ഈശോയുടെ കൈപിടിച്ചുള്ള യാത്ര അത്ഭുതങ്ങൾ നിറഞ്ഞതാണ്
ഈശോയുടെ കൈപിടിച്ചുള്ള യാത്ര അത്ഭുതങ്ങൾ നിറഞ്ഞതാണ്. അപ്പൻ കൈ പിടിച്ചു നടക്കുന്ന കുട്ടിയെ പോലെ സുരക്ഷിതവുമാണ്. ജീസസ് യൂത്തായ ജോയ്‌സി ജെയ്സൺ ഇങ്ങനെ ഈശോയുടെ കൈപിടിച്ച് നടത്തം തുടങ്ങി വർഷങ്ങളായി. ഇതിനിടയിൽ ക്യാൻസറും ടൂമറുമായി പലതവണ വഴക്കിട്ടു. ഇപ്പോൾ വീണ്ടും ചികിത്സയിലാണ്. വേദനകൾക്കിടയിലും സമയം കണ്ടെത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്ന വിശേഷങ്ങൾ അനേകരെയാണ് തൊടുന്നതും ഈശോയിലേക്കടുപ്പിക്കുന്നതും. ആശുപത്രി കിടക്കയിൽ നിന്നും ജോയ്‌സി ജെയ്സൺ പങ്കുവെക്കുന്ന വിശേഷങ്ങൾ വായിക്കാം. ജോയ്‌സി ജെയ്‌സണ് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാം!
“വിശ്വാസത്തിന്‍റെ നല്ല പോരാട്ടം നടത്തുകയും നിത്യജീവനെ മുറുകെപ്പിടിക്കുകയും ചെയ്യുക. ഇതിലേക്കാണല്ലോ നീ വിളിക്കപ്പെട്ടിരിക്കുന്നത്”. 1 തിമോത്തേയോസ് 6 : 12
പ്രിയ പ്രാർത്ഥന പോരാളികളെ…
ബ്രെയിൻ ട്യൂമറുമായി ഒരു പുതിയ തുറന്ന യുദ്ധം തുടങ്ങിയ കാര്യം നിങ്ങളെ അറിയിക്കുന്നു. നിങ്ങളുടെ ആരാധനയിലും വി. ബലിയിലും എന്നെയും ഓർക്കണമെ !ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ !
ഇന്നലെ EEG(ഇലക്ട്രോ എൻസെഫലൊഗ്രാഫി (Electroencephalography) ടെസ്റ്റ് ആയിരുന്നു..മസ്തിഷ്കത്തിലെ നാഡീവ്യൂഹ കോശങ്ങൾ (neurons) ജനിപ്പിക്കുന്ന വൈദ്യുത സിഗ്നലുകൾ രേഖപ്പെടുത്തുന്ന വൈദ്യ പരിശോധന സംവിധാനം. മുക്കാൽ മണിക്കൂറോളം” Jesus I Trust In You” എന്നു ഏറ്റു പറഞ്ഞു കൊണ്ട് ആ മെഷീനിൽ കിടന്നപ്പോൾ അത് ഒരു പുത്തൻ അനുഭവമായി. ബ്രെയിൻ ട്യൂമറിന്റ എല്ലാ ആശങ്കകൾക്കും മീതെ ആത്മാവിന്റെ കാറ്റടിക്കുന്ന സന്തോഷം.
“ഞാന്‍ അങ്ങയെ സ്തുതിക്കുന്നു; എന്തെന്നാല്‍, അങ്ങ് എന്നെ വിസ്മയനീയമായി സൃഷ്ടിച്ചു; അവിടുത്തെ സൃഷ്ടികള്‍ അദ്ഭുതകരമാണ്. എനിക്കതു നന്നായി അറിയാം. ഞാന്‍ നിഗൂഢതയില്‍ ഉരുവാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളില്‍വച്ചു സൂക്ഷ്മതയോടെ സൃഷ്ടിക്കപ്പെടുകയും ചെയ്തപ്പോള്‍, എന്‍റെ രൂപം അങ്ങേക്ക് അജ്ഞാതമായിരുന്നില്ല. എനിക്കു രൂപം ലഭിക്കുന്നതിനുമുന്‍പുതന്നെ, അവിടുത്തെ കണ്ണുകള്‍ എന്നെ കണ്ടു; എനിക്കു നിശ്ചയിക്കപ്പെട്ടിട്ടുള്ള നാളുകള്‍ ഉണ്ടാകുന്നതിനു മുന്‍പുതന്നെ, അങ്ങയുടെ പുസ്തകത്തില്‍ അവ എഴുതപ്പെട്ടു.” സങ്കീര്‍ത്തനങ്ങള്‍ 139: 14-16
എന്റെ രാജ്ഞി..
സ്വർഗത്തിന്റെയും ഭൂമിയുടെയും..
