January 22, 2025
Stories

ഇക്കോളജിക്കൽ സ്പിരിച്വാലിറ്റി അനിവാര്യമോ?

  • September 23, 2024
  • 1 min read
ഇക്കോളജിക്കൽ സ്പിരിച്വാലിറ്റി അനിവാര്യമോ?

‘ദൈവവുമായി മാത്രമല്ല,മനുഷ്യനോടും നമ്മോട് തന്നെയും സൃഷ്ടിയോടും പ്രകൃതിയോടും ചേർന്ന് എങ്ങനെ ഐക്യത്തിൽ ജീവിക്കാനാകുമെന്ന് ഗൗരവപൂർണമായി ധ്യാനിക്കുവാൻ നമുക്ക് സാധിക്കട്ടെ ‘എന്ന പ്രാർത്ഥനയോടെയാണ് ഫ്രാൻസിസ് പാപ്പ ലൗദാത്തോ സി എന്ന ചാക്രികലേഖനം ഉപസംഹരിക്കുന്നത്. പ്രകൃതിയെ കുറിച്ചുള്ള ഒരു വീണ്ടുവിചാരത്തിന്റെ സമയം അതിക്രമിച്ചു എന്ന ഓർമ്മപ്പെടുത്തലുകളാണ് ഈ നാളുകളിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഒന്നിരുണ്ടു വെളുത്തപ്പോൾ ജീവന്റെ മറുതീരത്തേക്ക് എത്തപ്പെട്ട നമ്മുടെ സഹോദരങ്ങൾ, മരിച്ചതിനു തുല്യം ജീവിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവർ… നോവിന്റെ കനലായി ഉള്ളിൽ പുകയുന്ന പ്രിയ സോദരർക്ക് പ്രണാമം.

മലയാളിക്കെന്നും കുളിർമയുള്ള ഓർമ്മയായിരുന്നു വയനാട്. പ്രകൃതിഭംഗി കൊണ്ടും വശ്യമായ വനസൗന്ദര്യം കൊണ്ടും ഗ്രാമീണ നിഷ്കളങ്കത കൊണ്ടും സഞ്ചാരികളുടെ പറുദീസ. കേരളത്തെ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് വിളിച്ചത് വയനാടിനെ കണ്ടിട്ടാണോ എന്ന് പോലും ചിന്തിച്ചു പോകും. കണ്ണടച്ച് യാത്ര ചെയ്യുമ്പോൾ പോലും കുളിർമയുള്ള വയനാടൻ കാറ്റ് താമരശ്ശേരി ചുരത്തിൽ യാത്രക്കാരെ തഴുകാനായി കാത്തുനിൽക്കുന്നു. ആ കുളിർ തെന്നലിന്റെ സ്പർശനത്തിൽ വയനാട് എത്തിയെന്ന് ഉറക്കത്തിൽ പോലും തിരിച്ചറിയാൻ സാധിക്കുന്നു. ഇന്ന് വയനാട് ഒരു കനലോർമ്മയായി, കണ്ണീരോർമ്മയായി നെഞ്ചുപൊള്ളിക്കുന്നു.

വയനാട്ടിലെ മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒറ്റരാത്രികൊണ്ട് ഒരു പ്രദേശം ഒന്നാകെ ഇല്ലാതായി. നൂറുകണക്കിന് ജീവിതങ്ങൾ പൊലിഞ്ഞു. ഒരായുസ്സിന്റെ സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ട് ജീവനും ഉടുതുണിയും മാത്രമായി രക്ഷപ്പെട്ട അനേകർ… ഒന്നുറങ്ങി എഴുന്നേറ്റപ്പോൾ നെയ്തുകൂട്ടിയ സ്വപ്നങ്ങളും ഉറ്റവരും ഉടയവരും കിടപ്പാടവും നഷ്ടപ്പെട്ടെന്ന യാഥാർത്ഥ്യത്തിനു മുൻപിൽ പകച്ചു നിൽക്കുന്ന ഒരുകൂട്ടം മനുഷ്യർ. ചൂരൽ മലയിൽ നിന്നും പൊട്ടിയിറങ്ങിയത് കണ്ണീർ പുഴയാണ്. ഒരു നാടിനെ ഒന്നാകെ കണ്ണീരിൽ ആഴ്ത്തിയ പുഴ. ആ സംഹാരതാണ്ഡവത്തിൽ നിൽക്കാൻ ആവാതെ നിസ്സഹായരായിപ്പോയ ഒരു ജനത. ഈ ദുരന്തത്തിനുമുമ്പിലും എന്ത് സഹായവും ചെയ്യാൻ തയ്യാറായി നിൽക്കുന്ന ഒരു കൂട്ടം നല്ല മനുഷ്യർ, ജീവൻ പോലും പണയം വെച്ച് രാപകൽ രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്ന മിലിറ്ററിയും ഫയർഫോഴ്സും പോലീസ് സേനയും സന്നദ്ധ പ്രവർത്തകരും നൽകുന്ന പ്രത്യാശ ചെറുതല്ല. . പ്രളയവും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും എല്ലാം ഇന്ന് നമ്മുടെ കൊച്ചു നാടിനെ ദൈവത്തിന്റെ നാട് അല്ലാതാക്കിയിരിക്കുന്നു. കവി പാടിയത് പോലെ “എല്ലാം മറന്നൊന്നുറങ്ങിയ രാവുകൾ എന്നേക്കുമായി അസ്തമിച്ചു പോയി ” എന്ന അവസ്ഥയിലാണിന്ന് മലയാളമണ്ണ്.

