മ്യൂസിക് ഡയറക്ടർ അൽഫോൻസ് ജോസഫ് മാപ്പു പറഞ്ഞു
ടാലെന്റ്റ് ഗാലറി നടക്കുന്ന സമയം. വളരെ ആകാംഷയോടെയാണ് ഞാൻ പങ്കെടുക്കാൻ പോയത്. 2006 ആണെന്നാണ് എന്റെ ഓർമ. സ്ഥലം ഭാരത് മാത കോളേജ്, എറണാകുളം. കേരളത്തിലെ അറിയപ്പെടുന്ന ഒരു കൂട്ടം കലാകാരൻമാർ അവിടെ ഒന്നിച്ചിരുന്നു. മൂവി ഡയറക്ടേഴ്സ്, മ്യൂസിക് കംപോസേർസ്, ഗായകർ, സെറ്റ് ഡിസൈനേഴ്സ്, അഡ്വെർടൈസിങ് ഡയറക്ടേഴ്സ്, സിനിമോട്ടോഗ്രാഫേഴ്സ് , മൂവി എഡിറ്റേർസ്, ഡിസൈനേഴ്സ്, ടെക്‌നീഷൻസ്, സ്ക്രിപ്റ്റ് എഴുതുന്നവർ, കഥ എഴുതുന്നവർ അങ്ങനെ ഒട്ടനവധി കലാകാരൻമാർ ഒത്തുവന്നിട്ടുണ്ടവിടെ. ഞാനും വലിയ കലാകാരൻ ആണെന്ന ഭാവത്തോടെയാണ് നടപ്പ്, ആർട്ടിസ്റ്റിക് ആറ്റിട്യൂഡിൽ.
പ്രോഗ്രാം ഹോളിലേക്കു കടന്നു വരുന്ന സ്ഥലത്താണ് സംഭവം നടന്നത്. പെട്ടെന്നൊരാൾ വന്നു എന്റെ കാലിൽ ഒരു ചവിട്ട്. ഞാൻ ദേഷ്യത്തോടെ നോക്കിയപ്പോൾ ഞാൻ ഏറെ ആരാധിക്കുന്ന അൽഫോൻസ് ജോസഫ് – മ്യൂസിക് ഡയറക്ടർ. കാലിലെ വേദന മറന്നു മുഖത്ത് ചിരി പടർന്നു. ചേട്ടനും ചിരിച്ചു. എന്നോട് വളരെ സൗമ്യമായി “അയ്യോടാ, സോറി ഡാ” എന്ന് പറഞ്ഞു കൈ കൊണ്ട് എന്നെ തലോടി കൊണ്ട് ക്ലാസെടുക്കാൻ സ്റ്റേജിൽ കയറി. ഞാൻ ശരിക്കും ഞെട്ടി. ചേട്ടൻ എന്തിനാണ് എന്നോട് മാപ്പ് പറഞ്ഞത് എന്ന് ഞാൻ ചിന്തിച്ചു പോയി. അങ്ങനെ ആയിരുന്നു ചേട്ടന്റെ ആ സമയത്തെ ബോഡി ലാംഗ്വേജ്. അതിനു ശേഷം ഞാൻ ചേട്ടനെ പലപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഓരോരുത്തരോടും സംസാരിക്കുന്ന രീതി. ഓരോ വ്യക്തികൾക്കും കൊടുക്കുന്ന ബഹുമാനം. ചേട്ടന്റെ തന്നെ ഒരു അനുഭവത്തിൽ പറയുന്നുണ്ട്, കൊച്ചിയിൽ തിരക്കുള്ള ഒരു ദിവസം. ഒരു ബസ് അൽഫോൺസ് ചേട്ടൻ്റെ പുതിയ കാറിൽ ഇടിച്ചു. ആ ബസുകാരനോട് ക്ഷമിച്ച സാഹചര്യം. എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല അങ്ങനെ ഒരു പ്രതികരണം. കഥകൾ പിന്നെയുമുണ്ട്. ദൈവത്തിന്റെ കരം പിടിച്ചുകൊണ്ടു മീഡിയ ലോകത്തു ഷൈൻ ചെയുന്ന ഒരു റോൾ മോഡൽ തന്നെയാണ് ചേട്ടൻ.
