേനി ഫലം പുറപ്പെടുവിച്ച് യേശുവാണ് ഏക രക്ഷകൻ എന്ന ഈ ലോകം മുഴുവനും അറിയട്ടെ.
സുനോജ് ആൻറണി ഡിനു മാത്യു ദമ്പതികൾ. ഇവർക്ക് മൂന്ന് പെൺമക്കളും രണ്ട് ആൺമക്കളും സേറ, ഫെലിക്സ്, കെവിൻ, ലിലിയൻ. ഇവർ കളമശ്ശേരി- രാജഗിരി ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്നു. പിന്നെ ഒരു കുഞ്ഞു മാലാഖ ഗ്രേസ്. സുനോജ് – ഡിനു ദമ്പതികൾ കളമശ്ശേരി സ്റ്റാർട്ടപ്പ് വില്ലേജിൽ ഒരു ഐടി സ്ഥാപനം നടത്തി വരുന്നു. സുനോജ് ഒരു ഐടി പ്രൊഫഷണലും ഭാര്യ ഡിനു അഡ്വക്കേറ്റും ആണ്. വിവാഹശേഷം ഈശോയോട് ഉള്ള ബന്ധത്തിന് അല്പം കൂടി ദൃഢത വന്നതായി ഇവരുടെ ജീവിതം നമുക്ക് കാണിച്ചു തരുന്നു. ഓഡിയോ ബൈബിളിന്റെ പ്രവർത്തനത്തോടൊപ്പം തന്നെ മക്കളെ ഈശോയോട് ചേർത്തുനിർത്തി വളർത്തുവാനുംഇവർ ശ്രദ്ധിക്കുന്നു. മൂത്തമകൾ സേറ 9 ൽ പഠിക്കുന്നു. ജീസസ് യൂത്ത് സ്റ്റെപ് വൺ പ്രോഗ്രാമിൽ കൂടി ടീൻസ് മിനിസ്ട്രിയുടെ ഭാഗമാണ് ഇപ്പോൾ. ഇളയ കുഞ്ഞുങ്ങളെ വിശ്വാസത്തിൽ വളർത്തുന്നതിൽ സേറയും നല്ലൊരു പങ്കുവഹിക്കുന്നു.
രക്ഷാവചനം നമ്പർ : 9567070515
ലിജിന ജോർജ്
കിഴക്കമ്പലം സെൻറ് ആൻറണീസ് ഫൊറോനെ ചർച്ച് ഇടവകാംഗമാണ്. ജീസസ് യൂത്ത് മാസ്റ്റർ ബിൽഡർ 2005 ബാച്ച് അംഗമാണ്. ഭർത്താവ് രഞ്ജിത്തിനും മക്കൾ എയ്ഞ്ചലോ ആഗ്നസ് അന്റോണിയോ എന്നിവർക്കൊപ്പം എറണാകുളം പള്ളിക്കരയിൽ താമസിക്കുന്നു.