ലൈഫ്: മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി, ഫ്രാൻസിസ് മാർപ്പാപ്പ
“അവളായിരുന്നു മനസ്സ് നിറയെ. അത്രമേൽ സ്നേഹിച്ചു. പ്രാർത്ഥിക്കാൻ കഴിഞ്ഞിരുന്നില്ല. പ്രാർത്ഥന ഏറെക്കുറെ കഠിനമായി. ഭാഗ്യവശാൽ, ക്രമേണ അവൾ മനസ്സിൽ നിന്നും മാഞ്ഞു. പിന്നെ പുരോഹിത ജീവിതത്തിനുള്ള ആത്മസമർപ്പണത്തിന്റെ നാളുകളായിരുന്നു.” ചെറുപ്പത്തിൽ തനിക്ക് ഉണ്ടായിരുന്ന പെൺ സുഹൃത്തിനെ ഫ്രാൻസിസ് മാർപാപ്പ തന്റെ ഓർമ്മ പുസ്തകത്തിൽ ഓർത്തെടുത്തപ്പോൾ അതൊരു തുറന്നു പറച്ചിലായി. പൗരോഹിത്യ ജീവിതത്തിലെ അസാധാരണ വെളിപ്പെടുത്തലുകളിലൂടെ ഫ്രാൻസിസ് മാർപാപ്പയുടെ വ്യക്തിജീവിതം അടുത്തറിയാൻ കഴിയുന്നതാണ് ‘ലൈഫ്: മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി’ എന്ന പുസ്തകം.
കഴിഞ്ഞ എട്ടു പതിറ്റാണ്ടുകളിലെ പ്രധാന സംഭവങ്ങളുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഇത്. ആദ്യ ലാറ്റിൻ അമേരിക്കൻ പോപ്പ് ആയ ഫ്രാൻസിസ് മാർപാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ പതിനൊന്നാമത് വാർഷിക വേളയിലാണ് തന്റെ ഓർമ്മ പുസ്തകം പുറത്തുവരുന്നത്. 87-ാം വയസ്സിൽ കത്തോലിക്ക സഭയുടെ ചരിത്രത്തിലെ 266-ാം പോപ്പാണ് ഫ്രാൻസിസ് മാർപാപ്പ. വിശുദ്ധ ഫ്രാൻസിസ് അസീസിയോടുള്ള ബഹുമാനാർത്ഥമാണ് അദ്ദേഹം ഫ്രാൻസിസ് എന്ന പേര് തെരഞ്ഞെടുത്തത്.
Harper Collins പ്രസിദ്ധീകരിക്കുന്ന ‘ലൈഫ്: മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി’ എന്ന ഓർമ്മ പുസ്തകം ഇറ്റാലിയൻ പത്രപ്രവർത്തകനായ Fabio Marchese Ragona യാണ് ഒരുക്കുന്നത്. പദവി ഒഴിയാൻ തനിക്ക് പദ്ധതി ഇല്ലെന്ന് മാർപാപ്പ പറയുന്ന പുസ്തകത്തിലെ ഭാഗങ്ങൾ Harper Collins നേരത്തെ വെളിപ്പെടുത്തിയത് പുസ്തകം ഏറെ ചർച്ചയാക്കുന്നതിന് കാരണമായി.
മണിക്കൂറുകൾ നീണ്ട അഭിമുഖങ്ങളിലൂടെയാണ് Fabio Marchese Ragona മാർപാപ്പയുടെ ജീവിതാംശങ്ങൾ ഒപ്പിയെടുത്തത്. ‘‘എന്റെ ആശുപത്രി വാസവേളയിലും ചികിത്സയ്ക്കിടയിലും അടുത്ത കോൺക്ലേവിനെയും പുതിയ മാർപാപ്പയെയും കുറിച്ച് ആളുകൾ ചിന്തിക്കും. അത് സ്വാഭാവികമാണ്. എന്തായാലും പദവി ഒഴിയുവാൻ ഇപ്പോൾ പദ്ധതിയില്ല.’’ വിരമിക്കൽ അഭ്യൂഹങ്ങൾക്കുള്ള മറുപടി പുസ്തകത്തിൽ വ്യക്തമായി പറയുന്നുണ്ട്. വിരമിക്കുന്നതിൽ അപകടമില്ല. ആരോഗ്യ പ്രശ്നങ്ങൾ കാരണം വിരമിക്കാൻ നിർബന്ധിതനായാൽ സാന്റ മരിയ ബസിലിക്കയിൽ പോകും. അവിടെ കുമ്പസാരിക്കുന്ന വിഭാഗത്തിൽ പ്രവർത്തിക്കും. രോഗികൾക്കു വേണ്ടി സമയം ചെലവിടും. കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുമ്പോൾ പോലും ദൈവനിയോഗത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച നിലപാട് വ്യക്തമാക്കുന്നതാണ് പുസ്തകത്തിലെ ഓരോ വരികളും.
