ദിവ്യകാരുണ്യ കോൺഗ്രസ്സ്: ഒരു ദൈവാനുഭവം – ഭാഗം അഞ്ച്
ഒന്നാം ദിവസം: From the 4 corners https://jykairosnews.org/knews-165/
രണ്ടാം ദിവസം: The greatest Love story https://jykairosnews.org/knews-168/
മൂന്നാം ദിവസം: Into the Gethsemane https://jykairosnews.org/knews-185/
നാലാം ദിവസം: This is my body https://jykairosnews.org/knews-207/
അഞ്ചാം ദിവസം: To the ends of the earth
പെന്തകൊസ്ത അനുഭവം
ജൂലൈ 21, ഞായർ: അഞ്ചാം ദിവസം
അഞ്ചാം ദിവസം ഒരു സമ്മിശ്ര വികാരങ്ങളുള്ള ദിവസം ആയിരുന്നു. കോൺഗ്രസ്സ് തീരാൻ പോകുകയാണല്ലോ, ഈ ഒരനുഭവം തീർന്നു പോകുമല്ലോ എന്ന ഒരു നഷ്ടബോധം. അതോടൊപ്പം തന്നെ, തിരിച്ചു സ്വന്തം സ്ഥലത്ത് പോയി, ഈശോയുടെ സദ്വാർത്തകൾ പങ്കു വയ്ക്കാനുള്ള ഒരു തിടുക്കം ഉള്ളിൽ.
രാവിലെ തന്നെ റിവൈവൽ സെഷൻ ആയിരുന്നു.
Revival session
Chris Stafnic show യുടെ host ആയ Chris പങ്കു വച്ചത് ഇതാണ്: വിശുദ്ധ കുർബ്ബാനയിലൂടെ നമുക്ക് ദാനമായി ലഭിക്കുന്നത് സ്നേഹമാണ്, ദാനമായി തന്നെ വിശുദ്ധ കുർബ്ബാനയിലൂടെ ലഭിച്ച സ്നേഹം നാം പങ്കു വയ്ക്കണം .
Mike Hopkins
Astronaut ആയ Colonel Mike Hopkins ന്റെ പങ്കുവെയ്ക്കൽ വ്യത്യസ്തമായിരുന്നു. വിവാഹത്തിന് ശേഷം, കത്തോലിക്കനായി മാറിയ ശേഷം, വിശുദ്ധ കുർബ്ബാനയുടെ വില മനസിലാക്കിയ അദ്ദേഹം വിശുദ്ധ കുർബ്ബാന ബഹിരാകാശത്തേക്ക് കൊണ്ട് പോയി. അദ്ദേഹം പറയുന്നു: ഈ ലോകത്തിന്റെ ഏത് അതിർത്തി വരെ പോയാലും, വിശുദ്ധ കുർബ്ബാനയിൽ നിന്നും ലഭിക്കുന്ന ആനന്ദം ലഭിക്കില്ല. ബഹിരാകാശ യാത്രയിൽ വളരെ വിജയം ലഭിച്ചെങ്കിലും, തനിക്കുണ്ടായ ഒരു വലിയ ശൂന്യത നികന്നത്, 2012 ഡിസംബറിൽ തന്റെ ആദ്യ കുർബ്ബാന സ്വീകരിച്ചപ്പോഴാണ് എന്ന് അദ്ദേഹം പങ്കു വയ്ക്കുന്നു. അദ്ദേഹം പറയുന്നു, “ലോകത്തിന്റെ അതിർത്തികൾക്കും അപ്പുറം, ഈശോയെ കൊണ്ട് പോകുക” എന്ന ദൗത്യമാണ് താനെടുത്തിരിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു.
