നമുക്കുമാകാം ശക്തരും ധീരരും
സഹനങ്ങൾ വളരെ അത്ഭുതകരമായ രീതിയിലാണ് നമ്മെ ധൈര്യപ്പെടുത്തുന്നത്. സഹനങ്ങളിലൂടെ ധൈര്യപ്പെടുന്നവരുടെ വാക്കിനും നോക്കിനും ചുവടുകൾക്കും കാരിരുമ്പിനേക്കാൾ ശക്തിയുണ്ടാകും. പൊതുവേ സഹനങ്ങളെ കഷ്ടപ്പാടുകളായും വിഷമത്തോടെയുമാണ് പലരും കാണുന്നതും അഭിമുഖീകരിക്കുന്നതും. സത്യത്തിൽ സഹനങ്ങൾ നമ്മെ സഹായിക്കുന്നവയാണ്. നമുക്ക് സങ്കൽപ്പിക്കാൻ കഴിയാത്തത്രയും ധൈര്യശാലികളായി നാം മാറുന്ന സമയം. ഇതെങ്ങനെ സംഭവിക്കുന്നുവെന്നത് അനുഭവിച്ചു തന്നെ അറിയണം. കൊല്ലൻറെ പണിപ്പുരയിലെ അഗ്നികുണ്ഡത്തിൽ പാകപ്പെടുന്ന ആയുധം കണക്കെയാണ് സഹനങ്ങളിൽ രൂപപ്പെടുന്ന മനുഷ്യരും. തീയിൽ മുളച്ചത് വെയിലത്ത് വാടില്ലല്ലോ.
ഇതെങ്ങനെ സംഭവിക്കും എന്ന ചോദ്യവുമായി ദൈവദൂതനെ അഭിമുഖീകരിക്കുമ്പോൾ ഒരായിരം ചോദ്യങ്ങളും അതിലേറെ അസ്വസ്ഥതകളും അപമാനഭീതിയും പേറിയാണ് പരിശുദ്ധ കന്യകാമറിയം യേശുവിനെ ഉദരത്തിൽ വഹിച്ചത്. അത്യുന്നതന്റെ ശക്തി നിന്റെമേൽ വസിക്കും എന്നുള്ള ഒരു ഉറപ്പായിരുന്നു അമ്മയെ ബലപ്പെടുത്തിയത്. ഇതുതന്നെയാണ് മനുഷ്യരുടെ ജീവിതത്തിലും സംഭവിക്കുന്നതും സംഭവിക്കേണ്ടതും. ദൈവത്തിൻറെ കണ്ണുകളിലേക്ക് നോക്കുന്നവർക്കാണ് സഹനങ്ങൾക്കിടയിലും എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്നുള്ള ഉൾക്കാഴ്ച ലഭിക്കുന്നത്.
ഇവിടെ കാണുന്ന ചിത്രം ഒക്ടോബർ മാസത്തെ കെയ്റോസ് ബഡ്സിന്റെ കവർചിത്രത്തിൻ്റേതാണ്. ഇതുപോലുള്ള പ്രചോദനാത്മകമായ ചിന്താശകലങ്ങളും കഥകളുമാണ് കുട്ടികൾക്കായുള്ള കെയ്റോസ് ബഡ്‌സ് മാസികയിൽ ഓരോ മാസവും നിറയുന്നത്.
ചെറുതും വലുതുമായ സഹനങ്ങളൊന്നും നമുക്ക് വിട്ടുകളയാതിരിക്കാം. ചെളിയിൽ നിന്ന് താമരയെന്നപോലെ പൊട്ടിപ്പൊളിഞ്ഞ് തകർന്ന വിത്തിൽ നിന്ന് പുതുനാമ്പുകൾ എന്നപോലെ, അഗ്നിയിൽ സ്ഫുടം ചെയ്ത സ്വർണം പോലെ…സഹനങ്ങളിലൂടെ നമ്മളും ശക്തരും ധീരരുമാകുന്നു.