ഇരുപത്തൊന്നാം ലോകമഹായുദ്ധകാലത്ത് തനിക്ക് മൂന്നു വയസ്സു മാത്രമുള്ളപ്പോൾ ഉള്ള ഓർമ്മ വിശദീകരിച്ചു കൊണ്ടാണ് മാർപാപ്പ പുസ്തകം ആരംഭിക്കുന്നത്. 80 വർഷം മുമ്പ് സംഭവിച്ചതാണെങ്കിലും നിരാവധി കുടുംബങ്ങളുടെ ജീവിതം തകർത്ത ആ നിമിഷങ്ങൾ ഒരിക്കലും മറക്കരുത് എന്ന് പറയുന്നു സംഭാഷണ ശൈലിയിലുള്ള പുസ്തകത്തിൽ ബ്യൂണസ് ഐറിസിലെ ബാല്യത്തെക്കുറിച്ചും വിവരണം ഉണ്ട്. ബർലിൻ മതിലിന്റെ പതനം, യഹൂദരുടെ നാസി ഉന്മൂലനം, ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബ് ആക്രമണം, 2008ലെ സാമ്പത്തിക മാന്ദ്യം, 1969ൽ ചന്ദ്രനിൽ മനുഷ്യന്റെ കാൽവെപ്പ്, ഇന്ന് ലോകം അഭിമുഖീകരിക്കുന്ന കുടിയേറ്റ പ്രശ്നം, യുദ്ധക്കെടുതി, കോവിഡ് മഹാമാരി എന്നിങ്ങനെയുള്ള പ്രശ്നങ്ങളും പുസ്തകത്തിൽ ചർച്ചചെയ്യുന്നുണ്ട്. താൻ എല്ലാകാലത്തും ഒരു ഫുട്ബോൾ ആരാധകൻ ആണെന്ന് പറഞ്ഞ പാപ്പാ അർജന്റീന താരം മറഡോണയെ നേരിൽ കണ്ട അനുഭവവും ദൈവത്തിന്റെ കൈയെന്ന പേരിൽ അറിയപ്പെടുന്ന മറഡോണയുടെ ഗോളിനെ കുറിച്ചും പുസ്തകത്തിൽ പങ്കുവെക്കുന്നുണ്ട്.
താൻ കുടിയേറ്റക്കാരുടെ മകൻ ആണ് എന്ന് പറഞ്ഞു കുടിയേറ്റക്കാരുടെ പ്രശ്നങ്ങളെ വൈകാരികമായി പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. യുദ്ധത്തിൽ തകർന്ന ഈ ലോകത്ത് വിശ്വാസത്തിന്റെ ശ്വാസമാണ് പ്രാർത്ഥനയെന്നും കൂടുതൽ സ്നേഹിക്കുക കൂടുതൽ പ്രാർത്ഥിക്കുക ഇതാണ് ഭാവിയുടെ താക്കോൽ എന്നും മാർപാപ്പ തന്റെ ഓർമ്മ പുസ്തകത്തിൽ ഓർമ്മിപ്പിക്കുന്നു. ലൈഫ് മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി എന്ന പുസ്തകം എല്ലാ ഓൺലൈൻ സൈറ്റുകളിലും ലഭ്യമാണ്.
(ജെൻസൺ സൈമൺ പി, എഴുത്തുകാരനും, മതബോധന അധ്യാപകനും, ഗ്രാഫിക് ഡിസൈനറുമാണ്. തൃശൂർ കൂനംമൂച്ചി സ്വദേശി)