കത്തോലിക്കാ കോൺഗ്രസ് ശബ്ദമില്ലാത്തവരുടെ ശബ്ദമാകണം: മാർ ജോസഫ് പാംപ്ലാനി
തലശേരി: സമുഹത്തിലെ അനീതിക്കും അസമത്വത്തിനും അവഗണനയ്ക്കു മെതിരായി പോരാടുന്ന സംഘടനയായി കത്തോലിക്ക കോണ്‍ഗ്രസ് പ്രവര്‍ത്തിക്കണമെന്നും എല്ലാവരും തിരസ്കരിക്കുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ടുള്ള പോരാട്ടത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് പിന്നോട്ട് പോകരുതെന്നും തലശേരി അതിരുപത ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. ശബ്ദദമില്ലാത്തവരുടെ ശബ്ദമായി മാറിക്കൊണ്ട് സമൂഹത്തിന്റെ കണ്ണുതുറപ്പിക്കാന്‍, അധികാരികളുടെ മുമ്പില്‍ അവരുടെ ആവശ്യങ്ങള്‍ എത്തിക്കുവാന്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയണമെന്നും മാർ പാംപ്ലാനി പറഞ്ഞു. കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത സമിതിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് തലശേരി സന്ദേശ് ഭവനില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്ക കോണ്‍ഗ്രസിന് പൊതുസമൂഹത്തില്‍ വലിയ സ്വാധീനമുണ്ടെന്നും അതിനു കാരണം കഴിഞ്ഞ കാലങ്ങളില്‍ കര്‍ഷകര്‍ക്കുവേണ്ടിയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടിയും കത്തോലിക്ക കോണ്‍ഗ്രസ് നടത്തിയ ധീരമായ പോരാട്ടങ്ങളാണെന്നും ആര്‍ച്ച്ബിഷപ് ഓര്‍മപ്പെടുത്തി. എവിടെയൊക്കെ അവഗണന നേരിടുന്നുണ്ടോ അവിടെയൊക്കെ സമുദായത്തിന്റെയും സമൂഹത്തിന്റെയും ശബ്ദമായി മാറിക്കൊണ്ട് ഒരു പോരാളിയുടെ ശക്തിയോടെ കത്തോലിക്ക കോണ്‍ഗ്രസ് മുന്നോട്ടു നീങ്ങണമെന്നും പുതിയ നേതൃത്വത്തെ അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമം നേരിടുന്നവര്‍ക്ക് ഭക്ഷണസാധനങ്ങള്‍ എത്തിച്ചു കൊടുത്ത് വിശപ്പ് രഹിത ജില്ലകളായി മാറ്റുന്നതിന് കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത നേതൃത്വം പരിശ്രമിക്കുമെന്ന് പുതിയ പ്രസിഡന്റായി ചുമതലയേറ്റ ഫിലിപ്പ് വെളിയത്ത് നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. തലശേരി അതിരൂപതയില്‍ കഴിഞ്ഞ മുന്ന് വര്‍ഷക്കാലം കത്തോലിക്കാ കോണ്‍ഗ്രസിനെ നയിച്ച ടോണി ജോസഫ് പുഞ്ചക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ റവ. ഡോ. ഫിലിപ്പ് കവിയില്‍ മുഖ്യപ്രഭാഷണവും തലശേരി അതിരൂപത വികാരി ജനറാള്‍ ഫാ. സെബാസ്റ്റ്യൻ പാലാക്കുഴി അനുഗ്രഹപ്രഭാഷണവും നടത്തി. ബെന്നി പുതിയാമ്പുറം, ജിമ്മി ആയിത്തമറ്റം, സുരേഷ് കാഞ്ഞിരത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി ഫിലിപ്പ് വെളിയത്ത് – പ്രസിഡന്റ്, ജിമ്മി ആയിത്തമറ്റം -ജനറല്‍ സെക്രട്ടറി, സുരേഷ് ജോര്‍ജ് കാഞ്ഞിരത്തിങ്കല്‍ – ട്രഷറര്‍, ബെന്നിച്ചന്‍ മാഠത്തിനകം, ടോമി കണയങ്കല്‍, ഷിനോ പാറക്കല്‍, ഐ.സി.മേരി വൈസ് പ്രസിഡന്റുമാര്‍, വര്‍ഗീസ് പള്ളിച്ചിറ, ഡേവീസ് ആലങ്ങാടന്‍, സിജോ കണ്ണേഴത്ത്, ജോര്‍ജ് കാനാട്ട്, സെബാസ്റ്റ്യന്‍ ജാതികുളം, ജോര്‍ജ് വലിയ മുർത്താങ്കല്‍ അഡ്വ. മാര്‍ട്ടിന്‍ കൊട്ടാരം, കിഷോര്‍ ചൂരനോലി, രാജീവ് തോമസ് കണിയാന്തറ -സെക്രട്ടറിമാര്‍ എന്നിവരാണ് ചുമതലയേറ്റത്.