January 22, 2025
Kairos Media News

Kairos News Highlights [15 July 2024]

  • July 15, 2024
  • 1 min read
Kairos News Highlights [15 July 2024]

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: ക്രമക്കേടുകളില്‍ സര്‍ക്കാര്‍ നടപടിവേണം

കൊച്ചി: ജൂലൈ 11ന് നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട CAG (Comptroller and Auditor General) റിപ്പോർട്ടിലെ ന്യൂനപക്ഷ സ്കോളർഷിപ്പുകളെ സംബന്ധിക്കുന്ന കണ്ടെത്തലുകൾ (റിപ്പോർട്ട് നമ്പർ 3, സെക്ഷൻ സി, അധ്യായം 6) ഗൗരവമേറിയതാണെന്നും സർക്കാർ അടിയന്തര തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്നും കെസിബിസി ജാഗ്രത കമ്മീഷൻ. റിപ്പോർട്ട് പ്രകാരം 2017-2022 കാലയളവിൽ പലപ്പോഴായി പ്രീ, പോസ്റ്റ് – മെട്രിക് സ്കോളർഷിപ്പുകൾക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിലും നടപടിക്രമങ്ങൾ പാലിക്കുന്നതിലും പ്രസ്തുത സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്നതിലും കുറ്റകരമായ അനാസ്ഥയും നിർത്തരവാദിത്വപരമായ സമീപനവും ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽ പൊതു, ഉന്നത വിദ്യാഭ്യാസ ഡയറക്ടർമാർ വരെ സ്വീകരിച്ചതായാണ് CAG റിപ്പോർട്ട് വ്യക്തമാക്കുന്നതെന്ന് ജാഗ്രത കമ്മീഷൻ ചൂണ്ടിക്കാട്ടി.
കൊച്ചി: ജൂലൈ 11ന് നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട CAG (Comptroller and Auditor General) റിപ്പോർട്ടിലെ ന്യൂനപക്ഷ സ്കോളർഷിപ്പുകളെ സംബന്ധിക്കുന്ന കണ്ടെത്തലുകൾ (റിപ്പോർട്ട് നമ്പർ 3, സെക്ഷൻ സി, അധ്യായം 6) ഗൗരവമേറിയതാണെന്നും സർക്കാർ അടിയന്തര തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്നും കെസിബിസി ജാഗ്രത കമ്മീഷൻ. റിപ്പോർട്ട് പ്രകാരം 2017-2022 കാലയളവിൽ പലപ്പോഴായി പ്രീ, പോസ്റ്റ് – മെട്രിക് സ്കോളർഷിപ്പുകൾക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിലും നടപടിക്രമങ്ങൾ പാലിക്കുന്നതിലും പ്രസ്തുത സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്നതിലും കുറ്റകരമായ അനാസ്ഥയും നിർത്തരവാദിത്വപരമായ സമീപനവും ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽ പൊതു, ഉന്നത വിദ്യാഭ്യാസ ഡയറക്ടർമാർ വരെ സ്വീകരിച്ചതായാണ് CAG റിപ്പോർട്ട് വ്യക്തമാക്കുന്നതെന്ന് ജാഗ്രത കമ്മീഷൻ ചൂണ്ടിക്കാട്ടി.

ആയിരക്കണക്കിന് വിദ്യാർഥികളുടെ അപേക്ഷകൾ തുടർ നടപടികൾക്ക് വിധേയമാക്കാത്തതും, ഒരേ കുടുംബത്തിലെ രണ്ടിൽ കൂടുതൽ കുട്ടികൾക്ക് സ്കോളർഷിപ്പുകൾ ലഭിക്കാനിടയായതും, വിവിധ സ്കോളർഷിപ്പുകൾ ഒരേ വിദ്യാർത്ഥിക്ക് തന്നെ ലഭിക്കുന്നതും, പെൺകുട്ടികൾക്കായുള്ള സിഎച്ച് മുഹമ്മദ്കോയ സ്കോളർഷിപ്പ് ആൺകുട്ടികൾക്ക് ലഭിക്കാനിടയായതും ഗുരുതരമായ വീഴ്ചകളാണ്. സ്കോളർഷിപ്പുകളുടെ നടപടിക്രമങ്ങളിലെ വീഴ്ചകൾക്ക് പുറമേ, ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്കായുള്ള ഫണ്ട് പൊതു വിദ്യാഭ്യാസ വകുപ്പ് വകമാറ്റി ചെലവഴിച്ചെന്നുള്ള കണ്ടെത്തലും ഗുരുതരമാണ്.

