January 22, 2025
Jesus Youth News

മാർ തോമസ് തറയിൽ ചങ്ങനാശ്ശേരി ആർച്ചുബിഷപ്പ്, മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ ഷംഷാബാദ് ബിഷപ്പ്

  • August 30, 2024
  • 1 min read
മാർ തോമസ് തറയിൽ ചങ്ങനാശ്ശേരി ആർച്ചുബിഷപ്പ്, മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ ഷംഷാബാദ് ബിഷപ്പ്

കാക്കനാട്: ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി മാർ തോമസ് തറയിൽ പിതാവിനെയും ഷംഷാബാദ് രൂപതുടെ മെത്രാനായി മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടൻ പിതാവിനെയും സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവു നിയമിച്ചു. 2024 ആഗസ്റ്റ് 19 മുതൽ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയയിൽ നടന്നുകൊണ്ടിരുന്ന മെത്രാൻ സിനഡാണ് ഇവരെ പുതിയ സ്ഥാനങ്ങളിലേക്കു തെരഞ്ഞെടുത്തത്. ഇതു സംബന്ധമായുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഇറ്റാലിയൻ സമയം ഉച്ചയ്ക്കു 12 മണിക്കു വത്തിക്കാനിലും ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 3.30ന് കാക്കനാട് മൗണ്ട് സെൻ്റ് തോമസിലും നടത്തി.

സഭയുടെ ആസ്ഥാനകാര്യാലയത്തിൽ നടത്തിയ പൊതുസമ്മേളനത്തിൽ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മാർ തോമസ് തറയിൽ പിതാവിനെ ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിച്ചുകൊണ്ടുള്ള മേജർ ആർച്ചുബിഷപ്പിൻ്റെ കല്പ്പന മേജർ ആർക്കി എപ്പിസ്കോപ്പൽ ചാൻസലർ ഫാ. എബ്രഹാം കാവിൽപുരയിടത്തിലും മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടൻ പിതാവിനെ ഷംഷാബാദ് രൂപതയുടെ മെത്രാനായി നിയമിച്ചുകൊണ്ടുള്ള കല്പ്പന മേജർ ആർക്കിഎപ്പിസ്കോപ്പൽ വൈസ് ചാൻസലർ ഫാ. ജോസഫ് മറ്റത്തിലും വായിച്ചു. തുടർന്നു മേജർ ആർച്ചുബിഷപ്പ്, ഇരുവരെയും ഷാൾ അണിയിച്ചും ചങ്ങനാശ്ശേരി ആർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പിതാവും ഷംഷാബാദ് രൂപതയുടെ അഡ്മിനിസ്ട്രേറ്റർ മാർ ജോസഫ് കൊല്ലംപറമ്പിൽ പിതാവും ഇരുവർക്കും ബൊക്കെ നല്‌കിയും അനുമോദിച്ചു. പാലാ രൂപതാധ്യക്ഷനും പെർമനെൻ്റ് സിനഡ് അംഗവുമായ മാർ ജോസഫ് കല്ലറങ്ങാട്ടു പിതാവ് ആശംസകളർപ്പിച്ചു സംസാരിച്ചു. തദവസരത്തിൽ സന്നിഹിതരായിരുന്ന സിനഡുപിതാക്കന്മാരും മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയായിലെ അംഗങ്ങളും പുതിയ നിയമനം ലഭിച്ച പിതാക്കന്മാർക്കു ആശംസകൾ നേർന്നു.

മാർ തോമസ് തറയിൽ

ചങ്ങനാശ്ശേരി അതിരൂപതാദ്ധ്യക്ഷനായിരുന്ന മാർ ജോസഫ് പെരുന്തോട്ടം 75 വയസ്സു പൂർത്തിയായതിനെത്തുടർന്നു രാജിവെച്ച ഒഴിവിലേക്കാണ് മാർ തോമസ് തറയിൽ നിയമിതനായിരിക്കുന്നത്. നിലവിൽ അതിരൂപതയുടെ സഹായമെത്രാനാണ്. ഷംഷാബാദ് രൂപതാധ്യക്ഷനായിരുന്ന മാർ റാഫേൽ തട്ടിൽ പിതാവു സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടതിനാലാണു 2017ൽ സ്‌ഥാപിതമായ രൂപതയുടെ രണ്ടാമത്തെ അധ്യക്ഷനായി നിലവിൽ അദിലാബാദ് രൂപതാമെത്രാനായ മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്.

