January 23, 2025
News

കർത്താവേ നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ

  • August 28, 2024
  • 1 min read
കർത്താവേ നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ

ലാസറിന്റെ രോഗവും മരണവും മാര്‍ത്തയ്ക്കും മറിയത്തിനും ഒരു വലിയ ആഘാതമായിരുന്നു. ആ പരീക്ഷണഘട്ടത്തില്‍ യേശുവിന്റെ സാന്നിധ്യം എത്രയോ തീവ്രമായാണ്‌ അവര്‍ ആഗ്രഹിച്ചത്‌! “കര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു.” ഈ വാക്കുകള്‍ അവര്‍ എത്രയോ തവണ ഉരുവിട്ടിട്ടുണ്ടാകണം! ലാസറിനെ അഗാധമായി സ്‌നേഹിച്ചിരുന്ന യേശുവിന്റെ അസാന്നിധ്യം അവരുടെ ആശയക്കുഴപ്പം വര്‍ധിപ്പിക്കുകയാണ്‌. ആളെ വിട്ട്‌ വിവരമറിയിച്ചിട്ടും അവന്‍ വരാത്തത്‌ എന്താണ്‌? ആരെങ്കിലും വഴിയായി ഒരു ആശ്വാസവാക്കെങ്കിലും അറിയിക്കാത്തതെന്ത്‌? അവരുടെ ഹൃദയങ്ങളില്‍ ചോദ്യങ്ങളും സംശയങ്ങളും ഉയരുന്നു. യേശുവിന്റെ ശക്തിയില്‍ അവര്‍ക്ക്‌ അചഞ്ചലമായ വിശ്വാസമുണ്ട്‌. ലാസറിനെ സംസ്കരിച്ചു നാലുദിവസം കഴിഞ്ഞ്‌ യേശുവെത്തുമ്പോള്‍ മാര്‍ത്ത പറയുന്ന ഈ വാചകം അവരുടെ വിശ്വാസത്തിന്‌ അടിവരയിടുകയാണ്‌. “കര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു, എന്നാല്‍, നീ ചോദിക്കുന്നതെന്തും ദൈവം നിനക്കു തരും എന്ന്‌ എനിക്കറിയാം”.

യേശുവിനെ കാണുമ്പോള്‍ മറിയവും ഇതേ വാചകമാണ്‌ പറയുന്നത്‌. “കര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്റെ സഹോദരന്‍ മരിക്കുമായിരുന്നില്ല” (യോഹ 11,32). തന്റെ കാലില്‍ വീണു വിലപിക്കുന്ന ആ സ്ത്രീയുടെ വേദന യേശുവിനെയും കണ്ണീരിലാഴ്ത്തുന്നു. അവളുടെ വേദനയില്‍ അവനും അവളോടൊപ്പം കരയുന്നു.

തിരിഞ്ഞു നോക്കിയാല്‍ നമ്മുടെ ജീവിതത്തിലും യേശുവിന്റെ സാന്നിധ്യം നാം അതിയായി ആഗ്രഹിച്ച നിമിഷങ്ങള്‍ കണ്ടെത്താനാകും. നമ്മില്‍ ചിലര്‍ ഇപ്പോള്‍ പോലും അതേ അവസ്ഥയിലായിരിക്കാം. പരീക്ഷണങ്ങളും സഹനങ്ങളും നമ്മുടെ ജീവിതത്തെ കഠിനമാക്കാറുണ്ട്‌. തീവ്രമായ വേദനയിലൂടെ കടന്നുപോകുമ്പോഴും എന്തുകൊണ്ട്‌ ഇത്‌ സംഭവിക്കുന്നുവെന്ന്‌ നമുക്ക്‌ മനസ്സിലാകണമെന്നില്ല. യുദ്ധമുഖത്തുനിന്നുള്ള ഹൃദയം തകര്‍ക്കുന്ന കാഴ്ചകള്‍, കഠിനരോഗങ്ങള്‍ ബാധിച്ചവരുടെ ദുരിതങ്ങള്‍, കടുത്ത മാനസിക വ്യഥകളിലൂടെ കടന്നുപോകുന്ന കുഞ്ഞുങ്ങളുടെ അവസ്ഥ, ജീവിതം വഴിമുട്ടിക്കുന്ന തരത്തിലുള്ള സാമ്പത്തിക ബാധ്യതകള്‍ എന്നിങ്ങനെ “കര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നെങ്കില്‍” എന്ന്‌ ഓര്‍ത്തുപോകുന്ന എത്രയോ സാഹചര്യങ്ങളാണ്‌ നമ്മുക്ക്‌ ചുറ്റുമുള്ളത്‌!

