ദൈവാലയങ്ങൾ വീണ്ടും തുറക്കേണ്ടിയിരുന്നില്ല!
ദൈവാലയങ്ങൾ വീണ്ടും തുറക്കേണ്ടിയിരുന്നില്ല! എന്ന് ചിന്തിച്ചുപോയ ആ നിമിഷത്തിന്റെ ഓർമ്മക്കായ്…
എന്തിന് ??? ഈശോ വീണ്ടും വീണ്ടും നിന്ദിക്കപ്പെടുന്നത് കാണാനോ?
ഈശോ വീണ്ടും വീണ്ടും അപമാനിക്കപ്പെടുന്നത് കാണാനോ ?
വർഷം 2019
സമയം രാവിലെ 8 .45 – അബുദാബിയിൽ വി.യൗസേപ്പിതാവിന്റെ ദേവാലയം – രാവിലെ 9 മണിയുടെ കുർബാന തുടങ്ങാൻ വെറും 15 മിനുട്ടുകൾ മാത്രം ബാക്കി. എൻ്റെ മനസ്സിലുള്ള പരിദേവനങ്ങൾ മുഴുവൻ ഈശോയോട് വാരിച്ചൊരിയുന്നതിനിടയിൽ എന്നെ മറികടന്ന് ഈശോ സ്കോർ ചെയ്തു.
ഈശോ പറയുന്നു, “നിനക്കറിയാമോ, ഇവിടെ കുർബാനക്കായി വന്നിരിക്കുന്നവരെല്ലാം എന്നെ സ്നേഹിക്കുന്നതുകൊണ്ടോ ബഹുമാനിക്കുന്നതുകൊണ്ടോ മാത്രം വന്നിരിക്കുന്നവരല്ല. എന്നെ അപമാനിക്കണം എന്ന ഉദ്ദേശത്തോടു കൂടി വന്നവരും ഇതിനകത്തുണ്ട്.”
പൊതുവെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ചുമ്മാ തിരിച്ചു ‘ചൊറിയണം’ എന്നത് രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നത് കൊണ്ട് കർത്താവാണെന്നും നോക്കാതെ തിരിച്ചു അപ്പൊ തന്നെ മറുപടി കൊടുത്തു. “എൻ്റെ കർത്താവേ, ചുമ്മാ അങ്ങ് കേറി തള്ളരുത്. നല്ല ചൂടുള്ള മരുഭൂമി. ഈ സമയത്തു വരാനും പോകാനും തന്നെ നല്ല ബുദ്ധിമുട്ട്. പിന്നെ ആകെ വിരലിലെണ്ണാവുന്ന ആളുകളെ പള്ളിക്കകത്തുള്ളൂ. അതും അമ്പതു വയസ്സിനോടടുത്തവർ.. കർത്താവിനെ സ്നേഹിക്കുന്നത് കൊണ്ട് മാത്രം മരുഭൂമിയിലെ ഈ ചൂടും സഹിച്ചു വന്നിരിക്കുന്നവർ, ഈ ഞാനടക്കം… അവരെ ഇങ്ങനെ അപമാനിക്കരുത്. അതുകൊണ്ടു കർത്താവേ, എന്തൊക്കെ പറഞ്ഞാലും എനിക്ക് അതു അംഗീകരിക്കാൻ നല്ല ബുദ്ധിമുട്ടുണ്ട്.” ഞാൻ ശക്തമായ ഭാഷയിൽ അപ്പൊ തന്നെ തിരിച്ചടിച്ചു. പക്ഷെ ഞാൻ എന്ന ‘കൃമി’ പറഞ്ഞ മറുപടി കേട്ടഭാവം പോലും വയ്ക്കാതെ ഈശോ പിന്നെയും പറഞ്ഞു തുടങ്ങി.
