ചെവികേൾക്കാത്ത വനം മന്ത്രിയോടാണ് ഇപ്പോൾ പരാതി പറയേണ്ടി വരുന്നത്: മാർ പാംപ്ലാനി
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയിലെ കാട്ടാന ശല്യം അവസാനിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണവുമായി തലശേരി ആര്‍ച്ച്‌ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി രംഗത്തെത്തി. വനം മന്ത്രിയോട് പരാതി പറഞ്ഞതെല്ലാം ചെന്നെത്തിയത് ബധിര കര്‍ണങ്ങളിലെന്നാണ് ബിഷപ്പിന്റെ വിമര്‍ശനം. കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ പ്രക്ഷോഭം കടുപ്പിക്കുമെന്നും മാര്‍ പാംപ്ലാനി മുന്നറിയിപ്പു നൽകി. കാട്ടാന ശല്യം രൂക്ഷമായ ഇരിട്ടിയിലെ പാലത്തുംകടവ് പ്രദേശം സന്ദര്‍ശിച്ചതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ ജില്ലയില്‍ കാട്ടാന ശല്യം രൂക്ഷമായ സ്ഥലങ്ങളാണ് ഇരിട്ടിക്ക് സമീപമുള്ള പാലത്തുംകടവും കച്ചേരിക്കടവും മുടിക്കയവും.
രണ്ടാഴ്ച മുമ്പ് കച്ചേരിക്കടവിലിറങ്ങിയ കാട്ടാനക്കൂട്ടം ഇപ്പോഴും കാട് കയറിയിട്ടില്ല. നിരവധി കര്‍ഷകരുടെ കൃഷിയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ഇതിന് പിന്നാലെയാണ് തലശ്ശേരി ആര്‍ച്ച്‌ബിഷപ്പിന്റെ നേതൃത്വത്തില്‍ മേഖലയില്‍ സന്ദര്‍ശനം നടത്തിയത്. പകല്‍ സമയത്ത് പോലും പുറത്തിറങ്ങാനാവാത്ത അവസ്ഥയെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. ആറളം ഫാമില്‍ നിന്ന് തുരത്തുന്ന കാട്ടാനകളും കര്‍ണാടകയിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തില്‍ നിന്ന് എത്തുന്ന ആനകളുമാണ് നാട്ടുകാര്‍ക്ക് ആശങ്കയാകുന്നത്. അഞ്ച് വര്‍ഷം മുമ്പ് ഉണ്ടാക്കിയ ഫെന്‍സിങ് തകര്‍ന്നു. നന്നാക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് ഡി.എഫ്.ഒ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.