January 22, 2025
Church News Stories

1000 എപ്പിസോഡുകൾ പൂർത്തിയാക്കി ‘അഭിഷേകാഗ്‌നി’

  • July 1, 2024
  • 1 min read
1000 എപ്പിസോഡുകൾ പൂർത്തിയാക്കി ‘അഭിഷേകാഗ്‌നി’

ദൈവത്തിന്റെ അത്ഭുതശക്തിയെ ധ്യാനിക്കാൻ ആഹ്വാനം നൽകി അഭിഷേകാഗ്‌നി 1000 എപ്പിസോഡുകൾ പൂർത്തിയാക്കി. ഇന്നലെ വൈകുന്നേരം ടെലികാസ്റ്റ് ചെയ്ത എപ്പിസോഡ് യൂടുബിലും സോഷ്യൽ മീഡിയകളിലൂടെയും ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. അതിരുകൾക്കപ്പുറത്തേക്കു യേശുവിന്റെ രക്ഷാ സന്ദേശം എത്തിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് അഭിഷേകാഗ്‌നി ടീമംഗങ്ങൾ. പാലക്കാട് രൂപതയുടെ കീഴിലുള്ള സെഹിയോൻ ധ്യാനകേന്ദ്രത്തിലെ സേവിയർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ രണ്ടു പതിറ്റാണ്ടു മുൻപാണ് അഭിഷേകാഗ്‌നി പ്രോഗ്രാം ആരംഭിച്ചത്. പാലക്കാട് രൂപത ബിഷപ്പ് എമിരറ്റസ് മാർ ജേക്കബ് മാനത്തോടത്തു ആയിരാമത് എപ്പിസോഡിൽ പങ്കെടുത്തു ആശംസകൾ നേർന്നു. ‘കോടിക്കണക്കിനു ജനങ്ങൾക്ക് യേശുവിനെ പങ്കുവെക്കാൻ ഈ പ്രോഗ്രാം കൊണ്ട് കഴിഞ്ഞു എന്നും യേശുവിന്റെ വചനങ്ങൾക്ക് അത്ഭുതങ്ങളും അടയാളങ്ങളും വഴി ഈ പ്രോഗ്രാമിലൂടെ സ്ഥിരീകരണം ലഭിച്ചതായും അഭിവന്ദ്യ പിതാവ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ടു വർഷമായി ഫാ.ബിനോയ് കരിമരുതിങ്കൽ ആണ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത്. സെഹിയോൻ ധ്യാന കേന്ദ്രം ഡയറക്റ്റർ ഫാ. സോജി ഓലിക്കലും ആയിരാമത് എപ്പിസോഡിൽ പങ്കെടുത്തു.

ശാലോം വേൾഡ് ടെലിവിഷൻ സി.ഇ.ഒ. ആയ സാന്റോ തോമാസ് തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച അനുഭവങ്ങൾ ഇങ്ങനെയാണ്.
“ശാലോം ഒരു ടി വി ചാനൽ തുടങ്ങാൻ തീരുമാനിച്ച നാളിൽ വട്ടായിൽ അച്ചന്റെ ക്ഷണപ്രകാരം ബെന്നിസാറും ഞാനും ടീം അംഗങ്ങളും അട്ടപ്പാടിയിൽ എത്തി. അന്ന് സെഹിയോൻ ശുശ്രുഷകൾ ആരംഭിച്ചു അധികമായില്ല… ഓലമേഞ്ഞ ധ്യാനഹാളും സ്ത്രീകൾക്കും പുരുഷന്മാർക്കും താമസിക്കാൻ വെവ്വേറെയുള്ള ചെറിയ രണ്ട് ഹാളുകളും മാത്രം.. രാത്രി ആയപ്പോൾ ശുശ്രുഷകർ കിടക്കുന്ന മുറികൾ ഞങ്ങൾക്ക് കിടക്കാൻ തന്നിട്ട് അച്ചനും ശുശ്രുഷകരും പോയി… പാതിരാത്രിയിൽ വലിയ ചെണ്ടകൊട്ടും കൂക്കുവിളികളും സ്ത്രീകളുടെ കരച്ചിലും കേട്ട് ഞാൻ ഉറക്കമുണർന്നു. സെന്ററിനോട് ചേർന്നുള്ള കൊച്ചുകുടിലിൽ മാത്രം വെളിച്ചമുണ്ട്. അവിടെച്ചെന്നപ്പോൾ ഞങ്ങളെ കിടക്കാൻ പറഞ്ഞുവിട്ട ശുശ്രുഷകരായ ചെറുപ്പക്കാർ കരിങ്കൽ കഷണങ്ങളുടെമേൽ മുട്ടിമ്മേൽ നിന്ന് പ്രാർത്ഥിക്കുകയാണ് ..’ബ്രദറെ, ഇതിനുചുറ്റും വനമാണ് രാത്രിയാകുമ്പോൾ ആന ഇറങ്ങുക പതിവാണ്. ആന വീടിനടുത്തു വന്നതിനാലാണ് സ്ത്രീകൾ കരയുന്നത്. നാട്ടുകാർ അതിനെ ഓടിച്ചുവിട്ടോളും. പോയിക്കിടന്നോളൂ”…. വട്ടായിലച്ചനെവിടെ എന്ന് ചോദിച്ചപ്പോൾ കാട്ടിനുള്ളിലെ മരത്തിനുമുകളിലുള്ള ഏറുമാടത്തിൽ പരിഹാരപ്രാർത്ഥന നടത്തുകയാവും, അതാണ് പതിവ് എന്നവർ പറഞ്ഞു..

