April 19, 2025
Jesus Youth News

ചങ്കാണെൻ്റെ ഈശോ, എൻ്റെ ചങ്കിടിപ്പാണെൻ്റെ ഈശോ…. പാട്ട് പിറന്ന വഴികളിലൂടെ

  • August 13, 2024
  • 1 min read
ചങ്കാണെൻ്റെ ഈശോ, എൻ്റെ ചങ്കിടിപ്പാണെൻ്റെ ഈശോ…. പാട്ട് പിറന്ന വഴികളിലൂടെ

സമാധാനം എന്തെന്നറിഞ്ഞിട്ടില്ലാത്ത ഒരു കുട്ടിക്കാലത്തിന്റെ അവസാനം പപ്പയ്ക്ക് വന്ന ക്യാൻസർ രോഗത്തിൽ നിന്ന് മുക്തി തേടിയാണ് 1993ൽ ഞാൻ ഐ.എം.എസ് ധ്യാനകേന്ദ്രത്തിലെത്തിയത്. പ്ലസ്ടു കഴിഞ്ഞ സമയം. പപ്പയുടെ ഒപ്പം പിന്നിൽ ഇരുന്നിരുന്ന എന്നെ അവർ മുമ്പിലുള്ള കുട്ടികളുടെ കൂട്ടത്തിലിരുത്തി. അതായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്. നിരാശയുടെ പടുകുഴിയിൽ അകപ്പെട്ട എന്നെ ദൈവം പ്രത്യാശയിലേക്ക് കൈപിടിച്ചു നടത്തി. കൈവിട്ടു പോകുമായിരുന്ന എന്നെ ഈശോ സ്വന്തമാക്കി. എൻട്രൻസ് ക്വാളിഫൈ ചെയ്തിട്ടും പ്രൊഫെഷണൽ കോഴ്‌സുകൾക്കൊന്നും പോകാൻ കഴിയാത്ത ജീവിത സാഹര്യങ്ങളായിരുന്നു. തുടർന്ന് പുന്നപ്രയിലെ കാർമ്മൽ പോളിടെക്നിക്കിൽ ഡിപ്ലോമയ്ക്ക് ചേർന്നത് എത്രയും പെട്ടന്ന് ഒരു ജോലി കിട്ടുന്ന ഒരു കോഴ്സ് എന്ന നിലയിലാണ്.

അവിടെവച്ചാണ് ജീസസ് യൂത്തിന്റെ ഭാഗമാകുന്നത്. പിന്നീടങ്ങോട്ട് ദൈവം ചേർത്ത് പിടിച്ചു വഴിനടത്തി. കൊച്ചിയിലും സൗദിയിലെ റിയാദിലും ആയി 6 വർഷം ജോലിചെയ്തു. പിന്നീട് ജോലി ഉപേക്ഷിച്ചു മിഷനുവേണ്ടി കമ്മിറ്റ്മെന്റ് എടുത്ത് സാന്ത്വന കമ്മ്യൂണിറ്റിയിൽ എത്തിയത് 2012 ലാണ്.

വൈദികനാകണമെന്നുള്ള ആഗ്രഹം ഇടക്കിടെ തോന്നാറുണ്ടായിരുന്നത് കൊണ്ട് ഒരുവർഷം ചിലവഴിച്ച് ഇക്കാര്യത്തിൽ ഒരു ഡിസേർണ്മെന്റ് എടുത്തു. സാന്ത്വനയുടെ ഡയറക്ടർ ധീരജ് സാബു ഐ. എം. എസ് അച്ചനാണ് ഡിസേർണ്മെന്റിൽ സഹായിച്ചത്. ഒരു മിഷനറി കുടുംബമായി മുഴുവൻ സമയം കർത്താവിന്റെ ശുശ്രൂഷ ചെയ്യാമെന്നു തീരുമാനിച്ചു. 2015 ൽ തമിഴ്നാട് ജീസസ് യൂത്തിൽ ആക്റ്റീവ് ആയിരുന്ന ട്രിച്ചി സ്വദേശിനി ജൂലിയയെ വിവാഹം കഴിച്ചു. 2020 ഫെബ്രുവരിയിൽ മൂന്നു മക്കളോടൊപ്പം ഞങ്ങൾ മുഴുവൻ സമയ ശുശ്രൂഷയ്ക്കായി ഗ്വാളിയോർ രൂപതയിലെ ഡബ്ര മിഷനിൽ എത്തി.