നിയമാനുസൃത അനുമതികൾ പോലുമില്ലാതെ ലക്ഷക്കണക്കിന് രൂപ വകമാറ്റി ചെലവഴിച്ച ഇത്തരം നീക്കങ്ങൾ അത്യന്തം പ്രതിഷേധാർഹവും തിരുത്തപ്പെടേണ്ടതുമാണ്. വാഹനങ്ങൾ വാങ്ങുന്നതിനും, വാഹനങ്ങൾക്ക് വാടക നൽകുന്നതിനും, അലവൻസുകൾ നൽകുന്നതിനും മറ്റുമായി ന്യൂനപക്ഷ ഫണ്ട് ദുരുപയോഗം ചെയ്ത അതേ കാലയളവിൽ, ഫണ്ടില്ല എന്ന കാരണം പറഞ്ഞ് അർഹിക്കുന്ന അപേക്ഷകർക്ക് പോലും സ്കോളർഷിപ്പുകൾ നിഷേധിക്കുന്ന അവസ്ഥയുണ്ടായിരുന്നു എന്നതും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്.

തന്നെയുമല്ല, ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പിൽ നടന്നതുപോലെ തന്നെയുള്ള ഒട്ടേറെ കൃത്രിമങ്ങളും, സാമ്പത്തിക അതിക്രമങ്ങളും പിന്നാക്ക വിഭാഗങ്ങളിൽ (SC, ST) പെട്ട വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുമായും ബന്ധപ്പെട്ട് നടന്നിട്ടുണ്ട് എന്ന CAG റിപ്പോർട്ടിലെ കണ്ടെത്തലുകൾ (റിപ്പോർട്ട് നമ്പർ 3, സെക്ഷൻ A-B, അധ്യായം 2-5) പൊതു സമൂഹത്തിന്റെ മനസാക്ഷിയെ ഉണർത്തേണ്ടതാണ്.

ന്യൂനപക്ഷങ്ങൾക്കും, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും അനുവദിക്കപ്പെട്ടിട്ടുള്ള പദ്ധതികളിൽ കൃത്രിമം കാണിക്കുകയും, ഭരണഘടനാ ലംഘനങ്ങൾക്ക് മൗനാനുവാദം നൽകുകയും ചെയ്യുന്ന നയങ്ങൾ സർക്കാരോ ഏതെങ്കിലും സർക്കാർ വകുപ്പുകളോ, ഉദ്യോഗസ്ഥരോ സീകരിക്കുന്നുണ്ടെങ്കിൽ അത് അപലപനീയവും തിരുത്തപ്പെടേണ്ടതുമാണ്. ഭരണഘടനാനുസൃതമായി അർഹതപ്പെട്ട ആനുകൂല്യങ്ങൾ പൗരൻമാർക്ക് ഉറപ്പുവരുത്തുന്നതിൽ സംഭവിക്കുന്ന വീഴ്ച അത്യന്തം ഗുരുതരവും കുറ്റകരവുമാണ്.

തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതോടൊപ്പം, തുടർന്ന് ഇത്തരം വിഷയങ്ങളിൽ സുതാര്യമായ ഇടപെടലുകൾ ഉറപ്പുവരുത്താൻ സർക്കാർ ശ്രദ്ധ ചെലുത്തുകയും, സേവനങ്ങളിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്യണം. സ്കോളർഷിപ്പുകളുടെ ക്രിയാത്മകവും നിയമാനുസൃതവും സുതാര്യവുമായ നടത്തിപ്പിനായി CAG നൽകിയിട്ടുള്ള ശിപാർശകൾ നടപ്പിലാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാവുകയും വേണമെന്നും കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി, ഫാ. മൈക്കിൾ പുളിക്കൽ CMI പ്രസ്താവിച്ചു.

