January 22, 2025
Jesus Youth Stories

“ഇവള്‍ എനിക്കുവേണ്ടി ഒരു നല്ല കാര്യം ചെയ്‌തിരിക്കുന്നു.” മര്‍ക്കോസ്‌ 14:6

  • June 28, 2024
  • 1 min read
“ഇവള്‍ എനിക്കുവേണ്ടി ഒരു നല്ല കാര്യം ചെയ്‌തിരിക്കുന്നു.” മര്‍ക്കോസ്‌ 14:6

വിചിന്തനം
ജൂലൈ 2024

മെക്‌സിക്കോയിലെ ഗ്വദലൂപ്പെ മാതാവിന്റെ ബസലിക്കയുടെ പുറത്തുനില്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ കടുത്ത നിരാശയായിരുന്നു. കുടുംബത്തെയുംകൂട്ടി ആയിരത്തിലേറെ മൈലുകള്‍ താണ്ടി ഇവിടേക്കൊരു തീര്‍ഥയാത്ര നടത്തേണ്ടിയിരുന്നോ എന്ന ചോദ്യം മനസ്സില്‍ നിറഞ്ഞുനിന്നു. അന്നത്തെ വിശുദ്ധ കുര്‍ബാനയില്‍, അള്‍ത്താരയില്‍ നിന്ന്‌ ഏറെ അകലെയായിരുന്ന ഞങ്ങളുടെ ഇരിപ്പിടങ്ങള്‍ പോലെ, എന്റെ ഹൃദയം കര്‍ത്താവില്‍നിന്ന്‌ ഏറെ അകലെയാണെന്ന്‌ എനിക്കുതോന്നി. എന്തായാലും ഒന്നുമുതല്‍ ഒന്‍പതുവയസ്സുവരെ പ്രായമുള്ള നാലു മക്കളോടൊപ്പം ഇത്രയും പണവും മുടക്കി ഗ്വദലൂപ്പെയില്‍ എത്തിയിരിക്കുകയാണ്‌. ജീവിതത്തില്‍ കര്‍ത്താവിന്റെ അത്ഭുതകരമായ എന്തെങ്കിലും ഒരു ഇടപെടല്‍ ഉണ്ടാകണമെന്ന്‌ ഞാന്‍ തീക്ഷ്ണമായി ആഗ്രഹിച്ചു. എന്നാല്‍ എന്റെ മനസ്സില്‍ നിറഞ്ഞത്‌ പരാതികളും ചോദ്യങ്ങളുമായിരുന്നു. വിശുദ്ധ കുര്‍ബാനയില്‍ പോലും ശ്രദ്ധിക്കാനായില്ല. എങ്കിലും, ഈ വിഷമത്തിനിടയിലും അനുഗ്രഹത്തിന്റെയും പ്രചോദനത്തിന്റെയും ആശ്വാസത്തിന്റെയും മൃദുമന്ത്രണവുമായി മാതാവ്‌ അരികിലുണ്ടെന്ന്‌ എനിക്ക്‌ അനുഭവപ്പെട്ടു. ഞങ്ങളുടെ സാന്നിധ്യം കര്‍ത്താവിനും അവിടുത്തെ അമ്മയ്ക്കും സന്തോഷം നല്‍കുന്നുവെന്ന്‌ അപ്പോള്‍ എനിക്ക്‌ ഉറപ്പായി. പലകാര്യങ്ങളും വ്യര്‍ഥമായിരുന്നുവെന്ന്‌ തോന്നുമ്പോഴും കര്‍ത്താവിന്റെ സ്‌നേഹത്തിനുവേണ്ടിയാകുമ്പോള്‍ അതെല്ലാം വിലയുള്ളതാകുമെന്ന്‌ എന്നെ ഓര്‍മപ്പെടുത്തുന്നതായി ഈ തീര്‍ഥാടനം.