“അപ്പോൾ ഇവിടെ വന്നിരിക്കുന്നവർ പലരും എന്നെ അപമാനിക്കാൻ വന്നവരാണെന്നു പറഞ്ഞല്ലോ, അതുകൊണ്ടു നീ ഒരു കാര്യം ചെയ്യണം. വി. കുർബാനയുടെ ഏറ്റവും പ്രധാനപ്പെട്ട സമയത്തു നീ ഇങ്ങനെ പ്രാർത്ഥിക്കണം. ‘എൻ്റെ ദൈവമേ ഞാൻ അങ്ങിൽ വിശ്വസിക്കുന്നു. ഞാൻ അങ്ങേ ആരാധിക്കുന്നു. ഞാൻ അങ്ങിൽ ശരണപ്പെടുന്നു. ഞാൻ അങ്ങേ സ്നേഹിക്കുന്നു, അങ്ങിൽ വിശ്വസിക്കാത്തവർക്കും അങ്ങേ ആരാധിക്കാത്തവർക്കും അങ്ങിൽ ശരണപ്പെടാത്തവർക്കും ഞാൻ മാപ്പപേക്ഷിക്കുന്നു.’ – ഫാത്തിമ പ്രാർത്ഥന. ഇത് നീ ആ സമയത്തു തന്നെ പ്രാർത്ഥിക്കണം. എന്നെ സ്നേഹിക്കണം. അത് എനിക്ക് വളരെയധികം ആശ്വാസം നൽകും.”
കുറച്ചു സങ്കടത്തോടെയുള്ള ആ സ്വരം കേട്ടപ്പോൾ വിഷമം തോന്നിയെങ്കിലും ഈശോയോടു ഞാൻ ഇങ്ങനെ പറഞ്ഞു. ആ സമയത്തു മാത്രം നടക്കില്ല കർത്താവേ.. നിനക്കറിയാലോ ആ സമയത്താണ് ഞാൻ എൻ്റെ വക ശക്തമായ പ്രാർത്ഥനകളും അപേക്ഷകളും നടത്തുന്നത്. അത് പിന്നെ ഞാൻ എപ്പോ പ്രാർത്ഥിക്കും? ഒരു 32 വർഷങ്ങളായിട്ടുള്ള ചിട്ടയാണ്. അത് ഞാൻ വിചാരിച്ചാൽ പോലും എനിക്ക് മാറ്റാൻ സാധിക്കില്ല. ഞാൻ അറിയാതെ തന്നെ അത് ആ സമയത്തു നാവിൽ വരും. അത് മാറ്റിയാൽ പിന്നെ എനിക്ക് ഒരു മനഃസമാധാനവും ഉണ്ടാവില്ല. എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ പിന്നെ വേറെ ആരുണ്ട്?? എൻ്റെ കാര്യങ്ങളൊക്കെ ഞാൻ ഇനി എപ്പോ പറയും?? അത് കൊണ്ട് എന്നെ ഇതിൽ നിന്ന് മാത്രം ഒന്ന് ഒഴിവാക്കി തരണം. തികച്ചും ന്യായമായ കാരണം.
ഞാൻ മറുപടിക്കു വേണ്ടി കാതോർത്തു.. സ്വാഭാവികം.. തിരിച്ചു മറുപടി പോയിട്ട് ഒരു പ്രതികരണം പോലും ഇല്ല. ഒരു കാര്യം പുള്ളി തീരുമാനിച്ചുറച്ചാൽ പിന്നെ അവിടെ നിന്ന് പ്രത്യേകിച്ച് മാറ്റം ഒന്നും ഉണ്ടാവില്ല എന്ന് വർഷങ്ങളായിട്ടു അറിയാമെങ്കിലും പിന്നെയും കാതോർത്തിരുന്നു. വല്ലതും പറയുന്നുണ്ടോ? ഒന്നും പറയുന്നില്ല. എനിക്കാണെങ്കിൽ എന്തെങ്കിലും ഒന്നും പറയാതിരുന്നിട്ടു നാവൊക്കെ ചൊറിഞ്ഞു വരുന്നു. അത് കൊണ്ട് രണ്ടും കല്പിച്ചു ഞാൻ അടുത്ത അങ്കത്തിനിറങ്ങി.
ഞാൻ എൻ്റെ ഹൃദയം തുറന്നു. ഒരു പെരുമഴ പോലെ…. എൻ്റെ കർത്താവേ, ഇത് വലിയ കഷ്ടമാണ്. ഞാൻ ഇത് ഏറ്റെടുത്താൽ ഒരിക്കലും അത് മുടങ്ങാതെ ചെയ്യാൻ എനിക്ക് കഴിയില്ല. കാരണം എന്താണെന്നു ഞാൻ പറഞ്ഞുകഴിഞ്ഞു.