ചങ്ങനാശ്ശേരി അതിരൂപതയിലെ കത്തീഡ്രൽ ഇടവകയിൽ ടി.ജെ. ജോസഫ് മറിയാമ്മ ദമ്പതികളുടെ ഏഴാമത്തെ മകനായി 1972 ഫെബ്രുവരി രണ്ടിനു ജനിച്ച ബിഷപ്പ് മാർ തോമസ് തറയിൽ, സ്‌കൂൾ കോളേജ് പഠനത്തിനുശേഷം ചങ്ങനാശ്ശേരി അതിരൂപതയുടെ കുറിച്ചി മൈനർ സെമിനാരിൽ വൈദിക പരിശീലനം ആരംഭിച്ചു. വടവാതൂർ സെൻ്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽനിന്നു തത്വശാസ്ത്ര ദൈവശാസ്ത്രപഠനങ്ങൾ വിജയകരമായി പൂർത്തിയാക്കിയ അദ്ദേഹം 2000 ജനുവരി 1-ാം തീയതി മഹാജൂബിലിവർഷത്തിൽ അഭിവന്ദ്യ മാർ ജോസഫ് പവ്വത്തിൽ പിതാവിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു. പൗരോഹിത്യസ്വീകരണത്തിനുശേഷം അതിരമ്പുഴ, നെടുങ്കുന്നം, എടത്വ എന്നീ ഇടവകകളുടെ അസി. വികാരിയായും താഴത്തുവടകരയിൽ വികാർ അഡ്‌മിനിസ്ട്രേറ്ററായും അജപാലന ശുശ്രൂഷചെയ്‌തശേഷം ഉപരിപഠനത്തിനായി റോമിലേക്കുപോയി. റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റിയിൽനിന്നു മനഃശാസ്ത്രത്തിൽ പ്രശംസ നീയമാംവിധം ഡോക്ട‌റേറ്റു കരസ്ഥമാക്കി. 2011ൽ നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം പുന്നപ്രയിലുള്ള ദനഹാലയ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി സേവനംചെയ്തു വരവേ 2017 ജനുവരി 14നാണ് ചങ്ങനാശ്ശേരി അതിരൂപത യുടെ സഹായമെത്രാനായി തെരഞ്ഞെടുക്കപ്പെട്ടത്. 2017 ഏപ്രിൽ 23ന് സഹായമെത്രാനായി അഭിഷിക്തനായ മാർ തോമസ് തറയിൽ അന്നുമുതൽ അതിരൂപതയുടെ പ്രോട്ടോസിഞ്ചെല്ലൂസ് എന്ന പദവിയോടൊപ്പം തിരുവനന്തപുരം, കൊല്ലം, അമ്പൂരി ഫൊറോനകളുടെ പ്രത്യേക ചുമതലയും വഹിച്ചിരുന്നു. അറിയപ്പെടുന്ന ധ്യാനഗുരുവും നിരവധിഗ്രന്ഥങ്ങളുടെ രചയിതാവുമാണ് നിയുക്ത ആർച്ചുബിഷപ്പ്. മലയാളത്തിനു പുറമേ, ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമ്മൻ, സ്‌പാനിഷ് എന്നീ ഭാഷകളിൽ പ്രാവിണ്യമുണ്ട്

മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടൻ

തൃശ്ശൂർ അതിരൂപതയിലെ അരിമ്പൂർ സെൻ്റ് ആൻ്റണീസ് ഇടവകയിൽ പി.ജെ. ദേവസ്സിയുടെയും എ. എം. കൊച്ചുത്രേസ്യായുടെയും രണ്ടാമത്തെ മകനായി 1977 മാർച്ച് 13നാണു മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടൻ ജനിച്ചത്. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം അദേഹം സി.എം.ഐ. സന്ന്യാസ സമൂഹത്തിൽ പരിശീലനം ആരംഭിച്ചു. നോവിഷ്യേറ്റു പഠനം പൂർത്തിയാക്കിയശേഷം അദ്ദേഹം അദിലാബാദ് രൂപതയ്ക്കുവേണ്ടി വൈദികപരിശീലനം തുടർന്നു. ബാംഗ്ലൂരിലെ ധർമാരാം വിദ്യാക്ഷേത്രത്തിൽനിന്നു തത്വശാസ്ത്രവും ഉജ്ജയിനിലെ റൂഹാലയ മേജർ സെമിനാരിയിൽനിന്നു ദൈവശാസ്ത്രവും പൂർത്തിയാക്കി. 2007 ഏപ്രിൽ 25നു മാർ ജോസഫ് കുന്നത്ത് പിതാവിൽനിന്നു പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം കത്തീഡ്രൽ അസി. വികാരി, ഡാലിഗാഓൺ മിഷൻ സ്റ്റേഷൻ പ്രീസ്റ്റ് ഇൻ ചാർജ് എന്നീ നിലകളിൽ അജപാലനശുശ്രൂഷകൾ ചെയ്‌തു. ഉപരിപഠനത്തിനായി റോമിലേക്കു അയ്ക്കപ്പെട്ട അദേഹം റോമിലെ ഉർബാനിയൻ യൂണിവേഴ്‌സിറ്റിയിൽനിന്നു ബിബ്ലിക്കൽ തിയോളജിയിൽ പ്രശംസനീയമാംവിധം ഡോക്‌ടറേറ്റു നേടി. പിന്നീടു രൂപതയിൽ തിരിച്ചെത്തിയ അദ്ദേഹം 2015 ഒക്ടോബർ 29നു അദിലാബാദ് രൂപതയുടെ രണ്ടാമത്തെ മെത്രാനായി അഭിഷിക്തനായി. മലയാളം, ഇംഗ്ലീഷ്, തെലുങ്ക്, ഇറ്റാലിയൻ, ജർമൻ എന്നീ ഭാഷകളിൽ പ്രാവണ്യം ഉണ്ട്. അഭിവന്ദ്യ പിതാക്കന്മാരുടെ സ്ഥാനാരോഹണ തീയതികൾ പിന്നീട് അറിയിക്കുന്നതാണ്.

About Author

കെയ്‌റോസ് ലേഖകൻ