‘കേപ്പാ’ നേതൃത്വ പരിശീലന പരിപാടി സമാപിച്ചു
തൃശ്ശൂർ: ജീസസ് യൂത്ത് തൃശ്ശൂർ കൗൺസിലിന്റെ നേതൃത്വത്തിൽ വരുംകാല നേതൃത്വങ്ങളെ ലക്ഷ്യമാക്കിക്കൊണ്ട് 2023 സെപ്റ്റംബർ മാസം മുതൽ നാല് മൊഡ്യൂളുകളായി സംഘടിപ്പിച്ച ‘കേപ്പാ’ പരിശീലന പരിപാടി സമാപിച്ചു. പ്രധാനപ്പെട്ട നാലു മോഡ്യൂളുകൾക്കും പുറമേ നാല് ഇന്റർമിറ്റ് മോഡ്യൂളുകളും നടത്തപ്പെട്ടു. വലിയ നോയമ്പിന്റെ കാലഘട്ടത്തിൽ ടീം മെമ്പേഴ്സും കൗൺസിൽ അംഗങ്ങളും ഒരുമിച്ച് ഫെബ്രുവരി 18ന് കനകമല തീർത്ഥാടനം നടത്തുകയും ചെയ്തിരുന്നു.
നാൾ മൊഡ്യൂളുകളായി തരം തിരിച്ച പരിശീലന പരിപാടിയുടെ ആദ്യത്തെ മൊഡ്യൂൾ 2023 ഡിസംബർ 15,16,17 തീയതികളിൽ ഒളരി നവജ്യോതി ബിഎഡ് കോളേജിൽ വെച്ച് നടന്നു. സ്വയം കണ്ടെത്തൽ, ക്രിസ്തീയ കൂട്ടായ്മ വളർത്തൽ എന്നിവയെ അടിസ്ഥാനമാക്കിയാണ് ആദ്യ പരിശീലന പരിപാടി കടന്നു പോയത്. വ്യക്തിപരമായി ഒരുങ്ങുന്നതിന് മെറ്റീരിയലുകളും ക്രിസ്തീയ അവബോധം വളർത്തുന്നതിന് ക്രൈസ്തവ മൂല്യാധിഷ്ഠിതമായ പുസ്തകങ്ങളും പരിശീലന കാലയളവിൽ ലഭ്യമാക്കിയിരുന്നു.
മാർച്ച് 1,2,3 തീയതികളിൽ ട്രെയിനിങ്ങിന്റെ ഭാഗമായുള്ള രണ്ടാം മോഡ്യൂളിൽ ആത്മീയ ജീവിതത്തെ കൂടുതൽ ഉണർത്തും വിധത്തിൽ നെടുപുഴ ജോർദാനിയ റിട്രീറ്റ് സെന്ററിൽ ധ്യാനവും തൃശ്ശൂർ സെന്റ് മേരിസ് കോളേജിൽ ഇന്റർമിഡേറ്റ് ഗാതറിങ്ങും നടത്തപ്പെട്ടു.
നേതൃത്വ പരിശീലനം, സുവിശേഷപ്രഘോഷണം എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു തൃശ്ശൂർ നിർമ്മല കോളേജിൽ നടന്ന ജൂൺ 7,8,9 തീയതികളിൽ നടന്ന മൂന്നാം മോഡ്യൂൾ. സുവിശേഷപ്രഘോഷണം ജീവിതത്തിൽ പ്രായോഗികമാക്കാൻ ഒല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ അന്യസംസ്ഥാന തൊഴിലാളികളോട് ക്രിസ്തു അനുഭവം പങ്കുവയ്ക്കുവാൻ അവസരം ലഭിച്ചു. പ്രയർ മീറ്റിംഗ്, പ്രയർ ഗ്രൂപ്പ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള വർക്ക്ഷോപ്പ് അവസാന ഇന്റർമിഡേറ്റ് മോഡ്യൂൾ ആയി തൃശ്ശൂർ സേക്രട് ഹാർട്ട് സ്കൂളിൽ വച്ച് ജൂലൈ 14ന് നടത്തപ്പെട്ടു.
നാലാമത്തെയും അവസാനത്തേതുമായ മൊഡ്യൂൾ, ചിയാരം ഗലീലിയിൽ ഓഗസ്റ്റ് 16,17,18 തീയതികളിലായി നടത്തപ്പെട്ടു. യുവത്വം നേരിടുന്ന വെല്ലുവിളികൾ, വിശുദ്ധ ഗ്രന്ഥം, കത്തോലിക്കാ സഭ എന്നിവയെ അടിസ്ഥാനമാക്കി ക്ലാസുകൾ നടത്തപ്പെട്ടു. ഈ നേതൃത്വ പരിശീലനത്തിലൂടെ ലഭിച്ച ക്രിസ്തീയ മൂല്യങ്ങൾ പ്രഘോഷിക്കുന്നതിനായി അംഗങ്ങൾ ഓരോരുത്തർക്കും മിഷൻ സ്ഥലങ്ങൾ നൽകപ്പെട്ടിട്ടുണ്ട്.
ട്രെയിനിങ് ടീമിന്റെ ഭാഗമായുള്ള ബ്രിട്ടോ മൈക്കിൾ വൈദിക പരിശീലനത്തിനായും, സന്യാസ പരിശീലനത്തിനായി ഫ്രാൻസിനും തുടക്കം കുറിച്ചത് ഏറെ കൃതജ്ഞതയോടെ ഓർക്കുന്നു. തുടർന്നും ഈ കേപ്പാ കുടുംബത്തിൽ നിന്നും അനേകം ദൈവിളികൾ ഉണ്ടാകാൻ ഇടയാകട്ടെ എന്നാശംസിക്കുന്നു.