January 22, 2025
Stories

25 പൈസ ലാഭത്തിന് ഫിനോയിൽ വിറ്റിരുന്ന മാണി

  • September 12, 2024
  • 0 min read
25 പൈസ ലാഭത്തിന് ഫിനോയിൽ വിറ്റിരുന്ന മാണി

ആശുപുത്രികളിൽ ജീവിക്കാനായി ഫിനോയിൽ വിറ്റുനടന്ന മനുഷ്യൻ. മറ്റാരോടും പണം ചോദിക്കാൻ ഇഷ്ടമില്ലായിരുന്നു. അന്ന് 2 രൂപ കിട്ടിയാൽ ഏറ്റവും വലിയ സംഭവമായിരുന്നു. കക്കുന്നതും മറ്റുള്ളവരെ വഞ്ചിക്കുന്നതും ഒഴികെ എല്ലാ പണിയും നല്ല പണിയാണെന്നാണ് മാണി പറയുന്നത്. ആളുകൾ ചെറുതായി കാണും. അത് അവന്റെ ഒക്കെ അച്ഛൻ പണക്കാരനായതുകൊണ്ട് നമ്മളെ താണ രീതിയിൽ കാണുന്നത്. അന്ന് ഫിനോയിൽ വിറ്റ് നടന്നപ്പം പലരും (ബന്ധുക്കളും നാട്ടുകാരും) തന്നെ പുച്ഛമായി കണ്ടിരുന്നെങ്കിലും. അദ്ദേഹം അദ്ദേഹത്തെ തന്നെ റെസ്പെക്ട് ചെയ്തിരുന്നു. അന്നേരവും ആളുകൾ എന്നെ ബഹുമാനിക്കണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എന്നെ ആളുകൾ അംഗീകരിച്ചാലും ഇല്ലെങ്കിലും എനിക്ക് വലുത് ഞാൻ തന്നെയാണ്. മാണി പറഞ്ഞു വരുന്നത് നിങ്ങൾ ഏതു അവസ്ഥയിലാണെങ്കിലും നിങ്ങൾ വിചാരിച്ചാൽ നിങ്ങൾക്ക് പുറത്ത് വരുവാൻ കഴിയും.

അദ്ദേഹം ഒരു പോസിറ്റീവ് ചിന്തകാരൻ ആയിരുന്നു. ഫിനോയിൽ വിറ്റപ്പോൾ അദ്ദേഹം സ്വപ്നം കണ്ടിരുന്നു അദ്ദേഹം വലിയ ഒരു പ്രഭാഷകനാകുന്നതും ജീവിതം വിജയിക്കുന്നതും. ഇന്ന് അദ്ദേഹം വലിയ കമ്പനികളിൽ മോട്ടിവേഷൻ ക്ലാസ് എടുക്കുന്ന വ്യക്തിയാണ്. അദ്ദേഹം അദ്ദേഹത്തിന്റെ മക്കളെ സ്വപ്നം കാണുവാൻ പഠിപ്പിച്ചു. പേർളി മാണി ഇന്ന് ലോക പ്രസിദ്ധയായ ഒരു ടെലിവിഷൻ ഹോസ്റ്റ് ആണ്.