ഏറ്റെടുത്താൽ ഒരു ദിവസം മുടക്കം വന്നാൽ പിന്നെ അത് അനുസരണക്കേടാകും. എന്നെ ഇങ്ങനെ കഷ്ടപ്പെടുത്തരുത്. ഇതിനു പകരമായി വേറെ എന്തു വേണമെങ്കിലും ഞാൻ ചെയ്യാം. വി.കുർബാനയുടെ പ്രധാനപ്പെട്ട സമയം അത് എനിക്ക് വളരെ ആവശ്യമാണ്…..വീണ്ടും നീണ്ട നിശബ്തത….!
അപ്പോൾ അവസാന അടവെന്ന നിലയിൽ ഞാൻ എന്റെ ഒടുക്കത്തെ കുരുട്ടുബുദ്ധി പുറത്തെടുത്തു. “ശരി. ഞാൻ ആ സമയത്തു തന്നെ പ്രാർത്ഥിക്കാം, എനിക്ക് പരിപൂർണ്ണ സമ്മതം. പക്ഷെ ഒരു കാര്യമുണ്ട്, ഇപ്പൊ എന്നോട് സംസാരിക്കുന്നതു കർത്താവീശോ തന്നെയാണ് എന്നതിന് എന്താണുറപ്പ്? ഞാൻ കാണുന്നില്ല. ശബ്ദം മാത്രമേ ഉള്ളൂ. അതും എൻ്റെ തോന്നലായിക്കൂടെന്നില്ലല്ലോ? ചിലപ്പോ എനിക്ക് തോന്നുന്നതാണെങ്കിലോ? ഒരു തരം വിഭ്രാന്തി? (hallucination). അതുകൊണ്ടു ഞാൻ കർത്താവിന്റെ മുൻപിൽ ഒരു കരാർ വച്ചു.
എല്ലാ ദിവസവും കുർബാനക്ക് ഈശോ പറഞ്ഞ സമയത്തു ഞാൻ കൃത്യമായി പ്രാർത്ഥിക്കാം. പക്ഷെ ആ സമയത്തു കർത്താവ് തന്നെ എന്നെ അക്കാര്യം ഓർമിപ്പിച്ചു തരണം. ഈശോ കുർബാനയുടെ ആ സമയത്തു തന്നെ അപ്രകാരം പ്രാർത്ഥിക്കണം എന്ന് ഓർമിപ്പിച്ചാൽ ഈ സന്ദേശം ഈശോയിൽ നിന്ന് തന്നെയാണെന്ന് ഞാൻ ഉറപ്പിക്കാം. അല്ലെങ്കിൽ അത് സാത്താന്റെ ഒരു പ്രലോഭനം അല്ലെങ്കിൽ എനിക്ക് തോന്നിയതായിരിക്കാം എന്ന് ഞാൻ ഉറപ്പിക്കും.
അങ്ങനെ ഒരു കരാറിൽ ഒപ്പു വച്ചതോടു കൂടി എനിക്ക് ആകപ്പാടെ ഒരു സമാധാനം അനുഭവപ്പെട്ടു. കാരണം ഈശോ ഓർമിപ്പിച്ചാൽ ഞാൻ പ്രാർത്ഥിക്കും. അല്ലെങ്കിൽ അതെന്റെ വെറും തോന്നലാണ്. കുർബാന തുടങ്ങി… അന്ന് കൃത്യമായി കുർബാനയുടെ പ്രധാനപ്പെട്ട സമയത്തു കർത്താവെന്നെ ആ പ്രാർത്ഥന പ്രാർത്ഥിക്കാൻ ഓർമിപ്പിച്ചു. സ്വാഭാവികം… അന്ന് എന്തായാലും മറക്കാൻ സാധ്യതയില്ലല്ലോ. നാളെ നോക്കാം. നാളെ എന്തായാലും ഇതെന്റെ ഓർമയിൽ ഉണ്ടാകാൻ സാധ്യത കുറവാണ്. പക്ഷെ എന്റെ എല്ലാ മുൻവിധികളേയും കാറ്റിൽ പറത്തിക്കൊണ്ട് (12 -01 -2021) വരെ ഏകദേശം ഒന്നര വർഷത്തോളം വാക്കുപറഞ്ഞാൽ വാക്കുമാറാത്തവൻ ദിനവും കുർബാനയുടെ പ്രധാനപ്പെട്ട സമയത്തു തന്നെ എന്നെ കൃത്യമായി ഓർമിപ്പിക്കുമായിരുന്നു. ഇന്നും അത്ഭുതത്തോടേയും കണ്ണീരോടെയും അല്ലാതെ എനിക്ക് അത് ഓർക്കാൻ കഴിയില്ല. കാരണം ഈശോ അത് എത്ര മാത്രം ആഗ്രഹിച്ചിരുന്നു എന്ന് എനിക്ക് ഇന്നറിയാം.
