സെബാസ്റ്റ്യൻ അരിക്കാട്ടച്ചന് ഇന്ന് എൺപതിൻ്റെ ചെറുപ്പം
ജീസസ് യൂത്ത് മുൻ ഇന്റർനാഷ്ണൽ കൗൺസിൽ ആനിമേറ്ററായിരുന്ന ഫാ.സെബാസ്റ്റ്യൻ അരിക്കാട്ടച്ചന് ഇന്ന് എൺപതാം പിറന്നാൾ. യുവജനങ്ങളെ പ്രത്യേകിച്ച് ജീസസ് യൂത്ത് യുവജനങ്ങളെയും കുടുംബങ്ങളെയും നയിക്കുന്നതിനും മാർഗ്ഗനിദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുന്നതിനും അച്ചൻ എല്ലാകാലത്തും മുൻ നിരയിൽ തന്നെയുണ്ട്. വൈദിക പഠനം ഇറ്റലിയിൽ പൂർത്തിയാക്കി. കേരളത്തിലും, ദീർഘകാലം UK യിലും കാനഡയിലും സേവനം ചെയ്ത അച്ചൻ തിരിച്ചുവന്ന് മാതൃരൂപതയായ ഇരിങ്ങാലക്കുടയിൽ സേവനം ചെയ്യുന്നു. ഇപ്പോൾ വി. മറിയം ത്രേസ്യാ തീർത്ഥകേന്ദ്രം ഡയറക്റ്റർ കൂടെയാണ്.
എൺപതാം വയസ്സിലും ചെറുപ്പക്കാരോടൊപ്പം, കൂടുതൽ ചെറുപ്പക്കാരനായി ഓടിനടന്നു ശുശ്രൂഷ ചെയ്യുന്നു. ധ്യാനങ്ങളും സെമിനാറുകളുമായി അച്ചൻ തിരക്കിലാണ്. ഒരുപാട് യാത്ര ചെയ്യുന്നു. യുവജനങ്ങളുടെ, കുടുംബങ്ങളുടെ കൂടെ, അവരെ കേൾക്കാൻ മണിക്കൂറുകളാണ് അച്ചൻ ഇന്നും കണ്ടെത്തുന്നത്. ഒരു നിമിഷം പോലും പാഴാക്കാതെ ക്രിസ്തുവിനായി ഓടിനടക്കുന്നതാണ് തന്റെ യുവത്വത്തിന്റെ രഹസ്യമെന്ന് അച്ചൻ പറയുന്നു.
ജന്മദിനാശംസകൾ അറിയിച്ചു പലരും സോഷ്യൽ മീഡിയായിൽ അനുഭവങ്ങൾ പങ്കുവക്കുന്നു. സംവിധായകനും ജീസസ് യൂത്തുമായ ലിയോ തദേവൂസ് പങ്കുവച്ചത് ഇങ്ങനെയാണ്. “നിന്നോടുകൂടെ ഒരു മൈൽ നടക്കുവാൻ ആവശ്യപ്പെടുന്നവനോടുകൂടെ രണ്ടു മൈൽ നടക്കുക . പറഞ്ഞത് യേശുക്രിസ്തു. മനുഷ്യരുടെ കൂടെ നടക്കുക, കൂട്ട് ചേർക്കുക, ഈ പുതിയ ലോകത്തിലെ തെളിച്ചമുള്ള ചിന്തയാണ്. എന്നും മനുഷ്യരുടെ കൂടെ നടക്കാനും കൂട്ടിരിക്കാനും കൂട്ട് ചേർക്കാനുമൊക്കെ ഒത്തിരി ജീവിതം മാറ്റി വച്ച ശുഭ്രവസ്ത്രധാരി. എന്റെ കൂടെ നടന്ന വഴികളും ആ യാത്രയിൽ എന്നെ കാണിച്ചു തന്ന പച്ചയായ പുല്മേടുകൾക്കു നന്ദി. നിരവധി ജീവിതങ്ങൾക്ക് വഴികാട്ടി . അങ്ങ് വളർത്തിയെടുത്ത എത്രയോ ചെറുപ്പക്കാർ ഇന്ന് വലിയ നിലകളിൽ ! ഇനിയും അങ്ങയുടെ ഈ വലിയ യാത്ര തുടരട്ടെ.”
അച്ചന് ജീസസ് കുടുംബത്തിന്റെയും കെയ്‌റോസ് മീഡിയായുടെയും ജന്മദിനാശംസകൾ പ്രാർത്ഥനയോടെ നേരുന്നു!