ശബ്ദം നഷ്ടപ്പെടുമെന്ന് ഡോക്ടർ, ഇന്ന് ഫാത്തിമയിൽ മലയാളത്തിൽ ജപമാല ചൊല്ലുന്നു
പോർച്ചുഗൽ: മലയാളിയുടെ ഹൃദയം അഭിമാനം കൊണ്ട് നിറയും, പോർച്ചുഗലിലെ ഈ മനോഹര ദേവാലയത്തിൽ മലയാളത്തിൽ ജപമാല പ്രാർത്ഥനകൾ ഉയരുമ്പോൾ.. കുറച്ചു മാസങ്ങളായി മാസത്തിലെ ആദ്യ തിങ്കളാഴ്ചകളിൽ പോർച്ചുഗലിലെ ഫാത്തിമയിൽ പരിശുദ്ധ മാതാവ് പ്രത്യക്ഷപ്പെട്ട അതേ സ്ഥലത്ത് ഉയർന്നുകേൾക്കുന്ന മലയാളത്തിലുള്ള ജപമാല പ്രാർത്ഥന ഒരു ജീസസ് യൂത്തുകാരിയുടെ ശബ്ദമാണ്. തിരുവല്ലക്കാരി റാണി തോമസ്,
ജീസസ് യുത്ത് കൂട്ടായ്മക്ക് സുവർണ്ണ കിരീടമായ മറ്റൊരു കുടുംബം. സഹനങ്ങളിലും സേവനതല്പരതയോടെ ആത്മാക്കളുടെ രക്ഷയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന റാണിയും തോമസ്സും കുടുംബവും നമ്മുടെ അഭിമാനമാണ്. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് ക്രിസ്തുവിന്റെ സുവിശേഷം പരിശുദ്ധ അമ്മയിലൂടെ ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള വൃക്തികളിലേക്ക്, അവരുടെ ജീവിത സാഹചര്യങ്ങളിലേക്ക് മാതാവിന്റെ ജപമാലയുമായി ശുശ്രുഷചെയ്യുന്നു. അറിയാം അവരുടെ കൂടുതൽ വിശേഷങ്ങൾ!
തുടക്കവും നവീകരണവും
തിരുവല്ല സ്വദേശിയായ റാണി 1988-ൽ ആണ് ജീസസ് യൂത്തിൽ എത്തുന്നത്. നഴ്സിംഗ് വിദ്യാർത്ഥിനി ആയിരിക്കെ തലച്ചോറിൽ ഒരു ശസ്ത്രക്രിയ വേണ്ടിവന്നു. വെന്റിലേറ്ററിലായിരുന്ന സമയത്ത് 6 മാസം മാത്രമേ ജീവിച്ചിരിക്കുകയുള്ളു എന്ന് ഡോക്ടർമാർ വിധിയെഴുതി. ആ ദിവസങ്ങളിലെ അനുഭവങ്ങൾ റാണി വിവരിക്കുന്നത് ഇങ്ങനെയാണ്. “പല നഴ്‌സിങ് സ്‌കൂളുകളിലെയും ജീസസ് യുത്ത് അംഗങ്ങളും എനിക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നു. എന്റെ സഹനങ്ങളെല്ലാം സമർപ്പിച്ചു ഞാനും പ്രാർത്ഥിക്കും. ശസ്ത്രക്രിയക്ക് കയറ്റിയപ്പോൾ ഞാൻ ഒരു തീരുമാനമെടുത്തു. ശസ്ത്രക്രിയ കഴിഞ്ഞാൽ സംസാരശേഷി ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് ഡോകടർ പറഞ്ഞത്. തുടർന്നും സംസാരിക്കാൻ കഴിവുണ്ടെങ്കിൽ കർത്താവിനു വേണ്ടി സംസാരിക്കുമെന്നും, ദൈവരാജ്യം പ്രഘോഷിക്കുമെന്നും മനസിലുറപ്പിച്ചു. ഓപ്പറേഷൻ കഴിഞ്ഞു, ദൈവത്തിന്റെ ഇടപെടലെന്നോണം എന്റെ സംസാരശേഷി നഷ്ടപ്പെട്ടില്ല. തിരുവല്ല പുഷ്പഗിരി നഴ്സിംഗ് സ്യൂളിൽ ആയിരിക്കുമ്പോൾ നിരവധി ജീസസ് യൂത്ത് എന്നെ വന്നു കാണുകയും എനിക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യത് എന്നെ ഒത്തിരി സ്വാധീനിച്ചു. അങ്ങനെ നഴ്സിംഗ് മിനിസ്ട്രിയുടെ ഭാഗമായി ഫുൾടൈംർഷിപ്പിനു പോകുകയും കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള നഴ്സിംഗ് കോളേജുകളിൽ പ്രയർഗ്രുപ്പുകൾ തുടങ്ങുകയും ചെയ്തു.
