January 22, 2025
Church Jesus Youth Kairos Media Stories

ക്രിസ്ത്യൻ കുടുംബങ്ങളിൽ മന്ത്രവാദം ഫലിക്കുമോ ?

  • October 30, 2024
  • 1 min read
ക്രിസ്ത്യൻ കുടുംബങ്ങളിൽ മന്ത്രവാദം ഫലിക്കുമോ ?

ഏകദേശം A .D 258 -ൽ അന്ത്യോക്യയിൽ ജീവിച്ചിരുന്ന അതീവ സുന്ദരിയായിരുന്ന ഒരു യുവതിയായിരുന്നു ജസ്റ്റീന. അവളുടെ പിതാവ് ഒരു വിജാതീയ പൂജാരി ആയിരുന്നു. ഒരിക്കൽ പ്രേലിയൂസ് എന്ന കത്തോലിക്കനായ ഡീക്കൻ ഈശോയെ പറ്റി സംസാരിക്കുന്നതു അവൾ കേൾക്കാനിടയായി. ഈശോയുടെ കുരിശുമരണവും ഉത്ഥാനവും അറിഞ്ഞ ജസ്റ്റീനയും കുടുംബവും അവസാനം മാമോദീസ സ്വീകരിച്ചു. പ്രാർത്ഥനയിലും ഉപവാസത്തിലും സമയം ചിലവഴിച്ച ജസ്റ്റീന തൻ്റെ കന്യാത്വം തൻ്റെ സ്വർഗീയ മണവാളനായ യേശുവിന് സമർപ്പിച്ചു ജീവിക്കാൻ തീരുമാനിച്ചു.

ആ സമയത്താണ് അന്ത്യോക്യയിലെ അഗ്ലയാസ് എന്ന ധനിക യുവാവ് ജസ്റ്റീനയെ കാണാനിടയാകുകയും അവളെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുന്നത്. അവളെ കാണുമ്പോൾ അവൻ അവളെ പുകഴ്ത്തി സംസാരിക്കുകയും അതുവഴി അവളെ വശീകരിച്ചു സ്വന്തമാക്കാക്കുകയും ചെയ്യാമെന്ന് അവൻ കരുതി. പക്ഷെ അവൾ അവനിൽ നിന്ന് ഓടിയകന്നു പോകുകയാണ് ഉണ്ടായത്. വിവാഹാലോചനയുമായി ചെന്ന അവനോട് അവൾ പറഞ്ഞു. ” എൻ്റെ മണവാളൻ യേശുവാണ്. ഞാൻ അവിടുത്തെ സേവിക്കുന്നു, സ്നേഹിക്കുന്നു. അവിടുത്തേക്കായി ഞാൻ എൻ്റെ കന്യാത്വത്തെ സമർപ്പിക്കുന്നു.”

ഇതുകേട്ടപ്പോൾ അവന് അവളിൽ ഉള്ള ആസക്തി കൂടുതൽ ജ്വലിപ്പിക്കാൻ സാത്താൻ ഇടയാക്കി. അതിനാൽ അവളെ ബലമായി പിടിച്ചു കൊണ്ടുവരുവാൻ അവൻ തൻ്റെ സുഹൃത്തുക്കളുമായി പദ്ധതി ഒരുക്കുകയും ചെയ്തു. പതിവുപോലെ അവൾ പള്ളിയിൽ പോകുന്ന സമയത്തു അവൻ അവളെ കയറിപ്പിടിച്ചു. പക്ഷെ അവൾ അയാളെ അടിക്കുകയും ഉറക്കെ കരയുകയും ചെയ്തു. ആളുകൾ ഓടിക്കൂടി അവളെ രക്ഷിച്ചു. അഗ്ലയാസ് ആകെ നിന്ദിതനായി നാണം കേട്ട് അവിടെ നിന്ന് ഓടിപ്പോയി… നേരായ വഴിക്ക് അവളെ വിവാഹം കഴിക്കാൻ സാധിക്കില്ല എന്ന് ഉറപ്പായ അഗ്ലയാസ് അതിനായി കുറുക്കുവഴി തന്നെ തേടാൻ തീരുമാനിച്ചു…