12 -01 -2021
യേശുക്രിസ്തുവിനു വേണ്ടി ഞാൻ എന്തും ചെയ്യും (മറ്റുള്ളവരെക്കാൾ കൂടുതൽ) എന്ന എന്റെ അഹങ്കാരത്തിന് അടിയേറ്റ ആദ്യത്തെ ദിവസം.. പീഡാസഹനത്തെ കുറിച്ച് ധ്യാനിക്കുമ്പോഴൊക്കെ കുറച്ചു ദേഷ്യത്തോടെയും അഹങ്കാരത്തോടെയും വി.പത്രോസിനെ നോക്കികണ്ടിരുന്ന എന്നെ, ഞാനും ആ പീഡാസഹനസമയത്തെ പത്രോസിനെക്കാൾ എത്രയോ വലിയ ഭീരു ആണെന്ന് എന്നെ പഠിപ്പിച്ച ദിവസം!
തികച്ചും അലസമായിരുന്നു അന്ന്. പ്രത്യേകിച്ച് യാതൊരു വികാരവും ഇല്ലാതെ നേരെ പള്ളിയിൽ വന്നിരുന്നു. നിയോഗം പോലും ഓർമയിലില്ല. കണ്ണുകൾക്ക് ഭയങ്കര നിയന്ത്രണം ഉള്ളത് കൊണ്ട് പള്ളിയിൽ ഇരിക്കുന്ന എല്ലാവരെയും അടിമുടി വീക്ഷിച്ച് വായും പൊളിച്ച് കണ്ണും തള്ളി കുർബാന തുടങ്ങുന്നതും നോക്കി ഇരിപ്പായി.
കുർബാന തുടങ്ങിക്കഴിഞ്ഞാണ് ഞാൻ എൻ്റെ അപ്പുറത്തെ ബഞ്ചിൽ ഇരിക്കുന്ന ഒരു തൊപ്പിക്കാരനെ ശ്രദ്ധിക്കാൻ തുടങ്ങിയത്. വളരെ അലസമായ ഭാവം. പള്ളിയിലെ ഒരു ശുശ്രൂഷി വന്നു തൊപ്പി മാറ്റാൻ പറഞ്ഞു. അയാൾ തൊപ്പി മാറ്റി. പക്ഷെ ഒരു നിർജ്ജീവാവസ്ഥ. എന്റെ കുരുട്ടു ബുദ്ധി വീണ്ടും ജാഗ്രത്തായി. എന്റെ കണ്ണുകൾ രണ്ടും അയാൾക്ക് വേണ്ടി മാറ്റി വച്ചു.
കുർബാന എവിടെ എത്തിയെന്നോ, എന്താന്ന് ചൊല്ലുന്നതെന്നോ ഒന്നും ശ്രദ്ധിക്കാൻ പറ്റുന്നില്ല. കർത്താവാണെങ്കിൽ എന്റെ ആ പരിസരത്തു പോലും ഇല്ല. കാരണം എൻ്റെ ഈ വക കൈലിരിപ്പ് കാരണം അതായതു കുർബാന സമയത്തു ഞാൻ ഇതിലും വലിയ പ്രൊജെക്ടുകൾ ഏറ്റെടുക്കാറുള്ളത് കൊണ്ട് പുള്ളിയുടെ വക നല്ല തോണ്ടലും മാന്തലും കിട്ടാറുണ്ട്. എന്തായാലും ഇന്ന് കർത്താവ് എന്നെ ഒരു ശല്യവും ചെയ്യാതെ പൂർണ്ണ സ്വതന്ത്രയായി വിട്ടിരിക്കുകയാണ്. ഞാനാണെങ്കിൽ എന്റെ ജോലി വളരെ ഉഷാറോടെ ചെയ്തു കൊണ്ടിരിക്കുന്നു. അയാൾ ഇരിക്കുന്നുണ്ടോ, നിൽക്കുന്നുണ്ടോ? പ്രാർത്ഥിക്കുന്നുണ്ടോ, മുട്ട് കുത്തുന്നുണ്ടോ…..etc ഇതെല്ലാം ഒരു വേട്ടനായയുടെ ജാഗ്രതയോടെ ഞാൻ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു. എന്തായാലും ഒരു വിധം കുർബാന സ്വീകരണ സമയം ആയി.