കര്‍ത്താവിനെ പ്രീതിപ്പെടുത്താനും അവനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനുമായി നാം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച്‌ കര്‍ത്താവിന്‌ എന്തു തോന്നുന്നുണ്ടാകും? യേശുവിന്റെ പീഡാനുഭവത്തിനും മരണത്തിനും ഏതാനും ദിവസങ്ങള്‍ക്കുമുന്‍പു നടന്ന ഒരു സംഭവം മര്‍ക്കോസിന്റെ സുവിശേഷത്തില്‍ നാം വായിക്കുന്നുണ്ട്‌. കുഷ്ഠരോഗിയായ ശിമയോന്റെ വീട്ടില്‍വച്ച്‌ ഒരു സ്ത്രീ വിലയേറിയ സുഗന്ധതൈലം യേശുവിന്റെ ശിരസ്സില്‍ പൂശുന്നു. ഇതില്‍ അസൂയാലുക്കളായ കാഴ്ചക്കാര്‍ തൈലത്തിന്റെ വിലയുടെ പേരില്‍ ആ സ്ത്രീയെ കുറ്റപ്പെടുത്തുകയാണ്‌. എന്നാല്‍ കര്‍ത്താവ്‌ അവരെ തിരുത്തുകയും അവളുടെ പ്രവൃത്തിയെ അംഗീകരിക്കുകയുമാണ്‌ ചെയ്യുന്നത്‌. അവന്‍ പറയുന്നു, “ഇവള്‍ എനിക്കുവേണ്ടി ഒരു നല്ലകാര്യം ചെയ്തിരിക്കുന്നു.” തൈലത്തിന്റെ വില പരിഗണിക്കുമ്പോള്‍ കാഴ്ചക്കാര്‍ പറയുന്നതിലാണ്‌ കാര്യമെന്നു നമുക്കു തോന്നിയേക്കാം. എന്നാല്‍ യേശു ആ സ്ത്രീയുടെ പ്രവൃത്തിയെയാണു പിന്തുണച്ചത്‌.

യുക്തിക്കു നിരക്കുന്നതല്ല എന്നു തോന്നുന്ന കാര്യങ്ങള്‍ യഥാര്‍ഥത്തില്‍ നല്ലതും വിലയുള്ളതുമാകുന്നത്‌ എങ്ങനെയാണ്‌? ഇത്തരം പ്രവൃത്തികളെ അളക്കാന്‍ കഴിയുന്ന ഒരേയൊരു യുക്തി സ്‌നേഹത്തിന്റെ യുക്തിയാണ്‌. ആ സ്ത്രീയുടെ പ്രവൃത്തി യേശുവില്‍ കൃതജ്ഞത നിറയ്ക്കുകയാണ്‌. സ്‌നേഹത്തിന്റെ ഈ പ്രവൃത്തിക്കായി അവള്‍ കൊടുക്കേണ്ടിവരുന്ന വിലയെക്കുറിച്ച്‌ കര്‍ത്താവിന്‌ ധാരണയുണ്ട്‌. അവള്‍ പാപിയാണെങ്കിലും ഈ പ്രവൃത്തിക്കു പിന്നിലുള്ള സ്നേഹവും കരുണയുമാണ്‌ അവന്‍ കാണുന്നത്‌. താന്‍ പരിപാലിക്കുന്ന പൂന്തോട്ടത്തിലെ വിലപിടിച്ച ഒരു പൂവ്‌ തന്റെ കുഞ്ഞുതന്നെ ഇറുക്കുന്നതു കാണുമ്പോള്‍ അമ്മയ്ക്ക്‌ ദേഷ്യം തോന്നാം. എന്നാല്‍ കുഞ്ഞ്‌ വളരെ സ്‌നേഹത്തോടെ അത്‌ അമ്മയ്ക്കുതന്നെ സമ്മാനിക്കുകയാണെങ്കിലോ! അമ്മയുടെ ഹൃദയം അലിയുമെന്നുറപ്പാണ്‌. ഇത്‌ നമുക്ക്‌ പ്രത്യാശ പകരുന്നില്ലേ? അയോഗൃതകളുടെ ഇടയിലും നമ്മുടെ ത്യാഗപൂര്‍ണമായ സ്‌നേഹം കര്‍ത്താവിന്റെ ഹൃദയത്തെ സന്തോഷമണിയിക്കും. ആ സ്ത്രീയുടെ പ്രവൃത്തിയില്‍ താന്‍ കണ്ട സ്‌നേഹം കാണാന്‍ കഴിയാത്തതുകൊണ്ടാണ്‌ അവന്‍ ആ കാഴ്ചക്കാരെ ശകാരിക്കുന്നത്‌.

