ജെറിൻ നമ്മളിൽ നിന്ന് അകന്നിട്ട് ഒരു വർഷം, തട്ടിൽ പിതാവിന്റെ ഓർമ്മകുറിപ്പ്
സ്‌നേഹമുള്ള ജെറിന്‍ വാകയിൽ,
അപ്പച്ചനും അമ്മച്ചിയും അറിയുവാനായി തട്ടില്‍ പിതാവ് ജെറിനെക്കുറിച്ചുള്ള ചില ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ്. ഞാന്‍ ജെറിനെ പരിചയപ്പെടുന്നത് പ്രധാനമായിട്ടും ജീസസ് യുത്തുമായി ബന്ധമെട്ട ചില കാര്യങ്ങളിലാണ്. കൂടാതെ എന്റെ പല യൂട്യൂബ് ടോക്കുകളും ജെറിന്‍ കേട്ടിട്ടുണ്ട്. അതിനെക്കുറിച്ച് ജെറിന്‍ അഭിനന്ദനങ്ങള്‍ പറയാറുണ്ട്. യൂട്യൂബിലൂടെ പിതാവ് ടോക്ക് നല്‍കുന്നത് ഒരുപക്ഷേ സ്വര്‍ഗരാജ്യം പടുത്തുയര്‍ത്തുന്നതിന് പിതാവ് നല്‍കുന്ന സംഭാവനയാണെന്ന് പറഞ്ഞ് അവനെന്നെ പ്രോത്സാഹിപിച്ചിട്ടുണ്ട്. ജെറിന്‍ ഒരു ബിടെക് എഞ്ചിനീയര്‍ ആയിരുന്നു. ബിടെക് പൂര്‍ത്തിയാകിയത് 2023 ലാണ്.
അവന്റെ ഏറ്റവും വലിയ സ്നേഹം ഈശോയോടായിരുന്നു. ഈശോയെ മറ്റുള്ളവരെ അറിയിക്കാനായി മീഡിയ ഉപയോഗിക്കാന്‍ വളരെയേറെ ഇഷ്ടമായിരുന്നു. അതിനുവേണ്ടി ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഏറ്റവും വലിയ പ്രത്യേകത, തമ്പുരാൻ തന്ന താലന്തുകള്‍ വര്‍ധിപ്പിച്ച കഠിനാധ്വാനിയും വിവേകിയുമായ ദാസനുമാണ് എന്നതാണ്. ദൈവരാജ്യം പടുത്തുയര്‍ത്തുവാനും പ്രഘോഷിക്കുവാനും ജെറിന്‍ ഒരുപാട് അധ്വാനിച്ചിട്ടുണ്ട്. മരണം ഇത്ര പെട്ടെന്ന് ഉണ്ടാകുമെന്ന് ആരും കരുതിയിട്ടില്ല. വളരെ പെട്ടെന്നാണ് ജെറിന്‍ കടന്നുപോയത്.
ബാംഗ്ലൂരില്‍വച്ച് നടത്തിയ ജീസസ് യൂത്തിന്റെ നാഷണല്‍ കോണ്‍ഫറന്‍സ് ജാഗോയ്ക്ക് വേണ്ടി പോസ്റ്റര്‍ ഉണ്ടാക്കുവാനും അതിന്റെ പ്രചാരണത്തിന് മാധ്യമങ്ങള്‍ ഉപയോഗിക്കാനുമൊക്കെ ജെറിന്‍ വളരെ കഷ്ടപ്പെട്ടിട്ടുണ്ട്.