ഞാൻ ഭക്തിപൂർവ്വം കുർബാന സ്വീകരിച്ചു. പക്ഷെ കണ്ണടച്ചില്ല. അയാളും കുർബാന സ്വീകരിച്ചു. പക്ഷെ അയാൾ ഈശോയെ കൈയിൽ പിടിച്ചിരിക്കുകയാണ്. നാവിൽ സ്വീകരിക്കുന്നില്ല. അതുകഴിഞ്ഞു ചുറ്റും നോക്കി അയാൾ ദിവ്യകാരുണ്യം അയാളുടെ പോക്കറ്റിലേക്ക് ഇട്ടു. എന്റെ കണ്ണ് രണ്ടും തള്ളി പുറത്തേക്കു വന്നു. അടിവയറ്റിൽ നിന്ന് എന്തൊക്കെയോ ഉരുണ്ടു കയറുന്നു.
എനിക്കെന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുൻപേ അത് വരെ ആ പരിസരത്തു പോലും ഇല്ലാതിരുന്ന എൻ്റെ ഈശോയുടെ ഹൃദയം തകർന്ന നിലവിളി ഞാൻ കേട്ടു. “ഞാൻ പറഞ്ഞപ്പോ നീ വിശ്വസിച്ചില്ലല്ലോ… ഇപ്പൊ നീ നിന്റെ കണ്ണുകൾ കൊണ്ട് കാണുന്നില്ലേ….” കണ്ണീരിൽ കുതിർന്ന മുഖവും ആ നിലവിളിയും കണ്ണുകളുടെ ദയനീയാവസ്ഥയും കണ്ട് ഞാൻ തകർന്നു. എൻ്റെ അഹം തകർന്നു. ഞാൻ എന്തൊക്കെയോ ആണ് എന്ന എന്റെ അഹം കളിമൺ കോട്ട പോലെ തകർന്നടിഞ്ഞു. ഞാൻ ആലില പോലെ വിറക്കാൻ തുടങ്ങി. എൻ്റെ കർത്താവിനെ “അവിശ്വസിക്കുക” എന്ന മഹാപാതകം ഞാൻ ചെയ്തിരിക്കുന്നു.
ഞാൻ ഇതു എഴുതുമ്പോഴും വിറക്കുകയാണ്. കാരണം എൻ്റെ ഈശ്ശോ വർഷങ്ങൾക്കു മുൻപ് പറഞ്ഞത് ഞാൻ അവിശ്വസിച്ചല്ലോ. ഈശോ പറഞ്ഞത് വിശ്വസിക്കാതിരുന്നല്ലോ എന്നോർത്ത്.
അയാളെ പിടിക്കണം എന്ന് ഞാൻ ഉറപ്പിച്ചു. അങ്ങനെയെങ്കിലും എൻ്റെ അവിശ്വാസത്തിനു പരിഹാരം ചെയ്യാൻ ഞാൻ തീരുമാനിച്ചു. എന്നിലെ അഹങ്കാരി ഉണർന്നു. ആ നിമിഷം തന്നെ പള്ളിയിലെ മൈക്ക് എന്തോ ശക്തമായ ശബ്ദം പുറപ്പെടുവിക്കുകയും സ്പീക്കർ എൻ്റെ അടുത്ത് ഇരുന്നത് കൊണ്ട് അയാൾ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുകയും എന്നെ കാണുകയും ചെയ്തു.
“തീ” പോലെയുള്ള നോട്ടം. അത് കണ്ടു ഞെട്ടി വിറച്ചപ്പോൾ എൻ്റെ അകത്തു ഒളിച്ചിരുന്ന പത്രോസ് ഉണർന്നു ‘ഷാരോൺ ടൈറ്റിനെ’ (ചെറുത്തുനിൽപ്പിനിടെ മൃഗീയമായി കുത്തി മുറിവേറ്റു വധിക്കപ്പെട്ട അമേരിക്കൻ സിനിമാ നായിക) ഓർമ്മപ്പെടുത്തി. അപ്പോൾ തന്നെ സ്വന്തമായിട്ടുള്ള ഒരു ആക്രമണത്തിൽ നിന്ന് ഞാൻ പിൻവാങ്ങി. കുറെ മലയും ഊടുവഴിയും ഒരാളെ കൊന്നു ഇട്ടാൽ പോലും പെട്ടന്ന് അറിയാൻ സാധ്യത ഇല്ലാത്ത എൻ്റെ വക വഴികൾ ഞാൻ തന്നെ കണ്ടു പിടിച്ചു അതിലൂടെയാണ് ദിവസവും കറക്കം. ഒരു മരണ സാധ്യത കുറയ്ക്കാൻ വേണ്ടി പള്ളി ശുശ്രൂഷിയോട് ഇത് പറയാൻ വേണ്ടി ഞാൻ കുതിച്ചു.