ഇനി ഞാൻ പേർളിയുടെ ഒരു കഥയൂടെ പറയാം. പേർളി ഒരു അടിച്ചുപൊളി പെൺകുട്ടിയായിരുന്നു. അടിച്ചുപൊളി ഒക്കെ കഴിഞ്ഞ് വെളുപ്പിനെ 3 മണിക്ക് കാറിൽ നല്ല ഓവർ സ്പീഡിൽ കത്തിച്ചു വിട്ടു വരുകയാണ്, പെട്ടെന്ന് കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ട ലോറിയിൽ ഇടിച്ചു കേറി. ഭാഗ്യം കൊണ്ട് രക്ഷപെട്ടു. 18 സ്റ്റിച്ച് തലയിൽ. മുടി മുഴുവൻ മൊട്ട അടിച്ചു. നമ്മുടെ നാട്ടിലെ പ്രധാന പരിപാടികളിലെ അവതാരക ആണവൾ. 4 ദിവസം കഴിഞ്ഞ് ഒരു വലിയ പരിപാടി ഡ്രീംസ് ഹോട്ടലിൽ ഉണ്ട്. അതിന് അഡ്വാൻസ് 50000 മേടിച്ചതാണ്. ഡോക്ടർ പറഞ്ഞു ഒരു മാസമെങ്കിലും കുറഞ്ഞത് റസ്റ്റ് വേണം. ശരീരത്തിലെല്ലാം കുപ്പിച്ചില്ലാണ്. അതുവരെ അപ്പനെയും അമ്മയെയും അനുസരിക്കാതെ കൂട്ടുകാർക്കുവേണ്ടി ജീവിതം കൊടുത്തവൾ ആശുപുത്രിയിൽ കിടന്നപ്പോൾ ഒരൊറ്റ മനുഷ്യൻമാർ ഉണ്ടായിരുന്നില്ല. അന്ന് ആശുപുത്രിയിൽ അവൾ വിഷമിപ്പിച്ച അപ്പനും അമ്മയും മാത്രം. ആ രാത്രിയിൽ അവൾക്കു വലിയ ഒരു തിരിച്ചറിവ് ലഭിച്ചു.

കള്ളുകുടിച്ചാൽ കുടിയൻ പോലീസിനോട് മാറിനിക്കട എന്ന് പറയുന്നത് പോലെ കൂട്ടുകാർ ലഹരിയായിരുന്ന പേർളി മാതാവിനെയും പിതാവിനെയും വകവെച്ചിരുന്നില്ല. അതോടൊപ്പം പണവും പ്രതാപവും ഉണ്ടായിരുന്നു. പക്ഷേ അന്ന് അവൾ മനസ്സിലാക്കി, എല്ലാം സ്മൂത്ത് ആണെങ്കിൽ മാത്രമേ ഈ ലഹരികൾ നമ്മളോടൊപ്പം ഉണ്ടാകൂ. നമ്മളൊന്ന് വീണാൽ ഇവർ തിരിഞ്ഞു പോലും നോക്കില്ല. അന്ന് മനസിലായി, കുടുംബം ആണ് ജീവിതത്തിലെ ഏറ്റവും പ്രധാനമെന്ന്. ആവശ്യമില്ലാത്ത കൂട്ടുകാരെയെല്ലാം അവൾ മാറ്റി.

നാലു ദിവസത്തിന് ശേഷം ഡ്രീംസ് ഹോട്ടലിൽ പരിപാടിയുണ്ട്. അഡ്വാൻസ് 50000 മേടിച്ചു. ഇപ്പോൾ കട്ടിലിൽ നിന്നും എഴുന്നേക്കാൻ വയ്യ. സ്റ്റിച്ച് ഒരു മാസം കഴിഞ്ഞേ അനക്കാൻ പറ്റത്തൊള്ളൂ. ഇനി ഞാൻ പറയുന്നത് വളരെ പ്രധാനമായ ഒരു കാര്യമാണ്. അവളുടെ പിതാവ് അവളോട് പറയുകയാണ് മോളെ നിനക്ക് ഈ കട്ടിലിൽ നിന്ന് എഴുന്നേറ്റ് 4 ദിവസം കഴിഞ്ഞ് അവിടെ പോയി അത് ചെയ്യാൻ പറ്റും. നീ അത് മനസ്സിൽ ഒന്ന് കാണു. നമ്മൾക്കു കാർ ഓടിക്കുന്നതിന് മുൻപ് തന്നെ ആ കാറിൽ കയറാം, സീറ്റ് ബെൽറ്റ് ഇടാം, വണ്ടി സ്റ്റാർട്ട് ആക്കാം, വണ്ടി ഓടിക്കാം. ഞാൻ ചെറുപ്പത്തിൽ ലൈസൻസ് പോലും ഇല്ലാതെ നമ്മുടെ കെ.എസ്.ആർ.ടി.സിയും ആയി എത്ര പ്രാവിശ്യം ഇന്റർസ്റ്റേറ്റ് പോയിട്ടുണ്ടെന്ന് അറിയാമോ. ങ്ങേ ങ്ങേ എന്ന് ശബ്ദം ഉണ്ടാക്കി ഗിയർ മാറി പപ്പര പരപര എന്ന് ഹോണും അടിച്ചത് ഇപ്പോളും ഓർക്കുമ്പോൾ ഭയങ്കര നൊസ്റ്റാൾജിയ ആണ്. അതാണ് നമ്മുടെ മനസ്സിന്റെ പവർ.