വഴുതി വീഴാൻ സാഹചര്യമുള്ള മേഖലയാണ് മീഡിയ മേഖല. ഞാനും മീഡിയാ ഫീൽഡിലാണ് ജോലി ചെയുന്നത്. ഒരു കലാകാരൻ മനസ്സുവെച്ചാൽ ഒരു ആത്മാവിനെ വഴി തെറ്റിച്ചു വിടാനും നന്നാക്കിയെടുക്കാനും സാധിക്കും. മീഡിയ ഫീൽഡിലെ ഒഴുക്കിനനുസരിച്ചു ഒഴുകി പോകാതെ തമ്പുരാന്റെ കൈ പിടിച്ചു ഈ മേഖലയിൽ ജോലി ചെയ്യുന്നതോടൊപ്പം സഭയുടെ കൂദാശകൾ സ്വീകരിച്ചു വിശുദ്ധിയിൽ ജീവിച്ചു പോകുന്നതിനു ജീസസ് യൂത്ത് വലിയ ഒരു പങ്കു വഹിച്ചിട്ടുണ്ട്. അല്ഫോന്സേട്ടൻ, ഷെൽട്ടൻ ചേട്ടൻ, സുനീഷ് ചേട്ടൻ, ഉമേഷ് ചേട്ടൻ, ജെയ്‌ബി ചേട്ടൻ, ശാലോം വേൾഡ് ക്രിയേറ്റീവ് ഡയറക്ടർ ആയ രഞ്ജിത്ത് ചേട്ടൻ, ഷെജിൻ ചേട്ടൻ, ജേക്കബ് ചേട്ടൻ, നിഖിൽ ജോർജ്ജ്, നോബിൾ, അങ്ങനെ JY മീഡിയ ടീമും മറ്റു JY ലീഡേഴ്‌സും റോൾ മോഡൽ തന്നെയാണ്.
മീഡിയ ഫീൽഡിൽ ജോലി ചെയ്യുന്നതു ചലഞ്ചിങ് ആയിട്ടു തോന്നിയിട്ടുണ്ട്. മുംബയിലെ പ്രശസ്ഥമായ ഓഗിൽവി എന്ന അഡ്വർടൈസിംഗ് ഏജൻസിയിലാണ് എൻ്റെ കരിയർ ആരംഭിക്കുന്നത്. മിക്കവരും മദ്യപിക്കുന്നവർ അല്ലെങ്കിൽ ഡ്രഗ്സ് ഉപയോഗിക്കുന്നവർ. മിനിമം ഗേൾ ഫ്രണ്ട് ഉണ്ടായിരിക്കണം. ഇതൊന്നും ഇല്ലാതെ നിനക്ക് നിന്റെ മേഖലയിൽ തിളങ്ങാൻ ആകില്ലെന്ന് പറഞ്ഞു പഠിപ്പിക്കുന്ന സാഹചര്യമാണ് ചുറ്റിലും. ഇത്തരം കൂട്ടുകെട്ടിൽ വീഴ്ത്താതിരിക്കാൻ നല്ല കൂട്ടുകേട്ട് വേണം. അതിനു JY സൂപ്പറാ… എന്നെ സഹായിച്ചതും JY ഫ്രണ്ട്സ് തന്നെ.
ആത്മാക്കളെ ദൈവത്തിലേക്ക് അടുപ്പിക്കാൻ മാധ്യമങ്ങൾക്കുള്ള പങ്ക് ചെറുതൊന്നുമല്ല. JY മീഡിയയുടെ പ്രയത്നങ്ങൾ സഭയ്ക്ക് വലിയ സംഭാവനകളാണ് നൽകിയിട്ടുള്ളത്. അതിനു ഉദാഹരണമാണ് JY മ്യൂസിക് ബാൻഡ്‌സ്, തിയേറ്റർ പെർഫോമെൻസ്, പോസ്റ്റർ ഡിസൈൻ, ഷോർട് ഫിലിംസ്, കൈറോസ് മീഡിയ, മൊബൈൽ ആപ്പ് ഡെവലപ്മെന്റ്റ്, വെബ് ഡെവലപ്മെന്റ്റ്, മാർച്ചൻ്റ് പ്രൊഡക്ട്സ്, അങ്ങനെ ഒത്തിരി ഒത്തിരി. ഇനിയും സാധ്യതകൾ ഏറെയാണ്…
ഈ ദിവസങ്ങളിൽ കേരളത്തിലെ സിനിമ മേഖലയിൽ നടക്കുന്ന വാർത്തകൾ എല്ലാവരും കേട്ടിരിക്കുമല്ലോ. കലയെ ജ്ഞാനത്തോടെയും വിവേകത്തോടെയും ഉപയോഗിച്ചുകൊണ്ടും, യാതൊരു ഈഗോയും ഇല്ലാതെ പ്രൊഫഷണലായി മറ്റുള്ളവരെ ബഹുമാനിച്ചുകൊണ്ടും നമുക്ക് നമ്മുടെ ജോലിയെ സ്നേഹിക്കാം. നമുക്ക് തന്ന കഴിവിനെ ഓർത്ത് ദൈവത്തെ സ്തുതിക്കാം. കഴിഞ്ഞ കാലങ്ങളിൽ പരിശുദ്ധാത്മാവ് പ്രചോദിപ്പിച്ച പല ആശയങ്ങളെയും പൊടി തട്ടിയെടുക്കാം. അതിനു ജീവൻ കൊടുക്കാം.
ജോൺ കരോൾ പി എൽ
ഗൗഡേറ്റ് എന്ന അഡ്വർടൈസിംഗ് പ്രൊഡക്ഷൻ ഹൗസ് നടത്തുന്നു. JY മുംബൈ സർവീസ് ടീം, മീഡിയാ ടീം എന്നിവയിൽ അംഗമായിരുന്നു. ഭാര്യ ഹിമ. നാല് മക്കൾ: ബെനിറ്റോ, മിയ, ബെനഡിക്റ്റ്, ബെഞ്ചമിൻ