January 23, 2025
Church

ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • June 15, 2024
  • 1 min read
ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

റോം: തെക്കൻ ഇറ്റലിയിലെ അപുലിയയിൽ നടന്ന ജി7 ഉച്ചകോടിയുടെ ഔട്ട്‌റീച്ച് സെഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. സാവെല്ലത്രി പട്ടണത്തിലെ ബോർഗോ എഗ്‌നാസിയ റിസോർട്ടിൽ നടക്കുന്ന ജി-7 ഉച്ചകോടിയുടെ സമ്മേളനത്തിനിടെ ഇന്നലെ വൈകുന്നേരം നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യ സന്ദർശിക്കുവാന്‍ മാർപാപ്പയെ മോദി ക്ഷണിച്ചു. മാർപാപ്പയെ ആശ്ലേഷിച്ചാണു പ്രധാനമന്ത്രി മോദി സൗഹൃദം പങ്കുവച്ചത്. ഇരുവരും സൗഹൃദ സംഭാഷണം നടത്തി.

G7-ന്‍റെ ഭാഗമായി ഫ്രാൻസിസ് മാർപാപ്പയെ കണ്ടുവെന്നും ആളുകളെ സേവിക്കാനും ഭൂമിയെ മികച്ചതാക്കാനുമുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധതയെ അഭിനന്ദിക്കുകയാണെന്നും ഇന്ത്യ സന്ദർശിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചുവെന്നും നരേന്ദ്ര മോദി ‘എക്സി’ല്‍ കുറിച്ചു. 1948 -ല്‍ നയതന്ത്രബന്ധം തുടങ്ങിയതു മുതൽ വത്തിക്കാനുമായി ഇന്ത്യക്കു സുദൃഢമായ ബന്ധമാണുള്ളതെന്ന് മോദി-മാർപാപ്പ കൂടിക്കാഴ്‌ചയെക്കുറിച്ചു വിശദീകരിക്കവേ പ്രധാനമന്ത്രിയുടെ ഓഫീസ് ചൂണ്ടിക്കാട്ടി.

ഏഷ്യയിലെ രണ്ടാമത്തെ വലിയ കത്തോലിക്കാ വിശ്വാസസമൂഹമായ ഇന്ത്യയിൽ മാർപാപ്പ അടുത്തവർഷം സന്ദർശനം നടത്തിയേക്കുമെന്നാണു പ്രതീക്ഷ. 2021 ഒക്ടോബറിൽ വത്തിക്കാനിൽവച്ച് മാർപാപ്പയുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്‌ച നടത്തിയിരുന്നു. അന്നും മോദി മാര്‍പാപ്പയെ ഭാരതത്തിലേക്ക് ക്ഷണിച്ചിരിന്നു. ഫ്രാന്‍സിസ് പാപ്പ നിരവധി തവണ ഇന്ത്യ സന്ദര്‍ശിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ സന്ദര്‍ശന വിഷയം പിന്നീട് ചര്‍ച്ചയാകുന്നില്ലായെന്നതാണ് ഖേദകരമായ വസ്തുത. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുകയാണെന്ന ആരോപണം നേരത്തെ മുതലുണ്ട്.

About Author

കെയ്‌റോസ് ലേഖകൻ