ഒരു നറുപുഞ്ചിരിയാണ് ജെറിന്‍
പുഞ്ചിരിക്കുന്ന മുഖത്തൊടെയാണ് ജെറിനെ എപ്പോഴും കാണുക. സെപ്റ്റംബര്‍ 21 ശനിയാഴ്ച, ജെറിന്റെ ഓർമ്മദിനത്തിൽ ലഭിച്ച കാർഡ് അലക്സ് വളരെ ഇഷ്ടത്തോടു കൂടി ഞങ്ങളുടെ പ്രയർ ടേബിളിൽ കൊണ്ടുവച്ചു. എല്ലാ ദിവസവും അവനാ കാർഡ് എടുത്തു നോക്കും. തിങ്കളാഴ്ച എക്സാം കഴിഞ്ഞു സ്കൂളിൽ നിന്ന് വന്ന് ആ കാർഡ് എടുത്ത് നോക്കിയിട്ട്, അവന്‍ എന്നോട് ചോദിച്ചു. അമ്മേ, ജെറിന്‍ ചേട്ടന്‍ എങ്ങിനെയാ മരിച്ചത്. പെട്ടെന്ന് അവൻ ചോദിച്ചപ്പോൾ ഒരു നിമിഷം അവിടെ എന്തു മറുപടി പറയണം എന്ന് ഞാൻ ആലോചിച്ചു. പെട്ടെന്ന് തന്നെ എന്റെ മനസ്സില് പരിശുദ്ധാത്മാവ് തോന്നിച്ചതാവാം…
ഇന്നത്തെ കാലഘട്ടത്തിലെ കുട്ടികളുടെ സ്ഥിരം പല്ലവിയാണ് ബോറടിക്കുന്നു എന്നു പറയുന്നത്. അത് കൊണ്ട് ഞാൻ അലക്സിനോട് ചോദിച്ചു. ചിലപ്പോൾ ഒക്കെ നീ പഠിക്കാൻ ബോറടിക്കുന്നു, കളിക്കുന്നത് ബോറടിക്കുന്നു എന്ന് പറയില്ല … അതുപോലെ സ്വർഗത്തിൽ ഈശോ മാലാഖമാരോടും വിശുദ്ധരോടും ഒക്കെ കൂടെ കളിച്ച്.. ഈശോയ്ക്ക് ബോറടിച്ചപ്പോൾ ഈശോ ഭൂമിയിൽ ഈശോയോട് കൂടെ കളിക്കാൻ പറ്റിയ ആരെങ്കിലും ഉണ്ടോ എന്ന് നോക്കി. ഈശോ അങ്ങനെ നോക്കിയപ്പോൾ ജെറിന്‍ ചേട്ടനെ കണ്ടു. ഈശോയ്ക്ക് വേണ്ടി ചേട്ടന്‍ ഒത്തിരി നല്ല കാര്യങ്ങൾ ചെയ്തിരുന്നു. ഈശോയെ ഒത്തിരി ഇഷ്ടമായതുകൊണ്ട് എല്ലാ ദിവസവും പള്ളിയിൽ പോകും.. പ്രാർത്ഥിക്കും… എല്ലാവർക്കും ഹെൽപ് ചെയ്യും… അങ്ങനെയുള്ള ഒരു കുഞ്ഞിനെ കണ്ടപ്പോൾ ഈശോയ്ക്ക് ഭയങ്കര ഇഷ്ടമായി. അങ്ങനെ ഈശോ ജെറിൻ ചേട്ടനെ സ്വർഗ്ഗത്തിലേക്ക് കളിക്കാൻ കൂട്ടിക്കൊണ്ടുപോയി.
ഉടനെ അവൻ എന്നോട് ചോദിച്ചു അമ്മേ.. ഹെവനിൽ വലിയ പ്ലേഗ്രൗണ്ട് ആണോ. അപ്പോൾ ഞാൻ പറഞ്ഞു അതെ ഹെവനിൽ വലിയ പ്ലേ ഗ്രൗണ്ടാണ്. അവിടെ ഈശോയും മാലാഖമാരും വിശുദ്ധരും ജെറിൻ ചേട്ടനും ഫുട്ബോൾ കളിക്കും. അലക്സിന് ഫുട്ബോൾ ഒത്തിരി ഇഷ്ടമാണ്. അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്. ഉടനെ അടുത്ത ചോദ്യം വന്നു. കളിയിൽ ആരാണ് ജയിക്കുന്നത്. ഞാൻ പറഞ്ഞു ചിലപ്പോൾ എയ്ഞ്ചൽസ് ടീം ജയിക്കും, ചിലപ്പോൾ ഈശോയുടെയും ജെറിൻ ചേട്ടന്റെയും വിശുദ്ധരുടേയും ടീം ജയിക്കും. പുള്ളിക്ക് ഭയങ്കര ഇഷ്ടായി. വീണ്ടും ചോദിച്ചു അമ്മേ…. അവിടെ വേറെ എന്തൊക്കെയുണ്ട്. അവിടെ ടിവി ഉണ്ടോ അവിടെ കാർ ഉണ്ടോ ഇതൊക്കെ അവന് ഇഷ്ടമുള്ള കാര്യങ്ങളാണ്. ഞാൻ പറഞ്ഞു ജെറിൻ ചേട്ടൻ ഡ്രൈവ് ചെയ്യാൻ ഭയങ്കര ഇഷ്ടമുള്ള ഒരു കുട്ടിയായിരുന്നു, അതുകൊണ്ട് ഈശോ ജെറിൻ ചേട്ടന് ഒരു ലംബോർഗിനി ആണ് കൊടുത്തിരിക്കുന്നത്. ഞാൻ അങ്ങനെ പറയാൻ കാരണം അലക്സ് എപ്പോഴും ലംബോർഗിനിയെ കുറിച്ച് പറയും. അവന്റെ ഫേവറിറ്റ് ആണ് അത്. ഞാൻ അവനോട് പറഞ്ഞു ചേട്ടൻ ലംബോർഗിനി ഓടിക്കുമ്പോൾ ഈശോ ജെറിന്‍ ചേട്ടന്റെ അടുത്ത് സീറ്റിലിരിക്കും. രണ്ടുപേരുംകൂടി വർത്തമാനം ഒക്കെ പറഞ്ഞ്…. നന്ദിയോടെ ഞാൻ സ്തുതി പാടിടും എന്റെ യേശുനാഥാ…… എന്ന പാട്ടും പാടി…. വണ്ടിയോടിക്കും. എന്ത് രസമാണല്ലേ….. ഞാനിത് പറയുമ്പോൾ…അവനെ ഒന്ന് നോക്കി… അവൻ ഒരു പുഞ്ചിരിയോടെ എന്തോ.. ആലോചിക്കുന്ന പോലെ നില്‍ക്കുന്നു…ഞാൻ പറയുന്ന കാര്യങ്ങൾ അവൻ വിഷ്വലൈസ് ചെയ്യുകയാണെന്ന് എനിക്ക് തോന്നി.അവൻ ചോദിച്ച ചോദ്യം അവൻ പാടെ മറന്നു പോയെന്ന് തോന്നി.. ഇതു മതി അവനുള്ള ഉത്തരം എന്ന് എനിക്കും തോന്നി. അവൻ ചിന്തിക്കുന്ന പോലെ… ഇതുപോലെ ചിന്തിക്കാൻ ആണ്… ഇപ്പോഴും എന്റെ മനസ്സിലും തോന്നുന്നുള്ളൂ.
ഒരു വ്യക്തിയുടെ അഭാവം വല്ലാത്തൊരു ശൂന്യതയായിരിക്കും നമ്മുടെ ഇടയിൽ ഉണ്ടാക്കുക. എന്നാൽ ജെറിൻ ഓരോ നിമിഷവും അവന്റെ പ്രസൻസ് നമ്മുടെ ഇടയിൽ നൽകിക്കൊണ്ടിരിക്കുന്നു. അവൻ ജീവിതകാലത്ത് ചെയ്ത ഓരോ നല്ല കാര്യങ്ങളും ആണ്… ഓരോ നിമിഷവും അവന്റെ സാന്നിധ്യം നമുക്ക് നൽകുന്നത്. അനുസ്മരണ യോഗത്തിൽ സെബാസ്റ്റ്യൻ അച്ഛൻ പറഞ്ഞതുപോലെ… ജെറിൻ നമ്മുടെ ഇടവകയിലെ കുഞ്ഞുങ്ങൾക്ക് ഒരു വെല്ലുവിളിയാണ്. ഇന്നത്തെ ഈ കാലഘട്ടത്തിൽ… ലോകത്തിന്റെ എല്ലാ പ്രശ്നങ്ങളിലും സുഖസൗകര്യങ്ങളിലും ജീവിക്കുന്ന യുവ തലമുറയ്ക്ക് ഒന്ന് ചിന്തിക്കാം…. ജെറിനെ പോലെ ഈശോയ്ക്ക് വേണ്ടി എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന്. ഈ കാലഘട്ടത്തിൽ ജീവിച്ച ഒരു വ്യക്തിയാണ് ജെറിനും… എന്നിട്ടും ഈശോയ്ക്ക് വേണ്ടി അവൻ എന്തൊക്കെ ചെയ്തോ…. അത് നമുക്കും ചെയ്യാൻ സാധിക്കും എന്ന് നമ്മുടെ കുഞ്ഞുങ്ങൾക്ക് അവൻ കാണിച്ചു തന്നു. അതുപോലെ അച്ഛൻ പറഞ്ഞു ജെറിന്റെ മാതാപിതാക്കൾ നമ്മുടെ ഇടവകയിലെ ഓരോ മാതാപിതാക്കൾക്കും വെല്ലുവിളിയാണ്. ശരിയാണ്… ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ ഒരു കുഞ്ഞിനെ വളർത്തി എന്നതാണ് അവർ നമ്മുടെ മുന്നിൽ വയ്ക്കുന്ന ഒരു വലിയ വെല്ലുവിളി. ലൂക്ക 2:52 ല്‍ പറയുന്ന പോലെ മാതാപിതാക്കളായ നമുക്കും നമ്മുടെ കുഞ്ഞുങ്ങളെയും, ഈശോയുടെയും മനുഷ്യരുടെയും പ്രീതിയിൽ വളർത്താനുള്ള കൃപയ്ക്കായി ജെറിന്റെ മാധ്യസ്ഥം യാചിച്ചുകൊണ്ട് അവനുവേണ്ടി ഇന്നേ ദിനം പ്രാർത്ഥിക്കാം.