അത്ഭുതമെന്നേ പറയേണ്ടു, ദിവസവും ആരെങ്കിലുമൊക്കെ എപ്പോഴും ഉണ്ടാകുന്നിടത്തു അന്ന് ആരുമില്ല. എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുമ്പോൾ എന്റെ ഒരു സുഹൃത്ത് വരുന്നു. അദ്ദേഹത്തോട് കാര്യം പറഞ്ഞു ആളെ ചൂണ്ടിക്കാണിച്ചു കൊടുക്കുകയും ചെയ്തു. തൊപ്പിക്കാരന്റെ പിന്നാലെ അവനെ പിടിക്കാൻ വേണ്ടി അദ്ദേഹം പോകുകയും ചെയ്തു. എനിക്ക് വളരെയധികം ആശ്വാസം അനുഭവപെട്ടു. പോയ ആൾ ജീവൻ പോയാലും തൊപ്പിക്കാരനെ പിടിക്കും എന്ന് എനിക്ക് നൂറു ശതമാനം ഉറപ്പായിരുന്നു. വളരെ സന്തോഷത്തോടെയും അതിലേറെ അഹങ്കാരത്തോടെയും ഞാൻ പാട്ടും പാടി വീട്ടിലേക്കു നടന്നു. ഒരു മഹാകാര്യം ചെയ്ത ഭാവത്തോടെ.
വീട്ടിലെത്തി ഉടൻ ഞാൻ അദ്ദേഹത്തോട് വിളിച്ചു ചോദിച്ചു.
ഈശോയെ തിരിച്ചു പള്ളിയിൽ കൊടുത്തോ? അച്ചൻ എന്ത് പറഞ്ഞു? കാരണം അദ്ദേഹം പിടിക്കും എന്നുള്ളത് ഉറപ്പാണല്ലോ. പക്ഷെ അദ്ദേഹത്തിന് പിടിക്കാൻ കഴിഞ്ഞില്ല. അയാൾ ദിവ്യകാരുണ്യവും കൊണ്ട് ഓടിപ്പോയി.
അദ്ദേഹത്തിന്റെ മറുപടി എൻ്റെ മുഖത്തു രണ്ടു കണ്ണീർച്ചാലുകൾ തുറന്നു. ദിവസങ്ങളോളം അത് ഒഴുകികൊണ്ടേയിരുന്നു. ഞാൻ പിന്നെയും അതിദാരുണമായി തോല്പിക്കപ്പെട്ടിരിക്കുന്നു. ക്രൂശിതനേ, നീ പിന്നെയും പിന്നെയും എന്നെ തോൽപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഞാൻ പൂർണ്ണമായും തോൽവി സമ്മതിച്ചു. കുർബാനയുടെ പ്രധാന സമയത്തു ഒന്നോ രണ്ടോ തവണ ചൊല്ലി സ്നേഹിക്കാൻ പറഞ്ഞതിന് പകരമായി ദിനവും അതിൻ്റെ എത്രയോ ഇരട്ടി സ്നേഹിക്കാൻ ഞാൻ തീരുമാനിച്ചു. അത് ഒന്നും ഒരിക്കലും എന്റെ “അവിശ്വാസം” എന്ന പാപത്തിനു പരിഹാരം ആവില്ല എങ്കിലും… ഒരു സമാധാനത്തിന്!
