കുഞ്ഞുങ്ങളെ എങ്ങനെ വിശുദ്ധ കുർബ്ബാനയോട് ചേർത്തു നിർത്താം?
ദിവ്യകാരുണ്യ കോൺഗ്രസ് കഴിഞ്ഞ ഈ മാസത്തിൽ പ്രത്യേകമായി നാം വിചിന്തനം ചെയ്യേണ്ട ഒരു വിഷയമാണിത്! അതിന് വേണ്ട കുറച്ച് പ്രയോഗിക മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ഇതിൽ കൂടുതലും നാം തന്നെ മാതൃക കൊടുക്കുവാനുള്ള നിർദ്ദേശങ്ങളാണ്! ഇന്ന് ചിന്തിക്കുന്നത് കുടുംബ കലണ്ടറിനെ കുറിച്ചാണ്. എല്ലാ മാർഗങ്ങളും എല്ലാ കുടുംബങ്ങൾക്കും പറ്റില്ല എന്ന് ഓർക്കുമല്ലോ!!
FAMILY CALENDAR: വിശുദ്ധ കുർബാനയെ കേന്ദ്രീകരിച്ച് നമ്മുടെ കുടുംബത്തിലെ എല്ലാ പ്രവർത്തനങ്ങളും ക്രമീകരിക്കണം.
- കുടുംബത്തിൽ എല്ലാവർക്കും കാണാവുന്ന ഒരു കലണ്ടർ ഉണ്ടായിരിക്കണം. സഭയുടെ തിരുനാളുകൾ ഉൾപ്പെടുത്തിയിട്ടുള്ള കലണ്ടർ ആയാൽ നല്ലത്. Google calendar ആണെങ്കിൽ എല്ലാവർക്കും ഷെയർ ചെയ്യുക.
- കലണ്ടറിൽ എല്ലാ ദിവസവും വി. കുർബ്ബാനയ്ക്കായുള്ള സമയം രേഖപ്പെടുത്തണം.
- നമ്മുടെ ജോലിയുടെ സമയക്രമങ്ങൾ തീരുമാനിക്കുമ്പോൾ സാബത്തിലും കടമുള്ള ദിവസങ്ങളിലും അവധിയെടുക്കാൻ നമ്മൾ ശ്രമിക്കുന്നുണ്ടെന്ന് നമ്മുടെ കുട്ടികൾ കാണണം. അതിനെ കുറിച്ചുള്ള സംവാദങ്ങൾ നമ്മുടെ കുടുംബത്തിൽ നടക്കുന്നത് അവർ കേൾക്കട്ടെ!
- കുട്ടികളുടെ സ്പോർട്സിനും ഡാൻസിനുമെല്ലാം സമയം ക്രമീകരിക്കുമ്പോൾ വി. കുർബാനയുടെ സമയത്തിന് അനുസരിച്ച് ക്രമീകരിക്കാൻ ശ്രമിക്കണം. അവരുടെ കുഞ്ഞു ചെറുപ്പത്തിലെ ഇത് ശീലിപ്പിച്ചാൽ പിന്നീട് ഇതൊരു അമിത ഭാരമായി അവർക്ക് തോന്നുകയില്ല.
- നമ്മൾ എന്നും വിശുദ്ധ കുർബാനയ്ക്കു പോകുന്നത് അവർ കാണണം. വി. കുർബാനക്ക് വേണ്ടി നാം ദാഹിക്കുന്നത് അവർ കാണണം!! അതിലും വലിയ ഒരു മാതൃക വേറാരുമാകില്ല!
- ദിവസവും വി. കുർബാനയ്ക്ക് പോയത് കൊണ്ട് അവരുടെ ഗ്രേഡ് കുറയുകയില്ല എന്ന് ബാല്യത്തിൽത്തന്നെ അവർക്ക് ബോധ്യം കൊടുക്കണം
- അതിഥികൾ വന്നാലോ പാർട്ടിയുണ്ടെങ്കിലോ മാറ്റി വയ്ക്കാവുന്ന ഒരു കാര്യമായി നാം വിശുദ്ധ കുർബാനയെ തരം താഴ്ത്തരുത്!! നമുക്ക് ഇവിടെ വീടിന് ചുറ്റും 10 മൈലുകൾക്കുള്ളിൽ 4-5 കത്തോലിക്ക ദേവാലയങ്ങൾ ഉണ്ടല്ലോ. എല്ലാ പള്ളിയിലെയും വി. കുർബാനയുടെ സമയം അറിഞ്ഞിരിക്കുക. പാർട്ടി വൈകിട്ട് ആണെങ്കിൽ കുറച്ചു നേരത്തെ തന്നെ വിശുദ്ധ കുർബാനയ്ക്ക് പോകാൻ ശ്രമിക്കണം.
- കുട്ടികൾക്ക് ഒരു കലണ്ടർ അവരുടെ കൈവശം കൊടുക്കുക. വി. കുർബാനയ്ക്ക് പോകുന്ന ദിവസങ്ങളിൽ ഒരു സ്റ്റിക്കർ പതിക്കാം. 7 ദിവസം തികയുമ്പോൾ ഒരു ചെറിയ സമ്മാനം വാങ്ങി കൊടുക്കാം. ഞാനിത് ആദ്യകുർബാന ക്ലാസ്സിൽ ചെയ്ത് വിജയിച്ച ഒരു മാർഗമാണ്.
തുടരും…https://jykairosnews.org/knews-161/
സിൽവി സന്തോഷ്, ഭർത്താവ് സന്തോഷ് കുര്യൻ, മക്കൾ സോഫിയ, സോണിയ, സോളമൻ.
അമേരിക്കയിലെ ഡാലസിൽ പീഡിയാട്രിക് നേഴ്സ് പ്രാക്ടീഷണർ ആയി ജോലി ചെയ്യുന്നു