അവന്റെ ശക്തിയുടെ സ്രോതസ്സ് വിശുദ്ധ കുര്‍ബാനയാണെന്ന് എനിക്കറിയാമായിരുന്നു. കുര്‍ബാനയില്‍ പങ്കുകൊള്ളാതെ അവൻ ഒന്നും ചെയ്യാറില്ല. രാവിലെ എഴുന്നേറ്റാല്‍ ആദ്യം കുര്‍ബാനയ്ക്ക് പോകും. കുര്‍ബാനയ്ക്ക് പോയിട്ട് കര്‍ത്താവിനെ കാണുകയും സ്വീകരിക്കുകയും ചെയ്താലല്ലാതെ മറ്റൊരു ജോലികളിലും ഇടപെടാറില്ല. ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ കോവിഡ് കാലഘട്ടത്തില്‍ അവന്‍ പരിശുദ്ധ സുവിശേഷവും കുര്‍ബാനയുമൊക്കെ മറ്റുള്ളവരെ അറിയിക്കുവാന്‍ ഒരുപാട് പരിശ്രമിച്ചിട്ടുണ്ട്. ഇന്ത്യയുടെ കാര്‍ലോ അക്വിറ്റസ് എന്ന് ജെറിനെ ചിലര്‍ വിശേഷിപ്പിച്ചത് കേട്ടപ്പോള്‍ എനിക്ക് തോന്നിയത് അതില്‍ അതിശയോക്തിയൊന്നുമില്ലെന്നായിരുന്നു.
കര്‍ത്താവിന്റെ സുവിശേഷവും സുവിശേഷമുല്യങ്ങളും എല്ലാവരെയും അറിയിക്കുവാന്‍ ജെറിന്‍ ചെയ്തിട്ടുള്ള കഠിനാധ്വാനം ദൈവതിരുസന്നിധിയില്‍ അവനെ വിലപ്പെട്ടവനാക്കുമെന്ന് എനിക്കുറപ്പുണ്ട്. ജെറിനെ ദൈവസന്നിധിയില്‍ മഹത്വപ്പെടുത്തുവാന്‍ കര്‍ത്താവ് ഇടയാക്കണമേയെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. ജെറിന്റെ മരണം സ്വര്‍ഗത്തിലെ അവന്റെ ജന്മമായിട്ടാണ് നമ്മള്‍ കരുതേണ്ടത്. നമുക്ക് ജെറിന്‍ നമ്മുടെ മധ്യത്തില്‍ നിന്ന് നഷ്ടപ്പെട്ടുവെന്ന് തോന്നലുണ്ടെങ്കില്‍ സ്വര്‍ഗത്തിലെ വിശുദ്ധരുടെ കുട്ടായ്മയില്‍ പുതുജന്മം പ്രാപിച്ചു എന്നാണ് മനസ്സിലാക്കേണ്ടത്. ജെറിന് നിത്യസമ്മാനം നേരുന്നു. കര്‍ത്താവ് ജെറിനെ സ്വര്‍ഗത്തില്‍ വലതുവശത്ത് ഇരുത്തട്ടെ.
സ്നേഹത്തോടെ,
മാര്‍ റാഫേല്‍ തട്ടില്‍,
മേജര്‍ ആര്‍ച്ച്‌ബിഷപ്, സീറോമലബാര്‍ സഭ
ജെറിന്‍ നമ്മളില്‍നിന്നകന്നിട്ട് സെപ്റ്റംബര്‍ 26 ന് ഒരുവര്‍ഷം തികയുന്നു. ഞങ്ങളില്‍ നിന്നകുന്ന ഒരു കുടുംബാംഗമെന്ന നിലയില്‍ കെയ്റോസ് ഫാമിലിയിലെ എല്ലാവരുടെയും ആത്മാര്‍ഥമായ പ്രാര്‍ഥനകള്‍ ജെറിനായി ഞങ്ങളര്‍പ്പിക്കുന്നു. ഒഷം ജെറിന്റെ പപ്പാ തോബിയാസിനെയും അമ്മ ബ്ലെസ്സിയെയും അനുജന്‍ ജോയലിനെയും ഞങ്ങള്‍ പ്രാര്‍ഥനയില്‍ ഓര്‍ക്കുന്നു. ജെറിന്‍ സ്വര്‍ഗത്തിലിരുന്ന് നമുക്കായി പ്രാര്‍ഥിക്കുന്നു എന്നോര്‍ക്കുമ്പോള്‍ ഹൃദയം പ്രത്യാശയാല്‍ നിറയുന്നു. ഞങ്ങള്‍ക്കുമുമ്പേ നാഥന്റെയടുക്കലെത്തിയ പ്രിയ ജെറിന്‍, ഈശോയുടെമുമ്പില്‍ ഞങ്ങളെയും ഓര്‍ക്കണമേ…
കെയ്റോസ് കുടുംബാംഗങ്ങള്‍