‘അഭിഷേകാഗ്നി’ പ്രോഗ്രാം ശാലോം ടി വി യിൽ ആരംഭിച്ച ആദ്യനാളുകളിലെല്ലാം വട്ടായിലച്ചൻ തന്റെ ധ്യാന ശുശ്രുഷകൾ കഴിഞ്ഞു സാബു ബ്രദറിനോടൊപ്പം രാത്രി മുഴുവൻ യാത്ര ചെയ്‍തു രാവിലെ ആകുമ്പോഴേക്കും പെരുവണ്ണാമൂഴി ശാലോം സ്റ്റുഡിയോയിൽ എത്തുമായിരുന്നു. സെഹിയോൻ ധ്യാനകേന്ദ്രത്തിൽ റെക്കോർഡ് ചെയ്ത വീഡിയോസ് എഡിറ്റുചെയ്യാൻ അച്ചൻ വന്നത് മറ്റൊന്നിനും വേണ്ടി ആയിരുന്നില്ല “പ്രോഗ്രാം പരിശുദ്ധാത്മാവിന് ഇഷ്ടപെടുന്നതുപോലെ ആയിരിക്കണം’ അതിനുവേണ്ടി പ്രാർത്ഥിച്ചും നിർദേശങ്ങൾ കൊടുത്തും രാത്രിയും പകലുമില്ലാതെ എഡിറ്റേഴ്സിനൊടൊപ്പം അവിടെ ഇരിക്കും. രണ്ട് ദിവസം ഉറങ്ങാതിരുന്ന് യാത്ര ചെയ്ത് സെഹിയോനിൽപ്പോയി അടുത്ത ആഴ്ചയിലെ ധ്യാനം ആരംഭിക്കും. അങ്ങിനെ ‘അഭിഷേകാഗ്നി’ പ്രോഗ്രാമിലൂടെ സെഹിയോൻ മിനിസ്ട്രി മാത്രമല്ല ശാലോം ടി വി യും അഭിഷേകമുള്ളതായി. (അച്ചനും ടീം അംഗങ്ങളും നൽകിയ പ്രാർത്ഥനകൾക്ക് നന്ദി) .

ഇങ്ങനെ പ്രാർത്ഥയിൽ അടിസ്ഥാനമിട്ട നേനതൃതവും പരിശുദ്ധാത്മാവിനോട് വിധേയത്വമുള്ള ശുശ്രുഷകരും വഴി ഇനിയും സെഹിയോൻ ശുശ്രുഷകൾ വളരട്ടെ! വരും നാളുകളിൽ ശാലോം വേൾഡ് ചാനലിലൂടെ അഭിഷേകാഗ്നി വൈദീകരിലൂടെയും സിസ്റ്റേഴ്സിലൂടെയും ഇംഗ്ലീഷിലും അഭിഷേകാഗ്നി പ്രോഗ്രാം ആരംഭിക്കുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം!! അങ്ങിനെ സെഹിയോൻ ശുശ്രുഷകൾ ആഗോള സഭയിൽ പരിശുദ്ധാത്മാവിന്റെ കൊടുങ്കാറ്റായി വീശട്ടെ !!”

About Author

കെയ്‌റോസ് ലേഖകൻ