ഡബ്രയിൽ ഒരു ഉണ്ണീശോയുടെ തീർത്ഥാടനകേന്ദ്രം ഉണ്ട്. അവിടെ പ്രാർത്ഥിക്കാൻ വരുന്നവർക്ക് വേണ്ടി ശുശ്രൂഷകൾ ചെയ്തും ദിവ്യകാരുണ്യത്തിന്റെ മുമ്പിൽ ഇരുന്നു പ്രാര്ഥിച്ചുമായി ഞങ്ങൾ ഇവിടെ ഞങ്ങൾ 2 വർഷം ചിലവഴിച്ചു. എന്താണ് ചയ്യേണ്ടതെന്ന ധാരണ ഉണ്ടായിരുന്നില്ല. ഒരുദിവസം പള്ളിയിലെ ആരാധന കഴിഞ്ഞു സൈക്കിൾ ചവിട്ടി വീട്ടിലേക്ക് വരും വഴി ഒരു ചായക്കടയിൽ ഗോപാൽ എന്ന വ്യക്തിയെ പരിചയപ്പെട്ടു. കൊറോണ ലോക്കഡോൺ മൂലം ജോലി നഷ്ടപ്പെട്ട ഒരു അധ്യാപകനായിരുന്നു അദ്ദേഹം. മുഖം മുഴുവൻ കുരുക്കൾ വന്നു നിറഞ്ഞതു മൂലം വർഷങ്ങളായി എപ്പോഴും മുഖം മറച്ചു നടക്കുകയാണ് അദ്ദേഹം. ഞാൻ അദ്ദേഹത്തെ പ്രാർത്ഥനക്കായി പള്ളിയിലേക്ക് ക്ഷണിച്ചു. ഒരാഴ്ചകൊണ്ട് അദ്ദേഹത്തിന്റെ അസുഖം പൂർണ്ണമായും സുഖപ്പെട്ടു. ആ കുടുംബത്തിൽ തന്നെ പ്രാർത്ഥന മൂലം വീണ്ടും അത്ഭുതങ്ങൾ ഉണ്ടായി. ഗോപാൽ സാറിന്റെ പെങ്ങളുടെ മകൻ അമിത്തിന്റെ ത്വക്‌രോഗവും പൂർണ്ണമായും മാറി. ഇത് ഞങ്ങളുടെയും വിശ്വാസത്തെ ബലപ്പെടുത്തി. പിന്നീടങ്ങോട്ട് ഞങ്ങളുടെ അടുക്കൽ വന്ന ഒരുപാട് പേർക്ക് വണ്ടി പ്രാർത്ഥിച്ചു, പലരെയും സൗഖ്യത്തിലേക്കും വിശ്വാസത്തിലേക്കും നയിക്കാനായി.

ആ നാളുകളിൽ ഡെബ്ര പള്ളിയിൽ സ്ഥിരമായി വന്നിരുന്ന രണ്ട് മൂന്ന് പ്രൊട്ടസ്റ്റന്റ് പാസ്റ്റർമാർ ഉണ്ടായിരുന്നു. പാസ്റ്റർ ശ്രീകൃഷ്ണയും, രാംചരണും കുബേർസിങ്ങും. ലോക്ക് ഡൌൺ സമയത്ത് ഞങ്ങൾ ഓൺലൈനായി ദിവസവും ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ആരംഭിച്ചപ്പോൾ ഞങ്ങൾ ഇവരെയും ക്ഷണിച്ചു. ഇവർ വഴിയാണ് ഡബ്രയിലെ മിഷന്റെ യഥാർത്ഥ ചിത്രം ഞങ്ങൾക്ക് മനസ്സിലായത്. കഴിഞ്ഞ മുപ്പത് വർഷങ്ങളായി വിവിധ സഭാസമൂഹങ്ങളുടെ കൂട്ടായ പ്രവർത്തനം വഴിയായി ഡബ്രയിൽ ആയിരക്കണക്കിന് ആളുകൾ യേശുക്രിസ്തുവിനെ അറിയാൻ ഇടയായിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ പുതിയ നയങ്ങൾ നിമിത്തം പല സഭകളുടെയും പ്രോജക്ടുകൾ നിന്നുപോയതുകൊണ്ട് ഈ വിശ്വാസികളുടെ ഇടയിൽ പ്രവർത്തിക്കാൻ ആവശ്യത്തിന് ശുശ്രൂഷകർ ഇല്ലാതെയായി. അങ്ങനെ ഇടയാനില്ലാത്ത ആടുകളെ പോലെ ഈ ക്രിസ്തുഭക്തരുടെ സമൂഹം ഇവിടെ നിലനിന്നു വരികയായിരുന്നു. ഇവരുടെ വിശ്വാസം പരിപോഷിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ ഞങ്ങളും പങ്കാളികളായിത്തുടങ്ങി.

