‘ഏറ്റവും നല്ല മനസ്സുകൾ’
ഇന്ന് അധ്യാപകദിനം. ‘അധ്യാപകർ രാഷ്ട്രത്തിന്റെ ഏറ്റവും നല്ല മനസ്സുകൾ ആകണം’ എന്നുപറഞ്ഞ ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനം. അജ്ഞതയുടെ അന്ധകാരം അകറ്റി അറിവിന്റെ വെളിച്ചം പകർന്നു തന്ന എല്ലാ ഗുരുഭൂതരെയും നന്ദിയോടെ ഓർക്കേണ്ട ദിനം. കുട്ടികളുടെ ജീവിതവളർച്ചയുടെ സുപ്രധാനഘട്ടം അവർ ചിലവിടുന്നത് വിദ്യാലയങ്ങളിൽ ആണല്ലോ.. കുട്ടികളിൽ സ്വഭാവ രൂപീകരണം നടക്കുന്ന ഈ കാലഘട്ടത്തിൽ അവർ ഏറ്റവും കൂടുതൽ സമയം ചെലവിടുന്നത് അധ്യാപകരോടൊപ്പം ആണ്.ഒരുപക്ഷേ മാതാപിതാക്കളെക്കാൾ അധികം എന്നു വേണമെങ്കിലും പറയാം. അതുകൊണ്ടുതന്നെ ഒരു കുട്ടിയുടെ ജീവിതത്തിൽ അധ്യാപകർ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ‘വിദ്യാർത്ഥികളുടെ സമഗ്ര ഉന്നമനം ആണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ‘എന്ന ഗാന്ധിജിയുടെ വാക്കുകൾ ഓർക്കാം. അക്ഷരങ്ങളിലൂടെ അറിവ് പകർന്നു കൊടുക്കുന്നതോടൊപ്പം തന്നെ തന്റെ മുൻപിൽ ഇരിക്കുന്ന ഓരോ കുട്ടിയുടെയും സമഗ്രമായ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ട് പ്രവർത്തിക്കുക എന്നത് ഒരു അധ്യാപകന്റെ ചുമതലയാണ്. ഈ ആധുനിക കാലഘട്ടത്തിൽ അധ്യാപകരേക്കാൾ മികച്ച രീതിയിൽ പഠിപ്പിക്കാൻ കഴിവുള്ള ÀI പോലുള്ള സാങ്കേതിക വിദ്യകൾ വളർന്നു കഴിഞ്ഞിരിക്കുന്നു.
എന്നാൽ പാഠപുസ്തകങ്ങളിൽ നിന്ന് പഠിക്കുന്നതിലുപരി അധ്യാപകരുടെ വാക്കിലൂടെയും പെരുമാറ്റത്തിലൂടെയും ജീവിതത്തിലൂടെയും വിദ്യാർത്ഥികൾ പഠിച്ചെടുക്കുന്ന പാഠമുണ്ട്. അതു പകർന്നു നൽകാൻ ഒരു സാങ്കേതിക വിദ്യക്കും സാധ്യമല്ല. ഹെലൻ കെല്ലറുടെ ജീവിതത്തെ ലോകം അറിയുന്ന ഒന്നാക്കി മാറ്റിയത് ആനി സള്ളിവൻ എന്ന ടീച്ചർ ആണെന്ന് നമുക്കറിയാം.
ഇങ്ങനെയൊരു ചൊല്ല് നമ്മൾ കേട്ടിട്ടുണ്ട്.’ ഒരു ആപ്പിളിൽ എത്ര കുരു ഉണ്ടെന്ന് നമുക്കെണ്ണാൻ കഴിയും. എന്നാൽ ഒരു കുരുവിൽ നിന്ന് എത്ര ആപ്പിൾ ഉണ്ടാകുമെന്ന് നമുക്ക് എണ്ണാൻ കഴിയില്ല’. ഇതുപോലെ തന്നെയാണ് ഒരു ഗുരുവിനു മുൻപിൽ ഓരോ വിദ്യാർത്ഥിയും. അപാരവുമായ സാധ്യതകളെ പേറുന്ന ഈ ശിഷ്യഗണങ്ങളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന അനന്തസാധ്യതകളെ കണ്ടെത്താനും വളർത്താനും കഴിയുന്നത് ഒരു നല്ല ഗുരുവിന് മാത്രമാണ്. മാതാപിതാ ഗുരു ദൈവം എന്ന ചൊല്ലിലൂടെ നമ്മുടെ ആചാര്യന്മാർ ഗുരുക്കന്മാർക്ക് എത്രത്തോളം പ്രാധാന്യം നൽകിയിരുന്നു എന്ന് വ്യക്തമാകും. മാതാവിനും പിതാവിനും ഒപ്പം ദൈവതുല്യനാണ് ഗുരു എന്ന് ആചാര്യന്മാർ പറഞ്ഞുവെക്കുന്നു.