പിന്നെ ജോലിയുടെ ഭാഗമായി ഡൽഹി, കുവൈറ്റ്, ദുബായ് എന്നിവടങ്ങളിലെ JY ഫാമിലി മിനിസ്ട്രിയുമായി പ്രവർത്തിക്കാൻ ദൈവമിടയാക്കി.”
UAE ജീസസ് യൂത്തിലെ അവിഭാജ്യ ഘടകമായിരുന്നു തൃശൂർ സ്വദേശിയായ തോമസ്സ് റാണി കുടുംബം. മിനിസ്ട്രിയിലും ഇടവക പള്ളിയിലും ധാരാളം ഉത്തരവാദിത്വങ്ങൾ വഹിച്ചിട്ടുണ്ട്. ഫാമിലി കോർഡിനേറ്റർ ആയിരിക്കുമ്പോൾ കോവിഡ് ശക്തമായ സമയത്താണ് റാണിയും കുടുമ്പവും ദുബൈയിൽ നിന്ന് കേരളത്തിൽ വന്നത്. നാട്ടിൽ സ്ഥിരതാമസമാക്കാനായിരുന്നു തീരുമാനമെങ്കിലും അവിടെ നിൽക്കാതെ പോർചുഗലിലേക്കു പോകുകയായിരുന്നു. ആ നാളുകളിൽ മാതാവിനോടുള്ള വിമലഹൃദയ ഭക്തി തങ്ങളെ വഴി നടത്തി എന്നാണു ആ കുടുംബം സാക്ഷ്യപ്പെടുത്തുന്നത്.
ദൗത്യവും വിമലഹൃദയ പ്രതിഷ്ഠയും
പോർചുഗലിലുള്ള സഭയും പള്ളികളും ഏറെ പാരമ്പര്യമുള്ളതാണ്. നമ്മുടെ കേരളത്തിൽ പണ്ട് പള്ളികളും സ്കൂളുകളും പണിതത് അവിടത്തെ മിഷനറിമാർ ആയിരുന്നു. പോർചുഗലിലേക്കു ചെന്ന് പെട്ടപ്പോൾ അവരിൽ നിന്ന് സ്വികരിച്ച വിശ്വാസം തിരികെ അവരിലേക്കെത്തിക്കുകയാണെന്നു തോന്നി എന്ന് റാണി കൂട്ടിച്ചേർക്കുന്നു. നിരന്തരമായ ആത്മീയ പ്രേരണയാൽ റാണിയും കുടുംബവും ഫാത്തിമയിൽ മാതാവ് പ്രത്യക്ഷപ്പെട്ടിടത്തേക്ക് പോകുവാൻ തീരുമാനിച്ചെങ്കിലും പോർച്ചുഗീസ് ഭാഷ അവർക്ക് ഒരു വെല്ലുവിളിയായിരുന്നു. പോർച്ചുഗീസ് ഭാഷ മാത്രം സംസാരിക്കുന്നവരായിരുന്നു അവിടെ അധികംപേരും. എന്നാൽ ഫാത്തിമയിലേക്കുള്ള വഴി നിശ്ചയമില്ലാതിരുന്ന അവർക്ക് അത്ഭുതമെന്നപോലെ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു വ്യക്തിയെ മുന്നിൽ കൊണ്ട് വന്നു നിർത്തുകയും, ആ വൃക്തി ഫാത്തിമ സ്റ്റേഷനിലേക്കുള്ള വഴി പറഞ്ഞ് കൊടുക്കുകയും ചെയ്തു, പിന്നീട് തിരിഞ്ഞു നോക്കുമ്പോൾ ആ വ്യക്തിയെ കണ്ടില്ലെന്നുള്ളതും റാണി അത്ഭുതത്തോടെ ഓർക്കുന്നു. ഫാത്തിമയിൽ ദേവാലയത്തിന്റെ ഒരു ഭാഗത്തിരുന്നു ലൂയിസ് ഡി മോണ്ട്‌ഫോർട്ട് ക്രമപ്രകാരമുള്ള വിമലഹൃദയ പ്രതിഷ്ഠ ചൊല്ലുവാനും ലോകത്തിന്റെ വിവിധ ഭാഗത്തുള്ളവർക്കും വേണ്ടി സമർപ്പിക്കാനും മാതാവ് പ്രേരിപ്പിച്ചു. ലോകത്തിന്റെ ഏത് കോണിലിരുന്ന് പ്രാർത്ഥിക്കുന്നവരാന്നെങ്കിലും 33 ദിവസം കഴിയുമ്പോൾ ഒരു ദിവസം വിമലഹൃദയ പ്രതിഷ്ഠ നടത്തി