April 19, 2025
Jesus Youth Stories

തിരുക്കുകൾക്കിടയിലും ഈശോക്കായി സമയം കണ്ടെത്തുന്ന യുവജനങ്ങൾ

  • July 25, 2024
  • 1 min read
തിരുക്കുകൾക്കിടയിലും ഈശോക്കായി സമയം കണ്ടെത്തുന്ന യുവജനങ്ങൾ

ഇന്നലെ ഒരു ഞായറാഴ്ച ആയിരുന്നു…ജീസസ് യൂത്ത് ഇൻ്റർനാഷണൽ ഓഫീസിൽ നടന്ന ഒരു മീറ്റിങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഞങ്ങൾ. ചെന്ന് കയറിയതേ ആദ്യം കണ്ട രണ്ടു ചേട്ടന്മാരോട് കുശലാന്വേഷണങ്ങൾ നടത്തിയതിനിടയ്ക്ക് ഒരു കാര്യം മനസ്സിലായി. രാത്രി മുഴുവനും ദിവ്യകാരുണ്യ ആരാധനയുടെ മുന്നിൽ ഇരുന്നതിനു ശേഷം തിരികെ വീട്ടിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു അവർ.

ഏകദേശം പത്തരയോടെ മീറ്റിങ്ങിനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന ഞങ്ങൾക്കിടയിലൂടെ കുറച്ചു ജീസസ് യൂത്ത് യുവജനങ്ങൾ കടന്നുവന്നു. അവരുടെ കയ്യിൽ സംഗീതോപകരണങ്ങളും ഉണ്ടായിരുന്നു. അവർ നേരെ കയറി ചെന്നത് ഇൻ്റർനാഷണൽ ഓഫീസിനുള്ളിലുള്ള നിത്യാരാധന ചാപ്പലിലേക്കാണ്. പാട്ടും സംഗീതോപകരണങ്ങളുമായി ഈശോയെ സ്തുതിച്ച് ആരാധിക്കുന്ന തൃശ്ശൂർ സോണിലെ ടാലൻ്റ് ടീമിലെ കുറച്ച് യുവജനങ്ങളെ ഇന്നലെ ആ ചാപ്പലിൽ കാണാൻ കഴിഞ്ഞു. തങ്ങൾക്ക് കഴിവുകൾ നൽകിയവനെ അതേ കഴിവുകൾ ഉപയോഗിച്ച് സ്തുതിക്കുന്ന കുറച്ച് യുവജനങ്ങൾ..

ഉച്ച ഭക്ഷണത്തിൻ്റെയും വൈകുന്നേരത്തെ ചായയുടെയും സമയത്ത് അല്ലാതെ അവരെ പുറത്തൊന്നും കണ്ടില്ല. വൈകുന്നേരം ഏകദേശം ആറരയോടെ ഞങ്ങൾ തിരിച്ചു പോരുന്ന സമയത്തും അവർ ചാപ്പലിലുണ്ടായിരുന്നു. പാട്ടൊക്കെ പാടി ഹൃദയത്തിൽ നിന്ന് പ്രാർത്ഥിച്ച്, സ്തുതിച്ച്…..

ചാപ്പലിൽ എഴുതിവെച്ചിരിക്കുന്ന കുറച്ചധികം പ്രാർത്ഥന നിയോഗങ്ങൾ; ലോകമെമ്പാടുമുള്ള ജീസസ് യൂത്ത് മുന്നേറ്റത്തിന് വേണ്ടി ഒരു ദിവസം മുഴുവനായി മാറ്റിവെച്ച് പ്രാർത്ഥിക്കുന്ന യുവജനങ്ങൾ. ഒരുപാട് സ്നേഹവും ബഹുമാനവും തോന്നി അവരോട്. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഒരുപക്ഷേ ഒരു ഞായറാഴ്ച മാത്രമായിരിക്കും അവർക്ക് വിശ്രമിക്കാൻ ഉള്ളത്; അന്നേദിവസം കാരുണ്യ നാഥന്റെ മുൻപിൽ ആയിരിക്കാനും മധ്യസ്ഥ പ്രാർത്ഥനയ്ക്കും ഒക്കെയായി സമയം മാറ്റിവെക്കുന്ന ഇത്തരം ചില യുവജനങ്ങൾ നമുക്കൊക്കെ മാതൃകയാണ്; അവരോടൊപ്പം കുറച്ചു നേരം ദിവ്യകാരുണ്യ നാഥന്റെ മുൻപിൽ ആയിരിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിൽ ഞങ്ങളും തിരിച്ചു നടന്നു…..

കഴിഞ്ഞ ജൂൺ 20 നാണു ജീസസ് യൂത്ത് ഇന്റർനാഷണൽ കൗൺസിലിന്റെ നിർദേശപ്രകാരം കാക്കനാടുള്ള ജീസസ് യൂത്ത് ഇന്റർനാഷണൽ ഓഫീലുള്ള ചാപ്പലിൽ നിത്യാരാധന ആരംഭിച്ചത്. ധാരാളം യുവജനങ്ങളാണ് ആരാധനയിലും മധ്യസ്ഥ പ്രാർത്ഥനയിലും പങ്കെടുക്കുന്നത്.

കഴിഞ്ഞയാഴ്ച ജീസസ് യൂത്ത് തൃശൂർ സോണിലെ യുവജനങ്ങളാണ് 24/7 ആരാധനക്കും മധ്യസ്ഥ പ്രാർത്ഥനകൾക്കും നേതൃത്വം നൽകിയത്. ഈ ആഴ്ച പാലാ സോണൽ ടീമാണ് നേതൃത്വം നൽകുന്നത്

മധ്യസ്ഥ പ്രാർത്ഥനയിൽ നിങ്ങൾക്കും പങ്കുചേരാം Link- https://bit.ly/ReserveMyPrayerTime

അമല ട്രീസ ജെയിംസ്
ജീസസ് യൂത്ത് (KJYC) കേരള കൗൺസിൽ മെമ്പറാണ്.
മുൻ പാലാ സോണൽ കോർഡിനേറ്ററായിരുന്നു.

About Author

കെയ്‌റോസ് ലേഖകൻ