നൂറുകണക്കിന് വിശ്വാസികളെ സാക്ഷിയാക്കി ഫാ. ആർമണ്ട് മാധവത്തിന്റെ ദൈവദാസ പ്രഖ്യാപനം നടന്നു

കണ്ണൂർ: നൂറുകണക്കിന് വിശ്വാസികളെ സാക്ഷിയാക്കി ഭരണങ്ങാനം അസീസി, പട്ടാരം വിമലഗിരി ധ്യാനകേന്ദ്രങ്ങളുടെ സ്ഥാപകനും കപ്പൂച്ചിൻ സന്യാസ സമൂഹാംഗവുമായ ഫാ. ആർമണ്ട് മാധവത്തിൻ്റെ ദൈവദാസ പ്രഖ്യാപനം നടന്നു.

പട്ടാരം വിമലഗിരി ധ്യാനകേന്ദ്ര അങ്കണത്തിൽ ദൈവദാസ പദവി പ്രഖ്യാപന ചടങ്ങുകൾക്കും തിരുക്കർമങ്ങൾക്കും തലശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിച്ചു.

ആർച്ച്ബിഷപ്പ് എമരിറ്റസുമാരായ മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞറളക്കാട്ട്, പാവനാത്മ പ്രോവിൻസ് പ്രോവിൻഷ്യൽ മിനിസ്റ്റർ റവ. ഡോ. തോമസ് കരിങ്ങടയിൽ, സെൻ്റ ജോസഫ് പ്രോവിൻസ് വികാർ പ്രോവിൻഷ്യൽ ഫാ. ചെറിയാൻ സ്കറിയ, തലശേരി അതിരൂപത ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, മാനന്തവാടി രൂപത വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ, വൈസ് പോസ്റ്റുലേറ്റർ ഫാ. ജിതിൻ ആനിക്കുടിയിൽ, ആർമണ്ടച്ചന്റെ സഹോദരപുത്രൻ ഫാ. ബിജു മാധവത്ത് എന്നിവർ സഹകാർമികരായിരുന്നു.

കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിക്ക് തുടക്കമായി

എറണാകുളം: കേരള ലത്തീന്‍ കത്തോലിക്ക സഭയുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 43-മത് ജനറല്‍ അസംബ്ലി വ്യവസായവകുപ്പു മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിനനുസൃതമായി സ്വകാര്യവിദ്യാഭ്യാസമേഖലയില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കുന്നതിനും സ്വകാര്യ യൂണിവേഴ്സിറ്റികള്‍ക്ക് അംഗീകാരം നല്കുന്നതിനുമുള്ള ബില്‍ ഉടന്‍ സംസ്ഥാനമന്ത്രിസഭ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്നാണ് ഗവണ്‍മെന്റ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഗവണ്‍മെന്റിന് നിര്‍ദേശം നല്‍കാന്‍ മാത്രമേ കഴിയൂ. തീരുമാനമെടുക്കേണ്ടത് കോടതിയാണ്. ജെ.ബി കോശി കമ്മീഷന്‍ ശുപാര്‍ശകള്‍ ഓരോ വകുപ്പിന്റെയും നിര്‍ദേശങ്ങള്‍ സഹിതം ക്രോഡീകരിച്ച് ഉടന്‍ നടപ്പാക്കും. ജാതി സെന്‍സസ് നടത്തേണ്ടത് കേന്ദ്രഗവണ്‍മെന്റാണ്. ജാതി സെന്‍സസിന് അനുകൂലമായ നിലപാടാണ് സംസ്ഥാനത്തിനുള്ളത്. സിആര്‍ഇസഡ് ആനുകൂല്യങ്ങള്‍ പലതും ലഭ്യമാക്കുന്നതില്‍ കേന്ദ്രത്തില്‍ സംസ്ഥാനം സമ്മര്‍ദ്ധം ചെലുത്തുന്നുണ്ട്. വൈപ്പിന്‍ തീരദേശ മേഖലക്കായി 141 കോടിയുടെ പദ്ധതി കേന്ദ്രത്തിന്റെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. വന്യജീവി പ്രശ്നം നേരിടുന്നതിനും ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി.