ചിലപ്പോഴെല്ലാം ദൈവത്തിന്റെ സാന്നിധ്യം അനുഭവവേദ്യമാകാതിരിക്കുമ്പോഴാണ്‌ നാം ഈ അവസ്ഥയിലെത്തുന്നത്‌. അല്ലെങ്കില്‍ ആഴമേറിയ ഒറ്റപ്പെടല്‍, പ്രലോഭനങ്ങളുടെ മുന്‍പിലുള്ള ഇടര്‍ച്ചകള്‍, ജീവിതത്തില്‍ തീരുമാനമെടുക്കാനുള്ള കഴിവില്ലായ്മ തുടങ്ങിയ സാഹചര്യങ്ങളിലാകാം ഈ വാക്കുകള്‍ നമ്മുടെ അധരങ്ങളില്‍ വരുന്നത്‌. അവന്‍ ഇവിടെയുണ്ടായിരുന്നെങ്കില്‍ ആ അപകടമോ അപമാനമോ എനിക്കു സംഭവിക്കുമായിരുന്നില്ല എന്ന വേദന, അമര്‍ഷമായി നമ്മില്‍ ചിലരുടെയെങ്കിലും മനസ്സില്‍ തളംകെട്ടി നില്‍ക്കുന്നുണ്ടാകും. അവന്‍ എന്തുകൊണ്ട്‌ വന്നില്ല? എന്തുകൊണ്ട്‌ എന്നെ ഉപേക്ഷിച്ചു?

ഇത്തരം ചോദ്യങ്ങളും നിലവിളിയും മനസ്സിലാക്കുന്നവനാണ്‌ യേശു. കുരിശില്‍ കിടന്നുകൊണ്ട്‌ “എന്റെ ദൈവമേ, എന്റെ ദൈവമേ എന്തുകൊണ്ട്‌ നീ എന്നെ ഉപേക്ഷിച്ചു” എന്നുപറഞ്ഞ്‌ കരയുമ്പോള്‍ അവന്‍ നമ്മുടെ പ്രാര്‍ഥനകളെ അവന്റേതാക്കുകയായിരുന്നു. എന്നിട്ടും ബഥാനിയായിലേക്കു വരാന്‍ അവന്‍ നാലുദിവസം കാത്തിരുന്നു. എന്തുകൊണ്ട്‌? ശിഷ്യന്‍മാരുമായുള്ള അവന്റെ സംഭാഷണത്തില്‍നിന്ന്‌ നമുക്ക്‌ ചില ഉള്‍ക്കാഴ്ചകള്‍ ലഭിക്കും.

ലാസറിന്റെ രോഗത്തെക്കുറിച്ച്‌ കേട്ടപ്പോള്‍, യേശു പറഞ്ഞു “ഈ രോഗം മരണത്തില്‍ അവസാനിക്കാനുള്ളതല്ല; പ്രത്യുത ദൈവത്തിന്റെ മഹത്വത്തിനും അതുവഴി ദൈവപുത്രന്‍ മഹത്വം പ്രാപിക്കുന്നതിനും വേണ്ടിയുള്ളതാണ്‌”. (യോഹ 11,4). യേശു വീണ്ടും പറയുന്നു, “ലാസര്‍ മരിച്ചുപോയി. നിങ്ങള്‍ വിശ്വസിക്കേണ്ടതിന്‌ ഞാന്‍ അവിടെയില്ലാഞ്ഞതില്‍ നിങ്ങളെ പ്രതി ഞാന്‍ സന്തോഷിക്കുന്നു” (യോഹ 11, 14-15).