അതിനായി അവൻ ഈ ലോകത്തിൽ എന്തും ചെയ്യാൻ കഴിവുള്ള ഒരു മന്ത്രവാദിയെ തന്നെ സമീപിക്കാൻ തീരുമാനിച്ചു. മന്ത്രവാദിയും തത്വചിന്തകനുമായ “സിപ്രിയാൻ”. വെറും ഏഴ് വയസു മുതൽ മന്ത്രവാദം പഠിച്ചു തുടങ്ങിയ സിപ്രിയാൻ… പത്തുവയസായപ്പോൾ തന്നെ മൗണ്ട് ഒളിമ്പസ്സിൽ കയറി തന്ത്ര മന്ത്രങ്ങളിൽ വിദഗ്തനായ മിടുക്കൻ.. രൂപം മാറുക ( shape – shifting), വായുവിന്റെ സ്വഭാവം മാറ്റുക, കാറ്റും മഴയും ഇടിയും മിന്നലും ഉണ്ടാക്കുക, കടലിനെ ഇളക്കി തിരകൾ ഉയർത്തുക, തോട്ടങ്ങൾക്കും കൃഷി വിളകൾക്കും നാശം വരുത്തുക, രോഗങ്ങൾ മറ്റുള്ളവരുടെ മേൽ അയക്കുക, ചുരുക്കത്തിൽ തിന്മ നിറഞ്ഞ എല്ലാത്തരം പൈശാചിക അറിവുള്ള സിപ്രിയാൻ….. സാത്താന്റെ പുരോഹിതനും സഹായിയുമായ മന്ത്രവാദി… എണ്ണമറ്റ പൈശാചിക ശക്തികളോടും അവരുടെ തലവനുമായ അന്ധകാരത്തിൻ്റെ അധിപനോടും വരെ പല തവണ സംസാരിച്ചിട്ടുള്ള മിടുക്കൻ മന്ത്രവാദി..

അഗ്ലയാസ് തൻ്റെ ആഗ്രഹ സഫലീകരണത്തിന് കണ്ടെത്തിയത് ഈ മിടുക്കൻ മന്ത്രവാദിയെ ആയിരുന്നു. മിടുക്കൻ മന്ത്രവാദി അഗ്ലയാസിനെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു. “നിന്നോട് അവൾക്കു കൂടുതൽ സ്നേഹം തോന്നും. നീ അവളെയല്ല, അവൾ നിന്നെ തേടി വരും. അതിനുള്ള കഴിവ് എനിക്കുണ്ട്”. അഗ്ലയാസ് വളരെ സന്തോഷത്തോടെ മടങ്ങിപ്പോയി…

അവൻ പോയിക്കഴിഞ്ഞപ്പോൾ മന്ത്രവാദി ഒരു അശുദ്ധാരൂപിയെ വിളിച്ചു വരുത്തി. ഈ ദൗത്യം നിറവേറ്റുവാൻ ശക്തിയുള്ള ഒരു ദുഷ്ടാരൂപി ആയിരുന്നു അത്. ” ഈ ദൗത്യം എനിക്കൊട്ടും പ്രയാസമുള്ളതല്ല. ഇതിലും എത്രയോ വലിയ കാര്യങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്.” എന്ന് പിശാച് പറഞ്ഞു. “വിശുദ്ധി ഉണ്ടായിരുന്ന അനേകം ആത്മാക്കളെ ഞാൻ വ്യഭിചാരത്തിൽ വീഴ്ത്തിയിട്ടുണ്ട്. അതിനാൽ എൻ്റെ ശക്തി ഞാൻ ഉടൻ പ്രകടിപ്പിക്കുന്നതായിരിക്കും. ഈ പൊടി ആ യുവാവിന്റെ കൈയിൽ കൊടുക്കുക” എന്നും പറഞ്ഞു ഒരു ഡപ്പിയിൽ കുറെ പൊടി ആ പിശാച് സിപ്രിയന്റെ കൈയിൽ കൊടുത്തു.

“ഇത് ജസ്റ്റീനയുടെ വീട്ടിൽ വിതറാൻ അവനോട് പറയുക. അപ്പോൾ ഫലമെന്താണെന്നു അവൾ അറിയും.” ഇത് പറഞ്ഞിട്ട് പിശാച് മറഞ്ഞു പോയി. അഗ്ലയാസ് അതുപോലെ തന്നെ ചെയ്തു. അപ്പോൾ വ്യഭിചാര ദുർഭൂതം ജസ്റ്റീനയുടെ വീട്ടിലേക്ക് കടന്നു ചെന്നു. കാമാസ്ത്രങ്ങൾ കൊണ്ട് ആ കന്യകയുടെ ഹൃദയത്തെ അവൻ മുറിപ്പെടുത്താൻ തുടങ്ങി. ജസ്റ്റീനയാകട്ടെ നീണ്ട പ്രാർത്ഥനയിൽ സമയം ചിലവഴിച്ചു. പിശാച് തോറ്റു നാണം കെട്ടു സിപ്രിയന്റെ അടുത്തേക്ക് തിരിച്ചു ചെന്നു.

