January 23, 2025
News

മലയാളികൾ പാടിയ ക്രിസ്ത്യൻ പാട്ടുകൾ

  • September 1, 2024
  • 1 min read
മലയാളികൾ പാടിയ ക്രിസ്ത്യൻ പാട്ടുകൾ

മലയാളികൾ ഒന്നടങ്കം ഹൃദയത്തിൽ ഏറ്റെടുത്ത എണ്ണമറ്റ ക്രിസ്തീയ ഗാനങ്ങളുടെ വേരുതേടിയുള്ള യാത്ര. ഒരുപക്ഷെ സൂഷ്മ നിരീക്ഷണങ്ങളിൽ ഇഴപിരിച്ചെടുക്കേണ്ട ഒരു ലോകത്തിലേക്ക് നടത്തുന്ന യാത്രയുടെ ആരംഭമാണ് ഈ നിരീക്ഷണം. സംഗീതവും സാഹിത്യവും ഇടകലർന്നു സഭയെ, വിശ്വാസത്തെ, ആത്മീയതയെ വളർത്തിയതിൽ ക്രിസ്തീയ ഗാനങ്ങളുടെ പങ്ക് ചെറുതല്ല. ഒമാനിൽ ജോലിചെയ്യുന്ന വസ്ത്യൻ കുഞ്ഞ് കുറേ നാളുകളായി ഈ ഉദ്യമത്തിന് പിന്നിലുണ്ട്. തെരെഞ്ഞെടുത്ത 31 ഗാനങ്ങൾ ഒന്നൊന്നായി ദിവസവും ആവശ്യക്കാർക്ക് അയച്ചുകൊടുത്ത് ഒരു നവീകരണത്തിലൂടെ അവരെ വളർത്തികൊണ്ടുവരുവാൻ നടത്തുന്ന ശ്രമങ്ങളെ പ്രശംസിക്കേണ്ടതുണ്ട്.

കേരള കത്തോലിക്കാ സഭയും ആത്മീയ ഗാനങ്ങളും

മലയാളികളായ നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തിൽ വളരെയേറെ സ്വാധീനം ചെലുത്തുന്ന വലിയൊരു ഘടകമാണ് സഭയ്ക്കുള്ളിലെ ക്രിസ്തീയ ഭക്തിഗാനങ്ങൾ. 1970 കളിലും, 80 കളിലും, 90 കളിലും ജനിച്ച തലുറയുടെ ക്രിസ്തീയ വിശ്വാസ പരിശീലനത്തിൽ നിർണ്ണായക സ്ഥാനം ഈ കാലഘട്ടത്തിൽ സൃഷ്ടികപ്പെട്ട ക്രിസ്തീയ ഭക്തിഗാനങ്ങൾക്കുണ്ട്. കാരണം, ഇന്നുകാണുന്ന രീതിയിൽ സാമുഹ്യ മാധ്യമങ്ങളുടെ അതിപ്രസരമില്ലാതിരുന്ന കാലത്ത് (വെറും ശ്രോതാക്കൾ മാത്രമായിരുന്ന കാലത്ത്), ഒട്ടുമിക്ക കുടുംബങ്ങളുടെയും ഏക ആശ്രയം ഗ്രാമഫോൺ, ടേബിൽ ടോപ്പ് റിക്കാർഡ് പ്ലയേഴ്സ്, ടേപ്പ് റിക്കോർഡർ ഒക്കെയായിരുന്നു.