Sr Adela Galindo
Mother Adela Galindo പങ്കു വച്ചത് ഈശോയാണ് നമ്മുടെ പുതിയ CEO യും ഉടമസ്ഥനും എന്നതാണ്, അമ്മ മേരിയാണ് ഏറ്റവും മനോഹരമായ സക്രാരിയെന്നും! ഈശോയ്ക്ക് നമ്മോടുള്ള സ്നേഹത്തിന്റെ മൂർത്തിഭാവമാണ് വിശുദ്ധ കുർബ്ബാന: നമ്മോട് കൂടെ ലോകാവസാനം വരെ ആയിരിക്കുവാനുള്ള അവന്റെ ആഗ്രഹത്തിന്റെ ഏറ്റവും വലിയ പ്രതിഫലനം! ഈശോയെ ഈ ലോകത്തിൽ വച്ച് ഏറ്റവും സ്നേഹിച്ചിട്ടുള്ളത് പരിശുദ്ധ അമ്മയാണ്, ആ അമ്മയെ അനുകരിക്കുക! വിശുദ്ധ കുർബ്ബാന സ്വീകരിച്ചിട്ട് നാം പറയുന്ന ആമേൻ, പരിശുദ്ധ അമ്മയുടെ “Fiat” നോട് സാമ്യപ്പെടുത്താം. വചനം മാംസം ധരിക്കും എന്ന, സദ്വാർത്ത ലഭിച്ച അമ്മ പോയത്, തന്റെ ഇളയമ്മയുടെ അടുത്തേക്കാണ്, ശുശ്രൂഷിക്കുവാൻ: ഈ ലോകത്തിലെ തന്നെ ആദ്യത്തെ “ദിവ്യകാരുണ്യ പ്രദക്ഷിണം”.
ഇതേ മനോഭാവം ആയിരിക്കണം നമുക്കും ഉണ്ടാകേണ്ടത്, ഓരോ വിശുദ്ധ കുർബ്ബാന കഴിയുമ്പോഴും! നമുക്കും വേണം ഒരു പെന്തകോസ്ത ദിനം, പരിശുദ്ധ അമ്മയോട് ശിഷ്യൻമാർ ചേർന്നിരുന്ന് പ്രാർത്ഥിച്ച ഒരു അനുഭവം! അങ്ങനെ, തിരുസഭയിലെ മരിയൻ മിഷനറികളായി നമുക്കും മാറാം!
Cardinal Tagle: Holy Mass
അന്നത്തെ വിശുദ്ധ കുർബ്ബാനയിൽ Cardinal Tagle, ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം പങ്കു വച്ചു! മാർപാപ്പയുടെ ആശീർവാദം നമുക്ക് നൽകി കൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. പാപ്പാ നമ്മോട് ഇപ്രകാരം ആഹ്വാനം ചെയ്തതായി അദ്ദേഹം പങ്കു വച്ചു: Convert to Eucharist: ദിവ്യകാരുണ്യത്തിലേക്ക് തിരിച്ചു വരിക! ദാനമായി കിട്ടിയ വിശുദ്ധ കുർബ്ബാന ദാനമായി തന്നെ നമ്മുടെ ചുറ്റുമുള്ളവരിലേക്കും കൊടുക്കാനുള്ള ഒരു വിളി നമുക്കുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
US കത്തോലിക്ക ബിഷപ്പുമാരുടെ കോൺഫറൻസ് പ്രസിഡന്റ് ബിഷപ്പ് തിമോത്തി ബ്രോഗ്ലിയോ നന്ദിപ്രസംഗം പറഞ്ഞതിന് ശേഷം പ്രധാനപെട്ട രണ്ട് സദ് വാർത്തകളും പങ്കു വച്ചു.
● അടുത്ത ദിവ്യകാരുണ്യ കോൺഗ്രസ് 2033ൽ ആയിരിക്കും.
● അടുത്ത വർഷം ഒരു Eucharist pilgrimage Indianapolisൽ നിന്ന് Los Angeles ലേക്ക് നടത്തപ്പെടും.