സിപ്രിയാൻ കൂടുതൽ ശക്തിയും ദുഷ്ടതയതും ഉള്ള വേറെ പിശാചുക്കളെ വിളിച്ചു വരുത്തി… അതുകൊണ്ടൊന്നും ഫലമുണ്ടായില്ല… ജസ്റ്റീനയുടെ വിശുദ്ധിക്ക് മുൻപിൽ അവരെല്ലാം പിന്തിരിഞ്ഞോടി. ഒരു കൊച്ചു പെൺകുട്ടിയുടെ മുൻപിൽ നാണം കേട്ട സിപ്രിയാൻ അവസാനം സ്വയം നേരിട്ട് തന്നെ അവളുടെ അടുത്തേക്ക് പോയി അവളെ തകർത്തു കളയാൻ തീരുമാനിച്ചു. അവൻ്റെ മന്ത്രികശക്തിയിൽ അവന് അത്ര വിശ്വാസം ഉണ്ടായിരുന്നു.

അവൻ ഒരു പക്ഷിയുടെ രൂപമെടുത്ത്‌ അവളുടെ വീടിനു നേരെ പറന്നു. പക്ഷെ വീടിന്റെ വാതിലിനടുത്തായപ്പോൾ അവന്റെ വ്യാജ രൂപം മാറിപ്പോയി. ദുഖത്തോടെ അവൻ മടങ്ങിവന്നു. അവനു നേരിട്ട മാനഹാനിക്ക് പ്രതികാരം ചെയ്യാൻ തീരുമാനിച്ചു. അവളോടുള്ള കഠിനമായ കോപം കൊണ്ട് അവൻ ആ പട്ടണത്തിനു മേൽ പകർച്ചവ്യാധി അയച്ചു. പട്ടണം അവൾമൂലം നശിച്ചു തുടങ്ങി. അത് മനസ്സിലാക്കിയ ജനങ്ങൾ ജസ്റ്റീനയുടെ വീട്ടിൽ ചെന്ന് അഗ്ലയാസിനെ വിവാഹം കഴിക്കാൻ നിർബന്ധിച്ചു തുടങ്ങി. എന്നാൽ അവൾ അവരെ സമാധാനപ്പെടുത്തി. അവൾ ശക്തിയായി ദൈവത്തോട് പ്രാർത്ഥിച്ചു. പൈശാചിക ആക്രമണങ്ങൾ നിലച്ചു. രോഗവും മറ്റും മാറി. ഈ മാറ്റം കണ്ടപ്പോൾ ജനങ്ങൾ ക്രിസ്തുവിനെ മഹത്വപ്പെടുത്തി… സിപ്രിയാനെ നിന്ദിച്ചു.

പക്ഷെ സിപ്രിയാൻ ബുദ്ധിമാനായിരുന്നു. കുരിശിന്റെ അടയാളത്തിനു മുൻപിലും യേശുവിന്റെ നാമത്തിന്റെ മുൻപിലും മന്ത്രത്തിനോ, പൈശാചിക ശക്തിക്കോ ജയിക്കുക സാധ്യമല്ല എന്ന് അവന് ബോധ്യപ്പെട്ടു. കോപത്തോടെ സിപ്രിയാൻ പിശാചിനോടു പറഞ്ഞു… “ഓ.. എല്ലാവരെയും വഞ്ചിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നവനേ.. നിന്റെ ബലഹീനത ഞാൻ മനസ്സിലാക്കിയിരിക്കുന്നു. നീ ഒന്നുമല്ല എന്ന് ഇപ്പോൾ എനിക്ക് മനസ്സിലായി. നിനക്ക് പ്രതികാരം ചെയ്യാൻ പോലും കഴിവില്ല.