എന്റെ രാജ്ഞി
സ്വർഗത്തിന്റെയും ഭൂമിയുടെയും
2023 ഒക്ടോബറിൽ ത്രിലോകറാണിയായ പരിശുദ്ധ അമ്മയുടെ നിറഞ്ഞ സ്നേഹവും സഹായവും എന്നിലേക്ക് വഴിഞ്ഞൊഴുകിയ ഒരു അനുഭവം എനിക്കൊരിക്കലും മറക്കാൻ ആവില്ല..
ക്യാൻസർ ട്രീറ്റ്മെന്റ് ഒരു വല്ലാത്ത അവസ്ഥയിൽ തടസപ്പെട്ടു നിൽക്കുന്ന സമയം. MRM കഴിഞ്ഞിട്ടുള്ളതുകൊണ്ട് ഒരു കൈയിലെ വെയ്ൻ മാത്രമേ കീമോതെറാപ്പിക്ക് ഉപയോഗിക്കാൻ സാധിക്കുമായിരുന്നുള്ളു. Pic linesഎല്ലാം പെട്ടെന്ന് പഴുപ്പു (inflammation) വരുമായിരുന്നു.സർജറി ചെയ്തു Chemo Port ഇട്ടെങ്കിലും അത് body reject ചെയ്തു. 2 കാലിലും ഓപ്പറേഷൻ ചെയ്തത് കൊണ്ട് നടക്കാൻ വേദനയും ബുദ്ധിമുട്ടും.!ലിംഫ് നോഡുകളിൽ പുതിയ ട്യൂമർ സാന്നിധ്യം!! ഇൻഷുറൻസ് ഇല്ലാതിരുന്നത് കൊണ്ട് നാട്ടിൽ ചികിത്സക്ക് വേണ്ട അതിഭയങ്കരമായ ചെലവ്!!!
ആ സമയത്താണ് അത്ഭുതകരമായി അബുദാബിയിൽ ചേട്ടന്റെ കമ്പനിയിൽ എനിക്കും ചെറിയ 2 കുഞ്ഞുങ്ങൾക്കും വിസ കിട്ടുന്നത്. ചെറിയ ഒരു ഇൻഷുറൻസ് ശരിയായെങ്കിലും UAE യിൽ ക്യാൻസർ ചികിത്സക്ക് അത് തികയുമായിരുന്നില്ല. സുഹൃത്തുക്കളുടെ സഹായത്തോടെ പലപല ആശുപത്രികളിൽ അലച്ചിൽ.. ട്രീറ്റ്മെന്റ് അസുഖത്തേക്കാൾ കഠിനം എന്നു തോന്നിയ ദിനങ്ങൾ.. എങ്ങനെ മുന്നോട്ടു പോകും എന്നറിയാതെ ജപമാല മണികളിൽ അഭയം തേടിയ ദിനങ്ങൾ.. ദിവ്യബലിയുടെ അർത്ഥമറിഞ്ഞ രാത്രികൾ..
അങ്ങനെയിരിക്കെയാണ് പ്രശസ്തമായ ഗവൺമെന്റ് കാൻസർ ഹോസ്പിറ്റലിൽ ഒരു Referreral കിട്ടിയത്.ഞങ്ങളുടെ ഇൻഷുറൻസ് ആ ഹോസ്പിറ്റലിൽ അപ്പ്രൂവൽ അല്ല. മുൻപ് രണ്ട് പ്രാവശ്യം പോയപ്പോഴും അവർ പറ്റില്ലെന്ന് പറഞ്ഞു തിരിച്ചു അയച്ചതുമാണ്. എങ്കിലും പോയി നോക്കാൻ ശക്തമായ ഒരു പ്രചോദനം. 2 മണിക്കൂർ യാത്രയുണ്ട്..
ആശുപത്രിയിൽ എത്തിയപ്പോൾ ഒരു Lady ആണ് Oncology ( ക്യാൻസർ ) റഫറൻസ് എല്ലാം കൈകാര്യം ചെയുന്നത്.. അതീവസുന്ദരി! അധികാരത്തിന്റെ മുഖഭാവം! ഒരു രാജ്ഞിയെ പോലെ അവർ ഇരിക്കുന്നത് ഞാൻ അത്ഭുതത്തോടെ നോക്കി നിന്നു. ഇവിടെ ഒന്നും നടക്കും എന്നു തോന്നുന്നില്ല..മനസ്സിൽ ഒരു സങ്കടം. പൊടുന്നനെ ” എത്രയും ദയയുള്ള മാതാവേ ” എന്ന ജപം ചൊല്ലാൻ എനിക്ക് വലിയ പ്രചോദനം. പ്രാർത്ഥിക്കുന്തോറും മനസ്സ് ആഹ്ലാദത്താൽ നിറയാൻ തുടങ്ങി. എന്റെ പ. അമ്മ ലോകത്തിന്റെ രാജ്ഞി അല്ലെ.? പിന്നെന്തിനാണ് ഈ ആകുലത? ഞാൻ അമ്മയോട് സംസാരിക്കാൻ തുടങ്ങി..”അമ്മേ ഇന്ന് മിന്നിക്കണേ. നീ എന്റെ രാജ്ഞിയാണെന്ന് ഈ ഹോസ്പിറ്റലിൽ കാണിക്കണേ “!!