ഇവർക്ക് വേണ്ടി ഒരു വിശ്വാസ പരിശീലന കേന്ദ്രം ആരംഭിക്കുക എന്ന ഒരു ആശയം ആരാധനാ വേളകളിൽ ഞങ്ങളുടെ ഹൃദയത്തിൽ രൂപപ്പെട്ടു. എന്നാൽ അതിന് ആവശ്യമായ യാതൊരു റിസോഴ്‌സും ഞങ്ങളുടെ പക്കൽ ഉണ്ടായിരുന്നില്ലതാനും. കർത്താവിൽ ആശ്രയിച്ചു സ്വപ്നം കാണാനും അത് യാഥാർഥ്യമാക്കാനും പരിശീലിപ്പിച്ച ജീസസ് യൂത്ത് ഫോർമേഷൻ ഞങ്ങൾക്ക് മുതൽക്കൂട്ടായി. കയ്യിൽ ഒരു ചില്ലിക്കാശുപോലും ഇല്ലാതെ തന്നെ ഞങ്ങൾ മിഷൻ സെന്റർ പണിയാൻ സ്ഥലം അന്വേഷിച്ചു തുടങ്ങി. പള്ളിയുടെ മതിലിനോട് ചേർന്ന് 50 സെന്റ് വില്പനയ്ക്ക് ഉള്ളതായി അറിഞ്ഞു. ഒന്നര ലക്ഷം രൂപ അഡ്വാൻസ് കൊടുത്താൽ ആറുമാസം സമയം തരും. മൊത്തം വില എഴുത്തുകൂലി അടക്കം 22.5 ലക്ഷം.

കൊറോണ രൂക്ഷമായപ്പോൾ ഞാൻ ഗ്രാമവാസികളെ ദൂരെയുള്ള ആശുപത്രികളിലേക്ക് എത്തിക്കാൻ എന്റെ കാറിൽ തന്നെ ഒരു ആംബുലൻസ് സേവനം ആരംഭിച്ചിരുന്നു. അതിനെ കുറിച്ച് അറിഞ്ഞ അമേരിക്കയിലുള്ള ഒരു ഐ.എം.എസ് വൈദികൻ ഒന്നര ലക്ഷം രൂപ ഒരു പഴയ ഓമ്നി വാൻ വാങ്ങാൻ ഞങ്ങൾക്ക് തന്നു. സാന്ത്വനയിലെ മറ്റൊരു മിഷനറി കുടുംബമായ അലെക്സി പള്ളനും പുതിയ വാഹനം വാങ്ങിയപ്പോൾ തങ്ങളുടെ പഴയ വണ്ടി ഇതേ ആവശ്യത്തിന് ഞങ്ങൾക്ക് തന്നു. വാഹനം പണം ചെലവാക്കാതെ തന്നെ ലഭിച്ചതുകൊണ്ട് അച്ചൻ തന്ന ഒന്നര ലക്ഷം ഞങ്ങൾ എടുത്ത് സ്ഥലത്തിന് അഡ്വാൻസ് കൊടുത്തു. ഇതെല്ലാം വളരെ പെട്ടന്ന് സംഭവിച്ച കാര്യങ്ങളായിരുന്നു.

തുടർന്നുള്ള ആറുമാസങ്ങൾ ഒരുനേരം ഉപവസിച്ചുകൊണ്ട് ഞാനും കൂടെയുള്ള ശുശ്രൂഷകരും ദിവ്യകാരുണ്യത്തിനു മുമ്പിലിരുന്നു പ്രാർത്ഥിച്ചുകൊണ്ടിരുന്നു. നാല്പത് ദിവസം മാത്രം ബാക്കിയുള്ളപ്പോൾ കർത്താവ് തന്ന പ്രചോദനം അനുസരിച്ചു ഞങ്ങൾ പണം സമാഹരിക്കാൻ ആരംഭിച്ചു. വാട്സാപ്പിലൂടെ ഇവിടുത്തെ മിഷന്റെ വിശേഷങ്ങൾ അറിഞ്ഞുകൊണ്ടിരുന്ന ധാരാളം സുഹൃത്തുക്കൾ ഇതിനോട് സഹകരിച്ചപ്പോൾ പറഞ്ഞുറപ്പിച്ച ദിവസം തന്നെ ആവശ്യമായ മുഴുവൻ തുകയും തന്നു കർത്താവ് തന്റെ കരുണ വെളിപ്പെടുത്തി.

സ്ഥലത്തിന്റെ പോക്കുവരവും നിയമനടപടികളും പൂർത്തിയാക്കികഴിഞ്ഞതോടെ അവിടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ട സമയമായി.