ആ നാളുകളിൽ, ചക്രവാളസീമയിൽ നേരീയവെളിച്ചം വിടരുന്ന പ്രഭാതത്തിൽ, ദേവാലയങ്ങളിൽ ‘കാലമണി’യടിച്ചുകഴിഞ്ഞാൽ, പള്ളിയുടെ മുകൾഭാഗത്ത് പിടിപ്പിച്ചിട്ടുള്ള കൊളാമ്പികളിലൂടെ നാലു ദിക്കിലേക്കും ഭക്തിഗാനങ്ങളുടെ പ്രവാഹമായി, ഒഴുക്കായി. അത് ശ്രവിച്ച് ഉറക്കമുണരുന്ന വേളയിൽ കേട്ടുതുടങ്ങിയ ആത്മീയ ഗാനങ്ങൾ ഒട്ടുമിക്കതും, നമ്മുടെ ഹൃദയത്തിൽ പതിയുകയും, അനുദിന തിരുക്കർമ്മങ്ങളിലും, കുടുംബ പ്രാർത്ഥനാ നന്ദർഭങ്ങളിലും, യാത്രാ വേളകളിലും ഒക്കെ ഒരുപോലെ നമ്മൾ ആലപിച്ചു തുടങ്ങി. അവയെല്ലാം തന്നെ, നമ്മിലേക്കു ഒന്ന് സ്വയം തിരിഞ്ഞുനോക്കാനും, അതുവഴി കർത്താവുമായി ഏറെ അടുക്കാനും നമ്മെ കൂടുതൽ സഹായിച്ചിരുന്നു.

അക്കാലത്ത് പുറത്തിങ്ങിയ ഗാനങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, ലഭ്യമായ വിവരങ്ങൾവെച്ച് ചരിത്രത്തിൽ 1970 ൽ റിക്കോർഡ് ചെയ്ത് പുറത്തിറങ്ങിയ സിനിമേതര ആദ്യ ക്രിസ്തീയ ഭക്തിഗാനമായ, ശ്രീ. വർഗ്ഗീസ് വടകരയുടെ വരികൾക്ക് ശ്രീ. ജയ വിജയന്മാർ ഈണം നൽകി, ശ്രീമതി. P. ലീല പാടിയ “അഞ്ചപ്പം കൊണ്ട് അയ്യായിരങ്ങൾക്ക് ആഹാരമേകിയോനെ…” എന്ന ഗാനത്തിൽ തുടങ്ങി നിരവധി മനോഹര ഗാനങ്ങൾ,
പ്രശസ്ത കവി ONV കുറുപ്പ് (വാഴ്തുകയാണിവർ തിരുനാമം…, താരാപഥങ്ങൾ വാഴും തമ്പുരാനെ… etc.) M.K അർജ്ജുനൻ മാസ്റ്റർ (യഹോവയാം മാഹാപ്രഭോ…, ഇതാ പ്രഭാതം പൊട്ടിവിടർന്നു…, etc.), Rev. Fr. ആബേൽ, കലാഭവൻ (കർത്താവേ കനിയണമേ എന്നു തുടങ്ങുന്ന മാതാവിൻ്റെ ലിറ്റിനി, താലത്തിൽ വെള്ളമെടുത്തു…, etc.), M.S. ബാബുരാജ് (പറുദീസാ രൂപനായ് പണ്ടൊരു നാളിൽ…, കനകതാരകം വാനിലുദിച്ചു…, etc.), K.P. ഉദയഭാനു (ഒലീവു പൂക്കും നാട്ടിൽ നിന്നും…), S. ജാനകി, വാണി ജയറാം, P. സുശീല, P. മാധുരി, K.J. യേശുദാസ്, P. ജയചന്ദ്രൻ, ജോളി എബ്രഹാം, വിൻസെൻ്റ് ഗോമസ്, കോട്ടയം ജോയ്, ജോയി തോട്ടാൻ, അങ്ങനെ പല മഹാരഥന്മാരും, പ്രമുഖരുമടങ്ങിയ നിരവധി കലാകാരന്മാർ, വിവിധ കാലഘട്ടങ്ങളിലായി, രചന നിർവ്വഹിച്ചും, ഈണമിട്ടും, മികച്ച ആലാപനം നടത്തിയും പുറത്തിറക്കിയ നിരവധി മനോഹര ആത്മീയഗീതങ്ങൾ ഓരോരോന്നായി നമ്മുടെ ഓർമ്മയിൽ തെളിയും. അവയെല്ലാം ഒളിമങ്ങാതെ ഇന്നും നിത്യ ഹരിത ഗാനങ്ങളായി നിലനില്ക്കുന്നു.