കർണാടകയിലെ മണ്ണിടിച്ചിൽ ഇനിയും തിരിച്ചു കിട്ടാത്ത അർജുനും കവളപ്പാറയിൽ പൊലിഞ്ഞ ജീവനുകളും ജീവിതവും ഇന്നത്തെ ഈ മുണ്ടക്കൈ ദുരന്തവുമെല്ലാം എന്തൊക്കെയോ നമ്മോടു പറയുന്നില്ലേ? ഇനിയും ഇത്തരം ദുരന്തങ്ങളെ താങ്ങാനുള്ള ത്രാണി നമുക്കില്ല എന്ന സത്യം നമുക്ക് തിരിച്ചറിയാം. എല്ലാ പ്രകൃതിദുരന്തങ്ങൾക്കും കാരണം കർഷകനാണെന്നും കുടിയേറ്റമാണെന്നും ആരോപിച്ചും എല്ലാം നഷ്ടപ്പെട്ടവനുള്ള സഹായത്തിൽ നിന്നും കയ്യിട്ടു വാരിയെന്നും ഇല്ല എന്നും പറഞ്ഞും ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി പോകാൻ നമുക്കിനി സമയമില്ല. മണ്ണിൽ നിന്നും പൊന്നു വിളയിക്കുന്ന, നമുക്ക് അന്നമേകുന്ന കർഷകനെ നമുക്ക് എങ്ങനെ കുറ്റപ്പെടുത്താനാകും? ആ പാവങ്ങളുടെ മേൽ പഴിചാരുന്നതിനു മുമ്പ് ചില സത്യങ്ങളിലേക്ക് നാം കണ്ണ് തുറക്കേണ്ടതുണ്ട്. മരങ്ങൾ ഇടതൂർന്ന വനപ്രദേശമാണ് ഈ ദുരന്തത്തിന്റെ പ്രഭവ കേന്ദ്രം. വയനാടും ഇടുക്കിയും മൂന്നാറുമെല്ലാം വിനോദസഞ്ചാരികൾക്കേറെ പ്രിയപ്പെട്ട ഇടങ്ങളാണ്. ഇവിടെയെല്ലാം അനധികൃത നിർമ്മാണങ്ങൾക്ക് അനുമതി കൊടുക്കുന്നത് ആരാണ്? പ്രകൃതിക്ക് താങ്ങാൻ ആവാത്ത ആഘാതം ഉണ്ടാക്കിയത് ആരാണ്? ടൂറിസത്തിന്റെ പേരും പറഞ്ഞു കൂണുപോലെ മുളച്ചു പൊങ്ങുന്ന കെട്ടിടനിർമ്മാണങ്ങൾക്ക് കടിഞ്ഞാൺ ഇടാൻ മാറിമാറി വരുന്ന ഭരണകൂടങ്ങൾക്ക് എന്തുകൊണ്ട് കഴിയുന്നില്ല? ജലബോംബായി തലയ്ക്കു മീതെ നിൽക്കുന്ന മുല്ലപ്പെരിയാർ പ്രശ്നത്തിന് ഒരു പരിഹാരം കാണാൻ നമുക്ക് ആളില്ല. കാലഹരണപ്പെട്ടു എന്ന് ശാസ്ത്രം തന്നെ വിധിയെഴുതിയ മുല്ലപ്പെരിയാർ പ്രശ്നത്തിൽ ഇടപെടാനോ ഒരു ശാശ്വത പരിഹാരം കണ്ടെത്താനോ കഴിയാത്ത ഭരണകൂടങ്ങൾ ഇവിടുത്തെ ജനങ്ങളെ വെറും വോട്ടുബാങ്ക് ആയി മാത്രമാണോ കാണുന്നത് ? പേപ്പട്ടിയെ കൊന്നാൽ പോലും ഉറഞ്ഞുതുള്ളുന്ന മൃഗസ്നേഹികൾ ഒരുപറ്റം മനുഷ്യരുടെ ജീവനു വേണ്ടിയുള്ള നിലവിളി കേൾക്കുന്നില്ല. പുരയ്ക്കു മീതെ ചാഞ്ഞുനിൽക്കുന്ന മരത്തിന്റെ ചില്ല വെട്ടിയാൽ വാളെടുക്കുന്ന കപട പരിസ്ഥിതിവാദികൾക്കും ഈ പാരിസ്ഥിതിക പ്രശ്നത്തിൽ ശക്തമായ നിലപാട് എടുക്കാൻ കഴിയുന്നില്ല. മനുഷ്യത്വവും സുബോധവും ഉള്ളിൽ അവശേഷിക്കുന്ന മനുഷ്യരൊന്നു ചേരുക, പ്രതിരോധിക്കുക.. ഇതു മാത്രമാണ് നമുക്ക് മുന്നിലുള്ള പോംവഴി.

“ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു”( ഉല്പത്തി 1 :1) എന്ന വചനത്തോടെയാണ് വിശുദ്ധ ഗ്രന്ഥം ആരംഭിക്കുന്നത്. സൃഷ്ടികർമ്മത്തിനൊടുവിൽ നാം കാണുന്നത്. താൻ സൃഷ്ടിച്ചതെല്ലാം നല്ലതെന്ന് കാണുന്ന ദൈവത്തെയാണ്. അതെ, ദൈവത്തിന്റെ സൃഷ്ടികളെല്ലാം മനോഹരമാണ്. മഹത്തരമാണ്. എങ്കിൽ എവിടെയാണ് പിഴവ് സംഭവിച്ചത്? ” ദൈവം മനുഷ്യനെ സരള ഹൃദയനായി സൃഷ്‌ടിച്ചു. എന്നാല്‍ അവന്റെ സങ്കീര്‍ണപ്രശ്‌നങ്ങള്‍ അവന്റെ തന്നെ സൃഷ്‌ടിയാണ്‌ “സഭാപ്രസംഗകന്‍ 7 : 29.

പരസ്പരം പഴിചാരാനോ കുറ്റപ്പെടുത്താനോ വിധിക്കാനോ ഉള്ള സമയം അല്ല ഇതെന്നറിയാം. പക്ഷേ ഇപ്പോഴെങ്കിലും നാം ഓരോരുത്തരും പറയേണ്ടത് പറഞ്ഞേ മതിയാവൂ. ചെയ്യേണ്ടത് ചെയ്തേ മതിയാവൂ. ‘ഭയം വേണ്ട ജാഗ്രത മതി’യെന്ന് കോവിഡ് കാലത്ത് നാം ഏറ്റു പറഞ്ഞതുപോലെ പറയാനും ഇനിയങ്ങോട്ട് ഓരോ നിമിഷവും ജാഗ്രതയോടെ വർത്തിക്കുവാനും നമുക്ക് സാധിക്കണം. പ്രളയകാലത്തും കോവിഡ് കാലത്തും കയ്യും മെയ്യും മറന്നു ഒന്നിച്ചു നിന്നു മലയാളി. പ്രതിസന്ധികളിൽ നമുക്ക് ജാതിയില്ല,മതമില്ല, രാഷ്ട്രീയമില്ല. മലയാളിയുടെ ഈ ഒത്തൊരുമ ലോകത്തെ മുഴുവൻ വിസ്മയിപ്പിച്ചതാണ്. എന്നാൽ ഓരോ പ്രതിസന്ധിയെയും അതിജീവിച്ച് കഴിയുമ്പോൾ നാം അതിൽനിന്ന് പാഠം ഉൾക്കൊള്ളാൻ മറന്നുപോകുന്നു എന്നത് ഖേദകരമാണ്. ഇനി മറന്നുകൂടാ.. ഇനിയൊരു മുണ്ടക്കൈയും കവളപ്പാറയും ഒന്നും ആവർത്തിച്ചു കൂടാ…

“ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ” എന്ന് പാടുന്നതിനപ്പുറം വാസം സാധ്യമാക്കാൻ നാം ഓരോരുത്തരും മുന്നിട്ടിറങ്ങണം.