കുറച്ചു സമയം കഴിഞ്ഞു എൻ്റെ പത്താം ക്ളാസ്സുകാരിയായ മകളോട് ഞാൻ അന്ന് സംഭവിച്ച കാര്യങ്ങൾ വിശദമായി പറഞ്ഞു. അപ്പോ തന്നെ മറുപടി വന്നു. You lost a chance to make a Martyr ! (സ്ത്രീയെ… നിങ്ങൾ രക്തസാക്ഷി ആകാനുള്ള ഒരു സുവർണ്ണാവസരം നഷ്ടപ്പെടുത്തിയിരിക്കുന്നു….പമ്പര വിഡ്ഢി എന്ന് വിളിച്ചില്ല ഭാഗ്യം… ) അവളെയും പൂർണ്ണമായി കുറ്റം പറയാൻ പറ്റില്ല. കാരണം അവസരം കിട്ടുമ്പോഴെല്ലാം നീ ഒരു രക്തസാക്ഷിണിയായി മരിക്കണം എന്ന് പുട്ടിന് പീര പോലെ ഞാൻ ഉപദേശിക്കാറുണ്ടായിരുന്നു. അത് ഒരു ബൂമറാങ് പോലെ തിരിച്ചു വന്നതാണ്. ശുഭം! കൂടുതലൊന്നും പറഞ്ഞില്ല.
എന്തായാലും എനിക്ക് കിട്ടിയ അടുത്ത സന്ദർഭത്തിൽ ഇത് ഞാൻ കുമ്പസാരത്തിൽ ഏറ്റു പറഞ്ഞു. അപ്പോൾ ബഹുമാനപ്പെട്ട വൈദീകൻ പറഞ്ഞ മറുപടി ഈശോ എന്നോട് ആദ്യമേ പറഞ്ഞത് തന്നെയായിരുന്നു. ഈശോയെ മറ്റുള്ളവർ ദ്വേഷിക്കുന്നതിന് പകരമായി നമ്മൾ ഈശോയെ അവർക്കും കൂടി പകരമായി സ്നേഹിക്കുക. അത് മാത്രം മതി ഈശോയ്ക്കെന്ന്. കുമ്പസാരക്കൂട്ടിൽ ഇരിക്കുന്നതും ഈശോയാണെന്ന് അപ്പോൾ എന്നെ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുകയായിരുന്നു. ആ വൈദികനിലൂടെ.
ലോകമെമ്പാടുമുള്ള ദിവ്യകാരുണ്യം നിന്ദിക്കപ്പെടുന്നതിനും പരിഹസിക്കപ്പെടുന്നതിനും അപമാനിക്കപ്പെടുന്നതിനും പരിഹാരമായി,
“എൻ്റെ ദൈവമേ ഞാൻ അങ്ങിൽ വിശ്വസിക്കുന്നു.
ഞാൻ അങ്ങേ ആരാധിക്കുന്നു.
ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
ഞാൻ അങ്ങേ സ്നേഹിക്കുന്നു,
അങ്ങിൽ വിശ്വസിക്കാത്തവർക്കും അങ്ങേ ആരാധിക്കാത്തവർക്കും
അങ്ങിൽ ശരണപ്പെടാത്തവർക്കും ഞാൻ മാപ്പപേക്ഷിക്കുന്നു”
നമുക്കൊരുരുത്തർക്കും നമ്മുടെ ഈശോയെ ഹൃദയത്തോട് ചേർത്ത് പിടിച്ചു സ്നേഹിക്കാൻ കഴിയട്ടെ.
സ്വന്തം ജീവനേക്കാൾ കൂടുതലായി, നിറഞ്ഞ മനസോടെ, നനഞ്ഞ മിഴികളോടെ, അതിലുപരി ഹൃദയം നിറഞ്ഞ നന്ദിയോടെ…
ഈശോയെ നേരാംവണ്ണം സ്നേഹിക്കാൻ അറിയാതെ പോയ ഒരു പാവപ്പെട്ട ആത്മാവ്….
ഞാൻ നിങ്ങളെ സ്‌നേഹിച്ചു. എന്നാൽ, നിങ്ങൾ ചോദിക്കുന്നു: എങ്ങനെയാണ് അങ്ങ് ഞങ്ങളെ സ്‌നേഹിച്ചത്?
മലാക്കി 1 : 2 🙏🙏🙏
സ്മിത ബിജു
അബുദാബി ജീസസ് യൂത്തിൻ്റെ ഭാഗമാണ്. അക്കൗണ്ടൻ്റ് ആയി ജോലി ചെയ്യുന്നു. ഭർത്താവിനോടും മകളോടും ഒപ്പം അബുദാബിയിൽ താമസിക്കുന്നു.