January 23, 2025
Jesus Youth News

ദുരന്തഭൂമിയിലെ ജീസസ് യൂത്തിന്റെ നല്ല അയൽക്കാരൻ

  • August 12, 2024
  • 1 min read
ദുരന്തഭൂമിയിലെ ജീസസ് യൂത്തിന്റെ നല്ല അയൽക്കാരൻ

ജീസസ് യൂത്തിന്റെ നല്ല അയൽക്കാരൻ പദ്ധതിയുടെ ഭാഗമായി വയനാട് പുനരധിവാസപ്രവർത്തനങ്ങളിൽ പങ്കാളിയായ ജീസസ് യൂത്ത് മുതിർന്ന പ്രവർത്തകനും മൈസൂരിലെ ഗ്രേസ് ഓപ്പൺ സ്കൂൾ & ട്രെയിനിംഗ് സെന്ററിന്റെ സ്ഥാപക ഡയറക്‌ടറുമായ ഷിബു ജോസഫ് അനുഭവങ്ങൾ പങ്കുവെയ്ക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ദുരന്തബാധിതർക്കു സഹായമാകാനും കുറച്ചു ദിവസങ്ങൾ അവിടെ ചെലവഴിക്കാനും അവരോടൊപ്പം ആയിരിക്കാനുമെല്ലാം ദൈവം അനുഗ്രഹിച്ചതിൽ നന്ദി പറയുന്നു. ഇത് യഥാർത്ഥത്തിൽ മനുഷ്യമനസാക്ഷിയെ ചോദ്യം ചെയ്ത ഒരു സംഭവമാണ്. ഈ വിവരമറിഞ്ഞ ഉടനെ എനിക്ക് തോന്നിയത് എത്രയും വേഗം ആ ദുരന്ത ഭൂമിയിലെത്തെണമെന്നും അവർക്ക് സഹായമാകണമെന്നുമായിരുന്നു.

ആദ്യം ഞങ്ങൾ ചിന്തിച്ചത് മൈസൂരിൽനിന്നും കുറച്ച് അവശ്യവസ്തുക്കൾ ശേഖരിച്ച് കൊണ്ടു പോകാം എന്നതായിരുന്നു. പിന്നീട് ചിന്തിച്ചപ്പോൾ, സർക്കാരും ബന്ധപ്പെട്ട അധികൃതരും അത് വളരെ മനോഹരമായി ചെയ്യുമെന്ന് ഉറപ്പുള്ളതുകൊണ്ട് ദുരന്തം നടന്ന ഉടനെതന്നെ അത്തരത്തിലൊരു ആവശ്യം ഉണ്ടായിരിക്കുകയില്ല എന്ന് മനസ്സിലാക്കി. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് ഞങ്ങൾ 4 പേരും (ജോയൽ, ആൽബിൻ, മനു, ഷിബു) വയനാട്ടിലേക്ക് യാത്ര തിരിച്ചു. ഞങ്ങൾ എത്തിച്ചേർന്നത് ഉച്ചസമയത്തായിരുന്നു. രാവിലത്തെ പ്രവർത്തനങ്ങളെല്ലാം അപ്പോഴേക്കും അവസാനിപ്പിച്ചിരുന്നു. ഇപ്പോൾ ഒന്നും ചെയ്യാനില്ല എന്ന് അധികൃതർ ഞങ്ങളെ അറിയിച്ചിരുന്നുവെങ്കിലും ആ നിമിഷം മുതൽ ഞങ്ങൾ 4 പേരും അവിടെയുള്ളവരുടെ എല്ലാ ആവശ്യങ്ങൾക്കും കൈത്താങ്ങായി പ്രവർത്തിക്കാൻ ആരംഭിച്ചു. അന്നേ ദിവസം വളരെ കുറച്ചു വോളന്റിയേഴ്‌സ് മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് എല്ലാവരെയും ക്യാമ്പുകളിലേക്കും മറ്റും എത്തിക്കാനും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യാനും സാധിച്ചു.

പിന്നീട് മൃതശരീരങ്ങൾ തിരിച്ചറിയുന്നതിനായി അവരുടെ ബന്ധുക്കളുടെയും വേണ്ടപ്പെട്ടവരുടെയും കൂടെ മോർച്ചറിയിലും മറ്റും ഞങ്ങൾ പോയിരുന്നു. വളരെ വേദനാജനകമായ ഒരു അനുഭവമായിരുന്നു അത്. ഇതിനുമുൻപ് പലരുടെയും മരണാന്തര ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും അപ്പോഴൊന്നും തോന്നാത്ത ഒരു വികാരമായിരുന്നു അവിടെവെച്ചു അനുഭവപ്പെട്ടത്. ചിന്നിച്ചിതറിയ ശരീരങ്ങളും അവിശിഷ്ടങ്ങളും പാക്ക് ചെയ്തു വെച്ചിരിക്കുന്നു… പലരുടെയും മുഖങ്ങൾ തിരിച്ചറിയാനാവാത്ത വിധം വികൃതമായിരിക്കുന്നു… വളരെ പരിമിതമായ അടയാളങ്ങളിലൂടെ ഉറ്റവരെ തിരിച്ചറിയുക എന്നൊരു ഉത്തരവാദിത്തമായിരുന്നു അവിടെയുണ്ടായിരുന്ന ജനങ്ങൾക്ക് ഉണ്ടായിരുന്നത്.

ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കാനെത്തിയ തലശ്ശേരി അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പിതാവിനോടൊപ്പം ജീസസ് യൂത്ത് നല്ല അയൽക്കാരൻ പ്രവർത്തകർ

കഴിഞ്ഞ ദിവസം ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ചില സുഹൃത്തുക്കൾ പറഞ്ഞത് ഞാൻ ഓർക്കുന്നു. മോർച്ചറിയിൽ സേവനം ചെയ്തിരുന്ന സമയത്ത് വികാരം പ്രകടിപ്പിക്കാനാകാതെ നിർവികാരരായി വേണ്ടപ്പെട്ടവരുടെ ശരീരത്തിനായി തിരച്ചിൽ നടത്തേണ്ടിവന്ന നിസ്സഹായരായ മനുഷ്യരെക്കുറിച്ചു അവർ പറയുകയുണ്ടായി. ഇതിലേതാണ് എന്റെ സഹോദരങ്ങൾ, മാതാപിതാക്കൾ, വേണ്ടപ്പെട്ടവർ എന്ന ആശയക്കുഴപ്പങ്ങൾക്കിടിയിലും ഇത് തന്നെയായിരിക്കും എന്ന് തീരുമാനിക്കേണ്ടിവരുന്ന നിസ്സഹായരായ മനുഷ്യർ. മരണാന്തര ചടങ്ങുകൾക്കായി ശരീരത്തിന്റെ ഒരു ഭാഗമെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന ഹൃദയങ്ങൾ…

പിന്നീടുള്ള ദിവസങ്ങളിൽ ദുരന്തബാധിത പ്രദേശങ്ങളായ പുഞ്ചിരിവട്ടത്തും മുണ്ടകൈയിലും ചൂരൽമലയിലുമെല്ലാം സന്ദർശിക്കാനും സേവനം ചെയ്യാനും സാധിച്ചു. ആ ദിവസങ്ങളിൽ നടക്കാൻ പോലും പ്രയാസമുള്ള ഒരു സ്ഥലമായി പുഞ്ചിരിവട്ടം മാറിയിരുന്നു. ഒരുപാട് നടക്കാനൊന്നും സാധിക്കില്ല എന്ന് കരുതിയിരുന്ന എനിക്ക് ഏകദേശം 10 കിലോമീറ്ററോളം നടക്കാനും സന്നദ്ധപ്രവർത്തനങ്ങളിലേർപ്പെടാനും സാധിച്ചു.

പ്രദേശത്തെ തകർന്നടിഞ്ഞ വീടുകൾക്കും കല്ലുകൾക്കും മണ്ണിനുമിടയിൽനിന്നും മൃതശരീരങ്ങൾ കണ്ടെത്തുകയെന്ന ദൗത്യമായിരുന്നു അന്നേദിവസം ഞങ്ങൾക്ക് ഉണ്ടായിരുന്നത്. പലയിടങ്ങളിലും മണ്ണിൽനിന്നുപോലും ദുർഗന്ധം വമിച്ചിരുന്നു. ഈ രൂക്ഷഗന്ധം വമിക്കുന്നിടത്ത് മൃതദേഹങ്ങൾക്കായി കുഴിച്ചുനോക്കിയ ഞങ്ങൾക്ക് ചിലപ്പോഴൊക്കെ ലഭിച്ചത് കന്നുകാലികളുടെയോ മറ്റു വളർത്തുമൃഗങ്ങളുടെയോ ജഡങ്ങളായിരുന്നു. ഉറ്റവർക്ക് വേണ്ടിയുള്ള തിരച്ചിലിനിടയിലെ ഇത്തരം സംഭവങ്ങൾ നിരാശാജനകമായിരുന്നു.