എന്നാൽ, ഇവയ്കെല്ലാം മുൻപുതന്നെ, മലയാള സിനിമകൾ ക്രിസ്തീയ ഭക്തി ഗാനങ്ങളാൽ സമ്പുഷ്ടമായിരുന്നു. സിനിമയുടെതന്നെ തുടക്കകാലത്ത് 1960 കളിലെ ബ്ലാക് & വൈറ്റ് സിനിമകളിൽ വയലാർ – ദേവരാജൻ മാസ്റ്റർ കൂട്ടുകെട്ടടക്കമുള്ള പ്രഗത്ഭ സിനിമാ പിന്നണിപ്രവർത്തകരിലൂടെ ഓർമ്മയിൽ തങ്ങി നില്കുന്ന ചില മനോഹര ഭക്തിഗാനങ്ങൾ സൃഷ്ടിക്കപ്പെട്ടിരുന്നു. ‘നദി’ സിനിമയിലെ “നിത്യ വിശുദ്ധയാം കന്യാമറിയമേ…”, ‘സ്നേഹസീമ’ സിനിമയിലെ “അദ്ധ്വാനിക്കുന്നവർക്കും, ഭാരം ചുമക്കുന്നവർക്കും…”, ‘ക്രിസ്മസ് രാത്രി’ സിനിമയിലെ “നന്മനിറഞ്ഞോരമ്മേ, അതി ധന്യേ…”, ‘നാടൻ പെണ്ണ്’ സിനിമയിലെ “ആകാശങ്ങളിലിരിക്കും ഞങ്ങടെ, അനശ്വരനായ പിതാവേ…”, ‘സ്നാപക യോഹന്നാൻ’ സിനിമയിലെ “ഓശാനാ ഓശാനാ ദാവീദിൻ സുതനേ…”, ‘തൊമ്മൻ്റെ മക്കൾ’ സിനിമയിലെ “ഞാനുറങ്ങാൻ പോകും മുൻപായ്…”, ഇവയെല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ടവയാണ്, ഇന്നും കേൾക്കുമ്പോൾ, അതിലുപരി ആ ഗാനങ്ങളുടെ ചലത്ചിത്രാവിഷ്കാരം കാണുമ്പോൾ, അവയെല്ലാം ഏറെ ഹൃദ്യമാണ്, മനസ്സിന് ആത്മീയ അനുഭൂതി പകരുന്നതാണ്. എന്നാൽ, പലകാരണങ്ങളാലും ഈ ഗാനങ്ങൾ സിനിമകളിലും, റേഡിയോ വിക്ഷേപണങ്ങളിലും മാത്രം ഒതുങ്ങി നിൽക്കുകയായിരുന്നു.

ദേവാലയ ഭക്തിഗാനങ്ങൾ ഇന്നത്തെ നിലയിൽ record ചെയ്യപ്പെട്ട രീതിയിൽ, നമുക്ക് ലഭ്യമായിത്തുടങ്ങിയത് 1970 മുതലാണ്. അതിനർത്ഥം ഇതിന് മുൻപ് ആധ്യാത്മിക ഗീതങ്ങൾ ചിട്ടപ്പെടുത്തിയിരുന്നില്ലാ എന്നല്ല. ചരിത്രത്തിൽ എണ്ണമറ്റ മനോഹര ഗീതികൾ റിക്കോർഡ് ചെയ്യപ്പെടാതെ പോയിട്ടുണ്ട് എന്നതാണ് യാധാർത്ഥ്യം. 1970 – 80 കളിൽ ലഭ്യമായിരുന്ന ആദ്ധ്യാത്മിക ഗീതി പുസ്തകങ്ങളുടെ താളുകൾ മറിക്കുമ്പോൾ നാമറിയാത്ത നിരവധി ഗാനങ്ങൾ നമുക്ക് കാണാൻ കഴിയും. ചരിത്രം പരിശോധിക്കുമ്പോൾ, 1905 മുതൽ സാധു കൊച്ചുകുഞ്ഞു ഉപദേശി അദ്ദേഹത്തിൻ്റെ രണ്ടാമത്തെ മകൻ്റെ (9 വയസ്) അകാലത്തിലുള്ള മരണത്തോടനുബന്ധിച്ചു രചിച്ച “ദുഃഖത്തിൻ്റെ പാനാ പാത്രം, കർത്താവെൻ്റെ കയ്യിൽ തന്നാൽ…” എന്ന കീർത്തനത്തിൽ തുടങ്ങി 200 ൽ പരം സ്തുതിഗീതങ്ങൾ രചിച്ചിരുന്നതായി കാണാൻ സാധിക്കും. പില്കാലത്ത് അവയിൽനിന്നും എണ്ണമെറ്റ ഗാനങ്ങൾ യേശുദാസിൻ്റെ മാസ്മരിക ശബ്ദത്തിൽ റീറെകോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അതു കണക്കെ, ഒട്ടനവധിപേരുടെ ദേവാലയ ഗാനരചനകൾക്ക് “ഗാഗുൽത്താ മലയിൽ നിന്നും, വിലാപത്തിൻ മാറ്റൊലി കേട്ടു…” ഗാനത്തിന് ഈണം നൽകിയ O.V. റാഫേൽ സാർ മനോഹരമായ സംഗീതങ്ങൾ നല്കുകയുണ്ടായി. ഇത്തരത്തിൽ നമ്മൾ പരസ്പരം അറിയാത്ത പഴയ നിരവധിയായ ആദ്ധ്യാത്മിക ഗാനങ്ങൾ ഓരോരോ മേഖലകളിലും, രൂപതകളിലും സമൃദ്ധമായിട്ട് ഉണ്ടായിരുന്നു. ഇന്നത്തെ നിലയിൽ അവ റിക്കോർഡ് ചെയ്യപ്പെട്ട് ലഭ്യമല്ലാതിരുന്നതിനാൽ പല സുന്ദര ഗാനങ്ങളും പരക്കെ ശ്രദ്ധിക്കപ്പെടാതെ പോയി എന്നതാണ് യാധാർത്ഥ്യം.