തുടർന്ന് വളരെ ആത്മവിശ്വാസത്തോടെ ആ സ്ത്രീയോട് ഞാൻ വളരെ സന്തോഷത്തോടെ സംസാരിക്കാൻ തുടങ്ങി. 5 മക്കളുള്ള എന്റെ ക്യാൻസർ ട്രീറ്റ്മെന്റ് അവിടെ ഫ്രീ ആയി നടക്കേണ്ടതുണ്ട് എന്നൊക്കെ ഞാൻ പറയുന്നത് കേട്ടപ്പോൾ തൊട്ടടുത്ത സീറ്റിൽ ഇരുന്നു ചേട്ടൻ എന്നെ വിസ്മയത്തോടെ നോക്കുന്നത് ഒരു കാഴ്ച തന്നെയായിരുന്നു. അവർ എന്റെ മുഖത്തേക്ക് നോക്കി.. എന്നിട്ട് പെട്ടെന്ന് പറഞ്ഞു.. Continue your positive vibe! എനിക്ക് കുടിക്കാൻ വെള്ളം കൊണ്ട് വന്നു തന്നു. അപ്പോൾ തന്നെ ഹോസ്പിറ്റലിലെ ഏറ്റവും പ്രശസ്തമായ Medical Oncologist ന്റെ ഒപിയിൽ വിളിച്ചു എനിക്ക് നമ്പർ ബുക്ക് ചെയ്തു. അവരുടെ ഫോൺ കാൾ കൊണ്ടാണ് ഒരു പിതാവിന്റെ വാത്സല്യത്തോടെ പിന്നീട് എന്നെ പരിചരിച്ച അതിപ്രശസ്തനായ ആ ഡോക്ടർക്കു എനിക്ക് അപ്പോയ്ന്റ്മെന്റ് കിട്ടിയത്. ഒരു അറബിക് ഒഫീഷ്യൽ എന്നെ ശുപാർശ ചെയ്തത് ഡോക്ടറെയും വിസ്മയപ്പെടുത്തി. തുടർന്ന് എത്രയോ എമർജൻസി സാഹചര്യങ്ങൾ ആണ് അവിടെ ശരിയായത്.. പിന്നീട് 2024 മെയ് വരെ 6 മാസത്തോളം ലക്ഷക്കണക്കിന് വരുന്ന രൂപയുടെ ട്രീറ്റ്മെന്റ് അവിടെ സൗജന്യമായിരുന്നു താനും..
ഇതൊന്നും അല്ല എന്നെ ഏറെ അത്ഭുതപ്പെടുത്തിയത്. പരിശുദ്ധ അമ്മയുടെ മഹാറാണി പട്ടത്തെ എനിക്ക് മനസിലാക്കി തരാൻ വേണ്ടി അവിടെ സ്വർഗ്ഗരാജ്ഞി പ്രവർത്തിച്ച രീതിയാണ്!. ‘ഓൺകോളജി ഡോക്ടറെ’ കാണാൻ പോകാൻ വേണ്ടി ഞാൻ ആ ‘ലേഡി ‘യുടെ കേബിനിൽ നിന്നും എണീറ്റതും അവർ സ്വന്തം സീറ്റിൽ നിന്നും പെട്ടെന്ന് ചാടി എണീറ്റു. ഒരു നിർദ്ദേശം കിട്ടിയതുപോലെ! എനിക്ക് നിങ്ങളെ ഡോക്ടറുടെ റൂമിലേക്ക് പോകുന്ന വഴി കാണിച്ചു തരണം. I am also coming.. ഞാൻ ഞെട്ടിപ്പോയി.. ഇത്ര തിരക്കുള്ള ഇവർ എന്റെ കൂടെ വരുകയോ?? വഴിയിൽ മുഴുവൻ എന്റെ ദൈവാനുഭവങ്ങൾ ഞാൻ അവരോട് ഷെയർ ചെയ്തുകൊണ്ടുള്ള ആ യാത്ര ഒരു ഒന്നൊന്നര യാത്ര തന്നെയായിരുന്നു!!
കരുണയുടെ രാജ്ഞി …നന്ദി ❤️
ജോയ്‌സി ജെയ്സൺ
ജോയ്‌സി പഠനകാലം മുതൽ ജീസസ് യൂത്താണ്. ഭര്‍ത്താവ് ജെയ്‌സണ്‍. അഞ്ചു മക്കള്‍. തൃശ്ശൂരാണ് സ്വദേശം. ഇപ്പോള്‍ കുടുംബസമേതം അബുദാബിയിലാണ്.
2024 ഫെബ്രുവരി കെയ്‌റോസ് മലയാളം മാസികയിൽ വന്ന അനുഭവം വായിക്കാം!
Read more at Cloud Catholic App
https://cloudcatholic.page.link/mToZ2024