” ഓ…സാത്താനെ..കുരിശിന്റെ നിഴൽ പോലും ഭയപ്പെടുന്ന നീ,യേശു നാമം കേൾക്കുമ്പോൾ വിറയ്ക്കുന്ന നീ, സാക്ഷാൽ ക്രിസ്തു തന്നെ മുൻപിൽ വന്നാൽ നീ എന്ത് ചെയ്യും ?…

അദ്ദേഹമാണ് ക്ലവുദിയോസ് ഗവർണറായിരുന്ന കാലത്തു ശിരച്ഛേദം ചെയ്ത് രക്തസാക്ഷിത്വം വരിച്ച കത്തോലിക്കാ സഭയുടെ മുത്തായ വി .സിപ്രിയാൻ . സാത്താന്റെ പുരോഹിതനായവൻ ക്രിസ്തുവിന്റെ രക്തസാക്ഷിയായി മാറിയ അത്ഭുതം. ഇതിനു കാരണമായതോ ഒരു കന്യകയുടെ വിശുദ്ധി. ആ കന്യകയാണ് വി.ജസ്റ്റീന. വി.സിപ്രിയാൻറെ ഒപ്പം രക്തസാക്ഷിയായ വി.ജസ്റ്റീന.

ക്രിസ്ത്യൻ കുടുംബങ്ങളിൽ മന്ത്രവാദം ഫലിക്കുമോ? തീർച്ചയായും ഫലിക്കും.പക്ഷെ വിശുദ്ധിയുള്ള കുടുംബങ്ങളിൽ ഫലിക്കില്ല. അതിനൊരു ഉത്തമ ഉദാഹരണമാണ് വി.ജസ്റ്റീനയുടെ അനുഭവങ്ങൾ. പക്ഷേ അതിനു വിശ്വാസം മാത്രം പോരാ.

കത്തുന്ന വല്ലതും കയ്യിൽ എടുക്കണമെങ്കിൽ തീ പിടിക്കാത്ത എന്തെങ്കിലും സാധനം കയ്യിൽ വേണം …. വിശുദ്ധി…. വലുതായ വിശുദ്ധി ….

സാത്താന് നമ്മുടെ ജീവിതത്തിലേക്ക്, ഭവനകളിലേക്കു, ഹൃദയത്തിലേക്ക്, ആത്മാവിലേക്ക് , കടന്നു വരാൻ നമ്മളോരോരുത്തരും ഓരോ വാതിലുകൾ തുറന്നു വച്ചിട്ടുണ്ടാകും. അത് വേറെ ഒന്നുമല്ല…നമ്മുടെ മറഞ്ഞിരിക്കുന്ന, മറന്നിരിക്കുന്ന, മറച്ചുപിടിച്ചിരിക്കുന്ന നമ്മുടെ പാപങ്ങൾ…. വിശുദ്ധിക്ക് കടന്നു വരാൻ തടസ്സം നിൽക്കുന്ന നമ്മുടെ പാപങ്ങൾ….

നമ്മുടെ സ്വകാര്യ ജീവിതത്തിലെ എല്ലാവരും അറിയുന്ന മേഖലകളിൽ നാം മാന്യന്മാരും ശുദ്ധിയുള്ളവരും ആയിരിക്കും. പക്ഷെ ജീവിതത്തിന്റെ സ്വകാര്യ കോണുകളിൽ നാം പാപവും അശുദ്ധിയും കൂട്ടി വെച്ചിട്ടുണ്ടാകും. ആരും കാണാതെ മനസിനകത്തും പുറത്തും ഒളിപ്പിച്ചു വച്ചിരിക്കുന്ന പാപങ്ങളായിരിക്കും പലപ്പോഴും നമ്മുടെ പ്രശ്നങ്ങൾക്ക് കാരണം. അതുകൊണ്ട് സാത്താനെ തോല്പിക്കാൻ നമ്മുടെ ക്രിസ്തീയ കുടുംബങ്ങൾ വിശുദ്ധിയിൽ വളരട്ടെ… അശുദ്ധിയെപ്പോഴും അസ്വസ്ഥതക്കു കാരണമാകും….. തിന്മയെപ്പോഴും തിന്മയിലേക്ക് ആകർഷിക്കപ്പെടും ..

സിംഹം ഇരയ്‌ക്കുവേണ്ടി പതിയിരിക്കുന്നു;……….
പാപം പാപിയെ കാത്തിരിക്കുന്നു.!!!!!!!
പ്രഭാഷകന്‍ 27 : 10

സ്മിത ബിജു
അബുദാബി ജീസസ് യൂത്തിൻ്റെ ഭാഗമാണ്. അക്കൗണ്ടൻ്റ് ആയി ജോലി ചെയ്യുന്നു. ഭർത്താവിനോടും മകളോടും ഒപ്പം അബുദാബിയിൽ താമസിക്കുന്നു.

About Author

കെയ്‌റോസ് ലേഖകൻ