January 23, 2025
Stories

മര്‍മ്മമറിഞ്ഞ് വേണം പ്രസംഗങ്ങള്‍

  • August 7, 2024
  • 1 min read
മര്‍മ്മമറിഞ്ഞ് വേണം പ്രസംഗങ്ങള്‍

അഡ്വ. ചാര്‍ളിപോള്‍ MA.LL.B.
DSS, ട്രെയ്നര്‍ & മെന്റര്‍
ഫോൺ: +91 9847034600

“വശീകരണത്തിന്റെ കല” എന്നാണ് പ്രഭാഷണകലയെ അരിസ്റ്റോട്ടിൽ വിലയിരുത്തുന്നത്. ലോകത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കുവാൻ ശ്രമിച്ചവരെല്ലാം ജനങ്ങളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയവരാണ്. അതിനാൽ പ്രസംഗത്തെ ‘പ്രേരണയുടെ കല’ എന്നും വിശേഷിപ്പിക്കാം. മനുഷ്യന്റെ സാമൂഹിക ജീവിതത്തെ സംബന്ധിച്ചിടത്തോളം പ്രസംഗകല ഒരു പരിവർത്തനോപാധിയാണ്. മനുഷ്യമനസ്സുകളെ അത് അദ്വീതീമായി സ്വാധീനിക്കുന്നു. ജീവിതത്തിന്റെ സമസ്തമേഖലകളിലും വിജയമുഹൂർത്തം കുറിക്കാൻ സഹായിക്കുന്ന അത്ഭുതസിദ്ധികളുള്ള ആയുധമാണ് പ്രസംഗം. ജനസഹസ്രങ്ങളെ ഇളക്കിമറിക്കാൻ, ചിന്തിപ്പിക്കാൻ, ചിരിപ്പിക്കാൻ, തീരുമാനങ്ങളെടുപ്പിക്കുവാൻ, കർമ്മ പ്രബുദ്ധരാക്കാൻ, നന്മയിലേക്ക് നയിക്കാൻ എന്നിങ്ങനെ നിരവധി ഗുണങ്ങൾ പ്രസംഗകലക്കുണ്ട്.

പ്രസംഗകലക്ക് റിഹേഴ്‌സൽ ഇല്ലായെന്ന് പറയാറുണ്ട്. കാരണം കാണാതെ പഠിച്ച് ആവർത്തിക്കുന്നതല്ല പ്രസംഗം. അത് സ്വാഭാവികതയോടെ ഉള്ളിൽനിന്ന് വരേണ്ടതാണ്. തത്വചിന്തകനായ ഹൊറേയ്‌സ് പറയുന്നു: ”വാക്കുകൾക്കുവേണ്ടിയല്ല, വസ്തുതകൾക്കും ചിന്തകൾക്കുംവേണ്ടി തിരയുക. അവ മനസ്സിൽ നിറയുമ്പോൾ വാക്കുകൾ അറിയാതെ വന്നുകൊള്ളും”. നിരന്തര വായനയിലൂടെ ആശയങ്ങളെ മനസ്സിൽ സ്വരൂപിക്കുക. കൊച്ചുകൊച്ചു വാചകങ്ങളിലൂടെ അവ പ്രവഹിച്ചുകൊള്ളും. ഏതുവിഷയത്തെക്കുറിച്ചാണോ പ്രസംഗിക്കുവാൻ ആഗ്രഹിക്കുന്നത് ആ വിഷയത്തിൽ ആഴത്തിൽ പഠനം നടത്തുക. അവ സ്വാംശീകരിക്കപ്പെട്ട് നമ്മുടെ ചിന്തയുമായി സമന്വയിപ്പിക്കണം. സ്വന്തം ചിന്തയിൽ പാകം ചെയ്യുന്ന ആശയങ്ങൾക്ക് ശോഭകൂടും. അവ്യക്തവും ദഹിക്കാത്തതുമായ ആശയങ്ങളെ ഒഴിവാക്കാം. പ്രസംഗവിഷയത്തിൽ അഗാധമായ അറിവും ഉറച്ചവിശ്വാസവും ആത്മാർത്ഥതയും തുടിച്ചു നിൽക്കണം.

എന്തിനാണ് ഒരു പ്രസംഗം നമ്മൾ നടത്തുന്നതെന്ന് ആദ്യം തീരുമാനമെടുക്കണം. പ്രസംഗകലയുടെ മർമ്മം ഉൾക്കൊള്ളുംവിധം ഒരു സ്ഥൂലരൂപം മനസ്സിൽ പ്ലാൻ ചെയ്യണം. വിഷയത്തെ അടിസ്ഥാനമാക്കി എന്ത്, എന്തിന്, എങ്ങനെ, എപ്പോൾ, എത്രത്തോളം എന്നിങ്ങനെ ചോദ്യങ്ങൾ ചോദിച്ച് ഉത്തരങ്ങൾ കണ്ടെത്തണം. വിഷയത്തിന്റെ വിവിധവശങ്ങളും സ്വയംചോദിച്ച് ഉത്തരം കണ്ടെത്തിയിട്ടുവേണം പ്രസംഗത്തിനു പോകുവാൻ. സംബോധന, ആമുഖം, വിഷയാപഗ്രഥനം, ഉപസംഹാരം എന്നിങ്ങനെ പ്രസംഗത്തിന്റെ വിവിധ ഘട്ടങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്യാം. പറയാനുള്ളതിനെക്കുറിച്ച് ബോധ്യമുണ്ടാവുക, ബോധ്യംവരാതെ ഒന്നും പറയാതിരിക്കുക എന്ന ചിന്ത പ്രസംഗകനുണ്ടാകണം.