അങ്ങനെ ആശുപുത്രിയിൽ പേർളിക്ക് പ്രത്യേകിച്ചു പണി ഒന്നും ഇല്ലാഞ്ഞതുകൊണ്ട് അവൾ മനസ്സിൽ കാണുവാൻ തുടങ്ങി. അവൾ അവിടെ പോകുന്നു. അവതാരക ആയി സ്റ്റേജിൽ നിൽക്കുന്നു. നല്ല വസ്ത്രം ഒക്കെ ധരിച്ച് അവിടെ നിൽക്കുന്നു. വല്ലാത്ത ഒരു ഊർജം അവളിലേക്ക് വന്നു. ഇപ്പോളും തലയിലും കയ്യിലുമെല്ലാം കെട്ടാണ്. അവൾ സ്റ്റിച്ച് ഉള്ള തല മൊട്ടയടിച്ച തല ഒരു ഷാൾ കൊണ്ട് സ്റ്റൈലായി കെട്ടി. അന്ന് ഡ്രീംസിൽ പോയി ആ പരിപാടി അവതരിപ്പിച്ചു, എല്ലാവരും കയ്യടിച്ചു.

പ്രിയപ്പെട്ടവരെ മനസ്സ് തകർന്ന ഒരുപാട് യുവാക്കളുമായി സംസാരിക്കുവാൻ ഇട വന്നിട്ടുണ്ട്. പ്രണയ നൈരാശ്യം, നഷ്ടപ്പെടൽ ഇവയൊക്കെയാണ്. ഞാൻ അവരോട് പറയുന്ന ഒരു കാര്യം ഉണ്ട് ഓറഞ്ചും സാമ്പാറും നല്ലതാണു. പക്ഷേ മിക്സ് ചെയ്ത് കഴിക്കാൻ കൊള്ളില്ല. അതുകൊണ്ട് ചേരാത്ത രണ്ടെണ്ണം ചേരാത്തതിൽ സന്തോഷിക്കണം. സാറയുടെ ജീവിതത്തിൽ (സാറാ പേർളിയുടെ വീട്ടിലെ പേരാണ്) 4 വർഷമായി അവളെ സ്നേഹിച്ച വൃക്തി ഒരു നിമിഷം കൊണ്ട് അവളെ ഉപേക്ഷിച്ചു പോയപ്പോൾ നീണ്ട മാസങ്ങൾ അവൾ മുറിയിൽ (ആരും ഇല്ലാത്ത ആ ഭീകര അന്തരീക്ഷം) വിഷാദത്തിൽ ആയിരുന്നു. അവിടെ നിന്നും ഒക്കെ അവൾ പുറത്തുവന്നത് അവളുടെ മനസ്സിനെ നിയന്ത്രിക്കാൻ അവൾ ശ്രമിച്ചതുകൊണ്ടാണ്.

നമ്മുടെ ദേഹത്തൊരു മുറിവു വന്നു കഴിഞ്ഞാൽ അതു മാറാൻ ചിലപ്പോൾ ആറുമാസമൊക്കെയെടുക്കും അതുപോലെ നമ്മുടെ അകത്തും ഒരു മുറിവുണ്ടെങ്കിൽ അതിനെ തോണ്ടിത്തോണ്ടി അതുതന്നെ ആലോചിച്ചിരുന്നാൽ അതുണങ്ങില്ല. അതുകൊണ്ട് അതേക്കുറിച്ചു ചിന്തിക്കരുത്.

പ്രിയപ്പെട്ടവരെ ഞാൻ പറഞ്ഞുവരാൻ ഉദ്ദേശിക്കുന്നത് നമ്മുടെ ശരീരത്തേക്കാൾ വലുത് മനസാണ്. നമ്മുടെ ജീവിതത്തിൽ നാം മനസിന്റെ പ്രധാന്യത മനസ്സിലാക്കി സ്വപ്നങ്ങൾ കാണണം. അതിന് ചിലവ് ഒന്നുമില്ല.