പ്രാർത്ഥിക്കാനുള്ള അവസരം ഉണ്ടാക്കി. എന്നാൽ ഓൺലൈൻ വഴി ചെയ്യാനുള്ള മാർഗങ്ങൾ അപരിചിതമായിരുന്നു. ആ നാളുകളിൽ ഒരു യൂട്യൂബ് ബ്ലോഗറെ പരിചയപ്പെടാനും ഇത്തരം കാര്യങ്ങളിൽ സഹായം ലഭിക്കാനും പരിശുദ്ധ ‘അമ്മ വഴിയൊരുക്കി. മാതാവ് നമ്മുടെ ആത്മീയവും ഭാതീകവുമായ എല്ലാ കാര്യങ്ങളിലും ഇടപെടുന്നുവെന്നതിന്റെ തെളിവുകൾ ഓരോ വിമലഹൃദയ പ്രതിഷ്ഠയ്ക്ക് ശേഷവും അതിൽ പങ്കെടുക്കുന്നവർക്ക് ലഭിച്ചു. ജോലി തേടി നടന്നവർക്കു ജോലി, കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന ഭമ്പതികൾക്ക് കുഞ്ഞിനെ ലഭിച്ചത്, മരണശയ്യയയിൽ കഴിഞ്ഞ ഒരു രോഗിക്ക് നല്ല മരണം, തുടങ്ങി അനുഗ്രഹങ്ങളുടെ പെരുമഴയായിരുന്നു.
പോർചുഗലിലെ സാഹചര്യവും ജപമാല ഭക്തിയും
വിശ്വാസത്തെ ബാഹ്യപ്രകടനമാക്കുന്ന യുവജനത്തെയാണ് പോർച്ചുഗലിൽ എങ്ങും കാണാൻ കഴിയുക എന്ന് റാണി പറയുന്നു. ആരാധനാലയങ്ങളിൽ പ്രായമായവരുടെ സാന്നിധ്യമാണ് കൂടുതൽ. മാതാവ് 107 വർഷങ്ങൾക്കു മുൻപ് രണ്ടാം ലോകമഹായുദ്ധകാലത്തു ഫാത്തിമയിൽ ഫ്രാൻസിസ്‌കോ, ലൂസിയ, ജസീന്ത എന്നീ ഇടയ കുഞ്ഞുങ്ങൾക്ക് പ്രത്യക്ഷപ്പെട്ടു. ഒത്തിരി തവണ ഫാത്തിമയിൽ പോകാനും, അവരെ അടക്കിയിരിക്കുന്ന കല്ലറകൾ സന്ദർശിക്കാനും ഇടയായി. ‘മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലത്തു നിൽക്കുമ്പോൾ ആത്മീയമായി ഒത്തിരി വിശ്വാസം എന്നിൽ നിറയുകയുണ്ടായി.’ മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലത്തു പ്രധാന അൾത്താരയുണ്ട്. അൾത്താരയോട് ചേർന്ന് മാതാവിന്റെ തിരുസ്വരുപം ഉണ്ട്. അവിടെ നിന്ന് കൊന്ത ചൊല്ലാൻ ഉള്ള നിയോഗം ആണ് എനിക്ക് ഉണ്ടായത്. ഫാത്തിമയിൽ മലയാളത്തിൽ ജപമാല ചൊല്ലുവാൻ വേണ്ട അനുവാദത്തിനായി ഒത്തിരി പരിശ്രമം വേണ്ടി വന്നില്ല. ടിവി ചാനലിനു വേണ്ടി അനുവാദം ചോദിക്കാൻ ചെന്നപ്പോൾ, തങ്ങളുടെ മാതൃഭാഷയിൽ ജപമാല ചൊല്ലുവാൻ ഞങ്ങൾ നിയുക്തരായി. അവിടെ ആദ്യമായി മലയാളത്തിൽ ജപമാല ചൊല്ലിയപ്പോൾ നിരവധി പേർ അവരുടെ നിയോഗങ്ങളുമായി ഞങ്ങളെ സമീപിക്കുകയുണ്ടായി. പോർച്ചുഗീസിലെ വൈദീകർക്കു പോലും ലഭിക്കാത്ത ഭാഗ്യമാണ് നിങ്ങൾക്ക് ലഭിച്ചതെന്ന് ഫാത്തിമയിലെ സഭ അധികാരികൾ ഞങ്ങളോട് പറഞ്ഞത് ഒത്തിരി സന്തോഷത്തിനിടയാക്കി. 2 മാസമായി തുടർച്ചയായി ഞങ്ങൾ ഫാത്തിമയിൽ ജപമാല ചൊല്ലുന്നു. ഇനിയും അത് തുടരാൻ ദൈവം ഇടവരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