1970 കൾ മുതൽ 2000 ത്തിൻ്റെ തുടക്കകാലംവരെ നമുക്ക് ലഭ്യമായ റെക്കോർഡ് ചെയ്യപ്പെട്ട ആദ്ധ്യാത്മ ഗീതങ്ങളെക്കുറിച്ച് ഓർക്കുകയാണെങ്കിൽ, അവയെല്ലാം എല്ലാ കലാകാരന്മാരും ഒരുമിച്ചിരുന്നു, Single Take ൽ Recording Studio കളിൽ റെക്കോർഡ് ചെയ്യപ്പെട്ട ഗീതങ്ങളാണെന്ന് തിരിച്ചറിയുമ്പോൾ, ഓരോ ഗാനത്തിനും വേണ്ടി ദിനരാത്രങ്ങൾ ചെലവഴിച്ചുകൊണ്ട് അവയുടെ പിന്നിൽ പ്രവർത്തിച്ച കലാകാരന്മാരെ, അവർ അതിന് എടുത്ത ത്യാഗത്തിനെ നമുക്ക് വിസ്മരിക്കാൻ സാധിക്കില്ലാ. അവയെ ഏറെ ബഹുമാനത്തോടെ തന്നെ നോക്കികാണേണ്ടതുണ്ട്. റെക്കോർഡിങ് വേളയിൽ എവിടെയെങ്കിലും ഒരു പിഴവു പറ്റിയാൽ വീണ്ടും ആദ്യം മുതൽ take എടുക്കേണ്ടിവരും. അങ്ങനെ സംഗീത സംവിധായകർക്ക് തൃപ്തിവരുവോളം പല ആവർത്തി take കൾ വേണ്ടിവന്നിരുന്നു ഓരോ ഗാനങ്ങൾക്കും. അതിനാൽതന്നെ ഓരോഗാനങ്ങളുടെയും മൂല്യം വളരെ വിലപ്പെട്ടതാണ്.

ഗാനരചന തന്നെ കവിതകളാക്കി, അവയ്ക്ക് ഉചിതമായ ഈണം നൽകി, ഓരോ instrument ഉം live ആയി വായിച്ച്, വളരെ പ്രശസ്തരായ ഗായകരെ കൊണ്ട് ആലപിച്ച്, എല്ലരും ഒരുമിച്ച് studio യിൽ ഇരുന്ന് പലകുറി പാടി record ചെയ്ത ഗാനങ്ങളിൽ പൂരിഭാഗവും ഇന്നും ഒളിമങ്ങാതെ നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്നു. അതിൻ്റെ പിന്നിൽ പ്രവർത്തിച്ച പല മഹത് വ്യക്തികളും ഇന്നു ജീവിച്ചിരിപ്പില്ലാ. അവരെ നന്ദിയോടെ ഓർക്കുകയും, അവരുടെ ആത്മാക്കൾക്കുവേണ്ടി പ്രാർത്ഥിക്കയും ചെയ്യുന്നു.