നിങ്ങൾ ഇപ്പോൾ എന്നെ വായിക്കുന്ന ഈ ഫോൺ ഒരിക്കൽ ഒരാളുടെ മനസ്സിൽ ഉദിച്ച ആശയമാണ്. നമ്മൾ എന്ത് ചിന്തിക്കുന്നോ നാം അതായി തീരും. നമ്മുടെ കയ്യിൽ ഒരു കറുത്ത ഗ്ലാസും വെള്ള ഗ്ലാസ്സും ഉണ്ടെന്ന് വിചാരിക്കുക. കറുത്ത ഗ്ലാസ്സിൽ മുഴുവൻ ദുർഗന്ധ വെള്ളം വെള്ള ഗ്ലാസ്സിൽ തെളിഞ്ഞ വെള്ളവും. നിങ്ങൾ ഏതു വെള്ളം
കുടിക്കുന്നോ അതാണ് ശരീരത്തിൽ പോകുന്നത്. അത് പോലാണ് മനസ്സും. നെഗറ്റീവ് കൊടുത്താൽ നാം നെഗറ്റീവ് ആയി മാറും പോസിറ്റീവ് കൊടുത്താൽ നാം പോസിറ്റീവ് ആയി മാറും.

നിങ്ങളുടെ മുഖത്ത് എപ്പോഴും ദുഃഖമാണെങ്കിൽ നിങ്ങൾ ദുഃഖത്തെ കുറിച്ചാണ് ചിന്തിക്കുന്നത്. അത് കൊണ്ട് നിങ്ങൾ ഒരു കാര്യം ചെയ്യണം . പറ്റുവാണെങ്കിൽ നിങ്ങളുടെ മനസ്സിൽ ഇപ്പോൾ ഉള്ള നെഗറ്റീവ് ചിന്തകൾ എന്താണെന്ന് ഓർക്കുക. ഞാൻ സമാധാനമില്ലാത്തവൻ/ സമാധാനമില്ലാത്തവൾ ആണെങ്കിൽ നിങ്ങൾ പറയണം എനിക്ക് സമാധാനം ഉണ്ട്. എന്റെ പ്രാണൻ നനഞ്ഞ പൂന്തോട്ടം പോലെ ആണ്. ഞാൻ കൂൾ ആണ്. നിങ്ങൾക്ക് ചിരിക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾ ചിരിക്കുന്ന സ്വപ്നം കാണണം. എന്തെങ്കിലും നെഗറ്റീവ് വരുമ്പോൾ ഞാൻ അതിനെ ക്യാൻസൽ ചെയ്യുന്നു എന്ന് പറയണം . എന്നിട്ട് പറയണം പറയുന്നതിനോടൊപ്പം ആ രംഗം മനസ്സിൽ കൊണ്ടുവരുകയും ചെയ്യണം. ഞാൻ അനുഗ്രഹിക്കപ്പെട്ടവനാണ്. ഞാൻ സമ്പന്നൻ ആണ്. ഞാൻ സൗന്ദര്യം ഉള്ള ആളാണ്. ഞാൻ അംഗീകരിക്കപ്പെട്ടവനാണ്. ഞാൻ ആരോഗ്യവാനാണ്. ഞാൻ ദൈവ പൈതലാണ്. ഞാൻ ഉയർച്ച തന്നെ പ്രാപിക്കും. ഞാൻ വാലല്ല തലയായി മാറും. എന്റെ വീടിനകത്ത് കയറുമ്പോളും പുറത്ത് പോകുമ്പോളും ഞാൻ അനുഗ്രഹിക്കപ്പെടും. എന്റെ മക്കളെ ദൈവം അനുഗ്രഹിക്കും. അവർ ദേശത്തിന്റെ ഉന്നതികളിൽ വാഹനം ഏറും. അവരുടെ സമാധാനം വലുതായിരിക്കും. എന്റെ പേഴ്സ് അനുഗ്രഹിക്കപ്പെട്ടതാണ്. എന്റെ വീട്ടിലെ കലത്തിലെ മാവ് കുറയില്ല, ഭരണിയിലെ എണ്ണതീരില്ല. കൃഷിക്കാർ പറയണം, എന്റെ മൃഗസമ്പത്ത് അനുഗ്രഹിക്കപ്പെടും. എന്റെ മാവ് കുഴക്കുന്ന തൊട്ടി അനുഗ്രഹിക്കപെടും. വയലിൽ ഞാൻ അനുഗ്രഹിക്കപ്പെടും. കന്നുകാലികളും അടുമാടുകളും അനുഗ്രഹിക്കപ്പെടും.

