ഇന്നത്തെ പിരിവ് 12 രൂപ 45 പൈസ
എൻ്റെ പഴയ ഇടവകയിൽ ഒരു മൃതസംസ്ക്കാര ചടങ്ങിനെത്തിയതായിരുന്നു ഞാൻ (പാലാ രൂപതയിലെ ചേറ്റുതോട് ഇടവക). ഞാൻ സൺഡേ സ്കൂളിൽ പഠിച്ചതും, പഠിപ്പിച്ചതും, മിഷൻ ലീഗിൽ പ്രവർത്തിച്ചതും, ‘രശ്മി‘ എന്ന പേരിലുള്ള കയ്യെഴുത്തുമാസികയുടെ പ്രവർത്തനങ്ങളുമായി നിരവധി വർഷങ്ങൾ കഷ്ടപ്പെട്ടതും അവിടെയായിരുന്നു. പഴയ നാട്ടുകാരെയും, നാളുകളായി കാണാതിരുന്ന പഴയ സുഹൃത്തുക്കളെയും കണ്ടുമുട്ടാൻ പറ്റുന്ന അവസരം കൂടിയായതുകൊണ്ടാണ്, പഴയ ഇടവകയിലെ മൃതസംസ്കാര ശുശ്രുഷകളിൽ പങ്കെടുക്കാൻ കഴിയുന്നത്ര ശ്രമിക്കാറുള്ളത്.
എന്നെക്കാളും 10 വയസ്സെങ്കിലും മുതിർന്ന ഒരു വ്യക്തിയെ കണ്ടു. അറിയുമോ എന്നു ചോദിച്ചു. തിരിച്ചറിയാൻ ഒരു സാദ്ധ്യതയുമില്ല. 40 വർഷമെങ്കിമായിട്ടുണ്ട് നേരിൽ കണ്ടിട്ട്.
പേരും, വീട്ടുപേരും പറഞ്ഞ് പരിചയപ്പെടുത്തിയപ്പോൾ പിന്നെ എല്ലാം അറിയാം. വീട്ടിലെ ഓരോരുത്തരുടെയും കാര്യങ്ങൾ ചോദിച്ചു. അദ്ദേഹം പറഞ്ഞു “നിങ്ങളുടെ അന്നത്തെ വീടും, ചെറിയ മതിലും, മുറ്റത്തെ ചരൽക്കല്ലുകൾ പോലും എനിക്കറിയാം. എത്ര തവണ ഞാനവിടെ വന്നിട്ടുണ്ട്. മിഷൻ ലീഗിൻ്റെ ഓരോ മാസത്തെയും വാർഡ് പിരിവിൻ്റെ അവസാനത്തെ വീടായിരുന്നല്ലോ നിങ്ങളുടേത്“.
ഞാനുമോർത്തു. മിഷൻ ലീഗിൻ്റെ വാർഡ് പിരിവിനായി, എല്ലാ മാസവും, എത്രയോ വർഷങ്ങൾ ഞാനും ഇടവകയിലെ വീടുകളിലെല്ലാം എത്തിയിട്ടുണ്ട്. ഓരോ വീടും, വീട്ടിലെ ആളുകളും, വീടിൻ്റെ അവസ്ഥയുമെല്ലാം വ്യക്തമായി മനഃസ്സിലാക്കാൻ സഹായിച്ച അവസരങ്ങളായിരുന്നു അതെന്ന ബോധമൊന്നും അന്നില്ലായിരുന്നു. 20-30 വീടുകൾ കയറിയിറങ്ങുമ്പോൾ 25-50 പൈസയൊക്കെയായി 12-15 രൂപയൊക്കെയായിരുന്നു 1980 കാലത്ത് കിട്ടിയിരുന്നത്. എല്ലാത്തിനും കൃത്യമായി റെസീപ്റ്റ് എഴുതണം. പിരിവ് കഴിഞ്ഞ് തിരിച്ച് പള്ളിയിലെത്തി എല്ലാം അച്ചനെ ഏല്പിച്ചു കഴിഞ്ഞാലേ ജോലി തീരുകയുള്ളു. (അന്ന് ചുരുട്ട് വലിക്കാറുണ്ടായിരുന്ന അച്ചൻ്റെ മുറിയിലെ രൂക്ഷമായ ഗന്ധം ഓർമ്മയിലെവിടെയോ ഇപ്പോഴും തങ്ങി നില്ക്കുന്നുണ്ട്.)
ഈ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അനവധി, നിരവധി ഓർമ്മകളുണ്ട്. ഇടവകയിലെ എല്ലാ വീട്ടുകാർക്കും ഞങ്ങളെയും, ഞങ്ങൾക്ക് എല്ലാ വീട്ടുകാരെയും അറിയാമായിരുന്നു. ക്രിസ്മസ് കാലത്ത് കാരോളിന് ആ പ്രദേശത്തെ എല്ലാ വീടുകളിലും കയറിയിറങ്ങാറുണ്ടായിരുന്നു. എന്നെ ഞാനാക്കിയതിൽ ഇക്കാര്യങ്ങളൊക്കെ കൂടിയുണ്ടല്ലോ എന്ന് കൃതഞ്ജതയോടെ ഓർക്കുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ വൈദികരെ സംഭാവന ചെയ്ത രൂപതയായി പാലായെ മാറ്റുന്നതിൽ മിഷൻ ലീഗിൻ്റെ ഈ വിധത്തിലുള്ള പ്രവർത്തനങ്ങളൊക്കെ കാരണമായിട്ടുണ്ടാവാം.
കാലം മാറിയെങ്കിലും, കഴിഞ്ഞ നാളുകളിൽ അനുഗ്രഹം ചൊരിഞ്ഞ പ്രയോജനപ്രദമായ രീതികൾ നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കേണ്ടതുണ്ട്.
വാൽക്കഷണം
മഹാത്മാഗാന്ധി ഇപ്പോൾ എവിടെ, എന്തു ചെയ്യുന്നു എന്നറിയാമോ? നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണെന്ന് തോന്നുന്നു. ആ വർഷത്തെ ശിശുദിനറാലി. സ്കൂളിൽ നിന്ന് മുക്കാൽ കിലോമീറ്ററോളം പോയി തിരിച്ചു വന്ന് മീറ്റിങ്ങുണ്ട്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, ജവഹർലാൽ നെഹ്റു, മഹാത്മാഗാന്ധി എന്നിവരുടെ വേഷമിട്ടവർ മുന്നിൽ നടക്കും. ഞാനായിരുന്നു അന്നത്തെ ജവഹർലാൽ നെഹ്രു. ഇന്ദിരാ ഗാന്ധി ആരായിരുന്നു എന്ന് ഓർമ്മയില്ല. 45 വർഷങ്ങൾക്കു ശേഷം ആദ്യമായി അന്നത്തെ മഹാത്മാഗാന്ധിയെ ഇന്ന് കണ്ടുമുട്ടി. അദ്ദേഹമിപ്പോൾ കോതമംഗലത്ത് ഷയർ ബിസിനസ് ചെയ്യുകയാണ് !
ഡോ. ചാക്കോച്ചൻ ഞാവള്ളിൽ
ഡയറക്ടർ, കെയ്റോസ് മീഡിയ