ഇതിനിടെ സന്നദ്ധപ്രവർത്തകരിൽ ചിലരുടെ മോശമായ പെരുമാറ്റരീതികൾ എന്നെ വളരെയധികം അസ്വസ്ഥനാക്കിയിരുന്നു. കേരളത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് വിവിധ സംഘടനകളോട് ചേർന്നോ അല്ലാതെയോ വന്നവരാണ് ഞങ്ങളെല്ലാവരും. അതിൽ ചിലർ ഭക്ഷണം കഴിച്ചതിന്റെയും മറ്റും അവിശിഷ്ടങ്ങളെല്ലാം പരിസരപ്രദേശങ്ങളിൽ തന്നെ വലിച്ചെറിയുന്നതായി കണ്ടു. ഞങ്ങൾ ആദ്യ ദിവസം മുതൽ തന്നെ ചെയ്തിരുന്ന ഒരു പ്രധാന കാര്യം ആ പ്രദേശത്തെ മാലിന്യങ്ങളെല്ലാം നീക്കം ചെയ്യുക എന്നതായിരുന്നു. പ്രദേശത്തെ കുപ്പികളും പാത്രങ്ങളും പ്ലാസ്റ്റിക് കൂടുകളും മറ്റു മാലിന്യങ്ങളുമെല്ലാം ഞങ്ങൾ വൃത്തിയാക്കി.

ഡി.എസ്.സി. കണ്ണൂർ കമാണ്ടന്റും ടീമും കോഴിക്കോട് കമാണ്ടന്റും കേരളാ പൊലീസിലെ നല്ല രണ്ടു സുഹൃത്തുക്കളും ആവശ്യമായ നിർദേശങ്ങൾ നൽകാനും ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. മൂന്ന് ദിവസങ്ങൾ വയനാട്ടിലെ ചൂരൽമലയിലും വെള്ളരിമലയിലും മുണ്ടകൈയിലുമെല്ലാം സന്നദ്ധപ്രവർത്തനങ്ങളുടെ ഭാഗമാകാൻ സാധിച്ചതിൽ ഒത്തിരി സന്തോഷമുണ്ട്. ഉരുൾപൊട്ടലിൽ സകലതും നഷ്ട്ടപെട്ടവരെ ക്യാമ്പുകളിൽ പോയി സന്ദർശിക്കാനും അവരെ ആശ്വസിപ്പിക്കാനും ഞങ്ങൾ സമയം കണ്ടെത്തിയിരുന്നു. അവരുടെ വിഷമങ്ങൾ കേൾക്കാനും അവർക്ക് ആശ്വാസം പകരാനുമെല്ലാം സാധിച്ചത് വലിയ ദൈവാനുഗ്രഹമായി കാണുകയും സർവ്വേശ്വരനോട് നന്ദി പറയുകയും ചെയ്യുന്നു.

വലിയ വേദനയോടെയാണ് വയനാടിൽനിന്നും തിരിച്ചു മൈസൂരിൽ എത്തിയത്. അവിടെ കണ്ട കരളലിയിപ്പിക്കുന്ന കാഴ്ചകളും മൃതശരീരങ്ങളുടെ രൂക്ഷമായ ഗന്ധവും അനുഭവങ്ങളുമൊന്നും മനസ്സിൽനിന്നും ഇനിയും മാഞ്ഞിട്ടില്ല. എല്ലാ ദുരന്തങ്ങളിലും ദൈവം നമ്മോട് പല കാര്യങ്ങളും സംസാരിക്കുന്നുണ്ട്. ജീവന്റെ വില എത്രമാത്രം മഹത്തരമാണെന്ന് ഈ ദുരന്തം വീണ്ടും നമ്മെ ഓർമിപ്പിക്കുകയാണ്. ജീവന്റെ വില മനസ്സിലാക്കാത്ത അനേകം മനുഷ്യരുള്ള ഈ കാലഘട്ടത്തിൽ ഒരിറ്റു ജീവനുവേണ്ടി പിടയുന്ന ഒട്ടനവധി ഹൃദയങ്ങളെയാണ് ഈ ദുരന്തഭൂമിയിൽ എനിക്ക് കാണാനായത്. പലരും വിഷമം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞതും നിർവികാരതയോടെ നിൽക്കുന്നതുമെല്ലാം കണ്ണുനിറയാതെ കണ്ടുനിൽക്കുക അസാധ്യമാണ്.

ഷിബു ജോസഫ്

അഞ്ചു വർഷങ്ങൾക്കു മുൻപ് കവളപ്പാറ ദുരന്തത്തിലും ജീസസ് യൂത്തിന്റെ നല്ല അയൽക്കാരൻ പദ്ധതിയോട് ചേർന്ന് സന്നദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധിച്ചിരുന്നു. വീണ്ടും ഈ വിഷമകരമായ സാഹചര്യത്തിൽ വയനാടിന് വേണ്ടി പ്രവർത്തിക്കാൻ സാധിച്ചതിൽ നല്ല ദൈവത്തോട് നന്ദി പറയുന്നു.

ഷിബു ജോസഫ്
മൈസൂർ
[ജീസസ് യൂത്തിന്റെ മുതിർന്ന പ്രവർത്തകൻ
മൈസൂരിലെ ഗ്രേസ് ഓപ്പൺ സ്കൂൾ & ട്രെയിനിംഗ് സെന്ററിന്റെ സ്ഥാപക ഡയറക്‌ടർ]

About Author

കെയ്‌റോസ് ലേഖകൻ