കാക്കനാട്: സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് എമെരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന് താമസിക്കാൻ സമാധാനത്തിന്റെ ഭവനം ഒരുങ്ങി. പ്രത്യേകം ഒരുക്കിയ ശാലോം ഭവൻ ആശീർവദിച്ചു. ഓഗസ്റ്റ് 19ന് അഭിവന്ദ്യ സിനഡ് പിതാക്കന്മാരുടെ സാന്നിധ്യത്തിൽ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് ശാലോം ഭവന്റെ വെഞ്ചിരിപ്പുകർമ്മം നിർവ്വഹിക്കുകയും അഭിവന്ദ്യ ആലഞ്ചേരി പിതാവിന് താക്കോൽ കൈമാറുകയും ചെയ്തു.
Watch video: https://www.facebook.com/share/r/dejTaTzUtRtJQmy1/?mibextid=oFDknk
ഇപ്പോൾ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസ് കോമ്പൗണ്ടിൽ ആ സ്ഥാപനത്തിന്റെ ഉടമയായിരുന്ന നവോദയ അപ്പച്ചന്റെ വീടും ഉണ്ടായിരുന്നു. സീറോമലബാർ സഭ ആ സ്ഥലം വാങ്ങിയപ്പോൾ വീടും വാങ്ങുകയും പിന്നീസ് സഭ ആ വീട് ഒരു മ്യൂസിയം ആയി ഉപയോഗിക്കുകയുമായിരുന്നു. നവോദയ അപ്പച്ചനിൽനിന്നു വാങ്ങിയ ആ വീടാണ് ശാലോം ഭവൻ എന്ന പേരിൽ ഇപ്പോൾ ആലഞ്ചേരി പിതാവിന് താമസിക്കാൻ വേണ്ടി നവീകരിച്ചു തയ്യാറാക്കിയിരിക്കുന്നത്. മ്യൂസിയം ആക്കുന്നതിനു മുൻപ് സഭയുടെ ആദ്യത്തെ മേജർ ആർച്ബിഷപ്പ് മാർ ആന്റണി പടിയറ പിതാവ് മൗണ്ട് സെന്റ് തോമസിൽ വന്നിരുന്നപ്പോൾ ആ ഭവനത്തിലാണ് താമസിച്ചിരുന്നത്. സഭയുടെ കൂരിയായിലെ രണ്ടു വൈദികരും അക്കാലത്ത് അവിടെ താമസിച്ചിരുന്നു.
ഇപ്പോൾ സഭയുടെ മ്യൂസിയം പുതുതായി നിർമ്മിച്ചുകൊണ്ടിരിക്കുന്ന സീറോമലബാർ ഹെറിറ്റേജ് ആൻഡ് കൾച്ചറൽ സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. അഞ്ചു നിലകളുള്ള ആ സെന്ററിന്റെ ഒരു നിലയുടെ പണി കൂടി തീരാനുണ്ട്.