Walk with one and bring one back എന്ന ഒരു ലക്ഷ്യം വച്ച് കൊണ്ട് ഇവിടെ നിന്നും പോകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
രൂപാന്തരീകരണം
അഞ്ച് ദിവസം ഈശോയോട് കൂടെയിരുന്ന്, ഈശോയെ ആരാധിച്ചു കഴിഞ്ഞു ഞങ്ങൾ മടങ്ങുകയാണ്. ഇത്രയും നല്ല ദിവസങ്ങൾ ജീവിതത്തിൽ ഇതിന് മുൻപ് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.
ഇപ്പോൾ എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് ഈശോയുടെ രൂപാന്തരീകാരണമാണ്. 12 ൽ മൂന്നു പേരെ മാത്രമാണ്,പത്രോസിനെയും, യാക്കോബിനെയും, യോഹന്നാനെയും മാത്രം! 70 മില്യൺ വരുന്ന കത്തോലിക്കരിൽ നിന്നും അമ്പതിനായിരം പേരെ മാത്രം ഈശോ വേർതിരിച്ചെടുത്തു! അതിനുള്ള അർഹതയുണ്ടായിട്ടല്ല!! നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണു ചെയ്തത്. (യോഹന്നാന്‍ 15 : 16).
അവന്‍ അവരുടെ മുമ്പില്‍വച്ചു രൂപാന്തരപ്പെട്ടു. അവന്‍റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി. അവന്‍റെ വസ്ത്രം പ്രകാശംപോലെ ധവളമായി. താബോർ മലയിലെത്തിയ ശിഷ്യന്മാരുടെ കണ്ണഞ്ചിച്ചു! അതേ അവസ്ഥയിലായിരുന്നു ഞാനും!! ഈ വലിയ വിശ്വാസികളുടെ കൂടെയിരുന്ന് ഈശോയെ ആരാധിച്ചപ്പോൾ എന്റെയും കണ്ണഞ്ചിച്ചു പോയി!! മനസ്സിൽ നിറഞ്ഞു നിന്നത് സമ്മിശ്ര വികാരങ്ങളായിരുന്നു. സന്തോഷം, സങ്കടം, അതിശയം, എല്ലാമെല്ലാം!!
അപ്പോൾ പത്രോസ് യേശുവിനോടു പറഞ്ഞു: കര്‍ത്താവേ, നാം ഇവിടെയായിരിക്കുന്നതു നല്ലതാണ്. നിനക്കു സമ്മതമാണെങ്കില്‍ ഞങ്ങള്‍ ഇവിടെ മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കാം – ഒന്നു നിനക്ക്, ഒന്നു മോശയ്ക്ക്, ഒന്ന് ഏലിയായ്ക്ക്.(മത്തായി 17 : 4).
എനിക്കും തോന്നി, ഈ കോൺഗ്രസ്സ് കുറച്ചു നാൾ കൂടിയുണ്ടായിരുന്നെങ്കിൽ!! ഈശോയനുഭവത്തിൽ കുറച്ചു നാൾ കൂടി കഴിയാമായിരുന്നു!!!
പത്രോസ് ഇത് പറഞ്ഞപ്പോൾ തന്നെ സ്വർഗ്ഗത്തിൽ നിന്നും സ്വരം ഉയർന്നു: ഇവന്‍ എന്‍റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. ഇവന്‍റെ വാക്കു ശ്രവിക്കുവിന്‍. ഭയത്താൽ വിറച്ചു താഴേക്ക് വീണ അവർ തല ഉയർത്തി നോക്കിയപ്പോൾ ഈശോയെ മാത്രമേ കണ്ടുള്ളൂ!!