ആയിടെ അഞ്ചാമത്തെ കുഞ്ഞിന്റെ പ്രസവവുമായി ബന്ധപ്പെട്ടു നാട്ടിൽ വന്നു ഞങ്ങൾ കുഴിക്കാട്ടുശേരി മറിയം ത്രേസ്യ ഹോസ്പിറ്റലിനു അടുത്ത് ഒരുമാസത്തോളം താമസിക്കുകയായിരുന്നു. മറിയം ത്രേസ്യയ്ക്ക് കോൺവെന്റ് പണിയാനാവശ്യമായ തടി കൊച്ചി രാജാവ് കൊടുത്തയച്ച ചരിത്രം വായിക്കാനിടയായി. വിശുദ്ധയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിച്ചപ്പോൾ പെട്ടന്ന് ഒരു പാട്ട് മനസ്സിലേക്ക് വന്നു. അഞ്ചു മിനിറ്റുകൊണ്ട് ഞാൻ അത് എഴുതി ഈണം പകർന്നു. ബ്ലെസ്സൺ വടക്കൻ പാടി ലിയോ ആന്റണി വളരെ ഭംഗിയായി ഓർക്കസ്‌ട്രേഷൻ ചെയ്തപ്പോൾ ആ പാട്ട് ഹിറ്റായി. ഇന്ന് കുടുംബയൂണിറ്റ് വാർഷികങ്ങൾക്കും ഇടവകയിലെ പരിപാടികൾക്കും യുവജനങ്ങൾ നൃത്തം വയ്ക്കുന്ന ചങ്കാണെന്റെ ഈശോ എന്റെ ചങ്കിടിപ്പാണെന്റെ ഈശോ എന്ന ഗാനമായിരുന്നു അത്. യു കെ യിൽ ഉള്ള ഒരു സുഹൃത്താണ് ചിലവുകൾ വഹിച്ചത്. റെക്സ് ബാൻഡിലെ ലീഡ് സിംഗർ ഹെക്ടർ ലൂയിസ്, ആൻസൺ ആന്റണി, റിജോയ് ആന്റണി ക്രിസ്റ്റഫർ ജോസ്, എഡിറ്റർ സുനീഷ് ജോസ്, ഡി.ഒ.പി അലോഷ്യസ് ജോസഫ് തുടങ്ങി നിരവധി പേർ പ്രതിഫലേച്ഛയില്ലാതെ ഈ കാര്യത്തോട് സഹകരിച്ചപ്പോൾ ഒൻപത് പാട്ടുകൾ നമുക്ക് നിർമ്മിക്കാനായി. ഇതിന്റെ ഉദ്ദേശ്യം കൂടി പങ്കുവച്ചുകൊണ്ട് യൂട്യുബിലും https://music.youtube.com/playlist?list=OLAK5uy_mUz3f4DY-HdAAvnBkQpHWHVjeFMFAz-ik&si=-Md9hOGNTpIGXVDM സ്പോട്ടിഫൈയിലും https://open.spotify.com/album/2QLMKUcfKVLX0emYTR31zM?si=jr-pZE_FQDe1OYaYJcjzHQ ഇവ റിലീസ് ചെയ്തിട്ടുണ്ട്. എന്റെ ചാനലിൽ ഇത് റിലീസ് ചെയ്തിട്ടുണ്ട്. അധികം സബ്സ്ക്രൈബേഴ്‌സ് ഇല്ലാത്തതിന്റെ ഒരു പോരായ്മ മൂലം ഇവ ജനങ്ങളിലേക്ക് അധികം എത്തിക്കാനായിട്ടില്ല. ഈ പ്രോജക്ടിന്റെ ഭാഗമായി ഏറ്റവും അവസാനമായി ചെയ്തത് കുരിശു മരമേ എന്ന സിംഗിൾ ആണ്. അനൂപ് അഗസ്റ്റിന്റെ ശബ്ദത്തിൽ ലിയോ ആന്റണിയുടെ പശ്ചാത്തല സംഗീതവും ഈ ഗാനത്തിന് വ്യത്യസ്തമായ ഒരു ഫീൽ പകർന്നു നൽകുന്നുണ്ട്. പാട്ടിന്റെ പിന്നിലെ കഥ ഇപ്പോൾ കൂട്ടുകാർ അറിഞ്ഞല്ലോ… ഇത് കേൾക്കാനും പങ്കുവയ്ക്കാനും ഒപ്പമുണ്ടാകുമല്ലോ.

പ്രിൻസ് ഫ്രാൻസീസ് ന്യൂറാഞ്ച്
ഭാര്യ ജൂലിയ പ്രിൻസ്, 6 മക്കൾ: ജെറമി, ജൊഹാൻ, മരിയ, അന്ന, ആന്ററണി, മാർട്ടിൻ.

About Author

കെയ്‌റോസ് ലേഖകൻ