കേരള ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി (കെആര്‍എല്‍സിബിസി) പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. നഗരമേഖലയില്‍ വിദ്യാസമ്പന്നരും സാമ്പത്തികമായി ഉയര്‍ന്നു നിലയില്‍ കഴിയുന്നവരും വോട്ട് രേഖപ്പെടുത്തുന്നതില്‍ വിമുഖത കാണിച്ചുവെങ്കിലും ഇന്ത്യയിലെ സാധാരണജനങ്ങള്‍ ജനാധിപത്യപ്രക്രിയയില്‍ കൃത്യമായി ഇടപെട്ട് ഭരിക്കാന്‍ മാത്രമുള്ള ഭൂരിപക്ഷം പരിമിതപ്പെടുത്തി ആരെ അധികാരത്തില്‍ കൊണ്ടുവരണമെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണ് ഈ വര്‍ഷം നമ്മുടെ രാജ്യത്ത് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തില്‍ ജനാധിപത്യം ക്ഷീണിതാവസ്ഥയിലാണെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞത് ബിഷപ് ചക്കാലക്കല്‍ അനുസ്മരിച്ചു.
വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ ഡോ. ആന്റണി വാലുങ്കലിനെ ചടങ്ങില്‍ ആദരിച്ചു. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് സ്വാഗതവും സെക്രട്ടറി പാട്രിക് മൈക്കിള്‍ നന്ദിയും പറഞ്ഞു. കെആര്‍എല്‍സിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. ആര്‍ ക്രിസ്തുദാസ്, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, അസോസിയേറ്റ് ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, വൈസ് പ്രസിഡന്റ് സിസ്റ്റര്‍ ജൂഡി വര്‍ഗീസ്, സെക്രട്ടറിമാരായ പ്രബലദാസ്, മെറ്റില്‍ഡ മൈക്കിള്‍, ട്രഷറര്‍ ബിജു ജോസി എന്നിവര്‍ സന്നിഹിതരായിരുന്നു.
കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്‍ പ്രസിദ്ധീകരിക്കുന്ന ‘മഹിതപൈതൃകം’ എന്ന പുസ്തകം ബിഷപ് ഡോ. ആന്റണി വാലുങ്കലിന് നല്‍കി ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ പ്രകാശനം ചെയ്തു. ‘സമകാലിക സമൂഹത്തിലെ സഭയും സമുദായവും’ എന്ന വിഷയത്തില്‍ കാര്‍മ്മല്‍ഗിരി സെമിനാരി പ്രഫസര്‍ റവ. ഡോ. ജോഷി മയ്യാറ്റില്‍ മുഖ്യപ്രഭാഷണം നടത്തി.

ബാംഗ്ലൂർ അതിരൂപതയ്ക്ക് രണ്ടു പുതിയ സഹായമെത്രാന്മാർ

ബാംഗ്ലൂർ: ബാംഗ്ലൂർ അതിരൂപതയ്ക്ക് പുതിയതായി രണ്ടു സഹായമെത്രാന്മാരെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ഫാ. ആരോഗ്യരാജ് സതീസ് കുമാർ, ഫാ. ജോസഫ് സൂസൈനാഥൻ എന്നിവരെയാണ് സഹായമെത്രാന്മാരായി പാപ്പ നിയമിച്ചത്.

അതിരൂപതാ ചാൻസലറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു നിയുക്ത സഹായമെത്രാൻ ആരോഗ്യരാജ് സതീസ് കുമാർ. 1977 സെപ്റ്റംബർ അഞ്ചിന് ബാംഗ്ലൂരിൽ ജനിച്ച അദ്ദേഹം 2007 മെയ് രണ്ടിന് പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ഉർബനിയാന പൊന്തിഫിക്കൽ സർവകലാശാലയിൽ നിന്ന് കാനൻ നിയത്തിൽ ഡോക്‌ടറേറ്റ്‌ നേടിയ ശേഷം നിയുക്ത മെത്രാൻ ആരോഗ്യരാജ് ഇടവക സഹവികാരി, വികാരി, കാനൻ നിയമ അധ്യാപകൻ തുടങ്ങിയ നിലകളിൽ സേവനം ചെയ്‌തിട്ടുണ്ട്.

