January 22, 2025
Stories

ദൈവത്തിന്റെ വിളിയും നമ്മുടെ ജീവിതവും

  • September 26, 2024
  • 1 min read
ദൈവത്തിന്റെ വിളിയും നമ്മുടെ ജീവിതവും

തന്റെ മുമ്പാകെ സ്നേഹത്തില്‍ പരിശുദ്ധരും നിഷ്കളങ്കരുമായിരിക്കാന്‍ ലോക സ്ഥാപനത്തിനുമുമ്പുതന്നെ അവിടുന്നു നമ്മെ ക്രിസ്തുവില്‍ തെരഞ്ഞെടുത്തു.
(എഫേസോസ്‌ 1:4)

പിതാവായ ദൈവത്തിന്റെ ഹിതപ്രകാരം അവിടുത്തെ പുത്രനായ യേശുക്രിസ്തുവില്‍ ആണ്‌ നാം ഓരോരുത്തരും തിരഞ്ഞെടുക്കപ്പെട്ടത്‌, ക്രിസ്തുവിന്റെ സ്നേഹത്തില്‍ പരിശുദ്ധരും നിഷ്കളങ്കരും ആയിരിക്കുവാന്‍ “അവിടുന്ന്‌ നമ്മെ രക്ഷിക്കുകയും വിശുദ്ധമായ വിളിയാല്‍ നമ്മെ വിളിക്കുകയും ചെയ്തിരിക്കുന്നു. അത്‌ നമ്മുടെ പ്രവര്‍ത്തികളുടെ ഫലമായിട്ടല്ല അവിടുത്തെ സ്വന്തം ഉദ്ദേശ്യത്തെ മുന്‍ നിറുത്തി യുഗങ്ങള്‍ക്ക്‌ മുന്‍പ്‌ യേശുക്രിസ്തുവില്‍ നമ്മുക്ക്‌ നല്‍കിയ കൃപാവരമനുസരിച്ചുമാണ്‌ ” (2 തിമോത്തി 1:9) നമ്മുടെ കഴിവോ വിദ്യാഭ്യാസമോ സമ്പത്തോ സൗന്ദര്യമോ കുടുംബമഹിമയോ ജോലിയോ ഒന്നുമല്ല ദൈവത്തിന്റെ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനം എന്ന്‌ വചനം വളരെ വ്യക്തമായി മനസിലാക്കി തരുന്നു.

യുഗങ്ങള്‍ക്ക്‌ മുന്‍പ്‌ യേശുക്രിസ്തുവില്‍ നമുക്ക്‌ ലഭിച്ച കൃപാവരം അനുസരിച്ചു അവിടുത്തെ പദ്ധതിയുടെ ഭാഗമായി വിളിക്കപ്പെട്ടവരാണ്‌ നാം യോഹന്നാന്റെ സുവിശേഷം 15:16 ല്‍ ഇപ്രകാരം പറയുന്നു “നിങ്ങള്‍ എന്നെ തിരഞ്ഞെടുക്കുകയല്ല ഞാന്‍ നിങ്ങളെ തിരഞ്ഞെടുക്കുകയാണ്‌ ചെയ്തത്‌. നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്‍ക്കുന്നതിനും വേണ്ടി ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. “അവിടുന്നാണ്‌ നമ്മെ തിരഞ്ഞെടുത്തതെന്നും അവിടുത്തോട്‌ ചേര്‍ന്നിരിക്കുമ്പോള്‍ ദൈവഹിതം തിരിച്ചറിഞ്ഞു നിലനില്‍ക്കുന്ന ഫലം പുറപ്പെടുവിക്കാന്‍ സാധിക്കുമെന്നും വചനം നമ്മെ ഓര്‍മിപ്പിക്കുന്നു. അവിടുത്തോട്‌ ചേര്‍ന്നിരിക്കുക, അവിടുത്തെ ഹിതം അറിയുക, അതനുസരിച്ചു പ്രവര്‍ത്തിക്കുക.

പലപ്പോഴും ബോധപൂര്‍വം നാം മറന്നു പോകുന്നത്‌ നമ്മുടെ പ്രവര്‍ത്തികളില്‍ ദൈവഹിതം അറിയുന്നതിന്‌ പകരം നമ്മുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും ദൈവേഷ്ടങ്ങള്‍ ആയി മാറ്റപെടുകയാണ്‌. അതുകൊണ്ടാണ്‌ നമ്മുടെ പല പ്രവര്‍ത്തികളും ഫലം പുറപ്പെടുവിക്കാത്തത്‌ നമ്മുടെ അധ്വാനങ്ങള്‍ക്ക്‌ ഫലം ഉണ്ടാകണമെങ്കില്‍ അവന്റെ ഇഷ്ടങ്ങള്‍ നമ്മുടെ ഇഷ്ടങ്ങളായി മാറണം അപ്പോള്‍ അത്‌ നിലനില്‍ക്കുന്ന ഫലം തരും അതുകൊണ്ട്‌ നമ്മുടെ എല്ലാ പ്രവര്‍ത്തികളും അധ്വാനങ്ങളും ദൈവക്യപയില്‍ ആശ്രയിച്ചു വിശുദ്ധ പൗലോസ്‌ അപ്പോസ്ഥലനെ പോലെ നമ്മുക്കും പറയാന്‍ സാധിക്കട്ടെ. ഞാന്‍ അല്ല എന്നിലെ ദൈവകൃപയാണ്‌ അധ്വാനിച്ചത്‌.

നമ്മുക്കും ദൈവസന്നിധിയില്‍ നമ്മെ തന്നെ എളിമപെടുത്താം. സ്വയം തന്നെ തന്നെ ശൂന്യവത്കരിച്ചു ദാസന്റെ രൂപം ധരിച്ചു ഞങ്ങള്‍ക്ക്‌ മാതൃക കാട്ടിയ അങ്ങയുടെ വഴികള്‍ പിന്തുടരുവാന്‍ അവിടുത്തെ പിതാവിന്റെ ആത്മാവിനാല്‍ ഞങ്ങളെ നിറയ്ക്കണമേ. അങ്ങനെ ഞങ്ങള്‍ അങ്ങയെ പോലെ ദൈവഹിതം നിറവേറ്റുന്നവരാകുവാന്‍ ഇടയാക്കണമേ. ദൈവമാതാവേ, പരിശുദ്ധ അമ്മേ ദൈവഹിതപ്രകാരം ജീവിക്കുവാന്‍ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.
ആമേന്‍

ഇതുപോലെ തന്നെ നിങ്ങളും കല്‍പിക്കപ്പെട്ടവയെല്ലാം ചെയ്തതിനുശേഷം, ഞങ്ങള്‍ പ്രയോജനമില്ലാത്ത ദാസന്‍മാരാണ്‌; കടമ നിര്‍വഹിച്ചതേയുള്ളു എന്നു പറയുവിന്‍. (ലൂക്കാ 17 : 10)

BDJ

About Author

കെയ്‌റോസ് ലേഖകൻ