January 23, 2025
Church News

ദുരന്തബാധിതർക്ക് കത്തോലിക്കാസഭ 100 വീടുകള്‍ നിര്‍മ്മിച്ചുനല്‍കും: കെസിബിസി

  • August 6, 2024
  • 0 min read
ദുരന്തബാധിതർക്ക് കത്തോലിക്കാസഭ 100 വീടുകള്‍ നിര്‍മ്മിച്ചുനല്‍കും: കെസിബിസി

കൊച്ചി: വയനാട്ടില്‍ ചൂരല്‍മലയിലും മുണ്ടക്കൈയിലും കോഴിക്കോട്‌ വിലങ്ങാട്‌ പ്രദേശങ്ങളിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക്‌ കേരള കത്തോലിക്കസഭയുടെ നേതൃത്വത്തില്‍ 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് കേരള കത്തോലിക്കാ മ്രെതാന്‍സമിതി (കെസിബിസി). ഓഗസ്റ്റ്‌ അഞ്ചിന്‌ കാക്കനാട്‌ മൌണ്ട്‌ സെന്‍റ്‌ തോമസില്‍ പ്രസിഡന്റ്‌ കര്‍ദിനാള്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കേരള കത്തോലിക്കാസഭയിലെ എല്ലാ രൂപതകളും സന്യാസമൂഹങ്ങളും സഭാസ്ഥാപനങ്ങളും വൃക്തികളും സംവിധാനങ്ങളും സംയുക്തമായിട്ടാണ്‌ ദുരന്തനിവാരണ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നത്‌.

കേരള കത്തോലിക്കാസഭയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കാന്‍ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കേരള സോഷ്യല്‍ സര്‍വീസ്‌ ഫോറത്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. കെസിബിസിയുടെ ജസ്റ്റിസ്‌ പീസ്‌ ആന്‍ഡ്‌ ഡെവലപ്മെന്‍റ്‌ കമ്മീഷന്റെ കീഴിലാണ്‌ പ്രസ്തുത സേവനവിഭാഗം പ്രവര്‍ത്തിക്കുന്നത്‌.

ആദ്യഘട്ടത്തില്‍, വയനാട്ടിലും വിലങ്ങാട്‌ പ്രദേശത്തും സ്ഥലവും വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ട 100 കുടുംബങ്ങള്‍ക്ക്‌ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത്‌ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതാണ്‌. ഈ വീടുകള്‍ക്ക്‌ ആവശ്യമായ വീട്ടുപകരണങ്ങളും ലഭ്യമാക്കും. സഭയുടെ ആശുപ്രതികളില്‍ സേവനംചെയ്യുന്ന വിദഗ്ധരായ ഡോക്ടര്‍മാരുടെയും മെഡിക്കല്‍ സംഘത്തിന്റെയും സേവനം ആവശ്യപ്രകാരം ലഭ്യമാക്കും. സഭ ഇതിനോടകം നല്‍കിവരുന്ന ട്രൗമ കൌണ്‍സിലിംഗ്‌ സേവനം തുടരുന്നതാണ്‌.

ഈ പ്രവര്‍ത്തനങ്ങളെല്ലാം കേരള സര്‍ക്കാരിന്റെ ഡിസാസ്റ്റര്‍ മാനേജമെന്റ്‌ വിഭാഗത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച്‌ സഭയുടെ നേതൃത്വത്തിലായിരിക്കും നടപ്പിലാക്കുന്നത്‌. വയനാട്ടിലും വിലങ്ങാടും ഉരുള്‍പൊട്ടല്‍ മൂലം സര്‍വവും നഷ്ടപ്പെട്ട സഹോദരീസഹോദരന്മാരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുന്നതായും കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവാ അറിയിച്ചു.

About Author

കെയ്‌റോസ് ലേഖകൻ