നിയുക്ത സഹായമെത്രാൻ ജോസഫ് സൂസൈനാഥനും ബാംഗ്ലൂർ സ്വദേശിയാണ്. 1964 മെയ് 14-നു ജനിച്ച അദ്ദേഹം 1990 മെയ് 15-ന് പൗരോഹിത്യം സ്വീകരിച്ചു. ഇടവക സഹവികാരി, വികാരി എന്നീ നിലകളിൽ നിയുക്ത സഹായമെത്രാൻ ജോസഫ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തഞ്ചാവൂർ രൂപതയ്ക്ക് പുതിയ മെത്രാൻ

തഞ്ചാവൂർ: തമിഴ്നാട്ടിലെ തഞ്ചാവൂർ രൂപതയുടെ പുതിയ മെത്രാനായി ഫാ. സഗായരാജ് തമ്പുരാജിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. പതിമൂന്നാം തീയതി ശനിയാഴ്ചയാണ് ഇതു സംബന്ധിച്ച നിയമന ഉത്തരവ് പാപ്പ പുറപ്പെടുവിച്ചത്.

1969 മാർച്ച് 14-ന് തിരുച്ചിറപ്പള്ളി രൂപതയിലെ അയ്യംപട്ടിയിലാണ് നിയുക്ത മെത്രാൻ സഗായരാജ് തമ്പുരാജ് ജനിച്ചത്. 1996-ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം, മദ്രാസ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും മധുരൈ കാമരാജ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും മദ്രാസ് സർവകലാശാലയിൽ നിന്ന് തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

ഇടവക സഹവികാരി, വികാരി, രൂപതാ വൈദികസമിതിയുടെയും രൂപതാ പിന്നാക്ക വിഭാഗക്കാർക്കായുള്ള സമിതിയടെയും രൂപതാ സിനഡിന്റെയും കാര്യദർശി, അജപാലന കേന്ദ്രത്തിന്റെ മേധാവി, രൂപതാസമിതികളുടെ ഏകോപകൻ, സെമിനാരി അധ്യാപകൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

എസ്എംവൈഎം-കെസിവൈഎം പാലാ രൂപത സുവർണ്ണജൂബിലി സമാപനാഘോഷം നടത്തി

പാലാ: SMYM-KCYM സംഘടന രൂപതയിൽ സ്ഥാപിതമായതിന്റെ സുവർണ്ണജൂബിലി സമാപനാഘോഷം പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. യുവജനങ്ങളാണ് സഭയുടെ ശക്തിയെന്നും അവരാണ് സഭയെ മുൻപോട്ട് നയിക്കുന്നതെന്നും അഭിവന്ദ്യ പിതാവ് അഭിപ്രായപ്പെട്ടു. എസ്.എം.വൈ.എം – കെ.സി.വൈ.എം പാലാ രൂപതയുടെ സുവർണ്ണ ജൂബിലി സമാപനാഘോഷം പാലാ സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

രൂപത പ്രസിഡന്റ് എഡ്വിൻ ജോസി അധ്യക്ഷത വഹിച്ച യോഗത്തിൽ രൂപത ജനറൽ സെക്രട്ടറി മിജോ ജോയി സമ്മേളനത്തിന് സ്വാഗതം നൽകി. രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ആമുഖപ്രഭാഷണം നടത്തുകയും, കേരള ജലവിഭവവകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തുകയും പാലാ രൂപതാ വികാരി ജനറാൾ വെരി റവ. ഫാ.സെബാസ്റ്റ്യൻ വേത്താനത്ത് അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു. എസ്.എം.വൈ.എം ഗ്ലോബൽ പ്രസിഡന്റ് അഡ്വ. സാം സണ്ണി ഓടക്കൽ, എസ്.എം.വൈ.എം പാലാ രൂപത മുൻ ഡയറക്ടർ റവ. ഫാ. ജോസഫ് ആലഞ്ചേരി, എസ്.എം.വൈ.എം പാലാ രൂപത മുൻ ജോയിന്റ് ഡയറക്ടർ സി. ഷൈനി DST, പാലാ രൂപത മുൻ പ്രസിഡന്റ് ശ്രീ സാജു അലക്സ്, പാലാ രൂപത മുൻ ജനറൽ സെക്രട്ടറി റവ. ഫാ. ജോസഫ് ചിനോത്തുപറമ്പിൽ, പാലാ രൂപത മുൻ വൈസ് പ്രസിഡന്റ് ശ്രീമതി ജൂബിറ്റ് നിതിൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