ഞാൻ പറഞ്ഞു വരുന്നത് നമ്മൾ അനുഗ്രഹം സംസാരിക്കുന്നവരും അത് സ്വപ്നം കാണുന്നവരും ആയി തീരണം. നമ്മുടെ ശരീരത്തിന് പോഷിപ്പിക്കുന്നതു പോലെ തന്നെ നമ്മുടെ മനസ്സിനെ പോഷിപ്പിക്കണം. അടുത്ത കുറച്ചു ദിവസങ്ങൾ നിങ്ങൾ ഇങ്ങനെ ഒന്ന് ചെയ്താൽ ഉറപ്പായിട്ടും വൻ മാറ്റങ്ങൾ ആയിരിക്കും നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്നത്. ജീവനും മരണവും അനുഗ്രഹവും ശാപവും നമ്മുടെ നാവിന്മേലാണ്. നാവ് ഏറെ ശക്തിയുള്ള ആയുധമാണ്. പോസിറ്റീവ് ആയി ഉപയോഗിച്ചില്ലെങ്കിൽ നമുക്ക് തന്നെ അത് വിനയാകും.

ജെറി പൂവാക്കാല

നിങ്ങളെ ഈ സമൂഹം ആദരിക്കുന്ന ഒരു ദിവസം സ്വപ്നം കാണൂ. ഈ സമൂഹം നിങ്ങൾക്കുവേണ്ടി കാത്തു നിൽക്കുന്നത് സ്വപ്നം കാണൂ. ആ സ്വപ്നത്തെ നിരന്തരം കാണാൻ കഴിഞ്ഞാൽ ഒരു സംശയവും വേണ്ട ആ സ്വപ്നങ്ങൾ നിങ്ങളെ പിന്തുടരുക തന്നെ ചെയ്യും. ഇന്ന് മുതൽ ആഗ്രഹിക്കാൻ പഠിക്കൂ. നിങ്ങളുടേതായ ആഗ്രഹം ഉണ്ടാകട്ടെ. നിങ്ങൾക്കുവേണ്ടി നിങ്ങൾ സ്വപ്നം കാണുക. നിങ്ങൾ ഒരു ചരിത്രത്തിന്റെ ഭാഗം ആയി മാറും എന്ന് ഉറച്ചു വിശ്വസിക്കുക.

അതുകൊണ്ട് നിങ്ങളുടെ ഈ അവസ്ഥ ഒക്കെ മാറും, നിങ്ങൾ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും. നിങ്ങളെ നിന്ദിച്ചവരുടെ മുൻപിൽ നിങ്ങൾ മാനിക്കപ്പെടും. നിങ്ങളുടെ മക്കൾ അനുഗ്രഹിക്കപ്പെടും. നിങ്ങളുടെ കുടുംബത്തിലും ദേശത്തിലും അവർ അനുഗ്രഹിക്കപ്പെടും. ഏറ്റവും മികച്ചത് ഇനിയും വരാൻ ഇരിക്കുന്നതേ ഉള്ളു. നിങ്ങൾ ഇനിയും അത്ഭുതങ്ങളുടെ അന്തരീക്ഷത്തിൽ കാല് വെയ്ക്കും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും. നിങ്ങൾക്ക് ദീർഘായുസ്സ് ദൈവം നൽകും. മക്കളെയും അവരുടെ മക്കളെയും അവരുടെ മക്കളെയും നിങ്ങൾ കാണും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

ജെറി പൂവാക്കാല,
മോട്ടിവേഷൻ സ്പീക്കർ, എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ

About Author

കെയ്‌റോസ് ലേഖകൻ