മാനുഷിക പ്രകൃതിക്കനുസരിച്ചുള്ള കാഴ്ചപ്പാടില്‍ നാം ദൈവത്തെയും നമ്മെത്തന്നെയും പരിമിതപ്പെടുത്താറുണ്ട്‌. എന്നാല്‍ ക്രിസ്ത്യാനികളെന്ന നിലയില്‍ നമ്മുടെയും മറ്റുള്ളവരുടെയും പ്രവൃത്തികളെ നാം ദൈവത്തിന്റെ കണ്ണിലൂടെ കാണാന്‍ വിളിക്കപ്പെട്ടിരിക്കുകയാണ്‌. താന്‍ സ്‌നേഹിക്കുന്നയാള്‍ പറയാതെതന്നെ അയാളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുന്ന ഒരാളെപ്പോലെ, ആ സ്ത്രീ സ്‌നേഹത്തിന്റെ പേരില്‍ വിശിഷ്ടമായ തൈലം യേശുവിന്റെ ശിരസ്സില്‍ ഒഴിക്കുമ്പോള്‍ അവളുടെ ഹൃദയവും ഒപ്പം സമര്‍പ്പിക്കുകയാണ്‌. യേശുവിന്റെ ശരീരം സംസ്‌കാരത്തിനായി തയ്യാറാക്കാന്‍ ഭാഗ്യം ലഭിച്ച ഏകവൃക്തി താനായിരിക്കുമെന്ന്‌ അവള്‍ അപ്പോഴും അറിയുന്നുമില്ല. മാനവകുലത്തിനുവേണ്ടിയുള്ള പരമോന്നത ബലിയാകാനൊരുങ്ങുന്ന യേശുവിന്റെ മനസ്സില്‍ അവളുടെ വിലയേറിയ ത്യാഗവും ഇടംകണ്ടെത്തുകയല്ലോേ?

പഠനം, ജോലി, കുടുംബം, ശുശ്രൂഷ എന്നിങ്ങനെ ഏതു മേഖലയിലുമാകട്ടെ, നമ്മുടെ പ്രവൃത്തികളിലൂടെ കര്‍ത്താവിന്റെ ഹൃദയത്തില്‍ സന്തോഷം നിറയ്ക്കാന്‍ അവന്‍ നമ്മെ വിളിക്കുകയാണ്‌. മനുഷ്യബന്ധങ്ങളിലേതുപോലെയാണ്‌ നാം കര്‍ത്താവിനെയും സ്‌നേഹിച്ചുതുടങ്ങുന്നത്‌. എന്നാല്‍ ആ ബന്ധം വളര്‍ന്നു പക്വമാകുന്നതോടെ, സ്വാര്‍ഥതകളെല്ലാം വെടിഞ്ഞ്‌ നാം അവനുവേണ്ടി, അവന്റെ ഹൃദയത്തിന്റെ സന്തോഷത്തിനുവേണ്ടി അവനെ സ്നേഹിച്ചുതുടങ്ങും. ജീസസ്‌ യൂത്ത്‌ എന്ന നിലയില്‍ സ്‌നേഹത്തില്‍ നമുക്ക്‌ പക്വത പ്രാപിക്കാം. നമ്മുടെ താല്‍പര്യങ്ങളെക്കാള്‍ ദൈവത്തിനു സ്‌നേഹമുള്ളവയെ സ്‌നേഹിക്കാന്‍ നമുക്ക്‌ സാധിക്കണം. നമ്മുടെ പക്കല്‍ വിലകൂടിയ സുഗന്ധദ്രവ്യത്തിന്റെ ചെപ്പ്‌ ഇല്ലായിരിക്കാം. എന്നാല്‍ മറ്റെല്ലാം മറന്ന്‌ യേശുവിനായി മാത്രം സ്നേഹം ചൊരിയുന്ന ഒരു ഹൃദയം നമുക്ക്‌ സൂക്ഷിക്കാം. മറ്റുള്ളവര്‍ നോക്കിനില്‍ക്കുമ്പോള്‍ മടികൂടാതെ യേശുവിലേക്കുമാത്രം നമ്മുടെ സ്നേഹം ചൊരിയാന്‍ നമുക്ക്‌ കഴിയുമോ? പരമമായ ഈ സ്‌നേഹം നമുക്കുചുറ്റുമുള്ള ലോകത്തിനു മനസ്സിലാകണമെന്നില്ല. എന്നാല്‍ യേശുവിന്റെ ഉറച്ച വാക്കുകള്‍ നമുക്ക്‌ ശക്തിപകരും. “നീ എനിക്കുവേണ്ടി ഒരു നല്ല കാര്യം ചെയ്തിരിക്കുന്നു.”

ജിലു ചെങ്ങാട്ട്‌
യുണൈറ്റഡ്‌ സ്‌റ്റേറ്റ്സിലെ മുന്‍ ജീസസ്‌ യൂത്ത്‌ കോഡിനേറ്ററായ ജിലു ചെങ്ങാട്ട്‌, ജീവിതപങ്കാളിക്കും നാലു മക്കള്‍ക്കുമൊപ്പം മസാചുസെറ്റ്സില്‍ താമസിക്കുന്നു.

About Author

കെയ്‌റോസ് ലേഖകൻ