ജീസസ് യൂത്ത് ഓഫീസിലെ ഊർജ്ജം പ്രസരിക്കുന്ന ദിവ്യകാരുണ്യ ചാപ്പൽ
സാജൻ സി എ
അസ്സോസിയേറ്റ് എഡിറ്റർ, കൈറോസ് മലയാളം മാഗസിൻ
കൈറോസ് കോർ ടീം മെമ്പർ
നിശബ്ദതയിൽ നിറയുന്ന ദൈവസാന്നിധ്യം… മറ്റു ചിലപ്പോൾ പ്രാർത്ഥനാ മുഖരിതമായ അന്തരീക്ഷം… ആ കുഞ്ഞു ചാപ്പലിലെ ക്രൂശിത രൂപത്തിന് താഴെയായി ബലിപീഠത്തിലെ ദിവ്യകാരുണ്യ നാഥന്റെ മുൻപിൽ മുട്ടുകുത്തുമ്പോൾ മനസ്സു നിറയും…പിന്നെ ശാന്തം, സ്വസ്ഥം. എത്ര നേരം വേണമെങ്കിലും പ്രാർത്ഥനയിൽ നമുക്കങ്ങനെ ചെലവഴിക്കാം.
കാക്കനാട് നവോദയായിലെ ജീസസ് യൂത്ത് ചാപ്പലിൽ കഴിഞ്ഞ മാസം മുതൽ നിത്യവും 24 മണിക്കൂറും ദിവ്യകാരുണ്യ നാഥന്റെ മുമ്പിൽ മധ്യസ്ഥ പ്രാർഥന നടക്കുന്നു. ജീസസ് യൂത്ത് സോണുകളിൽ നിന്നുള്ള വ്യക്തികളും ഗ്രൂപ്പുകളുമാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ള ദിവസങ്ങളിൽ പ്രാർത്ഥനയ്ക്കായി ഇവിടെയെത്തുന്നത്. ഒപ്പം എല്ലാ ദിവസവും പരിശുദ്ധ കുർബാനയും അർപ്പിക്കപ്പെടുന്നു. ദിവ്യബലിയിൽ പങ്കെടുക്കുവാൻ ഓഫീസ് സ്റ്റാഫംഗങ്ങളും പരിസര പ്രദേശങ്ങളിൽ നിന്നും മറ്റു പല യുവജനങ്ങളും ചില വീട്ടമ്മമാരും ഇവിടെയെത്തുന്നത് ഏറെ ശ്രദ്ധിക്കപ്പെടുന്ന കാര്യമാണ്. ദിവ്യബലി സമയം ഉച്ചയ്ക്ക് 12.30 ആയതിനാൽ ആ സമയവും പലർക്കും സൗകര്യപ്രദമാണെന്നാണ് അറിയുന്നത്.
വിവിധ കമ്മ്യൂണിറ്റികളിൽ നിന്നുള്ള വൈദീകരാണ് ഓരോ ദിവസവും ദിവ്യബലി അർപ്പിക്കാനായി ഇവിടെയെത്തുന്നത്. ഇംഗ്ലീഷിലും മലയാളത്തിലും സിറിയൻ/ലാറ്റിൻ കുർബാനകളും അർപ്പിക്കപ്പെടുന്നു. ജീസസ് യൂത്ത് മൂവ്മെന്റിന്റെ വിവിധ നിയോഗങ്ങൾക്കായും മാർപാപ്പയുടെ പ്രത്യേക നിയോഗങ്ങൾക്കും ലോക സമാധാനത്തിനു വേണ്ടിയും നിത്യേന ഇവിടെ പ്രാർത്ഥന നടക്കുന്നു. വരുന്നവർക്കേവർക്കും നിയോഗങ്ങൾ മനസ്സിലാക്കി പ്രാർത്ഥിക്കുവാൻ എഴുതിയും വച്ചിട്ടുണ്ട്.
ഒന്നു സ്വസ്ഥമാകാനും ശാന്തമായിരിക്കാനും ഊർജ്ജം സംഭരിക്കാനും ഉള്ളയിടം. ലോകത്തിനായി കരം വിരിക്കാനും പിന്നെ ആത്മശോധനയ്ക്കും ഉള്ളയിടം… ” ഇതാ ഗുരു ഇവിടെയുണ്ട്, നിന്നെ വിളിക്കുന്നു”