January 22, 2025
Stories

ട്രെയിനില്‍നിന്ന് തള്ളിയിട്ടു, 20 ആണ്ട് പിന്നിട്ട അതിജീവനം; ഒടുവില്‍ സിസ്റ്റര്‍ സെറിന്‍ മടങ്ങി

  • June 20, 2024
  • 1 min read
ട്രെയിനില്‍നിന്ന് തള്ളിയിട്ടു, 20 ആണ്ട് പിന്നിട്ട അതിജീവനം; ഒടുവില്‍ സിസ്റ്റര്‍ സെറിന്‍ മടങ്ങി

തൃശ്ശൂർ : “അന്ന് റെയിൽവേട്രാക്കിൽ വീണുകിടന്ന എന്നെ തിരികെ ജീവിതത്തിലേക്ക്‌ കയറ്റിവിട്ടത് അപരിചിതനായ ഏതോ മനുഷ്യനായിരുന്നു. ആ നന്മ എനിക്കുള്ള ദൈവാനുഗ്രഹമായിരുന്നു. തിരിച്ച് ഞാനുമൊരു നന്മ ചെയ്യുന്നു. എന്നെ ദ്രോഹിച്ചവരോട് ഞാൻ ക്ഷമിച്ചിരിക്കുന്നു” – ഒരു കൈയും കാലും നഷ്ടപ്പെട്ടെന്ന യാഥാർഥ്യം അംഗീകരിച്ചുകൊണ്ട് വർഷങ്ങൾക്കു മുൻപ് സിസ്റ്റർ സെറിൻ പറഞ്ഞ വാക്കുകളാണിത്.

തൃശ്ശൂർ വിമല കോളേജിലെ ബോട്ടണി വിഭാഗം അധ്യപികയായിരുന്ന അവരുടേത് ഉറച്ച തീരുമാനമായിരുന്നു. ജീവിതം മാറ്റിമറിച്ച ദുരന്തം സ്വന്തം ആത്മബലത്തിലൂടെ നേരിട്ട സിസ്റ്റർ സെറിന്റെ (66) ഇരുപതാണ്ട് പിന്നിട്ട അതിജീവന യാത്ര അവസാനിച്ചിരിക്കുന്നു. അച്ചടക്കത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ആൾരൂപമായി വിദ്യാർഥികളുടെയും സഹപ്രവർത്തകരുടെയും ഓർമകളിൽ ഇനിയും സിസ്റ്ററുണ്ടാകും.

2003 മാർച്ച് 19, പൂർത്തിയാക്കിയ ഗവേഷണപ്രബന്ധം സമർപ്പിക്കാനായി തിരുവനന്തപുരത്തേയ്ക്കുള്ള ട്രെയിൻ യാത്രയാണ് സി.എം.സി. നിർമല പ്രോവിൻസിലെ സിസ്റ്റർ സെറിന്റെ ജീവിതതാളം തെറ്റിച്ചത്. ഗുരുവായൂർ – ചെന്നൈ എഗ്‌മോർ എക്സ്പ്രസ് രാത്രി 9.50-ന് തൃശ്ശൂരിൽനിന്ന് പുറപ്പെട്ട ഉടൻ രണ്ട് യുവാക്കൾ ലേഡീസ് കമ്പാർട്ട്മെന്റിൽ ചാടിക്കയറി. യാത്രക്കാരികൾ ഇവരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും സമ്മതിച്ചില്ല. അസഭ്യം പറയുകയും ആക്രമിക്കുകയും ഒരു സ്ത്രീയുടെ മാല പൊട്ടിക്കുകയും ചെയ്തു. പുറത്തിറങ്ങാനാവശ്യപ്പെട്ട് വാതിലിനരികിലേയ്ക്ക് ചെന്ന സിസ്റ്റർ സെറിനെയും മറ്റൊരു യാത്രക്കാരിയെയും മോഷ്ടാക്കളായ യുവാക്കൾ ഓടുന്ന വണ്ടിയിൽനിന്ന് തള്ളിയിട്ടു. പുതുക്കാട് തറയിലക്കാട് റെയിൽവേ ഗേറ്റിനടത്തുവെച്ചായിരുന്നു സംഭവം.

സിസ്റ്റർ സെറിന്റെ ഇടതുകൈ കൈമുട്ടിനു മുകളിൽ വെച്ച് മുറിച്ചുമാറ്റി. പിന്നീട് കാലും മുറിച്ചുമാറ്റി. മാസങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിൽ അവർ വൈവയ്ക്ക് ഹാജരായി ഡോക്ടറേറ്റ് നേടി. 2015 വരെ അധ്യാപനജോലിയിൽ തുടർന്നു. കൃത്രിമക്കാൽ ഘടിപ്പിച്ച് മൂന്നാംനിലയിലുള്ള ഡിപ്പാർട്ട്മെന്റിലേയ്ക്ക് നടന്നുകയറി. രാവിലെ എട്ടേകാലിന് ക്ലാസിലെത്തിയാൽ വൈകീട്ട് മൂന്നരയ്ക്കേ താഴെയിറങ്ങൂ.

അപകടത്തിൽ റെയിൽവേ നൽകിയ ചെറിയ നഷ്ടപരിഹാരം മാത്രമാണവർക്ക് ലഭിച്ചത്. കേസുമായി മുന്നോട്ടുപോകുന്നില്ലെന്ന് എഴുതിനൽകി സിസ്റ്റർ സ്വയം പിൻവാങ്ങുകയായിരുന്നു. ഒരാഴ്ച മുൻപും ബോട്ടണിവകുപ്പിന്റെ ഉദ്യാനം പരിപാലിക്കുന്നവരോട് താൻ നട്ടുവളർത്തിയ ചെടികളുടെ ഫോട്ടോ എടുത്തയക്കാൻ സിസ്റ്റർ ആവശ്യപ്പെട്ടിരുന്നു. അതുകണ്ട് ഏറെ സന്തോഷിക്കുകയും ചെയ്തു. ചേറൂർ സെയ്ന്റ് സേവിയേഴ്സ് മഠാംഗമായ സിസ്റ്ററിനെ മൂന്നു ദിവസം മുൻപാണ് സുഖമില്ലാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കടപ്പാട്: മാതൃഭൂമി ന്യൂസ്

About Author

കെയ്‌റോസ് ലേഖകൻ