യേശുവിന്റെ മറുപടിയില്‍ രണ്ട്‌ സൂചകങ്ങളാണ്‌ കാണുന്നത്‌. ഒന്ന്‌ ദൈവത്തിന്റെ മഹത്വമാണ്‌. രണ്ടാമത്തേത്‌ വിശ്വാസത്തിന്റെ വളര്‍ച്ചയും. യേശുവിന്റെ സാന്നിധ്യത്തിനായി ലാസറിന്റെ സഹോദരിമാര്‍ അക്ഷമരായി കാത്തിരിക്കുമ്പോള്‍ അവിടെ എത്താനാകാത്തതില്‍ യേശു ഒരു തരത്തില്‍ സന്തോഷം പ്രകടിപ്പിക്കുകയാണ്‌. കാരണം, ശിഷ്യന്‍മാരെയും മാര്‍ത്തയെയും മറിയത്തെയും അവിടെക്കൂടിയിരുന്ന മറ്റു യഹൂദരെയും വിശ്വാസത്തിന്റെ അടുത്ത തലത്തിലേക്ക്‌ ഉയര്‍ത്തുകയായിരുന്നു അവന്‍. ജീവിതത്തില്‍ പരീക്ഷണങ്ങള്‍ നേരിടുമ്പോള്‍ ദൈവത്തിന്റെ പരമമായ മഹത്വം തേടാനും വിശ്വാസം വര്‍ധിപ്പിക്കാനും നമുക്ക്‌ സാധിക്കുമോ?

നൂറ്റാണ്ടുകള്‍ക്കു മുന്‍പ്‌ തോമസ്‌ അക്കെമ്പിസ്‌ ക്രിസ്താനുകരണത്തില്‍ ഇങ്ങനെ എഴുതി: “അപ്പം മുറിക്കുന്നതുവരെ അനേകര്‍ യേശുവിനെ അനുഗമിച്ചുവെങ്കില്‍ അവന്റെ സഹനത്തിന്റെ പാനപാത്രം കുടിക്കാന്‍ ഏതാനുംപേര്‍ മാത്രം. പ്രതികുലമായതൊന്നും സംഭവിക്കാത്തിടത്തോളം അനേകര്‍ യേശുവിനെ സ്‌നേഹിക്കുന്നു, അവനില്‍നിന്ന്‌ ആശ്വാസം ലഭിക്കുന്നിടത്തോളം അനേകര്‍ അവനെ പുകഴ്ത്തുന്നു, എന്നാല്‍ യേശു അവരുടെ കണ്‍മുന്നില്‍നിന്ന്‌ അല്‍പനേരത്തേക്ക്‌ മറഞ്ഞിരുന്നാല്‍, അവര്‍ പരാതികളിലേക്കും കടുത്ത നിരാശയിലേക്കും വീണുപോകുന്നു. ഏതെങ്കിലും തരത്തിലുള്ള ആശ്വാസത്തിനോ സന്തോഷത്തിനോ വേണ്ടിയല്ലാതെ യേശുവിനെ യേശുവിനുവേണ്ടി സ്‌നേഹിക്കുന്നവര്‍ ഏറ്റവും വലിയ സന്തോഷമെന്നപോലെ ഏറ്റവും കഠിനമായ സഹനങ്ങളിലും വേദനകളിലും അവനെ മഹത്പ്പെടുത്തുന്നു.”

ബെര്‍ലി ഏണസ്റ്റ്‌
ജീസസ്‌ യൂത്ത്‌ ഇന്റര്‍നാഷണല്‍ കൗണ്‍സിലിന്റെ ആനിമേറ്ററും
ഒരു ഇലക്രോണിക്സ്‌ ഹോള്‍സെയില്‍ കമ്പനിയുടെ ഡയറക്ടറും ആണ്‌.
ഭാര്യ ആനിക്കും മൂന്ന്‌ പെണ്‍മക്കള്‍ക്കും ഒപ്പം കൊച്ചിയിലാണ്‌ താമസം.

About Author

കെയ്‌റോസ് ലേഖകൻ