മികച്ച പോലീസ് ഉദ്യോഗസ്ഥനുള്ള പുരസ്ക്കാരം ബാബു ജോണിന്
കൊച്ചി: ജൂനിയർ ചേംബർ ഇന്റർനാഷണൽ (ജെ.സി.ഐ.) കൊച്ചിൻ അറുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രശംസനീയമായ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച പ്രതിഭകൾക്ക് പ്രഖ്യാപിച്ച ജെ സി ഐ ജനകീയ പ്രതിഭ പുരസ്‌കാരങ്ങൾക്ക് പോലീസ് വകുപ്പിൽ നിന്ന് ജീസസ് യൂത്ത് നേതൃ നിരയിൽ സജീവമായ ബാബു ജോൺ തെരഞ്ഞെടുക്കപ്പെട്ടു. പോലീസ് വിഭാഗത്തിൽ നിന്നാണ് അദ്ദേഹത്തെ തെരെഞ്ഞെടുത്തത്. ബാബു ജോൺ കൊച്ചി സിറ്റി പോലീസിൽ കുട്ടികൾക്കായി രൂപീകരിച്ചിരിക്കുന്ന വിഭാഗത്തിലെ ചുമതലയുള്ള സബ് ഇൻസ്പെക്റ്റർ ആണ്. ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിലെ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയും കുട്ടികൾക്ക് ബോധവത്കരണ ക്ലാസുകൾക്കു നേതൃത്വം നൽകുകളെയും ചെയ്യുന്നു.
പുരസ്‌ക്കാരങ്ങൾ എറണാകുളം ടൗൺ ഹാളിൽ നടന്ന സമ്മേളനത്തിൽ വിതരണം ചെയ്തു. ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു. കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണർ സുദർശൻ കെ എസ് മുഖ്യ പ്രഭാഷണം നടത്തി. ജെ.സി.ഐ. പ്രസിഡന്റ് ഡോ. ഷബീർ ഇക്‌ബാൽ അധ്യക്ഷത വഹിച്ചു. സമൂഹത്തിലെ വിവിധ മേഖലകളിലെ അർഹരായ വ്യക്തികളെയാണ് ആദരിച്ചത്.
തൊണ്ണൂറുകളുടെ ആരംഭത്തിൽ തന്നെ ജീസസ്സ് യൂത്തിൽ സജീവമായ ബാബു ജീസസ് യൂത്തിൽ നിരവധി ഉത്തരവാദിത്വങ്ങൾ നിർവഹിച്ചിട്ടുണ്ട്. ഇപ്പോൾ മിഷൻ കാര്യങ്ങളുടെ ഏകീകരണത്തിലും നടത്തിപ്പിലും മുൻനിരയിൽ തന്നെയുണ്ട്. ജീസസ് യൂത്തിനു അകത്തും പുറത്തും നിരവധി ആളുകളെയാണ് വാക്കുകൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും അദ്ദേഹം പ്രചോദിപ്പിക്കുന്നത്. ഭാര്യ ഷാലെറ്റ്, മക്കൾ ഏഞ്ചൽ, ആഗ്നെസ്, ആമ്മേൻ. മക്കൾ മൂന്നുപേരും ജീസസ് യൂത്തിൽ സജീവമാണ്. ക്യാമ്പസ് ടീമിലും ടീൻസ് മിനിസ്ട്രിയിലും നേതൃനിരയിൽ തന്നെയുണ്ട്.
ഓരോ ദിവസവും പോലീസ് സബ് ഇൻസ്പെക്ടർ എന്ന നിലയിൽ നേരിട്ട് കണ്ടു കൊണ്ടിരിക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ശ്രീ ബാബു ജോൺ സംസാരിക്കുന്ന വീഡിയോ കാണാം.