ലൗദാത്തോ സി എന്ന ചാക്രിക ലേഖനത്തിലൂടെ മാനവരാശിയെ മുഴുവൻ ഒരു ‘പാരിസ്ഥിതിക ഹൃദയ പരിവർത്തനത്തിന്’ ഫ്രാൻസിസ് മാർപാപ്പ ക്ഷണിക്കുന്നുണ്ട്. എന്നാൽ ആത്മീയമായി വളർന്നെന്നും ഉയർന്നെന്നും നാം ധരിക്കുമ്പോഴും നമുക്ക് പലപ്പോഴും ഈ ഒരു പരിവർത്തനംഉണ്ടാകുന്നില്ല. പ്രകൃതിയെ ധ്യാനിക്കാനും പഠിക്കാനും നാം പലപ്പോഴും വിമുഖത കാണിക്കുന്നു. പുതിയ തലമുറയ്ക്ക് ഒരു പാരിസ്ഥിതിക അവബോധം നൽകാൻ നമ്മുടെ വിശ്വാസ പരിശീലന വേദികൾ ഉൾപ്പെടെ കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നോട്ട് വരേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയിലും വിശ്വാസ പരിശീലന മേഖലയിലുമെല്ലാം ജൂൺ അഞ്ചിന് നടത്തപ്പെടുന്ന വൃക്ഷത്തൈ വിതരണവും നടലും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള പ്രസംഗമത്സരവും ഉപന്യാസം മത്സരവുമാണ് അടുത്ത തലമുറയ്ക്ക് നാം പകർന്നു നൽകിയ പാരിസ്ഥിതിക അവബോധം. വിദ്യാഭ്യാസത്തിന്റെ എല്ലാം മേഖലകളും …. ആദ്യം വിദ്യാലയം പിന്നെ കുടുംബങ്ങൾ,മാധ്യമങ്ങൾ, വിശ്വാസ പരിശീലന വേദികൾ, ഇങ്ങനെ എല്ലാ മേഖലകളിലും നാം പരിസ്ഥിതിയുടെ സംരക്ഷകരായി ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു എന്ന് പപ്പാ പറയുന്നുണ്ട്.

അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് പ്രകൃതിയുടെ ഉപാസകനായിരുന്നല്ലോ? വിശുദ്ധ ബെനഡിക്ട്,ലിസ്യുവിലെ കൊച്ചുത്രേസ്യ ഇങ്ങനെ അനേക വിശുദ്ധർ ദൈവം നമുക്ക് സമ്മാനിച്ച പൊതു ഭവനമാണ് ഭൂമി എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് ജീവിച്ചവരായിരുന്നു. ഫ്രാൻസിസ് പാപ്പ പറയുന്നതുപോലെ ഒരു ഇക്കോളജിക്കൽ സ്പിരിച്വാലിറ്റി രൂപപ്പെടേണ്ടിയിരിക്കുന്നു. നിർഭാഗ്യവശാൽ ദിവസവും ദിവ്യബലി, ദശാംശം കൊടുക്കൽ, കൗദാശിക ജീവിതം, മേത്തു തട്ടാതെയുള്ള ദാനധർമ്മം, പ്രാർത്ഥന ഗ്രൂപ്പ്, കൃത്യമായ ഇടവേളകളിൽ ഉള്ള ധ്യാനം കൂടൽ, ഇതിലൊക്കെ ഒതുങ്ങിയിരിക്കുന്നു നമ്മുടെ ആത്മീയത.

അപരനിൽ പരനെ കാണാൻ, ദൈവം സമ്മാനിച്ച ഈ പൊതുഭവനത്തെ പവിത്രമായി സൂക്ഷിക്കാൻ, പ്രകൃതിക്കും പരിസ്ഥിതിക്കും ദോഷം തട്ടാത്ത ജീവിതശൈലി വളർത്തിയെടുക്കാൻ, പരിസ്ഥിതിക അവബോധം വരും തലമുറയ്ക്ക് പകർന്നു കൊടുക്കാൻ ഒക്കെ നാം വളരെ പിന്നിലാണ് എന്നതാണ് നഗ്നസത്യം. ഇക്കോളജിക്കൽ സ്പിരിച്വാലിറ്റി ആത്മീയതയുടെ ഒഴിച്ചു കൂടാനാവാത്ത ഭാഗമാണെന്നും പ്രകൃതിയുമായും സഹജീവികളുമായും രമ്യപ്പെടാതെ ദൈവവുമായി രമ്യപ്പെടുക അസാധ്യമാണെന്നും തിരിച്ചറിയുമ്പോഴാണ് നഷ്ടപ്പെട്ട പറുദീസ നമുക്ക് സ്വന്തമാക്കാൻ സാധിക്കുക. അല്ലെങ്കിൽ ഈ ഭൂമിയെ പറുദീസയാക്കി മാറ്റാൻ നമുക്ക് സാധിക്കുക. പരിസ്ഥിതിയെ ധ്യാനിക്കാനും പ്രകൃതി പാഠങ്ങൾ ഉൾക്കൊള്ളാനും ഇനിയെങ്കിലും നമുക്ക് പരിശ്രമിക്കാം.

സുജമോൾ ജോസ്
കൗൺസിലിംഗ് സൈക്കോളജിസ്റ്റ്
& അസ്സോസിയേറ്റ് എഡിറ്റർ, കെയ്‌റോസ്‌ മലയാളം

About Author

കെയ്‌റോസ് ലേഖകൻ