ഇന്റർനാഷണൽ ഫുൾ ടൈമേഴ്‌സ് ട്രെയ്നിംഗ് സമാപിച്ചു
ശ്രീലങ്ക: ജീസസ് യൂത്ത് ഇന്റർനാഷണൽ ഫുൾ ടൈമേഴ്‌സ് ട്രെയ്നിംഗ് ശ്രീലങ്കയിൽ സമാപിച്ചു. 13 പേരാണ് ഇത്തവണ ട്രെയ്നിങ്ങിൽ പങ്കെടുത്തത്. ശ്രീലങ്കയിലെ കാൻഡി രൂപതയിലെ സെന്റ് സിൽവെസ്റ്റർസ് ആശ്രമത്തിൽ നടന്ന പരിശീലനങ്ങൾക്കൊടുവിൽ കാൻഡി രൂപതാധ്യക്ഷൻ വാലെൻസ് മെന്റിസ് പിതാവിന്റെ കാർമികത്വത്തിൽ ഫുൾ ടൈംഴ്‌സിനായി വിശുദ്ധ കുർബാനയർപ്പിക്കുകയും അവരെ ആശീർവദിക്കുകയും ചെയ്തു.
ജീസസ് യൂത്തിൽ 1991-ൽ ആരംഭിച്ച ഈ മിഷൻ പരിശീലന പരിപാടി വിവിധ രാജ്യങ്ങളിലെ, വിവിധ സംസ്കാരങ്ങളിൽ യേശുവിനെ പങ്കുവെക്കാൻ പ്രതിജ്ഞാബദ്ധരായ യുവമിഷനറിമാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്. വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിശീലനങ്ങളിലൂടെ കഴിഞ്ഞ 33 വർഷമായി ഏകദേശം 2000 പേരാണ് മിഷൻ ചൈതന്യത്തോടെ പുറത്തിറങ്ങിയത്. ഒരു മാസത്തെ തീവ്ര പരിശീലനവും തുടർന്ന് ഒരു വർഷത്തെ വിവിധ രാജ്യങ്ങളിലെ മിഷൻ പ്രവർത്തനവും ഈ പരിശീലന പരിപാടിയുടെ ഭാഗമാണ്.
ഒരു വർഷം കർത്താവിനു സമർപ്പിക്കാൻ ധൈര്യപൂർവ്വം മുന്നോട്ടുവന്ന ഫുൾടൈമർമാരുടെ സേവനഫലമായി നമ്മുടെ മിഷൻ രാജ്യങ്ങളിൽ ഒരുപാട് മുന്നേറ്റം ഉണ്ടായി. ചിലപ്പോൾ മിഷൻ പ്രയാസകരമായ രാജ്യങ്ങളിൽ പ്രവർത്തിച്ചപ്പോൾ അവരുടെ ജീവൻ പോലും അപകടത്തിലായിരുന്നു. പലപ്പോഴും ഫുൾടൈമർമാർ തങ്ങളുടെ മിഷൻ രാജ്യങ്ങളിൽ ജനങ്ങളുമായി അടുത്ത ബന്ധം സ്ഥാപിച്ച്, അവരുടെ ജീവിതരീതിയിൽ ജീവിച്ച്, ഭാഷ പഠിച്ച്, സുവിശേഷം പങ്കുവെച്ച്, അവരിൽ ഒരാളായിത്തീർന്നുകൊണ്ട് അത്ഭുതകരമായ പ്രവർത്തനം നടത്തുന്നു.
എല്ലാ ഫുൾടൈമേഴ്സിനും അഭിനന്ദനങ്ങൾ, പ്രാർത്ഥനകൾ.