90 കളുടെ അവസാനത്തിലും 2000 ൻ്റെ തുടക്കത്തിലുമെല്ലാം ഭക്തിഗാന കാസറ്റുകളുടെ എണ്ണത്തിൽ വളരെ വലിയ വർദ്ധനവാണുണ്ടായത്. പരക്കെ വളർന്നുവന്ന കരിസ്മാറ്റിക് പ്രസ്ഥാനങ്ങളുടെ ഒരു ബൈ പ്രോഡക്റ്റ് എന്നോണം നിലവാരമുള്ള പല മനോഹര ആദ്ധ്യത്മിക ഗീതികളടങ്ങിയ ആൽബങ്ങൾ വിശ്വാസികളുടെ ഇടയിൽ പ്രചരിച്ചു. S.P. ബാലസുബ്രമണ്യം, M.G ശ്രീകുമാർ, K.G. മാർക്കോസ്, ജി. വേണുഗോപാൽ, ഉണ്ണിമേനോൻ, മധു ബാലകൃഷ്ണൻ, ബിച്ചു നാരായണൻ, കെസ്റ്റർ, K.S. ചിത്ര, സുജാതാ മോഹൻ, രാധികാ തിലക്, etc. അങ്ങനെ നിരവധിയായ ഗായകരിലൂടെ നൂറുകണക്കിന് മനോഹര ഗീതികളാണ് നമ്മുടെആരാധനാ ക്രമങ്ങളെ ഏറെ സമ്പന്നമാക്കിയത്. ടോമിൻ തച്ചങ്കരി, ഫാ. തദേവൂസ് അരവിന്ദത്ത്, ഫാ. ഷാജി തുമ്പേച്ചിറയിൽ, പീറ്റർ ചേരാനെല്ലൂർ, ഫാ. വിക്ടർ എവരിസ്റ്റസ്, ജോണി ബാലരാമപുരം, etc. തുടങ്ങിയ ഭക്തിഗാനരംഗത്ത് നില്ക്കുന്ന പല പ്രഗത്ഭരിലൂടെയും നിരവധി ആദ്ധ്യാത്മിക ഗീതങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ഇവരിലൂടെ നിരവധി പുതുമുഖ ഗായകർക്ക് പാടാൻ അവസരം ലഭിക്കുകയും, അവരുടെ കഴിവു തെളിയിക്കാനും പെതുസമൂഹത്തിൽ വലിയ ശ്രദ്ധനേടാനും, ഈ മേഖല വളരെഏറെ സഹായിച്ചു എന്നതാണ് സത്യം.

തനിക്ക് ലഭിച്ച ആലാപനത്തിൻ്റെ ആ വലിയ ഒരു വരദാനം, സിനിമാ മേഖലയിൽ കടക്കാതെ, എണ്ണമറ്റ മനോഹരങ്ങളായ ദൈവസ്തുതി ഗീതങ്ങൾ മാത്രം ആലപിക്കാൻ മാറ്റിവെച്ച, സ്വർഗ്ഗീയ നാദത്തിന്നുടമയായ, കെസ്റ്ററിൻ്റെ ആലാപന സൗകുമാര്യം പ്രത്യേകം എടുത്തുപറയേണ്ട ഒന്നുതന്നെയാണ്.

“ദാവീദും എല്ലാ ഇസ്രായേല്യരും, കിന്നരം, വീണ, തപ്പ്‌, കൈത്താളം, കാഹളം എന്നിവ ഉപയോഗിച്ച്‌ സർവശക്‌തിയോടുംകൂടെ ദൈവസന്നിധിയിൽ ആർത്തുപാടി.” 1 ദിനവൃത്താന്തം 13 : 8

