ഓണക്കോടിയെടുക്കാനായി സ്വരുക്കൂട്ടിയ നിക്ഷേപം ദുരിതബാധിതർക്ക് സമർപ്പിച്ച് കുരുന്നുകൾ മാതൃകയായി
മഞ്ഞപ്ര: ഓണക്കോടിയെടുക്കാനായി നാളുകളായി സ്വരുക്കൂട്ടി വച്ച കുടുക്ക നിക്ഷേപം വയനാട്ടിലെ ദുരിതബാധിതർക്കായി സമർപ്പിച്ച് കുരുന്നുകൾ മാതൃകയായി.
അങ്കമാലി, മഞ്ഞപ്ര ഫൊറോനയിലെ സെബിപുരം സെൻ്റ് സെബാസ്റ്റ്യൻ പള്ളി ഇടവകാംഗങ്ങളായ കൊടുങ്ങൂക്കാരൻ ബെറ്റി-ഇന്ദു ദമ്പതികളുടെ മക്കളായ ബ്ലസ്സൻ, ബിൻ്റ എന്ന 5-ാം ക്ലാസ്സിലെയും രണ്ടാം ക്ലാസിലെയും വിദ്യാർത്ഥികളാണ് സമൂഹത്തിന് പ്രചോദനവും മാതൃകയുമാകുന്നത്.
സർക്കാരിൻ്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പണി തീരാത്ത കൊച്ചു വീട്ടിലാണ് താമസം. രോഗികളായ മാതാപിതാക്കളുടെ ചികിത്സയ്ക്കു വേണ്ടി സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുമ്പോഴും തങ്ങളുടെ മക്കളുടെ ആഗ്രഹത്തിന് സമ്മതം നൽകിക്കൊണ്ട് മാതാപിതാക്കളായ ബെറ്റിയും ഇന്ദുവും അതിനെ പ്രോത്സാഹിപ്പിച്ചു.
സെബിപുരം പള്ളിയിലെ മതബോധന വിദ്യാർത്ഥികൾ സമാഹരിച്ച തുകയോടൊപ്പം തങ്ങളുടെ ഈ കൊച്ചു നിക്ഷേപം ഇടവക വികാരിയെ ഏൽപ്പിച്ച ഈ കുരുന്നുകൾ എല്ലാവർക്കും പ്രചോദനമായി.
വികാരി ഫാ. ഷാൻലി ചിറപ്പണത്ത്, ഹെഡ്മിസ്ട്രസ് ഷൈനി ജോസ് കാച്ചപ്പിള്ളി, സ്കൂൾ ലീഡേഴ്സ് അലോഷ്യസ് ബിജു, അനിയമോൾ ബെന്നി, കുടുക്ക നിക്ഷേപം നൽകിയ ബ്ലസ്സൻ, ബിൻ്റ എന്നിവർ സമീപം.