മനുഷ്യവ്യക്തിയുടെ സമഗ്രവികസനത്തിനനിവാര്യമായ മൂല്യങ്ങൾ പരിപോഷിപ്പിക്കുക, പാപ്പാ!
ഓരോ വ്യക്തിയുടെയും ആധികാരികവും സമഗ്രവുമായ വികസനത്തിന് അത്യന്താപേക്ഷിതമായ മൂല്യങ്ങളെ പരിപോഷിപ്പിക്കുകയും വളർത്തുകയും ചെയ്യുക, ഉഭയകക്ഷിതലത്തിലും ബഹുകക്ഷിതലത്തിലും മഹത്തായ നയതന്ത്രപ്രവർത്തനത്തിൻറെ ലക്ഷ്യമാണെന്ന് മാർപ്പാപ്പാ.
എത്യോപ്യ, ത്സാംബിയ, ടൻസനീയ, ബുറൂന്ദി, ഖത്താർ, മൗറിത്താനിയ എന്നീ നാടുകൾ പരിശുദ്ധസിംഹാനത്തിനു വേണ്ടി നിയമിച്ച സ്ഥാനപതികൾ തങ്ങളുടെ ആധികാരിക സാക്ഷിപത്രങ്ങൾ ശനിയാഴ്ച (08/06/24) തനിക്കു സമർപ്പിച്ച വേളയിൽ അവരെ പൊതുവായി സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
അവരുടെ നയതന്ത്രസേവനത്തിൽ സഹായകമായ കുടുംബം, പ്രത്യാശ, സമാധാനം എന്നീ മൂന്നാശയങ്ങൾ പാപ്പാ തദ്ദവസരത്തിൽ വിശകലനം ചെയ്തു. തനതായ ചരിത്രവും സംസ്കാരവും പാരമ്പര്യവുമുള്ള ഒരോ രാഷ്ട്രവും ഏക മാനവകുടുംബത്തിൻറെ ഭാഗമാണെന്നും കുടുംബത്തിൻറെ സാദൃശ്യം വളരെ ഉചിതമാണെന്നും പറഞ്ഞ പാപ്പാ സ്നേഹം, സാഹോദര്യം, സഹവർത്തിത്വം, പങ്കുവയ്ക്കൽ, കരുതൽ, അപരൻറെ പരിപാലനം എന്നിവയുടെതായ മൂല്യങ്ങൾ ജീവിക്കുകയും പകർന്നുനല്കുകയും ചെയ്യുന്ന പ്രഥമ വേദി കുടുംബമാണെന്നും പാപ്പാ പറഞ്ഞു.
ആകയാൽ ജനകളുടെ പുരോഗതിക്കെന്നപോലെ തന്നെ ഓരോ വ്യക്തിയുടെയും അധികൃതവും സമഗ്രവുമായ വികസനത്തിന് ആവശ്യമായ ഈ മൂല്യങ്ങൾ പരിപോഷിപിക്കുകയും വളർത്തിയെടുക്കുകയും ചെയ്യുകയെന്നത് നയതന്ത്രപ്രവർത്തനത്തിൻറെ ലക്ഷ്യമാണെന്ന് പാപ്പാ വിശദീകരിച്ചു. സംഘർഷങ്ങൾ, പാർപ്പിടരാഹിത്യം, ഭക്ഷണം, ജലം, വൈദ്യസഹായം എന്നിവയുടെ അഭാവം, നിർബന്ധിത കുടിയേറ്റം, കാലാവസ്ഥ മാറ്റം തുടങ്ങിയ വിവിധങ്ങളായ പ്രതിസന്ധികളെക്കുറിച്ചും പാപ്പാ പരമാർശിച്ചു. നമ്മുടെ കുഞ്ഞുങ്ങളും അവർക്കു ശേഷം വരുന്നവരും എപ്രകാരമുള്ളൊരു ലോകത്തിൽ ജീവിക്കണം എന്ന ചോദ്യം ഉന്നയിച്ച പാപ്പാ ഈ ചോദ്യത്തിനുള്ള ഉത്തരം പ്രത്യാശയെ ദ്യോതിപ്പിക്കുന്നുവെന്ന് വിശദീകരിച്ചു.
ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം നമ്മെ എളുപ്പിത്തിൽ നിരാശയിലേക്കു തള്ളിയിടുകയും അശുഭാപ്തിവിശ്വാസികളും ദോഷൈകദൃക്കുകളുമാക്കുകയും ചെയ്യുമെന്നിരിക്കിലും പ്രത്യാശ നമ്മെ ലോകത്തിലുള്ള നന്മ തിരിച്ചറിയാൻ പ്രാപ്തരാക്കുകയും നമ്മുടെ കാലഘട്ടത്തിൻറെ വെല്ലുവിളികളെ നേരിടാനുള്ള ശക്തി പ്രദാനം ചെയ്യുകയും ചെ്യ്യുമെന്ന് പറഞ്ഞു.
മൂന്നാമത്തെ ആശയമായ സമാധാനത്തെക്കുറിച്ച് പരാമർശിച്ച പാപ്പാ അപരനെ അവൻറെ അന്യാധീനപ്പെടുത്താനാവാത്ത അന്തസ്സോടുകൂടി അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതിൻറെ ഫലമാണ് സമാധാനം എന്ന് വിശദീകരിച്ചു. നിസ്സംഗതയും ഭയവും മാറ്റിവെക്കുമ്പോൾ മാത്രമേ ശാശ്വതമായ ഐക്യത്തിലേക്ക് നയിക്കുന്ന പരസ്പര ബഹുമാനത്തിൻറെ ഒരു യഥാർത്ഥ അന്തരീക്ഷം ഉണ്ടാകുകയുള്ളുവെന്ന് പാപ്പാ കൂട്ടിച്ചേർത്തു.