വസ്ത്യൻ കുഞ്ഞ്. M.P

നമ്മുടെ ആദ്ധ്യാത്മിക വളർച്ചയിൽ ഭക്തിഗാനങ്ങൾ നമ്മെ ഏറെ സ്വാധീനിച്ചു എന്നത് ഒരു യാധാർത്ഥ്യമാണ്. എന്നാൽ ഇന്ന്, ദേവാലയങ്ങളിലെ ദിവ്യബലികൾക്കിടയിയും, മറ്റു ആരാധനാ വേളകളിലും ആധ്യാത്മിക ഗീതങ്ങളെ വൈദിക ശ്രേഷ്ടർ എത്രകണ്ട് പ്രോത്സാഹിപ്പിക്കുന്നു എന്നത് വലിയൊരു ചോദ്യചിഹ്നമാണ്. പ്രവേശനഗാനമായാലും, ആരാധാനാ ഗീതങ്ങളായാലും, സുവിശേഷ ഗാനങ്ങളായാലും, കാഴ്ചവെയ്പ്പിൻ്റെ ഗാനങ്ങളായാലും, ദിവ്യകാരുണ്യ സ്വീകരണ ഗാനമായാലും ഒക്കെയെല്ലാം പൂർവ്വാധികം വെട്ടിച്ചുരുക്കുന്ന ഒരു സമീപനം പരക്കെ ദൃശ്യമാണ്. ആദ്ധ്യാത്മിക നേതൃത്വത്തിൻ്റെ ആ ഒരു സമീപനം മാറേണ്ടിയിരിക്കുന്നു. പ്രസംഗം എത്ര നേരം വേണമെങ്കിലും നീട്ടാം, എന്നാൽ പാടുന്നതിനിടയിൽ സ്തുതികീർത്തനങ്ങളുടെ പ്രത്യേകതകൊണ്ട് പല്ലവിയോ അനുപല്ലവിയോ ഒന്നുകൂടി പടേണ്ടിവന്നാൽ (ഒന്നോ രണ്ടോ മിനിറ്റിൻ്റെ കാര്യമാണ്), പിന്നെ ഗായക സംഘത്തിനുനേരെ ഒരു നോട്ടം അൽത്താരയിൽ നിന്നും പ്രതീക്ഷിക്കാം.

ദേവാലയ ഗീതികൾ ഏറെ പരിപോഷിപ്പിക്കപ്പെടേണ്ടതാണ്. ഒരുവട്ടം പാടുന്നത് രണ്ടു വട്ടം പ്രാർത്ഥിക്കുന്നതിന് തുല്യം (വി.അഗസ്റ്റിൻ). പഴയ നിയമത്തിൽ പലയിടത്തും കാണാം ദൈവജനം എല്ലാ വാദ്യോപകരണങ്ങളോടും സ്തുതിഗീതികൾ ആർത്തുല്ലസിച്ച് ആലപിക്കുന്നത്. അതിനെ സഭ നല്ലനിലയിൽ തന്നെ പ്രോത്സാഹിപ്പിക്കണം. അത് ദൈവത്തിന് വളരെ സ്വീകാര്യമാണുതാനും. ബലിയർപ്പിക്കുന്ന ജനം മുഴുവനും പാടാൻപറ്റിയ തരത്തിലുള്ള ഗാനങ്ങൾ തെരഞ്ഞെടുക്കാൻ ഗായക സംഘത്തിനും, ബലിയർപ്പിക്കുന്ന വൈദീകനും വളരെ ഉത്തരവാദിത്വമുണ്ട്. മൺമറഞ്ഞുപോകാതെ, നിത്യഹരിതങ്ങളായ പഴയ ഭക്തിഗാനങ്ങൾക്കു നൽകേണ്ട പ്രാധാന്യം നമ്മുടെ അനുദിന ജീവിതത്തിലും ഉണ്ടാകട്ടെ, അർത്ഥവത്തായ കൂടുതൽ ആദ്ധ്യാത്മിക ഗീതങ്ങൾ നമ്മുടെ പ്രാർത്ഥനാ വേളകളെ സമ്പുഷ്ടമാക്കട്ടെ.

വസ്ത്യൻ കുഞ്ഞ്. M.P (ഒമാൻ)
പുല്ലുവിള, തിരുവനന്തപുരം
ഭാര്യ സോഫി, മക്കൾ വിപിൻ, എഡ്വിന, ഡാമിയൻ

About Author

കെയ്‌റോസ് ലേഖകൻ