ലൂർദ് മാതാവിന് സ്വർണ്ണക്കൊന്ത സമർപ്പിച്ച് സുരേഷ് ഗോപി
തൃശൂർ: ലൂർദ് മെത്രാപ്പോലീത്തൻ കത്തീഡ്രൽ മാതാവിന് സ്വർണ്ണക്കൊന്ത സമർപ്പിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ ലൂർദ് പള്ളിയിലെത്തിയാണ് സുരേഷ് ഗോപി കൊന്ത സർപ്പിച്ചത്. പ്രചരണ സമയത്ത് ലൂർദ് മാതാവിന് സുരേഷ് ഗോപി സ്വർണക്കിരീടം സമർപ്പിച്ചത് വിവാദമായിരുന്നു.
വിജയിച്ചശേഷം ലൂർദ് മാതാവിന് വീണ്ടും നേർച്ച സമർപ്പണം നടത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ലൂർദ് പള്ളി വികാരി ഫാദർ ഡേവിസ് പുലിക്കോട്ടിലും പള്ളി കമ്മിറ്റി അംഗങ്ങളും ചേർന്ന് സുരേഷ് ഗോപിയെ സ്വീകരിച്ചു. സുരേഷ് ഗോപി കത്തീഡ്രലിൽ എത്തി പ്രാർത്ഥിക്കുകയും ജപമാല സമർപ്പിക്കുകയും ചെയ്തതിൽ സന്തോഷമുണ്ടെന്നും എല്ലാം ദൈവനിയോഗം ആണെന്നും ലൂർദ് ചർച്ച് വികാരി ഫാദർ ഡേവിസ് പുലിക്കോട്ടിൽ പറഞ്ഞു. തുടർന്ന് സ്വർണ്ണക്കൊന്ത സമർപ്പിച്ച സുരേഷ് ഗോപി പ്രാർഥന നടത്തിയ ശേഷമാണ് മടങ്ങിയത്.