പരിശുദ്ധ അമ്മയും കാലത്തിന്റെ ശുശ്രൂഷകരും
പോർച്ചുഗലിൽ നിന്നും റാണിയും കുടുംബവും നൽകുന്ന വാക്കുകൾ ഇതാണ്. “ജപമാല മുത്തുകളിലൂടെ പരിശുദ്ധ അമ്മയുടെ കുടെയുള്ള ജീവിതം നമ്മെ വ്യക്തിപരമായും ബൗദ്ധികപരമായും ഉയർത്തും. ജീവിതത്തിലെ ഓരോ ആവശ്യങ്ങൾക്കും കാനായിലെ വിരുന്നിൽ അമ്മ സഹായിച്ച പോലെ നമ്മെ സഹായിക്കുകയും വഴി നടത്തുകയും ജീവിതത്തിന് വേണ്ട ക്രമീകരണങ്ങൾ നല്പുകയു ചെയ്യും. വ്യക്തിപരമായി മൂല്യങ്ങളിലും, ആത്മീയ കാഴ്ചപ്പാടുകളിലും വ്യത്യാസമുണ്ടായി. ‘ഏറെ നൽകിയവനോട് ഏറെ ചോദിക്കും’ എന്ന ബോദ്ധൃത്തോടെ പരിശുദ്ധ അമ്മ നൽകിയ ധൈര്യത്തിലാണ് മാതാവിന്റെ സന്നിധിയിൽ മലയാളത്തിൽ ജപമാല ചൊല്ലാൻ ആരംഭിച്ചത്. കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ച് സാഹചര്യങ്ങൾക്കനുസൃതമായി സുവിശേഷത്തിനും ദൈവരാജ്യത്തിനും വേണ്ടി നിലകൊള്ളേണ്ടത് ആവശ്യമാണ്. വ്യക്തിപരമായി ഓരോരുത്തരുടെയും ശുശ്രുഷകൾ സമുഹത്തിന് ഗുണകരമായ വിധത്തിലാണോയെന്ന് പുനർവിചിന്തനം ചെയ്യണം. വിവേചനവരത്തോടെ, വിവേകത്തോടെ പരിശ്രമിക്കണം. വ്യക്തി താലര്യങ്ങളേക്കാൾ ദൈവീക പ്രതി നേടുന്നതിൽ അത്യുന്നതമായ ലക്ഷ്യം കൈവരികാനാകും. പോർച്ചുഗലിൽ മാതാവിന്റെ സന്നിധിയിൽ ശുശ്രൂഷ ചെയ്യുമ്പോൾ ഇവിടെയുള്ള ഓരോ മക്കൾക്കും പ്രത്യേകിച്ച് ജീസസ്സ് യൂത്തിലുള്ള യുവതി യുവാക്കൾക്കും മാതാവിലൂടെ ഈശോയിലേക്കുള്ള വഴി ഒരുക്കുകയാണ് മാതാവിന്റെ സന്നിധിയിലേക്ക് വരുവാൻ. പരിശുദ്ധാത്മാവിന്റെ വരദാനങ്ങൾക്കായി ഓരോ ദൈവപൈതലിനെയും ഞങ്ങൾ ക്ഷണിക്കുകയാണ്.”
റാണിയും ഭർത്താവ് തോമസ്സും കുടുംബവും സജീവ ജീസസ് യൂത്ത് കുടുംബങ്ങളാണ്. തോമസ് പോർച്ചുഗലിന്റെ ജീസസ് യൂത്ത് നേതൃനിരയിൽ തന്നെ ഉണ്ട്. പ്രാർത്ഥനാ ഗ്രൂപ്പുകൾ സംഘടിപ്പിക്കുക തുടങ്ങി തിരക്കുള്ള ശുശ്രൂഷകളിൽ ഈ കുടുംബം മുന്നോട്ട് പോകുന്നു. തോമസ്സ് മെക്കാനിക്കൽ എൻജിനീയർ ആണ്. മക്കൾ: ജോഷ്വാ, ജെഷ്‌റോൺ.
ഷീനു ആന്റണി
എറണാകുളം പള്ളുരുത്തി സ്വദേശി. ജീസസ് യൂത്ത് കെയ്‌റോസ് ന്യൂസ് എഴുത്തുകാരിയാണ്.
ഭർത്താവ് ഫെനിക്സ്, മക്കൾ: ഇമ്മാനുവൽ, ഇവാഞ്ചലിൻ