പാലാ രൂപത മുൻകാല ഭാരവാഹികളെ ആദരിക്കുകയും, ജൂബിലി വർഷത്തിൽ ഭവന നിർമ്മാണത്തിന്റെ താക്കോൽ കൈമാറുകയും, തീം സോങ്ങിൽ പങ്കുകൊണ്ടവരെ ആദരിക്കുകയും, എമർജിങ് യൂണിറ്റുകൾക്കുള്ള ആദരവ് നൽകുകയും ചെയ്തു. രൂപത വൈസ് പ്രസിഡന്റ് ടിൻസി ബാബു യോഗത്തിന് നന്ദി അറിയിച്ചു. യുവജനപ്രസ്ഥാനത്തിന്റെ മുൻകാല ഡയറക്ടർമാർ ജോയിന്റ് ഡയറക്ടർമാർ, മുൻകാല ഭാരവാഹികൾ, യൂണിറ്റ്-ഫൊറോനാ ഭാരവാഹികൾ എന്നിവരും രണ്ടായിരത്തിലേറെ യുവജനങ്ങളും സമാപന സമ്മേളനത്തിൽ പങ്കുചേർന്നു.

പതിനാലായിരം കുടുംബങ്ങളെ മദ്യ വിപത്തിൽ നിന്നും രക്ഷപ്പെടുത്തിയ അഡാർട്ട് ഭാരതത്തിന്റെ തന്നെ അഭിമാനം: മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: പതിനാലായിരം കുടുംബങ്ങളെ മദ്യത്തിന്റെ പിടിയിൽ നിന്നും രക്ഷപെടുത്തി സന്മാർഗ്ഗ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ അഡാർട്ട് (മദ്യപാനരോഗ ചികിത്സാ കേന്ദ്രം) എന്ന പ്രസ്ഥാനം പാലായുടെ എന്നല്ല ഭാരതത്തിന്റെ തന്നെ അഭിമാനമാണെന്ന് പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് . പാലാ അഡാർട്ടിന്റെ 40-ാംവാർഷികവും റൂബി ജൂബിലി സമാപനത്തിലും അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മാർ കല്ലറങ്ങാട്ട്.

ആസക്തികളാണ് മനുഷ്യനെ മദ്യ ലഹരിയിലേക്കു ആകർഷിക്കുന്നത്. ആസക്തികൾ നിയന്ത്രിച്ച് ;മദ്യം ഉപേക്ഷിച്ച് നാഗരീകതയിലേക്കു നാം മുന്നേറണം .അതിനായി പ്രവർത്തിക്കുന്ന ഈ അഡാർട്ട് ഇതിനകം 14000 പേരെയാണ് ചികിൽസിച്ച് ജീവിത വിജയത്തിലേക്ക് എത്തിച്ചത്.ഒരാൾ മദ്യത്തിന് അടിമയാകുമ്പോൾ അയാളെ ആശ്രയിക്കുന്ന 20 പേരാണ് അതിന്റെ ദൂഷ്യ ഫലങ്ങൾ അനുഭവിക്കുന്നത് . അയാൾ മദ്യ വിമുക്തി നേടുമ്പോൾ 20 പേരും ജീവിതത്തിലേക്ക് രക്ഷപ്പെടുകയാണ് ചെയ്യുന്നത്. അപ്പോൾ 14000 പേരെ ചികിൽസിച്ചു രക്ഷപെടുത്തിയപ്പോൾ ലക്ഷങ്ങളാണ് അഡാർട്ട് കൊണ്ട് ജീവിത വിജയം നേടിയതെന്നും പിതാവ് സൂചിപ്പിച്ചു.

മാണി സി കാപ്പൻ എം എൽ എ; രൂപത വികാരി ജനറാൾ വെരി റവ. ഫാ. ജോസഫ് കണിയോടിക്കൽ; അഡാർട്ട് ഡയറക്ടർ റവ. ഫാ. ജെയിംസ് പൊരുന്നോലിൽ; നിർമ്മലാ ജിമ്മി; ടി എം മാത്യു; പാപ്പച്ചൻ മുത്തോലി; രാജീവ് ശാന്തി; ജോയി കെ മാത്യു എന്നിവർ പ്രസംഗിച്ചു.

About Author

കെയ്‌റോസ് ലേഖകൻ