ഇന്നു വിശുദ്ധ കുർബാനയിൽ Cardinal Tagle ആഹ്വാനം ചെയ്തത് ഇതാണ്: “ വിശുദ്ധ കുർബ്ബാന കഴിഞ്ഞു നിങ്ങൾ ഇവിടെ നിൽക്കേണ്ട കാര്യമില്ല, നിങ്ങൾ പുറത്തു പോയി, നിങ്ങൾക്ക് ദാനമായി കിട്ടിയ ഈശോയെ മറ്റുള്ളവരിലേക്ക് കൊടുക്കൂ”. അതാണ് ഈശോ നമ്മിൽ നിന്നും ആഗ്രഹിക്കുന്നത്!! അപ്പോൾ പിന്നെ വേറെ വഴിയൊന്നുമില്ല! ഇവിടെ നിന്നും പോയെ പറ്റൂ!!
പുതിയ ഒരു പെന്തകൊസ്ത അനുഭവം ലഭിച്ച ഈ ദിവസങ്ങൾ ഫലദായകമാക്കേണ്ടത് ഇനിയുള്ള എന്റെ ജീവിതത്തിലാണ്. എന്റെ ഈശോയെ എന്റെ കുടുംബത്തിനും, എന്റെ ഇടവകക്കും, എന്റെ നാടിനും കൊടുക്കാൻ ആയില്ലെങ്കിൽ ഈ ദിവസങ്ങൾക്ക് അർത്ഥമില്ലാതാകും!
ഈശോയെ എന്നെ നീ ശക്തിപെടുത്തേണമേ. തല ഉയർത്തി നോക്കിയ ശിഷ്യന്മാർ ഈശോയെ മാത്രം കണ്ടത് പോലെ, എന്റെ ചുറ്റിലും കാണുന്ന, എന്റെ ജീവിത പങ്കാളിയിലും, കുഞ്ഞുങ്ങളിലും, കൂട്ടുകാരിലും, എന്റെ കുഞ്ഞു രോഗികളിലും, ദരിദ്രരിലും, വിധവകളിലും, ഈശോയെ നിന്നെ കാണാനും, ഈ ദിവസങ്ങളിൽ നിന്നെ സ്നേഹിച്ച അതേ ആഴത്തിൽ അവരെ സ്നേഹിക്കുവാനും എന്നെ നീ ധൈര്യപെടുത്തണമേ!! Sr Adelo Galindo ആഹ്വാനം ചെയ്തത് പോലെ ഒരു Marian Missionary of the Eucharist ആക്കി രൂപാന്തരപ്പെടുത്തണമേ! ഒരു യഥാർഥ രൂപാന്തീരാകരണം!!
ഇതൊന്നും എന്റെ കഴിവിനാൽ സാധ്യമല്ലെന്ന് എനിക്കുറപ്പുണ്ട്!!! ഞാൻ വെറും ഒരുപകരണം മാത്രം! ജീവിക്കുന്ന സക്രാരിയായ പരിശുദ്ധ അമ്മയോട് ഗബ്രിയേൽ ദൂതൻ അരുളി ചെയ്ത വചനത്തിൽ ഞാൻ വിശ്വസിക്കുന്നു: ദൈവത്തിന് ഒന്നും അസാധ്യമല്ല. (ലൂക്കാ 1 : 37).
സിൽവി സന്തോഷ്
ഡാലസ്, 08/13/24
ടെക്സസിലെ കോപ്പല്‍ സെയിന്റ് അല്‍ഫോന്‍സാ സീറോമലബാര്‍ ഇടവകയിലെ അംഗമാണ്. പീഡിയാഴിക് നഴ്സ് പ്രാഷ്ടീഷനര്‍ ആയി ജോലി ചെയ്യുകയും ലേഖിക ഇടവക ദേവാലയത്തിലെ കുഞ്ഞുങ്ങളെയും മുതിർന്നവരേയും പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനായി ഒരുക്കുകയും ചെയ്യുന്നു. ഭര്‍ത്താവിനോടും മൂന്നു കുട്ടികളോടൊപ്പം ഡാലസില്‍ താമസിക്കുന്നു.