ആദ്യ സല്യൂട്ട് ആ വലിയ കരുതലിന്

കോഴിക്കോട്: തന്റെ ആദ്യ സല്യൂട്ട് മുന്‍ കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് പൈകടയുടെ ഛായാചിത്രത്തിനു സമർപ്പിച്ച് ജമ്മു പൂഞ്ച് സ്വദേശി രാഹൂല്‍കുമാര്‍. ഡെറാഡുണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍നിന്നു പരിശീലനം പൂര്‍ത്തിയാക്കിയ രാഹുല്‍കുമാര്‍ പാസിങ് ഓട്ട് പരേഡിനുശേഷം ദേവഗിരി സെന്റ് ജോസഫ്സ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് പൈകടയുടെ ഛായാചിയതത്തിനു മുന്നില്‍ സല്യൂട്ട് ചെയ്തു. ജീവിച്ചിരുന്നെങ്കില്‍ തന്റെ പാസിങ് ഓട്ട് പരേഡില്‍ അത്യന്തം ആഹ്ലാദിക്കുന്ന ഫാ. പൈകടയുടെ ചിത്രത്തിനു മുന്നിലെങ്കിലും തനിക്കു സല്യൂട്ട് ചെയ്യണമെന്ന രാഫുല്‍ കുമാറിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഫാ. മാത്യു നെല്ലേടത്ത് ആണ് ആ ചിതവുമായി പാസിങ് ഓട്ട് പരേഡ് നടക്കുന്ന സ്ഥലത്തെത്തിയത്.
ഛായാചിത്രത്തിന് മുന്നിലുള്ള ഈ സല്യൂട്ടിന് പിന്നിലെ ചരിത്രത്തെക്കുറിച്ച് ചോദിച്ചപ്പോൾ, രാഹുൽ കുമാറിന്റെ മറുപടി ഇങ്ങനെയായിരുന്നു: “പഠിക്കാൻ കഴിവുള്ളവരെ മാത്രം പൈകട അച്ചൻ അന്ന് പുഞ്ചിലെ ക്രൈസ്റ്റ് സ്‌കുളില്‍ പ്രവേശനം അനുവദിച്ചിരുന്നെങ്കിൽ, ഞാൻ ഈ സൈനിക അക്കാദമിയിലെത്തുമായിരുന്നില്ല. ഫീസ് കൊടുക്കാൻ കഴിയുന്നവരെ മാത്രമേ ഈ സ്കൂളിൽ പ്രവേശിപ്പിക്കൂ എന്ന് അച്ചൻ തീരുമാനിച്ചിരുന്നുവെങ്കില്‍ ഞാന്‍ ഈ പാസിങ് ഔട്ട് പരേഡിലുണ്ടാകുമായിരുന്നില്ല.”
വലിയ സാധൃതകളൊന്നുമില്ലാതിരുന്ന തനിക്കു മുന്നോട്ടുപോകാൻ സാധ്യമായ എല്ലാ സഹായങ്ങളും നൽകിയ ഈ മഹാന്റെ പ്രതിച്ഛായയ്ക്ക് മുമ്പിലല്ലെങ്കിൽ, ആരോടാണ് അദ്ദേഹം തന്റെ ആദ്യ ആശംസകൾ പറയേണ്ടത്. ആ കാര്യത്തില്‍ രാഹുലിനു രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല. പുഞ്ച് സെന്റ് ഇഗ്നേഷ്യസ് ഇടവകാംഗവുമാണ് രാഹുല്‍. പൈകട അച്ചന്റെ സ്‌കുള്‍ നടത്തിപ്പൂരീതി അന്നേ ചിലരിലെങ്കിലും സംശയമുയര്‍ത്തിയിരുന്നു. ഇങ്ങനെ പോയാല്‍ ഭാവി എന്താകുമെന്ന് ചോദിച്ചപ്പോള്‍ ‘അതാണ് മിഷന്‍; അതിനു വേണ്ടിയാണ് നാം ഇവിടെയെത്തിയത്’ എന്നായിരുന്നു ഫാ. പൈകടയുടെ മറുപടി.
ദേവഗിരി കോളജില്‍നിന്ന് 1989ല്‍ സ്വയം വിരമിച്ച ഫാ. പൈകട 1991ല്‍ ജമ്മുവിലെത്തി സിഎംഐ മിഷന്റെ റീജനല്‍ സുപ്പീരിയറായി. ആ വര്‍ഷം പുഞ്ചില്‍ ക്രൈസ്റ്റ് സ്‌കുള്‍ ആരംഭിച്ചു. പുഞ്ച് മിഷന്‍ എന്ന പേരിലാണ് പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചത്. 2007 വരെ അദ്ദേഹമായിരുന്നു സ്കൂളിന്റെ പ്രിന്‍സിപ്പല്‍. 2008ല്‍ കോഴിക്കോട്ട് തിരിച്ചെത്തി. ദേവഗിരി സ്ഥാപനങ്ങളുടെ മാനേജരായിരുന്ന അദ്ദേഹം 2019 ഡിസംബര്‍ 20ന് അന്തരിച്ചു.