January 23, 2025
News

സിഡ്‌നിയില്‍ മഴയെ അവഗണിച്ച് കത്തീഡ്രലിന് മുന്നില്‍ മുട്ടുകുത്തി പുരുഷന്മാരുടെ ജപമാല: വീഡിയോ കണ്ടത് 33 ലക്ഷത്തോളം പേര്‍

  • June 15, 2024
  • 1 min read
സിഡ്‌നിയില്‍ മഴയെ അവഗണിച്ച് കത്തീഡ്രലിന് മുന്നില്‍ മുട്ടുകുത്തി പുരുഷന്മാരുടെ ജപമാല: വീഡിയോ കണ്ടത് 33 ലക്ഷത്തോളം പേര്‍

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ സെന്റ് മേരീസ് കത്തീഡ്രലിന് മുന്നിൽ മഴയെ അവഗണിച്ച് കുട്ടികളും പുരുഷന്മാരും ജപമാല ചൊല്ലുന്ന വികാരഭരിതമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ഫേസ്ബുക്കില്‍ മാത്രം 33 ദശലക്ഷത്തിലധികം കാഴ്ചക്കാരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. നനഞ്ഞ നടപ്പാതയ്ക്ക് മുകളിലൂടെ കുനിഞ്ഞ് നിൽക്കുന്ന പുരുഷന്മാരുടെയും ആൺകുട്ടികളുടെയും ദൃശ്യം വീഡിയോയില്‍ വ്യക്തമാണ്. ശക്തമായ മഴയ്ക്കു നടുവിലും മുട്ടുകള്‍ കുത്തിയും കരങ്ങള്‍ കൂപ്പിയും പുരുഷന്മാര്‍ ജപമാല ചൊല്ലുന്നുണ്ട്. ഇതില്‍ തീക്ഷ്തയോടെ കുട്ടികളും ഭാഗഭാക്കാകുന്നുണ്ടെന്നതാണ് ശ്രദ്ധേയമായ വസ്തുത.

‘മാക്‌സിമസ് മെൻസ് മിനിസ്ട്രി’യിൽ നിന്നുള്ള ഐവിക കോവാകാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇത് ഒട്ടും പ്രതീക്ഷിക്കാതെ വൈറലാകുകയായിരിന്നുവെന്ന് അദ്ദേഹം പറയുന്നു. എന്റെ ഐഫോണിൽ നിമിഷനേരംകൊണ്ട് ഷൂട്ട് ചെയ്തതാണ്. മുട്ടുകുത്തി നിന്ന് പ്രാര്‍ത്ഥിക്കുന്നവരുടെ 20 സെക്കൻഡ് മാത്രം ദൈര്‍ഖ്യമുള്ള ദൃശ്യം ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തു. രണ്ട് ദിവസത്തിനുള്ളിൽ, ഫേസ്ബുക്കിൽ 2.4 ദശലക്ഷം പേരാണ് കണ്ടത്. ഇൻസ്റ്റാഗ്രാമിൽ തുടക്കത്തില്‍ 500,000 കാഴ്ചക്കാരാണ് ഉണ്ടായിരിന്നത്. ഇത് ഇപ്പോഴും ആയിരങ്ങള്‍ ഷെയര്‍ ചെയ്യുകയാണെന്ന് ഐവിക പറയുന്നു.

കഴിഞ്ഞ രണ്ടര വർഷമായി എല്ലാ മാസത്തെയും ആദ്യ ശനിയാഴ്ചകളിൽ ദൈവമാതാവിനോടുള്ള മാധ്യസ്ഥവും പരിഹാര പ്രാര്‍ത്ഥനയുമായി സിഡ്‌നിയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പുരുഷൻമാരുടെ സംഘങ്ങൾ ഓസ്‌ട്രേലിയയുടെ ദേശീയ ദേവാലയങ്ങളുടെ മുറ്റത്ത് ഒത്തുകൂടുന്നുണ്ട്. മാക്സിമസ് മെൻസ് മിനിസ്ട്രി നെറ്റ്‌വർക്ക് എന്ന പേരില്‍ കേവലം 30 പേരുടെ പങ്കാളിത്തതോടെ ആരംഭിച്ച ഈ കൂട്ടായ്മയില്‍ ഇന്ന് മുന്നൂറ്റിഅന്‍പതില്‍ അധികം പുരുഷന്മാരുടെ പങ്കാളിത്തമുണ്ട്.

ജോലി സമയം ക്രമീകരിച്ചും അവധിയെടുത്തും മക്കളെ കൂട്ടിക്കൊണ്ടും നിരവധി പുരുഷന്മാരാണ് ശക്തമായ സാക്ഷ്യവുമായി ഒരുമിച്ചുകൂടുന്നത്. സിഡ്‌നി കൂടാതെ പെർത്ത്, അഡ്‌ലെയ്ഡ്, മെൽബൺ, കാൻബെറ, ന്യൂകാസിൽ, ഹൊബാർട്ട്, കൂടാതെ സൺഷൈൻ കോസ്റ്റ് തുടങ്ങിയ മറ്റ് നഗരങ്ങളിലും സമാനമായ വിധത്തില്‍ പ്രതിമാസ ജപമാല പ്രാർത്ഥനാകൂട്ടായ്മകള്‍ പുരുഷന്മാര്‍ നടത്തുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. ദൈവമാതാവിന്റെ മാധ്യസ്ഥം തേടി പോളണ്ടിലും, അയര്‍ലണ്ടിലും ഉത്ഭവിച്ച് മറ്റ് രാജ്യങ്ങളിലേക്ക് അതിവേഗം വ്യാപിച്ച ‘പുരുഷന്‍മാരുടെ ജപമാല’ ഇന്ന് അന്‍പതോളം രാജ്യങ്ങളില്‍ നടക്കുന്നുണ്ട്.

Watch video here: https://www.facebook.com/reel/1764460704082761

About Author

കെയ്‌റോസ് ലേഖകൻ