തന്റെ മുൻപിൽ ഇരിക്കുന്ന വിദ്യാർത്ഥിയുടെ നന്മയും തിന്മയും കഴിവും കുറവും എല്ലാം തിരിച്ചറിയാൻ കഴിയുന്നവരാകണം അധ്യാപകർ. ‘ആശാനക്ഷരം ഒന്ന് പിഴച്ചാൽ 56 പിഴയ്ക്കും ശിഷ്യന് ‘ നമുക്കേവർക്കും സുപരിചിതമായ വാക്കുകൾ ആണിത്. ഒരു ഗുരുവിന്റെ പിഴവ് ഇത്രത്തോളം ഒരു വിദ്യാർത്ഥിയെ സ്വാധീനിക്കും എന്ന അർത്ഥത്തിൽ ഇതിനെ ഒരു നെഗറ്റീവ് സ്റ്റേറ്റ്മെന്റ് ആയി കാണുമ്പോഴും ഇതിന്റെ മറുവശം നമുക്ക് മുന്നിൽ തുറന്നു വയ്ക്കുന്ന മറ്റൊരു സത്യമുണ്ട്. ഗുരുവിന്റെ പിഴവ് ഇത്രത്തോളം ഒരാളെ സ്വാധീനിക്കുമെങ്കിൽ ഗുരുവിലെ നന്മകൾ എത്രയധികമായി നമ്മുടെ കുഞ്ഞുങ്ങളെ സ്വാധീനിക്കും!
അധ്യാപകരുടെ ചില പ്രോത്സാഹന വാക്കുകൾ, ചില ചേർത്ത് പിടിക്കലുകൾ, അഭിനന്ദനങ്ങൾ, ചില ശാസനങ്ങൾ,.. അങ്ങനെ നിസ്സാരം എന്ന് കരുതുന്ന ഓരോ ചെറിയ കാര്യവും ഓരോ വിദ്യാർത്ഥിയിലും ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ഫ്രാൻസിസ് സേവ്യർ എന്ന ഭാരതത്തിലെ രണ്ടാമത്തെ അപ്പസ്തോലനെ അദ്ദേഹം ആക്കി മാറ്റിയത് ‘ഒരുവൻ ലോകം മുഴുവൻ നേടിയാലും തന്റെ ആത്മാവിന് നഷ്ടമാക്കിയാൽ അവന് എന്ത് പ്രയോജനം ‘ എന്താ ഇഗ്നേഷ്യസ് ലയോള എന്ന ഗുരുവിന്റെ ചോദ്യമാണ്.. അഗസ്റ്റിൻ എന്ന വ്യക്തിയെ വിശുദ്ധ അഗസ്റ്റിൻ ആക്കി മാറ്റുവാൻ അമ്മ മോനിക്കയുടെ കണ്ണീരിനും പ്രാർത്ഥനകൾക്കും ഒപ്പം തന്നെ വിശുദ്ധ അംബ്രോസിന്റെ സ്വാധീനവും ഉണ്ടായിരുന്നു. സമൂഹത്തിന്റെ താഴെത്തട്ടിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ, വലിയ അറിവോ വിദ്യാഭ്യാസമോ ഒന്നുമില്ലാതെ ജീവിച്ച 12 പേരെ തെരഞ്ഞെടുത്ത തന്റെ ശിഷ്യന്മാരാക്കി ഉയർത്തി സ്വർഗ്ഗത്തിന്റെ ജ്ഞാനം കൊണ്ട് അവരെ നിറച്ച ദിവ്യഗുരുവായ യേശുവിന്റെ മാതൃക പിഞ്ചെന്ന് ശിഷ്യഗണങ്ങൾക്ക് തങ്ങളെ തന്നെ നൽകുവാൻ ഒരോ അധ്യാപകർക്കും കഴിയട്ടെ. പ്രഥമ അധ്യാപകരായ പ്രിയപ്പെട്ട മാതാപിതാക്കളെയും ഈ വേളയിൽ നന്ദിയോടെ ഓർക്കാം.
സുജമോൾ ജോസ്
കൗൺസിലിംഗ് സൈക്കോളജിസ്റ്റ്
& അസ്സോസിയേറ്റ് എഡിറ്റർ, കെയ്‌റോസ് മലയാളം