യുക്തിഭദ്രമാകണം പ്രസംഗം. വാചാലമായി നീട്ടി അടിച്ചുപരത്തി അർത്ഥരഹിതമായി പറയുന്നതുവഴി അളവറ്റ ആവർത്തനവും വിരസതയും ഉണ്ടാകും. പ്രസംഗകൻ വർജ്ജിക്കേണ്ട ഏറ്റവും വലിയ ദോഷമാണ് വാചാടോപം അഥവാ വാചാലത. ദീർഘമായി പ്രസംഗിക്കുന്നു എന്നതിനേക്കാൾ എന്തുപറയുന്നു എന്നതിനാണ് പ്രസക്തി. കുറഞ്ഞ വാക്കുകളിൽ കൂടുതൽ കാര്യങ്ങൾ പറയണം. ആറ്റിക്കുറുക്കിയ ശൈലിയാണ് നല്ലത്. എഴുത്തിലായാലും പ്രസംഗത്തിലായാലും ചെറുതാണ് ചേതോഹരം. മിതവും സാരവത്തുമായ രീതിയിൽ പറയുന്നതാണ് വാഗ്മിത്വം. വാക്കുകൾ ചുരുക്കിയും അർത്ഥം സംഗ്രഹിച്ചും പറയുന്നവനാണ് വാഗ്മി. പ്രസംഗം വാക്കുകളിൽ തെളിയുന്ന വർണ്ണചിത്രമാകണം. ഉയിരെടുത്ത ചിന്തകളും അഗ്നിനിറച്ച പദങ്ങളും ശ്രദ്ധാപൂർവ്വം കോർത്തിണക്കിയാൽ ഉജ്ജ്വലപ്രസംഗം പിറവികൊള്ളും. ലാളിത്യം, യുക്തിയുക്തത, ചമത്കാരം, ബോധവത്കരണം എന്നിവ പ്രസംഗത്തിന്റെ മുഖമുദ്രകളാവണം. പ്രസംഗം ആശയപരമായ ഒരു യുദ്ധമാണ്. മനസ്സിന്റെ നിറവിൽനിന്ന് അധരങ്ങൾ സംസാരിക്കണം. അറിവാണ് പ്രസംഗകന്റെ ഏറ്റവും വലിയ സമ്പാദ്യം. ആത്മാംശം കൂടിച്ചേർന്ന പ്രസംഗങ്ങൾ മാനസാന്തരാനുഭവം സൃഷ്ടിക്കും.

വിജ്ഞാനം നൽകുക, ചിന്തിപ്പിക്കുക, വികാരം കൊള്ളിക്കുക, ആഹ്ലാദിപ്പിക്കുക, ഉൾക്കാഴ്ച നൽകുക, കർമ്മോന്മുഖരാക്കുക എന്നിവയാകണം പ്രസംഗത്തിന്റെ ലക്ഷ്യങ്ങൾ. ജനങ്ങളെ വസ്തുസ്ഥിതികളെക്കുറിച്ച് ബോധ്യപ്പെടുത്തി, മുൻവിധികൾ തിരുത്തി, വികാരഭരിതരും കർമ്മോന്മുഖരാക്കുകയുമാണ് ചെയ്യേണ്ടത്. പ്രസംഗം ഒരു ഹൃദയസംവാദമാകണം. വാക്യങ്ങളാണ് പ്രസംഗത്തിന്റെ ശരീരം. ചിന്തയാണ് പ്രസംഗത്തിന്റെ ആത്മാവ്, അംഗചലനങ്ങളാണ് പ്രസംഗത്തിന് ജീവൻ നൽകുന്നത്. ആശയങ്ങളുടെ ചേർച്ച, ശൈലിയുടെ യോജിപ്പ്, വികാരപ്രകടനത്തിന്റെ കൂടിച്ചേരൽ എന്നിവ സവിശേഷമാംവിധം ഉൾച്ചേരുമ്പോഴാണ് നല്ലപ്രസംഗം ഉണ്ടാകുന്നത്. പ്രസംഗകന് വികാരങ്ങളുണ്ടായാലേ ശ്രോതാക്കൾക്ക് വിചാരങ്ങൾ ഉണ്ടാകൂ. എഴുത്തിൽ കവിഞ്ഞ ശക്തി നല്ല പ്രസംഗത്തിനുണ്ട്. പ്രതിഭകൊണ്ട് എന്നതിനേക്കാൾ നിരന്തരമായ പരിശ്രമവും പരിശീലനവും കെണ്ട് നല്ല പ്രസംഗകരാകാം.

About Author

കെയ്‌റോസ് ലേഖകൻ