‘ദാര്‍ശനികതയും വാത്സല്യവും സമന്വയിച്ച ഇടയജീവിതം’
കൊച്ചി: മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടേത് ദാര്‍ശനികതയും വാത്സല്യവും സമന്വയിച്ച ഇടയജീവിതമെന്ന് മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. മാര്‍ മങ്കുഴിക്കരിയുടെ മുപ്പതാം ചരമവാര്‍ഷിക അനുസ്മരണം പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അഭിവന്ദ്യ പിതാവ്. താമരശേരി രൂപതയുടെ വളര്‍ച്ചയില്‍ മങ്കുഴിക്കരി പിതാവിന്റെ പങ്ക് വിസ്മരിക്കാനാവില്ലെന്നും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു. മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി പങ്കുവച്ചതെല്ലാം രേഖപ്പെടുത്തപ്പെട്ടിരുന്നെങ്കില്‍, സഭയുടെ അതുല്യമായ ദാര്‍ശനിക സമ്പത്താകുമായിരുന്നു. ആഴമാര്‍ന്ന ദാര്‍ശനികത നിറഞ്ഞ പൗരോഹിത്യ ജീവിതത്തില്‍ വാത്സല്യനിധിയായ ഇടയനെയും തിരിച്ചറിയാനാകും. മാര്‍ മങ്കുഴിക്കരിയുടെ പ്രസംഗങ്ങള്‍ മികച്ച വാഗ്മിത്വത്തിന്റെ അടയാളപ്പെടുത്തലുകളായി. ദാര്‍ശനികമായ സമസ്യകള്‍ കൃത്യതയോടും ലളിതമായും അവതരിപ്പിച്ചു. പറയാനുള്ളതു തുറന്നുപറയുമ്പോഴും ബന്ധങ്ങളില്‍ അകല്‍ച്ചകളില്ലാതിരിക്കാന്‍ സൂക്ഷ്മത പുലര്‍ത്തിയതായും തട്ടില്‍ പിതാവ് വ്യക്തമാക്കി. താമരശേരി രൂപതയുടെ വളര്‍ച്ചയില്‍ മങ്കുഴിക്കരിയുടെ പങ്ക് വിസ്മരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പിഒസിയും ന്യൂമന്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഫാ. ജേക്കബ്, ജി.പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. ഐക്യത്തിനും വിശ്വാസത്തിനും വേണ്ടി തന്റെ പ്രബോധനങ്ങളിലൂടെ സഭയെ പടുത്തുയര്‍ത്തിയ മഹാനായ ആചാര്യനായിരുന്നു മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി പിതാവെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. മുന്‍ ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. ന്യൂമന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. കെ.എം. മാത്യു പ്രസംഗിച്ചു. എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍, താമരശേരി രൂപതയുടെ പ്രഥമ മെത്രാന്‍, ആലുവ പൊന്തിഫിക്കല്‍ സെമിനാരി പ്രഫസര്‍ എന്നീ നിലകളില്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി പിതാവ് സേവനം ചെയ്തിട്ടുണ്ട്.